‘ഇവള് തെളിവ് കാണിക്കട്ടെ, എന്നിട്ടു മതി ഇനിയും മുന്നോട്ടു പോകണോ എന്നു തീരുമാനിക്കാന്‍’ സമനില നഷ്ടമായതു പോലെ… അയാള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു. ആ വാക്കുകളില്‍ അയാളുടെ നിസ്സഹായത പ്രകടമായിരുന്നു. ഇരുപതു വര്‍ഷം മുമ്പ്ആ രംഭിച്ച അവരുടെ കുടുംബജീവിതം വളരെ മാതൃകാപരമായിരുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളും രണ്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകളില്‍ കുടുംബത്തിലെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ പഠനവും മാതാപിതാക്കളുടെ ആവശ്യങ്ങളും വളരെ ഭംഗിയായി നിര്‍വഹിച്ചുകൊണ്ട് കുടുംബത്തിന്റെ നെടുംതൂണായി നിന്നത് ഭാര്യയായിരുന്നു.
വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന അവരുടെ കുടുംബത്തിലെ സമാധാനം തല്ലിക്കെടുത്തിയ ആദ്യ സംഭവം ഭര്‍ത്താവിന്റെ ഫോണ്‍ കോളിലെ ചില വാക്കുകളെ ചൊല്ലിയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവിനെ ഓഫീസില്‍ പൂര്‍ത്തിയാക്കേണ്ട ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് ഒരു സഹപ്രവര്‍ത്തക ഫോണില്‍ വിളിച്ചതായിരുന്നു. ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണങ്ങളെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചിരുന്ന ഭാര്യക്ക് അതൊരു സ്ത്രീയുടെ ഫോണ്‍ കോള്‍ ആണെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. ആ ഫോണ്‍കോളിന്റെ ലക്ഷ്യത്തെക്കാള്‍ വാക്കുകളെ സംശയമനസ്സോടെ അരിച്ചെടുത്ത് അവള് ഭര്‍ത്താവിന്റെ അവിശുദ്ധ ബന്ധത്തിന്റെ കഥ രൂപപ്പെടുത്തുകയായിരുന്നു. മതിയായ തെളിവുകളില്ലാതെ ചില വാക്കുകളെ മാത്രം ആയുധമാക്കി അവള് ആ കുടുംബത്തില്‍ കലഹങ്ങള്‍ ആരംഭിച്ചു. എല്ലാവരോടും നല്ല രീതിയില്‍ ഇടപെടുന്ന ഭാര്യയില്‍ ചിലപ്പോഴൊക്കെ സംശയത്തിന്റെ, തന്നെ വിശ്വസിക്കാത്തതിന്റെ അനുഭവങ്ങള്‍ ഇതിനു മുന്‍പും ഭര്‍ത്താവിന് തോന്നിയിട്ടുണ്ടെങ്കിലും അയാളത് കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍, അവള് ഭര്‍ത്താവിനെക്കുറിച്ച് സംശയാസ്പദമായി ചിന്തിച്ചും ഊഹാപോഹങ്ങള്‍ മെനഞ്ഞും മനസ്സില്‍ സൂക്ഷിച്ച ഒരുപാടു കാര്യങ്ങളുടെ പൊട്ടിത്തെറിയായിരുന്നു അന്നത്തെ കലഹം. ഭര്‍ത്താവിന്റെ സത്യസന്ധതയോ നിരപരാധിത്വമോ അംഗീകരിക്കാതെ അദ്ദേഹത്തിന്റെ ഓരോ വാക്കും ചലനങ്ങളും വിശകലനം ചെയ്തും നിരീക്ഷിച്ചും
വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു അവള്.
ജീവിതപങ്കാളിയെ മതിയായ കാരണങ്ങളില്ലാതെ സംശയിക്കുന്ന ഇത്തരം വ്യക്തിത്വ വൈകല്യങ്ങളെ മനശ്ശാസ്ത്രത്തില്‍ ‘പാരനോയ്യ’ (Paranoia) എന്നാണ് പറയുന്നത്. ഭ്രമാത്മകത എന്നര്‍ഥം. ഈ സംഭവത്തില്‍ ഭാര്യയാണ് വില്ലന്‍ വേഷധാരിയെങ്കില് മറ്റു പല സംഭവങ്ങളിലും ഭര്ത്താക്കന്മാരാണ്വില്ലന്മാര്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ കണ്ടുവരുന്ന ഈ മനോരോഗാവസ്ഥ മദ്യപരെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ബാധിക്കാന്‍ സാധ്യതകളേറെയാണ്.
സംശയരോഗികളിലെ അധികചിന്തകള്
- ഞാന്‍ ചതിക്കപ്പെടുമോ?
തെളിവുകളുടെ അഭാവത്തിലും ജീവിതപങ്കാളിയുടെ ദാമ്പത്യ വിശുദ്ധിയെ ഇവര്‍ അവിശ്വസിക്കുന്നു. തന്റെ ജീവിതപങ്കാളി തന്നെ ചതിക്കുന്നു എന്ന് വിശ്വസിക്കുകയും അയാളെ കുറ്റക്കാരനായി ചിന്തിക്കുകയും ചെയ്യുന്നു. ജീവിതപങ്കാളി സ്വന്തം വീട്ടുകാരോടോ അയല്‍ക്കാരോടോ സഹപ്രവര്‍ത്തകരോടോ സംസാരിച്ചാല്‍പോലും തന്നെ ചതിയില്‍ പെടുത്താനാണെന്ന ചിന്തയില്‍ അവര്‍ അസ്വസ്ഥരാകുന്നു. ഇവര്‍ ഒരിക്കലും ജീവിതത്തിലോ ജോലി മേഖലയിലോ സമാധാനം കണ്ടെത്തുകയില്ല. അവര്‍ എപ്പോഴും ചതിക്കപ്പെടുമോ എന്ന ചിന്തയില്‍ മാത്രം ജാഗ്രതയുള്ളവരായിരിക്കും. - ഞാന്‍ ചൂഷണം ചെയ്യപ്പെടുകയാണോ?
എപ്പോഴും മറ്റുള്ളവര്‍ തന്നെ ചൂഷണം ചെയ്യുകയാണെന്നാണ് സംശയരോഗത്തിന് അടിമയായവര്‍ ചിന്തിക്കുന്നത്. ജീവിതപങ്കാളിയെ മാത്രമല്ല ഇവര്‍ അവിശ്വസിക്കുന്നത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും ശരിയായ വില ഇതു തന്നെയാണോ, കേടുവന്നതാണോ… ഇങ്ങനെയൊക്കെ ചിന്തിച്ച്അ സ്വസ്ഥരായിക്കൊണ്ടിരിക്കും. ഇവര്‍ ആരെയും വിശ്വസിക്കുകയില്ല. ഇവര്‍ക്ക് മതിയായ സൗഹൃദങ്ങള്‍ ഉണ്ടായിരിക്കില്ല. കാരണം ഒരു പരിധിയില്‍ കവിഞ്ഞ് മറ്റുള്ളവരെ വിശ്വസിക്കാന്‍ ഇത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് സാധിക്കുകയില്ല. - ഞാന്‍ ഉപദ്രവിക്കപ്പെടുമോ?
മറ്റുള്ളവരാല്‍ ഉപദ്രവിക്കപ്പെടും എന്ന ചിന്തയില്‍ സ്വയരക്ഷയ്ക്കായി ആയുധങ്ങള്‍ കരുതുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ജീവിതപങ്കാളി കാമുകനുമായി കടന്നുകളയാന്‍ തന്നെ ഉപദ്രവിക്കുമെന്ന ചിന്തയില്‍ കട്ടിലിനു കീഴെ കത്തി കരുതുന്ന സംഭവങ്ങള്‍ വരെയുണ്ട്. തനിക്കെതിരെ മറ്റുള്ളവര്‍ മന്ത്രവാദവും കൂടോത്രവും ചെയ്യുന്നുണ്ടെന്നും അത് പ്രതികൂലമായി ബാധിക്കുമെന്നും ഇക്കൂട്ടര്‍ കരുതുന്നു. ഇത്തരം ചിന്തകളില്‍ അയല്പക്കക്കാരില് നിന്ന് സ്വകാര്യത സൂക്ഷിക്കാന്‍ വീടിന്റെ മതില് ഉയര്ത്തിക്കെട്ടുന്നവരും കണ്ണുകിട്ടാതിരിക്കാന് വീടിനു ചുറ്റും നോക്കുകുത്തികള്‍ സ്ഥാപിക്കുന്നവരുമുണ്ട്. - വാക്കുകളില്‍ ദ്വയാര്‍ഥങ്ങള്‍ മെനയുന്നു
ജീവിതപങ്കാളിയുടെ സംഭാഷണങ്ങളില്‍നിന്നും ഫോണ്‍ കോളുകളില്‍ നിന്നുമൊക്കെ ചില വാക്കുകള്‍ തിരഞ്ഞെടുത്ത് അവയില്‍ കഥ മെനഞ്ഞ് ചോദ്യങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിതെളിക്കുന്നു. ഇവര്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ക്ക് മതിയായ തെളിവുകള്‍ ഉണ്ടായിരിക്കുകയില്ല എന്നതാണ് പ്രധാനം. മറ്റുള്ളവര്‍ തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഒരാള്‍ മുഖത്ത് നോക്കി ചിരിച്ചാല്‍ ഞാന്‍ മനസ്സില്‍ ചിന്തിച്ചതു മനസ്സിലാക്കി ചിരിച്ചതാണെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. - പ്രതികാര ചിന്ത മനസ്സില്‍ സൂക്ഷിക്കുന്നു
താന്‍ ചതിക്കപ്പെട്ടുവെന്നും ചൂഷണം ചെയ്യപ്പെട്ടുവെന്നും വിശ്വസിക്കുന്ന ഇവര്‍ ജീവിതപങ്കാളിയോടാണെങ്കിലും സഹപ്രവര്ത്തകരോടാണെങ്കിലും പ്രതികാരചിന്ത മനസ്സില്‍ സൂക്ഷിക്കുന്നു. അവര്‍ക്ക് പല പരിധികള്‍ വയ്ക്കുന്നു. കുത്തുവാക്കുകളിലൂടെ മുറിപ്പെടുത്തുന്നു.
കാരണങ്ങള്‍
സംശയരോഗം എന്ന മാനസികരോഗാവസ്ഥ ഒരു പാരമ്പര്യ രോഗമല്ല. കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ചതിയുടെ, ഒറ്റപ്പെടലിന്റെ, തെറ്റിദ്ധാരണകളുടെ, ദുരുപയോഗങ്ങളുടെ, അവഗണനകളുടെ, അപകര്‍ഷതയുടെ, ഏകാന്തതയുടെയൊക്കെ പരിണിതഫലം കൂടിയാണ് സംശയരോഗാവസ്ഥ. ഇവര്‍ ജീവിതാനുഭവങ്ങളെ നെഗറ്റീവ് ചിന്താഗതികളോടെ വിലയിരുത്തുന്നു. ഈ രോഗാവസ്ഥ ഒരു ദിവസം കൊണ്ട് രൂപപ്പെടുന്നതല്ല. സംശയരോഗികളുടെ സ്വഭാവ പ്രത്യേകതകള്‍ പരിശോധിച്ചാല്‍ അവര്‍ മറ്റുള്ളവരെ വിശ്വസിക്കാന്‍ വിമുഖതയുള്ളവരും എപ്പോഴും നെഗറ്റീവായി കാര്യങ്ങളെ മനസ്സിലാക്കുന്നവരും പകയും പ്രതികാരവും മനസ്സില്‍ സൂക്ഷിക്കുന്നവരുമായിരിക്കും.
അതിജീവനം സാധ്യമോ?
സൈക്കോതെറാപ്പിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്തോടെ സംശയരോഗികളെ ചികിത്സകള്‍ക്കും തെറാപ്പികള്‍ക്കും വിധേയമാക്കുന്നതിലൂടെ രോഗത്തെ അതിജീവിക്കാം. എന്നാല്‍, മറ്റുള്ളവരെ വിശ്വസിക്കാത്ത ഇവര്‍ സൈക്കോളജിസ്റ്റിനെയോ സൈക്കോതെറാപ്പിസ്റ്റിനെയോ വിശ്വസിക്കുകയോ അവരോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഞാന്‍ ഓക്കെ ആണെന്ന് വിശ്വസിക്കുകയും ജീവിതപങ്കാളി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഇവരെ അനുഭവപരിചയം ഉള്ളവര്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ഒരുപക്ഷേ, വാക്ചാതുരി കൊണ്ട് ഇവര്‍ പ്രശ്നമില്ലാത്ത തന്റെ ജീവിതപങ്കാളിയെ രോഗിയായി ചിത്രീകരിക്കും.
ഇവര്‍ക്ക് ചികിത്സയും തെറാപ്പിയും നല്‍കുന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. എങ്കിലും കൃത്യമായ ചികിത്സയോ തെറാപ്പിയോ ഇല്ലാതെ ഈ രോഗാവസ്ഥ സുഖപ്പെടുകയില്ല. സംശയരോഗിയായ ജീവിതപങ്കാളിയോടൊപ്പം ജീവിക്കുക എന്നത് ഏറെ ദുഷ്കരമാണ്.

ഡോ. സി. പ്രീത CSN
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര




