Monday, June 8, 2026

നക്ഷത്ര പൂക്കളായ് വിരിയാം

ബേത്‌ലെഹേമിലെ കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെത്തേടിയെത്തിയ ജ്ഞാനികള്‍ നമുക്കെന്നും പ്രചോദനമാണ്. അവരെപ്പറ്റി സുവിശേഷം രേഖപ്പെടുത്തുന്ന തിങ്ങനെയാണ്: ഹേറോദേസ്‌ രാജാവിന്റെ കാലത്ത്, യൂദയായിലെ ബേത്‌ലെഹേമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യ ദേശത്തുനിന്ന് ജ്ഞാനികള്‍ ജറുസലെമിലെത്തി (മത്താ 2:1). രക്ഷകനെ കണ്‍കുളിര്‍ക്കെ കാണാനുള്ള അവരുടെ ഹൃദയത്തിലെ അടങ്ങാത്ത മോഹവും ദാഹവും, ആ മോഹദാഹങ്ങള്‍ അടക്കാനുള്ള അന്വേഷണം, അന്വേഷിച്ച് കണ്ടെത്തുമ്പോഴുള്ള ആരാധന, അതുവഴി അവര്‍ അനുഭവിച്ച സംതൃപ്തിയും സാഫല്യവും! ഇവയെല്ലാം നമുക്ക് ഫലദായകമായ ധ്യാനമാണ്.

എല്ലാ ചോദ്യങ്ങളുടെയും തുടക്കം ‘എവിടെയാണ്? എങ്ങനെയാണ്? എന്താണ്?’ തുടങ്ങിയ ചോദ്യങ്ങളില്‍ആരംഭിക്കുന്നു.ജ്ഞാനികള്‍ അന്വേഷിച്ചു: ‘എവിടെയാണ്‌യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? അവനെ ആരാധിക്കാന്‍
വന്നിരിക്കയാണ്’ (മത്താ 2:2). ആ ദിവ്യദര്‍ശനം അവരെ പൂര്‍ണമായും സംതൃപ്തരാക്കുന്നു. ഇനി, മറ്റൊന്നും അവര്‍ക്ക്, ആഗ്രഹമില്ല. മടങ്ങിച്ചെന്ന്, രാജാവിന്റെ പാരിതോഷികവും പട്ടും പുടവയും അംഗീകാരവും അഭിനന്ദനവും കിട്ടേണ്ട ആവശ്യമില്ല. അതാണ്, അവര്‍ മറ്റൊരു ‘വഴിയേ പോയത്’ (മത്താ 2:12). കാത്തിരുന്നു കൈവന്ന കാലിത്തൊഴുത്തിലെ ദര്‍ശന സൗഭാഗ്യം അവരെ സംതൃപ്തരാക്കുന്നു. പരിവര്‍ത്തന വിധേയരാക്കുന്നു. മറ്റൊരുവഴി തിരഞ്ഞെടുക്കാന്‍ പ്രാപ്തിയുള്ളവരാക്കുന്നു.

ജ്ഞാനികളുടെ ജീവിതത്തില്‍ പ്രത്യക്ഷമാകുന്ന വിവിധ ഘട്ടങ്ങള്‍ നമ്മുടെ ആധ്യാത്മിക
ജീവിതത്തിലും മാതൃകയാണ്. മനസ്സിന്റെ ആഗ്രഹം; ആഗ്രഹം അടക്കാനുള്ള നിരന്തര അന്വേഷണം; സാഹസത്തോടെയുള്ള അധ്വാനം; കണ്ടെത്തുമ്പോഴുള്ള ആനന്ദം, ആരാധന; ആഗ്രഹ പ്രാപ്തിയുടെ ഫലമായുള്ള ത്യാഗ സമര്‍പ്പണം; ആ സാഫല്യത്തിന്റെ ബാഹ്യ അടയാളമായ മനഃപരിവര്‍ത്തനം; പുതിയ പാത.

സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം (മത്താ 13:44). അത് കണ്ടെത്താന്‍ കഷ്ടപ്പെടണം. തുനിഞ്ഞിറങ്ങി അന്വേഷിക്കണം. അധ്വാനിച്ചു കിളച്ച്, ത്യാഗമെടുത്താല്‍ മാതമേ, നിധി കണ്ടെത്താനാവൂ! അതാണ് ജ്ഞാനികളെ വ്യത്യസ്തരാക്കുന്നത്. അവര്‍ പിറന്ന നാടും പരിചിത സാഹചര്യങ്ങളും സ്വകാര്യ
സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറായി. പ്രിയമുള്ള പലതും ഉപേക്ഷിക്കാതെ, ഈശ്വരദര്‍ശന സൗഭാഗ്യം അനുഭവിക്കാനാവില്ല.

എല്ലാ സുരക്ഷിതത്വവും വലിച്ചെറിഞ്ഞ്, നിഷ്പാദുകനായി, ‘ഇതാ ഞാന്‍’ എന്നു പറയുമ്പോഴാണ്, സര്‍വവും സമ്പൂര്‍ണമായി അടിയറവു വയ്ക്കുമ്പോഴാണ്; ദൈവത്തെ കണ്ടുമുട്ടുന്നത്, സായൂജ്യം നേടുന്നത്. എല്ലാ അര്‍ഥത്തിലും അജ്ഞാതമായ ദിക്കിലേക്കുള്ള തീര്‍ഥാടനം- A journey to the unknown!

മറിയം ചെയ്തത് അതാണ്: ‘ഇതാ കര്‍ത്താവിന്റെ ദാസി അങ്ങേ ഹിതം എന്നില്‍ ഭവിക്കട്ടെ!’ (ലൂക്കാ 1:38). സമ്പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടാണ് അവള്‍ അതുപറഞ്ഞത്.

ജോസഫ് പ്രവര്‍ത്തിച്ചതും അപ്രകാരം തന്നെ; കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ അവന്‍ ചെയ്തു! (മത്താ 1:24).

വാനിലുദിച്ച ഒരു നക്ഷത്രം കണ്ട്, അതിനെ പിന്തുടര്‍ന്നാണ് ജ്ഞാനികളുടെ യാത്ര. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു! (മത്താ 2:10). മനസ്സില്‍ ജ്ഞാനമുള്ളവര്‍ക്കാണ് നക്ഷത്രങ്ങള്‍ നല്കുന്ന സന്ദേശം തിരിച്ചറിയാനാവുന്നത്. കാലഭേദങ്ങളുടെയും സാഹചര്യങ്ങളുടെയും പാഠഭേദങ്ങള്‍ മനസ്സിലാക്കാനാവുന്നത്. ജ്ഞാനികളെ നക്ഷത്രം നയിച്ചത് ക്രിസ്തുവിലേക്കാണ്. ക്രിസ്തുവെന്ന നക്ഷത്രം (Jesus Christ, the Super Star!) അവരെ അതിനപ്പുറത്തേക്ക്, ജീവിതത്തിന്റെ നവയാഥാര്‍ഥ്യങ്ങളിലേക്ക് നയിക്കുന്നു.

ബെനെഡിക്ട് പതിനാറാമന്‍ പാപ്പ, നസ്രത്തിലെ യേശു എന്ന ഗ്രന്ഥത്തില്‍ പൂര്‍വദേശത്തു നിന്നുള്ള ജ്ഞാനികളെപ്പറ്റി ഇപ്രകാരം വിവരിക്കുന്നു: ‘യേശുവിലേക്കുള്ള മനുഷ്യവംശത്തിന്റെ യാത്രയെ അവര്‍ പ്രതിനിധാനം ചെയ്യുന്നു. ചരിത്രത്തിലൂടനീളം തുടരുന്ന ഒരു പ്രദക്ഷിണത്തിന് അവര്‍ തുടക്കം കുറിക്കുന്നു’.

ക്രിസ്തുവിനെത്തേടിയുള്ള വിജാതീയ ലോകത്തിന്റെ സഞ്ചാരമാണ് യഹൂദരുടെ രാജാവിനെത്തേടി നക്ഷത്രത്താല്‍ നയിക്കപ്പെട്ട ജ്ഞാനികള്‍ നടത്തിയ ഈ യാത്ര പ്രതിനിധാനം ചെയ്യുന്നതെങ്കില്‍, അതിന്റെ പൊരുള്‍ ഇതാണ്: പ്രപഞ്ചത്തിനും ക്രിസ്തുവിനെക്കുറിച്ചു പറയാനുണ്ട്. ഒരുപക്ഷേ, അതിന്റെ ഭാഷ ഈ സംസാരസാഗരത്തില്‍ കഴിയുന്ന മനുഷ്യര്‍ക്കു പൂര്‍ണമായും മനസ്സിലാകുന്നില്ല എന്നു മാത്രം. (ബെനെഡികിട് XVI, നസ്രത്തിലെ യേശു, വാല്യം മൂന്ന്, ബിബ്‌ളിയ പബ്ലിക്കേഷന്‍സ്, ആളൂര്‍, 2012, പേജ് 149-152) അപ്രകാരം, സൃഷ്ടപ്രപഞ്ചത്തിന്റെ ഭാഷ ഗ്രഹിച്ച ജ്ഞാനികള്‍, നക്ഷത്രത്തെ പിന്‍തുടര്‍ന്ന് ക്രിസ്തുവില്‍ എത്തുന്നു.

ക്രിസ്തുവാണ് നമ്മെയും നമുക്കുചുറ്റുമുള്ള പ്രപഞ്ചത്തെയും അതിലുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും അവയുടെ ഗതിവിഗതികളും നിയന്ത്രിക്കുന്നത്. ഈ വലിയ സത്യം ദൈവശാസ്ത്രജ്ഞനായ ബെനെഡിക്ട് പാപ്പ വിവരിക്കുന്നു: ‘ജ്ഞാനികളുടെ നക്ഷത്രം സമാനമായ ഒരു കാര്യം ബോധിപ്പിക്കുന്നുണ്ട്. നക്ഷത്രമല്ല ശിശുവിന്റെ ഭാവിയും ഭാഗധേയവും നിശ്ചയിക്കുന്നത്. ശിശുവാണ് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത്’ ((Ibid, p. 152-153)). അതിനു തൊട്ടുമുമ്പ് പാപ്പ വിവരിക്കുന്ന യാഥാര്‍ഥ്യവും നാം ശ്രദ്ധിക്കണം: ‘സഭാപിതാക്കന്മാര്‍ ഇക്കഥയുടെ മറ്റൊരു വശത്തിനു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ജ്ഞാനികള്‍ യേശുവിനെ ആരാധിച്ച നിമിഷത്തില്‍ ജ്യോതിഷത്തിന്റെ അന്ത്യമായി എന്നാണു ഗ്രിഗറി നസ്സിയാന്‍സെന്‍ പറയുന്നത്. കാരണം, ക്രിസ്തു നിശ്ചയിച്ച ഭ്രമണപഥത്തില്‍ക്കൂടെയാണ് നക്ഷത്രം സഞ്ചരിച്ചത്’.
അങ്ങനെ, ക്രിസ്തുവില്‍ നാം എത്തിച്ചേര്‍ന്നാല്‍, പിന്നെ കൈരേഖയും ജാതകവും നാളും നക്ഷത്രവും രാഹുവും ഗുളികനും അന്വേഷിച്ചു പോകേണ്ടതില്ല. എല്ലാറ്റിന്റെയും അധിനാഥന്‍, നമ്മെ നയിക്കുകയും നിയന്ത്രിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

ജ്ഞാനികളുടെ ഉദ്ഭവസ്ഥാനം

‘യൂദയായിലെ ബേത്‌ലെഹേമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്ന് ജ്ഞാനികള്‍ ജറുസലെമിലെത്തി’ എന്നാണ് മത്തായിയുടെ സുവിശേഷം വ്യക്തമാക്കുന്നത്. എന്താണ് അവരുടെ പേരുകള്‍? അവര്‍ ഏതു ദേശക്കാരാണ്? ഏത് വര്‍ഗത്തിലും സംസ്‌കാരത്തിലും പെട്ടവരാണവര്‍?

വാഴ്ത്തപ്പെട്ട ബീഡ് ആണ് ഈ മൂന്നു ജ്ഞാനികളുടെ വിവരണങ്ങളില്‍ അവരുടെ പേരും പ്രായവും വ്യക്തമാക്കുന്നത്: മെല്‍ക്കിയോര്‍ മുടി നരച്ച, ഒരു താടിക്കാരന്‍; ബല്‍ത്താസര്‍ ജീവിതത്തിന്റെ മധ്യവയസ്സില്‍ എത്തി നില്ക്കുന്നയാള്‍; കാസ്പര്‍ ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ്. മനുഷ്യാസ്തിത്വത്തിന്റെ മൂന്നു ഘട്ടങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവരാണ് ഈ മൂന്നു പേരെന്നാണ് ബെനെഡിക്ട് പാപ്പയുടെ വ്യാഖ്യാനം: യൗവനം, പക്വതയുടെ പ്രായം, വാര്‍ധക്യം എല്ലാവര്‍ക്കുമള്ളതാണ് ക്രിസ്തുവിലേക്കുള്ള യാത്ര.

നാലാമതൊരാളെപ്പറ്റിയുള്ള കഥയും നമുക്ക് സുപരിചിതമാണ്. വരാപ്പുഴ അതിരൂപത, അസ്സീസി കത്തീഡ്രല്‍ ഇടവകാംഗം കുയിലന്‍ എന്ന അനുഗൃഹീത കലാകാരന്‍ എഴുതി സംവിധാനം ചെയ്ത കൊച്ചിന്‍ നാടകവേദിയുടെ ‘ആര്‍ത്തബാന്‍’ എന്ന ബൈബിള്‍ നാടകം ആ പേരും ജീവിത സമര്‍പ്പണവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാക്കി മാറ്റി. ദിവ്യഉണ്ണി ബേത്‌ലെഹേമില്‍ പിറന്നപ്പോള്‍, ആര്‍ത്തബാന് മറ്റ് മൂന്നു പേരോടൊപ്പം വന്നു ചേരാനായില്ലത്രേ. തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കാനായി, മൂന്നു വിശിഷ്ട രത്‌നങ്ങളുമായി നടത്തിയ യാത്രാമധ്യേ, വഴിയില്‍ കണ്ടെത്തിയവരെ, വിവിധ പ്രശ്‌നങ്ങളില്‍ അകപ്പെട്ട ഹതഭാഗ്യരെ, രത്‌നങ്ങള്‍ ഓരോന്നും വിറ്റിട്ടാണെങ്കിലും, രക്ഷപ്പെടുത്തി. അങ്ങനെ, കാലങ്ങളേറെ കഷ്ടപ്പെട്ടു സഞ്ചരിച്ച്, അവസാനം വന്നെത്തിയപ്പോള്‍, കാല്‍വരിയിലെ കുരിശില്‍ തന്റെ ദിവ്യരക്ഷകനെ കണ്ടെത്തി!

മൂന്നു ജ്ഞാനികളുടെ ഉദ്ഭവസ്ഥാനത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര വ്യാഖ്യാനം ബെനെഡിക്ട് പാപ്പ മനോഹരമായി വേറൊരിടത്തു നല്കുന്നുണ്ട്.

ജ്ഞാനികളുടെ ഉദ്ഭവസ്ഥാനം പാശ്ചാത്യനാടിന്റെ അങ്ങേയറ്റത്തേക്കു വ്യാപിപ്പിക്കുന്നുണ്ട് ഈ പ്രവാചക വചനം. കാരണം, താര്‍ഷിഷ് എന്നു പറയുന്നത് സ്‌പെയിനിലെ റ്റാര്‍ട്ടോസ്സാസ് ആണ്. എങ്കിലും, ഈ മൂന്നുപേര്‍ അന്നറിയപ്പെട്ടിരുന്ന മൂന്നു ഭൂഖണ്ഡങ്ങളെ -ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് പ്രതിനിധാനം ചെയ്തിരുന്നതിനാല്‍ അവര്‍ യേശുവിന്റെ സാര്‍വലൗകികവും സാര്‍വജനീനവുമായ പ്രസക്തിയിലേക്കു കൈചൂണ്ടുന്നുവെന്ന് പാരമ്പര്യമുണ്ടായി. കറുത്ത രാജാവ് ഈ പാരമ്പര്യത്തിന്റെ അവിഭാജ്യ ഭാഗമാണ്. യേശുക്രിസ്തുവിന്റെ രാജ്യത്തില്‍ വംശവ്യത്യാസമോ മതവ്യത്യാസമോ ഇല്ല. വര്‍ണവിവേചനമില്ല. അവനിലും അവനിലൂടെയും മനുഷ്യവംശം ഒന്നാക്കപ്പെടുന്നു. എങ്കിലും, വ്യത്യാസങ്ങളുടെ സമ്പന്നത കൈമോശം വരുന്നുമില്ല (Ibid, p. 148).

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് ദുര്‍ഘടപാതയിലൂടെയുള്ള സുദീര്‍ഘമായ സാഹസിക
യാത്രയ്‌ക്കൊടുവില്‍ കാലിത്തൊഴുത്തില്‍ മൂന്നു പേരും നക്ഷത്രം തെളിച്ച പാതയിലൂടെ വന്നെത്തുന്നു. ജ്ഞാനികള്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടെ കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും
ചെയ്തു (മത്താ2:11). ആ ആരാധനയായിരുന്നു അവരുടെ പരമമായ യാത്രാലക്ഷ്യം. സ്വര്‍ഗീയ ശിശുവിന്റെ മുന്‍പില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്നു. ഭക്ത്യാദരങ്ങളോടെയുള്ള ആരാധനയും വിധേയത്വത്തോടെയുള്ള കാഴ്ച സമര്‍പ്പണവും നടത്തുന്നു. ജീവിതയാത്രയുടെ സാഫല്യനിമിഷങ്ങള്‍!

അവര്‍ സമര്‍പ്പിച്ച തിരുമുല്ക്കാഴ്ചകളിലും രക്ഷകന്റെ ആഗമനോദ്ദേശ്യത്തിന്റെ അര്‍ഥതലങ്ങള്‍ പ്രതിസ്പന്ദിക്കുന്നുണ്ട്: രാജത്വത്തിന്റെ പൊന്ന്, ദൈവപുത്രത്വത്തിന്റെ കുന്തുരുക്കം, സഹനത്തിന്റെയും മരണത്തിന്റെയും മീറ.

ജ്ഞാനികളുടെ സന്ദര്‍ശനം വിവരിക്കുമ്പോള്‍ ആകെ അസ്വസ്ഥനായ ഒരാളെയും ഒന്നു
ശ്രദ്ധിക്കണം. ‘ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും!’ (മത്താ 2:3). വീരസന്താനം എന്നാണ് ഹേറോദേസ് എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ഥം. പക്ഷേ, മറ്റൊരു രാജാവിനെക്കുറിച്ച് അറിയാനിടയാവുമ്പോള്‍ ധൈര്യവും വീര്യവും ആ മനുഷ്യനില്‍ നിന്നു ചോര്‍ന്നുപോകുന്നു!

വെളിച്ചത്തെക്കാള്‍ കൂടുതല്‍ ഇരുട്ടിനെ സ്‌നേഹിക്കുന്നവര്‍ (യോഹ3:19) അങ്ങനെ അസ്വസ്ഥരാകും കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതാണ്! ഹേറോദേസിന്റെ ആകുലതയും അന്ധാളിപ്പും സ്വസ്ഥതയില്ലായ്മയും ഒരുതരം ഭ്രാന്തായി പരിണമിക്കുന്നു. രണ്ടും അതില്‍ താഴെയുമുള്ള എല്ലാ ആണ്‍കുട്ടികളെയും അയാള്‍ ആളയച്ചു വധിക്കുന്നു! അങ്ങനെ ജറെമിയാ പ്രവാചകന്റെ വാക്കുകള്‍
പൂര്‍ത്തിയാവുന്നു: റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു! (മത്ത 2:18).

‘ക്രിസ്തുവെന്ന ഒറ്റത്താരകം’ എന്ന വിന്‍സെന്റ് വാരിയത്ത് അച്ചന്റെ വിചിന്തനത്തോടെ നമുക്ക്, ഉപസംഹരിക്കാം.

ക്രിസ്തു എന്ന ഒറ്റത്താരകം

ജ്ഞാനികളെ വഴിനടത്തിയ വാല്‍നക്ഷത്രവും പുല്‍ക്കൂട്ടില്‍ ‘അവര്‍’ കണ്ടപുഞ്ചിരിക്കുന്ന
കുരുന്നുതാരവും ഒരാളായിരുന്നു. പിന്നീട് കാല്‍വരിയില്‍ അവന്‍ ക്രൂശിക്കപ്പെട്ട നക്ഷത്രമായി; ഹൃദയംപിളര്‍ന്ന്‌ സ്‌നേഹ സുഷിരങ്ങളിലൂടെ പ്രകാശം പരത്തിക്കിടന്ന കരുണാനക്ഷ്രതം. കല്ലറവിട്ടു പുറത്തുവന്നതും ഒരു നക്ഷ്ത്രമായിരുന്നു; മറ്റുള്ളവര്‍ക്കായി കത്തിജ്ജ്വലിക്കുന്ന സുസ്‌നേഹമൂര്‍ത്തിയായ ഒറ്റത്താരം. ഈ നക്ഷത്രത്തിന്റെ വഴിയില്‍ നടന്ന ജ്ഞാനികളും ആട്ടിടയരും ഹേറോദേസ് രാജാവും മൂന്നു പ്രതീകങ്ങളാണ്. ജ്ഞാനികള്‍ ജ്ഞാനമുള്ളവരായതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ വഴിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവരില്‍ നിന്ന് അവര്‍ അപ്രത്യക്ഷരായി; ക്രിസ്തു മാത്രം നിറഞ്ഞു നിന്നു. പേര്‍ഷ്യന്‍ പാരമ്പര്യ കഥയനുസരിച്ച് ഉണ്ണിയെ ദര്‍ശിച്ച ശേഷം മൂവരും പിന്നെ പുഞ്ചിരി നിര്‍ത്തിയില്ല. പോകുന്നിടത്തൊക്കെ ‘ഈശോ’ എന്നൊരു മന്ത്രണം മാത്രം.

ഏകദേശം ഒരേ കാലയളവില്‍ മരിച്ച ഇവരുടെ മൃതദേഹങ്ങള്‍ പല ദിക്കില്‍നിന്നും കൊണ്ടുവന്ന് ഒരേയിടത്ത് അടക്കിയത്രേ! ഒരുനാള്‍ മൂവരുടെയും കുഴിമാടങ്ങളില്‍ നിന്ന് പുതിയതരം പൂക്കള്‍ വിരിഞ്ഞുവന്നത്രേ, നക്ഷത്രാകൃതിയില്‍ ചിരിച്ചു നില്ക്കുന്ന പൂക്കള്‍! ആ പൂക്കള്‍ പേര്‍ഷ്യയിലെങ്ങും പിന്നെ കണ്ടുതുടങ്ങി. ഹെരാള്‍ഡ് ട്രമ്പറ്റ് (Herald trumpet) എന്നാണു പൂവിനു പേര്. വിളംബരക്കാരന്റെ കാഹളം സ്വയമുയര്‍ത്താതെ മുഴക്കുന്ന ഒരു പൂവ്. ആ പൂക്കള്‍ കാണുന്നവരൊക്കെ ജ്ഞാനികളെ
ഓര്‍ത്തതിനെക്കാള്‍ കൂടുതലായി ദിവ്യഉണ്ണിയെയും അനുഗൃഹീത താരത്തെയും ഓര്‍ത്തത്രേ! മരിച്ചിട്ടും ജ്ഞാനികള്‍ നക്ഷത്രവഴിയേ തന്നെ!


ബിഷപ്പ് ഡോ. അലക്‌സ്
വടക്കുംതല
കണ്ണൂര്‍ രൂപതാ മ്രെതാന്‍

 

 

Related Articles