Monday, June 8, 2026

കുഞ്ഞുകാര്യങ്ങളുടെ ദൈവം

ഡിസംബർ 2023

നോമ്പ് നോറ്റ്, പുല്‍ക്കൂടൊരുക്കി രക്ഷകന്റെ വരവിനായുള്ള ഒരുക്കത്തിലാണ് നാമെല്ലാവരും. ഒരുക്കങ്ങള്‍ – അവ ഒരിക്കലും അവസാനിക്കുന്നില്ല, എല്ലാം ഒരുക്കിയാലും പിന്നെയും എന്തൊക്കെയോ ബാക്കിവച്ച പോലെയാണ്. ബാഹ്യമായ ഒരുക്കങ്ങള്‍ക്കപ്പുറം ആന്തരികമായ ഒരുക്കങ്ങളെ നാം മറന്നു കളയരുത്. രക്ഷകന്റെ വരവിനായി പിതാവായ ദൈവവും മാതാവും യൗസേപ്പിതാവും സ്വര്‍ഗ്ഗവും ദൈവദൂതന്മാരും, മാലാഖമാരും ഒരുങ്ങിയിരുന്നു. എന്നാല്‍, ലോകം അവനെ അറിഞ്ഞില്ല, അവനുവേണ്ടി സ്ഥലമൊരുക്കാന്‍ ആരുമുണ്ടായില്ല. ‘കുഞ്ഞായി വന്നു പിറന്ന നമ്മുടെ ദൈവം കുഞ്ഞിക്കാര്യങ്ങളുടെ ദൈവമാണ്.

കത്തിയെരിയുന്ന മുള്‍പടര്‍പ്പില്‍, പേമാരിയില്‍, കൊടുങ്കാറ്റില്‍, ഇടിമിന്നലില്‍ സംസാരിക്കുന്ന, തെറ്റുകള്‍ക്ക് ശിക്ഷിക്കുന്ന, മുന്‍കോപിയായ ദൈവത്തെ പഴയനിയമത്തില്‍ ഉടനീളം കണ്ടുമുട്ടുമ്പോള്‍, ശാന്തതയുടെ, സമാധാനത്തിന്റെ, തെറ്റുകള്‍ സ്‌നേഹപൂര്‍വ്വം ക്ഷമിച്ച് നമ്മളോട് ചേര്‍ന്ന് നില്‍ക്കുന്ന രക്ഷയുടെ ദൈവത്തെയാണ് നാം  പുതിയനിയമത്തില്‍ – ബെത്‌ലഹേമിലെ കാലിത്തൊഴുത്ത് മുതല്‍ കാല്‍വരിയോളം കണ്ടുമുട്ടുന്നത്. ദൈവകുമാരന്‍ ആയിരുന്നിട്ടും അവന്‍ പുല്‍ക്കൂട്ടില്‍ പിറന്നു, തച്ചന്റെ മകന്‍ എന്ന് അവന്‍ വിളിക്കപ്പെട്ടു, പാപികളോടും പരദേശികളോടും ദരിദ്രരോടും പലരും അവനെ തുലനംചെയ്തു. ദാവീദിന്റെ സിംഹാസനം അലങ്കരിക്കേണ്ടവന്‍ ആടുമാടുകളെ കെട്ടുന്ന പുല്‍ത്തകിടിയില്‍ പിറന്നു. ഏശയ്യാ പ്രവാചകന്‍ പ്രവചിച്ചപോലെ രക്ഷകന്റെ വരവിനായി കാത്തിരുന്ന നാം അവന്റെ വരവ് തിരിച്ചറിഞ്ഞില്ല. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല, (ഏശയ്യാ 1 : 3) ബത്‌ലേഹമിന്റെ മാറില്‍ പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊഴുത്തില്‍ കിടത്തിയ ലോകരക്ഷകനെ ആടും ആട്ടിടയരും, ജ്ഞാനികളും അവരുടെ കഴുതകളും തിരിച്ചറിഞ്ഞു, പൊന്നും, മീറയും കുന്തിരിക്കവും കാഴ്ചവച്ചു.

മറിയം തന്റെ തിരുക്കുമാരനെ പിള്ളക്കച്ചകള്‍ കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിലില്‍ കിടത്തി. ”കിടത്തി” എന്നതിനുള്ള ഗ്രീക്ക് പദം ”അനാക്‌സിനോ?” എന്നാണ്. അതിന്റെ അര്‍ത്ഥം ഭക്ഷണത്തിന് ഇരിക്കുക, മേശയ്ക്ക് ഇരിക്കുക എന്നതാണ്. ബത്‌ലഹേം എന്ന വാക്കിന്റെ അര്‍ത്ഥം അപ്പത്തിന്റെ ഭവനം എന്നാണ്. അപ്പത്തിന്റെ ഭവനത്തില്‍ ജനിച്ചവന്‍ പിന്നീട് എല്ലാവര്‍ക്കും അപ്പമായി തീര്‍ന്നു. ലോകം മുഴുവനും വേണ്ടി അവന്‍ അന്ത്യഅത്താഴ വേളയില്‍ തന്നെത്തന്നെ വിഭജിച്ചു നല്‍കി അപ്പമായി.

രാജകൊട്ടാരത്തില്‍ വാഴേണ്ടവന് കാലിത്തൊഴുത്തും വഴിപോക്കര്‍ക്കുള്ള സത്രവും ഒടുവില്‍ തലയോട് എന്ന് വിളിക്കപ്പെടുന്ന ഗാഗുല്‍ത്തായുമാണ് കാലം ഒരുക്കിയത്. ലോകം മുഴുവന്റെയും ഉടയവന് വന്നു പിറക്കുവാനും വിരുന്നൊരുക്കുവാനും തല ചായ്ക്കുവാനും ഇടമില്ല. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ ആകാശമുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല. അങ്ങനെ ആ തിരുവെഴുത്ത് പൂര്‍ത്തിയായി.

കുഞ്ഞുകാര്യങ്ങളിലൂടെ, ചെറിയവരിലൂടെ ദൈവം വലിയ കാര്യങ്ങള്‍ ചെയ്യുന്ന കഥകള്‍ എത്രയോ ആണ്. ദരിദ്രയായ ഒരു വിധവയുടെ അടുക്കലേക്കാണ് വിശപ്പടക്കാന്‍ ഏലിയ പ്രവാചകന്‍ അയയ്ക്കപ്പെടുന്നത്. ഒരു കൊച്ചുബാലന്‍ നല്കിയ അഞ്ചപ്പവും രണ്ടു മീനുമാണ് ആയിരങ്ങളുടെ വിശപ്പകറ്റാന്‍ അവിടുന്ന് ഉപയോഗിച്ചത്. തന്റെ ഇല്ലായ്മയില്‍ നിന്ന് പോലും ദൈവത്തിനു മുഴുവന്‍ സമര്‍പ്പിച്ച വിധവയെയാണ് കര്‍ത്താവ് പ്രശംസിക്കുന്നത്. തന്നെത്തന്നെ താഴ്ത്തിയ പാപിയായ ചുങ്കക്കാരനെയാണ് അനുഗ്രഹിക്കുന്നത്. ദൈവകുമാരന്റെയും ലോകം മുഴുവന്റെയും അമ്മയാകാന്‍ ഇതാ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ് തലകുനിക്കുന്ന മറിയത്തെയാണ് കര്‍ത്താവ് തിരഞ്ഞെടുക്കുന്നത്. ദേവാലയത്തില്‍ ഒരു ജോടി പ്രാവുകളെ ബലികഴിച്ചാണ് അവര്‍ അവനെ വീണ്ടെടുക്കുന്നത്. കാരണം യേശുവിന്റെ മാതാപിതാക്കള്‍ ധനികരല്ലായിരുന്നു

പുഴവക്കത്ത് വളര്‍ന്ന മൂന്നു മരങ്ങളുടെ കഥയുണ്ട്. മൂന്നു മരങ്ങള്‍ക്കും മൂന്ന് വ്യത്യസ്ത സ്വപ്നങ്ങള്‍ ആയിരുന്നു. ആദ്യത്തെ മരത്തിന് വലിയൊരു വീടിന്റെ ഭാഗമായി മാറുവാനായിരുന്നു താല്പര്യം… എന്നാല്‍, കുറച്ചു തച്ചന്മാര്‍ വന്ന് ആ മരം മുറിച്ച് വലിയൊരു കാലിത്തൊഴുത്ത് ഉണ്ടാക്കി…രണ്ടാമത്തെ മരത്തിന് വലിയൊരു കപ്പല്‍ ആകുവാന്‍ ആയിരുന്നു ആഗ്രഹം. അവനെയാകട്ടെ കുറേ മുക്കുവന്‍മാര്‍ മുറിച്ചു കൊണ്ടുപോയി ചെറിയ വള്ളങ്ങള്‍ ഉണ്ടാക്കി.. മൂന്നാമത്തെ മരത്തിന് എല്ലാവരും ഉറ്റു
നോക്കുന്ന വലിയൊരു കൊടിമരം ആകുവാനായിരുന്നു താല്‍പര്യം.. എന്നാല്‍, കുറച്ചു പട്ടാളക്കാര്‍ വന്ന് ആ മരം മുറിച്ച് ഒരു കുരിശുണ്ടാക്കി…

എന്നാല്‍, ആ മുന്ന് മരങ്ങള്‍ക്കും യേശുവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുവാന്‍ സാധിച്ചു. ആദ്യത്തെ മരംകൊണ്ട് തീര്‍ത്ത കാലിത്തൊഴുത്തിലാണ് യേശു പിറന്നത്. രണ്ടാമത്തെ മരംകൊണ്ട് തീര്‍ത്ത വള്ളങ്ങളില്‍ ഒന്നിലാണ് അവിടുന്നു സഞ്ചരിച്ചത്. മൂന്നാമത്തെ മരംകൊണ്ട് തീര്‍ത്ത കുരിശിലാണ് അവിടുന്ന് ക്രൂശിക്കപ്പെട്ടത്. അതിലേക്കാണ് ഇന്ന് നാം പ്രാര്‍ഥനയോടെ ഉറ്റു നോക്കുന്നത്. ഇതുപോലെയാണ് നമ്മുടെ ജീവിതവും. നമ്മുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും വിപരീതമായിട്ടായിരിക്കും നമ്മുടെ ജീവിതം മുന്നോട്ടു പോവുക, മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമ തീരുമാനം കര്‍ത്താവിന്റേതാണ് (സുഭാ.16:1). നമ്മുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും വിപരീതമായി ചിലപ്പോള്‍ അവിടുന്നു പ്രവര്‍ത്തിക്കും പക്ഷേ, അത് നമ്മുടെ നാശത്തിനല്ല, മറിച്ച് ക്ഷേമത്തിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ്.

ക്രിസ്തു കാലിത്തൊഴുത്തില്‍ പിറന്നുവെന്ന് പരമ്പരാഗത്മായി നമ്മള്‍ വിശ്വസിക്കുന്നു. ”കാലി’ എന്ന വാക്കിന് ശൂന്യത, ഇല്ലായ്മ, എന്നൊക്കെ അര്‍ത്ഥമുണ്ടല്ലോ. കര്‍ത്താവേ, നിനക്ക് വന്നു പിറക്കാന്‍ തക്കവിധം എന്റെ ജീവിതം ശൂന്യമാണ്, എന്റെ ഹൃദയം കാലിയാണ്. നീ പകുത്തു കൊടുക്കുന്നത് വക്കോളം നിറച്ചാണ്, എന്റെ ശൂന്യതയും
മാറ്റണമേ, എന്റെ കുറവുകളെ നിന്റെ നിറവുകള്‍ കൊണ്ട് നിറയ്‌ക്കേണമേ, ഉണ്ണിയായി പിറന്ന ഈശോയേ എന്നെയും അങ്ങയുടെ സ്‌നേഹത്താല്‍ നിറയ്‌ക്കേണമേ. ഞാനും അങ്ങയെ പ്രതി നിറഞ്ഞു കവിയട്ടെ. ആമേന്‍

ജിതിൻ

Related Articles