തന്റെ സൈക്കിളിലേറി അങ്കമാലിയുടെ തെരുവുകളിലൂടെ ഒരു മനുഷ്യന് സഞ്ചരിച്ചിരുന്നു. ആ യാത്ര കേവലം ഒരു അധ്യാപകന്റെ സ്കൂളിലേക്കുള്ള യാത്രയായിരുന്നില്ല; പകരം, ഒരു ജനതയെ സംസ്കാരത്തിന്റെ ഉന്നതിയിലേക്ക് നയിക്കാനുള്ള സാംസ്കാരിക പടയോട്ടമായിരുന്നു അത്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടുന്നതുവരെ തന്റെ യാത്ര അദ്ദേഹം തുടര്‍ന്നു.
ആ വഴിയിലൂടെ ദേശീയ പതാകവച്ച ഔദ്യോഗിക വാഹനങ്ങളില്‍ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ പ്രിയശിഷ്യരായ മുന്‍ മന്ത്രി കെ. ബാബു, അഡ്വ. ജോസ് തെറ്റയില്‍ എന്നിവരടക്കമുള്ളവര്‍ വണ്ടി നിര്‍ത്തി ആ ഗുരുനാഥന്റെ പാദങ്ങള്‍ വണങ്ങി അനുഗ്രഹം വാങ്ങുമായിരുന്നു. അതാണ് ആചാര്യ ടോം ജോസ് എന്ന മാതൃകാ അധ്യാപകന്റെ വ്യക്തിത്വം!
‘അങ്കമാലിയില്‍ ആദ്യമായി സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ എനിക്ക് പരിചയമുള്ള ഏക വ്യക്തി ടോം ജോസ് സാറായിരുന്നു. എന്റെ ജന്മനാട്ടിലെ സ്കൂളില്‍ അദ്ദേഹം നടത്തിയ ഡി.സി.എല്‍ വ്യക്തിത്വ വികസന ക്ലാസുകളും പ്രസംഗങ്ങളുമാണ് എന്നെ പൊതുപ്രവര്‍ത്തനത്തിനായി പരുവപ്പെടുത്തിയത്. ‘അങ്കമാലിയുടെ ജനപ്രതിനിധിയായും പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായും ഉയര്‍ന്ന ശ്രീ. റോജി എം. ജോണ്‍ ഓര്‍ത്തെടുക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വൈദികര്‍ക്കും സിസ്റ്റേഴ്സിനും ഒരുപോലെ ക്ലാസെടുത്ത് കേരളത്തിനകത്തും പുറത്തും അറിവിന്റെ പ്രകാശം പരത്തിയ വ്യക്തിയാണ് ടോം ജോസ് മാസ്റ്റര്‍.
മീനച്ചില്‍ തീരത്തുനിന്നും പെരിയാറിന്റെ തീരത്തേക്ക്
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍, എലിക്കുളം പഞ്ചായത്തില്‍ കാഞ്ഞിരക്കാട്ട് ജോസഫ് – തെക്കേക്കുറ്റ് റോസമ്മ ദമ്പതികളുടെ മകനായി ജനിച്ച ടോം ജോസ്, ഉപരിപഠനത്തിന് ശേഷമാണ് 1962-ല്‍ അങ്കമാലി സെന്റ് ജോസഫ് ഹൈസ്കൂളില്‍ അധ്യാപകനായെത്തുന്നത്. പാലായില്‍നിന്നും അങ്കമാലിയിലെത്തുമ്പോള്‍ ‘കുട്ടികളെ സംസ്കാരമുള്ള പൗരന്മാരായി എങ്ങനെ വാര്‍ത്തെടുക്കാം’ എന്നൊരു ലക്ഷ്യം മാത്രമേ ആ യുവ അധ്യാപകന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. സ്കൂള്‍ സമയത്തിനുശേഷം കുട്ടികളെ ഒപ്പമിരുത്തി അദ്ദേഹം സംസ്കാരം പഠിപ്പിച്ചു. തീറ്റയിലും കളിയിലും മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒരു തലമുറയെ വിചാരവിപ്ലവത്തിലൂടെ അദ്ദേഹം നേര്‍വഴിക്ക് നടത്തി.
‘വിചാര പരിഷത്തും’ വിചാര വിപ്ലവവും
ഫാദര്‍ വടക്കന്റെ പ്രസിദ്ധമായ ‘തൊഴിലാളി’ പത്രവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ടോം ജോസിന് മറ്റൊരു വിപ്ലവ മുഖം കൂടിയുണ്ടായിരുന്നു. സാംസ്കാരിക നായകനായ എം. ഗോവിന്ദന്റെ ‘കളരി’കളില്‍ പങ്കെടുത്ത അദ്ദേഹം, അങ്കമാലിയില്‍ പുതിയൊരു ചിന്താധാരയ്ക്ക് തുടക്കമിട്ടു. റവ. ഫാ. ജോസ് തച്ചില്‍, ഡോ. മുകുന്ദന് എന്നിവരുമായി ചേര്‍ന്ന് അങ്കമാലി ഡീ പോള്‍ കോളേജില്‍ വച്ച് അദ്ദേഹം തുടക്കം കുറിച്ച ‘വിചാര പരിഷത്ത്’ ഒരു വലിയ വിചാര വിപ്ലവത്തിന്റെ തുടക്കമായിരുന്നു.
കുട്ടികളില്‍ നല്ല സ്വഭാവരൂപീകരണം ലക്ഷ്യമിട്ട് ആഴ്ചതോറും നടത്തിയിരുന്ന ഈ ചര്‍ച്ചകളും ക്ലാസുകളും പിന്നീട് വലിയ ജനശ്രദ്ധ നേടി. ഇന്ന് ഏറെ കീര്‍ത്തികേട്ട കാലടി എസ്.എന്‍.ഡി.പി ലൈബ്രറിയുടെ പ്രതിവാര ചര്‍ച്ചയായ ‘ബുധസംഗമ’ത്തിനുപോലും ആശയപരമായ കടപ്പാടുള്ളത് ടോം ജോസ് സാറിന്റെ വിചാര പരിഷത്തിനോടാണ്.
കേരളത്തിന്റെ ‘ഡെയ്ല്‍ കാര്‍ണഗി’യും 38 കൃതികളും
മനുഷ്യന്റെ ഉള്ളിലെ പോസിറ്റീവ് ഊര്‍ജത്തെ ഉണര്‍ത്തുന്ന മികച്ചൊരു ‘ലീഡര്‍ഷിപ്പ് ട്രെയിനര്‍’ ആയിരുന്നു അദ്ദേഹം. പങ്കാളിത്ത ക്രിയാത്മക പരിശീലന പദ്ധതികളിലൂടെ കേരളത്തിലുടനീളം അദ്ദേഹം വ്യക്തിത്വ വികസന ക്ലാസുകള്‍ നയിച്ചു. ഇതുകൊണ്ടു തന്നെയാണ് കേരളത്തിന്റെ ‘ഡെയ്ല്‍ കാര്‍ണഗി’ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്.
പോസിറ്റീവ് തിങ്കിംഗ് വിഭാഗത്തില്‍പ്പെടുന്നവയാണ് അദ്ദേഹത്തിന്റെ 38 കൃതികളില്‍ ഭൂരിഭാഗവും. ‘വ്യക്തിത്വം: അര്‍ഥവും ആവിഷ്കാരവും’, ‘വിജയം വിരല്‍ത്തുമ്പില്‍’, ‘നേതൃത്വവും പ്രസംഗകലയും’, ‘വിജയത്തിന്റെ രസതന്ത്രം’, ‘കുടുംബദീപിക’, ‘കാവ്യത്തിന്റെ ഭിന്നമുഖങ്ങള്‍’, തുടങ്ങിയവ അദ്ദേഹത്തിന്റെ അറിവിന്റെ ആഴം വ്യക്തമാക്കുന്ന ഏതാനും കൃതികളാണ്.
അക്ഷരവഴികളില്‍ പൂത്ത പുരസ്കാരങ്ങള്‍
ടോം ജോസ് സാറിന് ലഭിച്ച പുരസ്കാരങ്ങളും അംഗീകാരങ്ങളും ഒരു വ്യക്തിക്കുള്ള ആദരവ് എന്നതിലുപരി സമൂഹത്തിനു നല്കിയ പ്രകാശത്തിനുള്ള നന്ദി പ്രകടനങ്ങളായിരുന്നു. 1986-ല്‍ ‘അറിവാണ് ശക്തി’ എന്ന കൃതിക്ക് ലഭിച്ച കെ.സി.വൈ.എം സാഹിത്യ പുരസ്കാരത്തോടെ തുടങ്ങിയ അദ്ദേഹത്തിന്റെ അവാര്‍ഡ് പരമ്പരയില്‍, ‘സംഘാടകര്‍ക്കൊരു കൈവിളക്ക്’ (1996 ഗിരിഗീത സാഹിത്യ അവാര്‍ഡ്), ‘കാവ്യത്തിന്റെ ഭിന്നമുഖങ്ങള്‍’ (ബെഞ്ചമിന്‍ ബെയ്ലി അവാര്‍ഡ്), ‘വിചാരവിപ്ലവം’ (2001 ദര്‍ശന സാഹിത്യ അവാര്‍ഡ്), ‘നേതൃത്വവും പ്രസംഗകലയും’ (2004 കുടുംബദീപം സാഹിത്യ അവാര്‍ഡ്), ‘നേതൃത്വം: സിദ്ധിയും സാധനയും’ (2006 കേരള കൗമുദി ഫ്ലാഷ് പുരസ്കാരം) ‘വ്യക്തിത്വം: അര്‍ഥവും ആവിഷ്കാരവും’ (2009 എ.കെ.സി.സി. അവാര്‍ഡ്), ‘വിജയം വിളിപ്പാടകലെ’ (2010 ബി. വെല്ലിംഗ് ടണ്‍ സാഹിത്യ അവാര്‍ഡ്), ‘വിജയം വിരല്‍ത്തുമ്പില്‍’ (2012 ബ്ര. ലൂയിസ് മഞ്ഞളി സ്മാരക പുരസ്കാരം) എന്നിവയും 2013-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ പ്രതിഭ പുരസ്കാരവും (എന്‍.എന്‍. നഗര്‍ റസിഡന്റ്സ് അസോസിയേഷന്) അദ്ദേഹത്തെ തേടിയെത്തി.
ഇതിനുപുറമെ, 2010-ലെ എമിറോസ് എഡ്യൂക്കേഷന്‍ അക്കാദമിയുടെ ‘ഗുരുശ്രേഷ്ഠ
അവാര്‍ഡ്’, 2011-ലെ കെ.സി.ബി.സി ‘ഗുരുപൂജ അവാര്‍ഡ്’, ‘ന്യൂസ് ഇന്ത്യ’യുടെ ‘ലീഡര്‍ഷിപ്പ് ട്രെയിനര്‍ അവാര്‍ഡ്’ എന്നീ പദവികളും അദ്ദേഹത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളാണ്.
അമ്പതാണ്ടിന്റെ സംഘാടക മികവ്
വിവിധ സാംസ്കാരിക-സാമൂഹിക സംഘടനകളുടെ നേതൃപദവി അലങ്കരിച്ച ടോം ജോസ് സാര്‍ കേരള സാഹിത്യ കലാസമിതി ജനറല്‍ സെക്രട്ടറി, കെ.സി.എസ്.എല്‍ എറണാകുളം അതിരൂപതാ പ്രസിഡന്റ്, എ.കെ.സി.സി എറണാകുളം അതിരൂപതാ സെക്രട്ടറി, സമസ്ത കേരള സാഹിത്യപരിഷത്ത് സെക്രട്ടറി തുടങ്ങിയ പദവികള്‍ ഭംഗിയായി നിര്‍വഹിച്ചു.
കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി 50 വര്‍ഷം പൂര്‍ത്തിയാക്കുക എന്ന അസാധ്യമായ റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു. കത്തോലിക്കാവിദ്യാര്ഥി പത്രാധിപര്‍, സ്വതന്ത്രവിദ്യാര്‍ഥി മാസികയുടെ എഡിറ്റര്‍, തൊഴിലാളി സണ്‍ഡേ സപ്ലിമെന്റിന്റെ പത്രാധിപര്‍, ജര്‍മനിയില്‍ നിന്നുള്ള ‘നാടന്‍ കത്ത്’ പത്രാധിപര്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോഴും അദ്ദേഹം വിചാരലോകം മാസികയുടെ ചീഫ് എഡിറ്ററായും കൈരളി ടൈംസിന്റെ ന്യൂസ് എഡിറ്ററായും കര്‍മനിരതനായി തുടരുന്നു.
തര്‍ക്കങ്ങളിലെ മധ്യസ്ഥന്‍
സഭയിലും സമൂഹത്തിലും പ്രശ്നങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കുമ്പോള്‍ ഏതെങ്കിലും ഒരു പക്ഷം ചേരാതെ, ശരികളെ മാത്രം മുറുകെപ്പിടിച്ച് മധ്യവര്‍ത്തിയായി നിലകൊള്ളാനും തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
റിട്ട. അധ്യാപികയായ ഭാര്യ ആലീസും മക്കളായ സ്വപ്ന,ആശാലത എന്നിവരടങ്ങുന്ന
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഈ കര്മയോഗിക്കൊപ്പമുണ്ട്.
ഭാഷ കൊണ്ട് ശില്പമുണ്ടാക്കിയ മനുഷ്യന്
‘ഭാഷകൊണ്ട്ശില്പമുണ്ടാക്കിയിരിക്കുന്ന ആചാര്യ ടോം ജോസിനെ ഒരു ശില്പകാരനെന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ‘എന്നാണ് പ്രശസ്ത ചിത്രകാരന് എം.വി. ദേവന് ഒരിക്കല്‍ പങ്കുവച്ചത്.
‘നീ തന്നെ നിനക്ക് വിളക്ക്. നീ തന്നെ നിനക്ക് ആശ്രയം. നീ അന്യര്‍ക്ക് വിളക്കും അന്യര്‍ക്ക് ആശ്രയവുമാകുന്നു.’ എന്ന ദര്‍ശനം ജീവിതത്തിലൂടെയും കൃതികളിലൂടെയും പകര്ന്നുനല്കുന്ന ഈ വലിയ മനുഷ്യന്റെ ജീവിതം വരും തലമുറകള്‍ക്ക് എക്കാലവും ഒരു വഴികാട്ടിയായിരിക്കും.

എ. സെബാസ്റ്റ്യന്‍



