കുട്ടികളെ പഠിപ്പിക്കാനും, കുളിപ്പിക്കാനും ഭക്ഷണം നല്കാനുമൊക്കെ നമ്മള്‍ കുറച്ചു സമയം കണ്ടെത്തുന്നതുപോലെതന്നെ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും കുറച്ചു സമയം മാറ്റിവയ്ക്കണം. ആ സമയത്ത് പല കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാതെ, നമ്മുടെ മുഴുവന്‍ ശ്രദ്ധയും കുട്ടിക്ക് നല്കാന്‍ ശ്രദ്ധിക്കണം.
കുട്ടികളോടൊപ്പം എല്ലാ ദിവസവും കുറച്ചുസമയം ചെലവഴിക്കുക എന്നത് പാരന്റിംഗിലെ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാത്തവരില്ല. അതുകൊണ്ടുതന്നെ മിക്കവാറും മാതാപിതാക്കള്‍ അതിനു ശ്രമിക്കാറുമുണ്ട്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ എത്ര പണം ചെലവഴിക്കാനും നമുക്കു മനസ്സുണ്ട്. എന്നാല്‍, ആ സമയം എത്രത്തോളം ഗുണപരമാണ് എന്ന കാര്യം പലപ്പേഴും ശ്രദ്ധിക്കാതെ പോകുന്നു. എത്ര സമയം കുട്ടികളോടൊത്ത് ചെലവഴിച്ചു എന്നതിനേക്കാള്‍ എങ്ങനെ ഫലപ്രദമായി ചെലവഴിച്ചു എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഇതിനു പകരമായി മറ്റൊന്നും നമുക്കു വച്ചുമാറാനാവില്ല. അതിനു മാതാപിതാക്കള്‍ക്കു സഹായമാകുന്ന അഞ്ചുകാര്യങ്ങളാണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്.
- ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുക
കുട്ടികളോടൊത്ത് മാതാപിതാക്കള്‍ ചെലവഴിക്കുന്ന സമയത്താണ് ജീവിതത്തില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട വ്യക്തിത്വ സവിശേഷതകള്‍ രൂപപ്പെടുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് കുട്ടികള്‍ക്ക് അവരുടെ ഉറ്റവരുമായി ബന്ധം സ്ഥാപിച്ചെടുക്കാന്‍ അവസരം നല്കുക എന്നത്. എല്ലാ ദിവസവും നമ്മളതിന് ഒരവസരം നല്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളെ പഠിപ്പിക്കാനും, കുളിപ്പിക്കാനും ഭക്ഷണം നല്കാനുമൊക്കെ നമ്മള്‍
കുറച്ചു സമയം കണ്ടെത്തുന്നതുപോലെതന്നെ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും
കുറച്ചു സമയം മാറ്റിവയ്ക്കണം. ആ സമയത്ത് പല കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാതെ, നമ്മുടെ മുഴുവന്‍ ശ്രദ്ധയും കുട്ടിക്ക് നല്കാന്‍ ശ്രദ്ധിക്കണം. എത്ര സമയം ഇതിനുവേണ്ടി നീക്കിവയ്ക്കുന്നു എന്നത് അത്ര പ്രധാനപ്പെട്ട സംഗതിയല്ല. എന്നാല്‍, എത്രത്തോളം ഫലപ്രദമായി ചെലവഴിക്കുന്നു എന്നതാണ് പ്രധാനം.
നമ്മളിങ്ങനെ കുട്ടികളോടൊത്തായിരിക്കുന്ന സമയം നമ്മുടെ ഇഷ്ടത്തെക്കാള്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഓരോ കുട്ടിക്കും ഓരോ ഇഷ്ടമായിരിക്കും. ഇതിനുവേണ്ടി നമ്മള്‍തന്നെ മുന്‍കയ്യെടുക്കാനും ശ്രദ്ധിക്കുക. സമപ്രായക്കാരായ കുട്ടികളുമായി കളിക്കാനും ഇടപഴകാനും സമയം നല്കാനും ശ്രദ്ധിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യം തന്നെ.
- 2 ഫ്രീ പ്ലെ ടൈം അനുവദിക്കുക.
എന്നുവച്ചാല്‍ മറ്റുള്ളവരുടെ ഇടപെടലുകളില്ലാതെ കുട്ടിയെ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുക. അതിനുവേണ്ടി സ്വസ്ഥമായ ഒരിടം ഒരുക്കിക്കൊടുക്കുക എന്നത് മുതിര്‍ന്നവരുടെ കടമയാണ്. ഇവിടെ കുട്ടികള്‍ തന്നെയാണ് തീരുമാനിക്കുന്നത് എന്തു കളി വേണമെന്ന്. ചെളിയിലോ, മണ്ണിലോ, വെള്ളത്തിലോ കളിക്കുന്നതോ ഭാവനഉപയോഗിച്ചുകൊണ്ടുള്ളകളികളോ ഒക്കെയാവാം. കുട്ടികള്‍ കളിവീടുണ്ടാക്കിക്കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. മണ്ണ് അരിയായും ഇലകള്‍ മീനായുമൊക്കെ സങ്കല്പിച്ച് അവര്‍ തങ്ങളുടെ ഭാവനാലോകത്ത് പാറിപ്പറക്കുന്ന കളികളാണവ. അല്ലെങ്കില്‍ സ്വയം ടീച്ചറായി ഭാവനചെയ്ത് മേശയും കസേരയുമൊക്കെ കുട്ടികളായി സങ്കല്പിച്ചുകൊണ്ടുള്ള കളികള്‍… അങ്ങനെ എന്തുമാവാം ഇത്തരം കളികള്‍. ആരുടെയും നിര്‍ബന്ധമോ പ്രേരണയോ ഇല്ലാതെ അവര്‍ സ്വാഭാവികമായി കണ്ടെത്തട്ടെ ഈ കളികള്‍.
- Out door Activities
എല്ലാ ദിവസവും കുറച്ചു സമയം വീടിനു പുറത്ത് എന്തെങ്കിലും ചെയ്യാന്‍ ഒരവസരം നല്കണം. ഇങ്ങനെ പ്രകൃതിയോട് ഇടപഴകാന്‍ ഇത്തിരി സമയം മാറ്റിവയ്ക്കുന്നതിലൂടെ നമ്മുടെ സ്‌ട്രെസും ഉത്കണ്ഠയുമൊക്കെ മറികടക്കാന്‍ സഹായിക്കും.
- ജോലിചെയ്യാന്‍ അവസരം നല്കുക.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവര്‍ക്കു ചെയ്യാന്‍ പറ്റുന്ന ചെറിയ ചെറിയ ജോലികള്‍ അവരെ ഏല്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വളര്‍ത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവരെ സഹായിക്കും. ചെറിയ ജോലികള്‍ മതി. ചെടിക്കു വെള്ളമൊഴിക്കുക, കറിക്കരിയുക, അലക്കിയുണക്കിയെടുത്ത തുണികള്‍ മടക്കിവയ്ക്കുക, സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള അവസരം നല്കുക; ഉദാഹരണത്തിന് ഡ്രസ് മാറാനും ബെഡ്ഡ് വിരിക്കാനുമൊക്കെ കുട്ടികളെ അനുവദി
ക്കുക.
- എഴുത്തിനും വായനയ്ക്കും കുറച്ചു സമയം മാറ്റിവയ്ക്കുക
ചെറിയ കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ എന്തെങ്കിലുമൊക്കെ വായിക്കാന്‍ വാങ്ങിക്കൊടുക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഇത് ഭാവിയില്‍ അവരുടെ പഠനനിലവാരത്തെ സഹായിക്കുമെന്നു മാത്രമല്ല, പൊതുവെ അവരുടെ സ്വഭാവരൂപീകരണത്തെയും സഹായിക്കും. മറ്റുള്ളവരുടെ കണ്ണിലൂടെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കും. വാസ്തവത്തില്‍ പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനും പൊതുവെ താത്പര്യമുള്ളവരാണു കുട്ടികള്‍. കുട്ടികള്‍ക്കിണങ്ങിയ രീതിയില്‍ അവരെ പഠിപ്പിക്കാന്‍ കഴിയാത്തതാണ് നമ്മുടെ പരാജയം.
കടപ്പാട്: ഡോ. മേരി മെറ്റില്‍ഡ




