സ്റ്റെല്ലയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇടവകപ്പള്ളിയിലെ വി. ബലി മുടക്കിയതിനുശേഷം വേറൊരു പരിപാടിക്കും അവള്‍ പോയിട്ടില്ല. സ്റ്റെല്ലയെ ഈ നിലയിലെത്തിച്ച സംഭവങ്ങള്‍ ഏതാണ്ടിങ്ങനെയാണ്.
കാന്‍സര്‍ രോഗത്തിന്ചികിത്സയിലായിരുന്ന മമ്മിയുടെ ആരോഗ്യം തീരെ മോശമായിവരുന്ന സാഹചര്യത്തില്‍ പെട്ടെന്നുതന്നെ ഒരു കല്യാണം നടത്തുക ആവശ്യമായി തോന്നിയതിനാല്‍ സ്റ്റെല്ലയും അതിനങ്ങു സമ്മതിച്ചു. ഭര്‍ത്താവ് സോജന്‍ രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ്. തറവാട്ടില്‍ താമസിച്ച് മാതാപിതാക്കളെ നോക്കേണ്ട മകന്‍. അത്യാവശ്യ വിദ്യാഭ്യാസം ഉണ്ടെങ്കിലും വീടും പറമ്പും സ്വത്തും ഉള്ളതിനാല്‍ മറ്റൊരു ജോലിക്കായി ശ്രമിച്ചില്ല. കൃഷിയില്‍ താല്പര്യവും ആണ്.
ഈ സാഹചര്യത്തില്‍ സോജനോടൊപ്പം കൃഷിയും കാര്യങ്ങളും നോക്കി നടത്തുന്നതില്‍
സ്റ്റെല്ലയ്ക്കും ഉത്സാഹമായിരുന്നു. വിവാഹിതരായി മൂന്നു നാലു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ വീട്ടുകാരും അയല്‍ക്കാരും അന്വേഷിച്ചു തുടങ്ങി, വിശേഷം…. വല്ലതും?? ആവര്‍ത്തിച്ചു കേട്ടുതുടങ്ങിയപ്പോള്‍
മനസ്സ് അസ്വസ്ഥമായി. സോജന്റെ മാതാപിതാക്കളുടെ സംസാരത്തില്‍ ചിലപ്പോഴൊക്കെ കുറ്റപ്പെടുത്തലും പരിഭവത്തിന്റെ വാക്കുകളും കടന്നുവരാന്‍ തുടങ്ങി. ചികിത്സകള്‍ക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിച്ചു തുടങ്ങിയപ്പോള്‍ കുറച്ചുകൂടി കാത്തിരിക്കാമെന്നായിരുന്നു സോജന്റെയും സ്റ്റെല്ലയുടെയും തീരുമാനം.
എന്നാല്‍, മകന്റെ ആലോചനയോടെ അമ്മ ഒരു നാട്ടുവൈദ്യനെ സമീപിച്ച് ചില പച്ചമരുന്നുകള്‍ വാങ്ങി മരുമകള്‍ക്ക് കൊടുത്തു. പക്ഷേ, മരുന്നു മാത്രമല്ല ഒപ്പം ചില കര്‍മ്മങ്ങളും ക്രിയകളുമൊക്കെ വളരെ രഹസ്യമായി അമ്മയും മകനുംകൂടി വീട്ടില്‍ ചെയ്യുന്നുണ്ടെന്ന് സ്റ്റെല്ലയ്ക്ക് മനസ്സിലായി. ഉറങ്ങിക്കിടന്ന അവളുടെ കയ്യില്‍, പിണച്ചുകെട്ടിയ ഒരു ചരട് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അമ്മായിയമ്മ അണിയിക്കുന്നത് അവള്‍ അറിഞ്ഞെങ്കിലും പ്രതികരിച്ചില്ല. ഭര്‍ത്താവിനോട് ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, അമ്മയുടെ ചികിത്സാവിധികള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമാണെന്നും അതിനാല്‍ വഴങ്ങിയേ തീരൂ എന്നും ആയിരുന്നു മറുപടി.
അയല്‍ക്കാരുടെ ചോദ്യങ്ങള്‍ ഭയന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കിയിരുന്ന സ്റ്റെല്ല കൈയിലെ ചരട് ശ്രദ്ധിക്കപ്പെടുമല്ലോ എന്നോര്‍ത്ത് പള്ളിയിലും പോകാതെയായി. അന്ധകാരം മനസ്സിനെ കീഴടക്കുന്നതായി അവള്‍ പതിയെ മനസ്സിലാക്കി. പല കൂട്ടു
പടികള്‍ ചേര്‍ത്ത് ഇടയ്ക്കിടെ അമ്മ തരുന്ന മരുന്നിന്റെ ഗുണങ്ങള്‍ അവള്‍ക്ക് മനസ്സിലാകുന്നുണ്ട്. അതുവരെ ആത്മാവിനും മനസിനും മുന്നോട്ടു പോകാനുള്ള ശക്തിപകര്‍ന്ന വിശ്വാസത്തിന്റെ ബലം തീരെ കുറഞ്ഞുപോകുന്നതു പോലെ. സന്ധ്യാപ്രാര്‍ത്ഥന മാത്രമല്ല, മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്ന സുകൃതജപങ്ങളും മുടങ്ങാതെ ചൊല്ലിയിരുന്ന മുഴുവന്‍ കൊന്തയും ഉപേക്ഷിച്ചു. കാല്‍കീഴിലെ മണ്ണ് ഊര്‍ന്നുപോകുന്നുവെന്നും താന്‍ നിലംപതിക്കുമെന്നുമുള്ള തിരിച്ചറിവ് അവളെ വല്ലാതെ ഭയപ്പെടുത്തി.
ഇതിനിടെ മമ്മിയുടെ മരണം നല്‍കിയ ആഘാതത്തില്‍ പപ്പയും അനുജത്തിയും ഒരുപാടു നൊമ്പരപ്പെടുന്നുണ്ടെന്ന് അറിയാവുന്നതിനാല്‍ വിഷമങ്ങളൊന്നും അവരെ അറിയിക്കാതിരിക്കാന്‍ ശ്രമിച്ചു. പ്രാര്‍ത്ഥിച്ചും നേര്‍ച്ച കാഴ്ചകള്‍ നടത്തിയുമൊക്കെ ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെങ്കിലും ആ ഭാഷയൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്തവരോട് എന്തു പറയാന്‍! എങ്ങനെയെങ്കിലും ഈ മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെടണമെന്ന ചിന്തയില്‍ അവള്‍ സോജനോട് സംസാരിച്ചു. കുട്ടികള്‍ ഉണ്ടാകില്ല എന്ന കാരണത്താല്‍ തന്നെ ഉപേക്ഷിക്കാന്‍ അവള്‍ അയാളെ നിര്‍ബന്ധിച്ചു. സോജനോട്ഇഷ്ടമില്ലാഞ്ഞിട്ടല്ല, മന്ത്രതന്ത്രാദികളിലും കൂടോത്രത്തിലുമൊക്കെ അഭയം തേടുന്ന ഈ കുടുംബത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രം. പക്ഷേ, അമ്മയുടെ ചൊല്‍പടിയില്‍ നിന്ന് അണുവിട മാറാന്‍ ധൈര്യമില്ലാതെ അവളെ പറഞ്ഞുവിടാന്‍ അയാള്‍ തയ്യാറായി. വിവാഹമോചനം! – അതുതന്നെ പരിഹാരം!!
കുടുംബാംഗങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. വിവാഹത്തോടെ സംജാതമാകുന്ന പുതിയ കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ദമ്പതികള്‍ക്കാണ്. അത്യാവശ്യമെങ്കില്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില ഉപദേശങ്ങള്‍ ആകാം. അല്ലാതെ ദമ്പതികളുടെ ജീവിതാതിര്‍ത്തി ലംഘിച്ച് ഇടിച്ചു കയറുവാന്‍ ആര്‍ക്കും അവകാശമില്ലെന്നു മാത്രമല്ല; അത് വലിയ തെറ്റും ആണ്. പരസ്പര പൂരകങ്ങളായാണ് സ്ത്രീയെയും പുരുഷനെയും ദൈവം ഒന്നിപ്പിക്കുന്നത്. വിശ്വാസത്തിലും, ആത്മധൈര്യത്തിലും, വിജ്ഞാനത്തിലുമെല്ലാം ഒരു വ്യക്തിയുടെ കുറവ് പരിഹരിക്കാനുള്ള സമ്പന്നത അപരനില്‍ അവിടുന്ന് നിക്ഷേപിച്ചിട്ടുണ്ട്. സ്റ്റെല്ലയുടെ വിശ്വാസവും ഭക്തിയും നല്‍കുന്ന ആത്മബലത്തില്‍ പങ്കുചേര്‍ന്ന് പ്രാര്‍ത്ഥനയോടെ കാത്തിരുന്നാല്‍ ദൈവം ഒന്നിലധികം മക്കളെ നല്‍കാതിരിക്കുമോ? ദൈവിക ഇടപെടലിന്റെ അനുഭവത്തില്‍ ആഴപ്പെട്ട് തഴച്ചുവളരാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വിശുദ്ധ കുടുംബമല്ലേ അമ്മയുടെ അവിവേകത്തിലും അജ്ഞതയിലും പൊലിഞ്ഞുപോയത്.

സി. ആനി ജോസ് CSN




