അന്നത്തെ ക്ലാസില്‍ അധ്യാപകന് പങ്കു വച്ചത് മുന്തിയ ഇനം കന്നുകാലികളെക്കുറിച്ചായിരുന്നു. അവയില്‍ പലതും ഓസ്ട്രേലിയന്‍ ബ്രീഡ് ആയിരുന്നു. ക്ലാസിനു ശേഷം അധ്യാപകന് കുട്ടികളോട് ചോദിച്ചു: ”നിങ്ങള്‍ക്ക് വലുതാകുമ്പോള്‍ ഏത് രാജ്യത്ത് പോകണമെന്നാണ് ആഗ്രഹം?”
പലരും പല രാജ്യങ്ങളുടെ പേരുകള്‍ പറഞ്ഞപ്പോള്‍ ഒരു കൊച്ചുമിടുക്കന് പറഞ്ഞത് ഏവരിലും ചിരിയുണര്‍ത്തി: ”മാഷേ, എനിക്ക് ഓസ്ട്രേലിയയില്‍ പോകണമെന്നാണ് ആഗ്രഹം. അവിടെ ചെന്ന് മാഷ് പഠിപ്പിച്ച മുന്തിയ ഇനം കന്നുകാലികളെ നേരില്‍ കാണണമെന്നും ആഗ്രഹമുണ്ട്!”
ക്ലാസിനു ശേഷം പലരും അവനെ അതു പറഞ്ഞ് കളിയാക്കി. അന്നവന്റെ ശിരസ്സു താണു. പത്താം ക്ലാസ് ജയിച്ചപ്പോള്‍ അവന് സെമിനാരിയില്‍ ചേര്‍ന്നു. വര്‍ഷങ്ങളുടെ പരിശീലനം പൂര്‍ത്തിയാക്കി ഒരു സന്യാസസഭയിലെ വൈദികനായി. കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വൈദികന്റെ മേലധികാരി അദ്ദേഹത്തെ ഓസ്ട്രേലിയയിലെ ഒരു മിഷന് രൂപതയിലേക്ക് പറഞ്ഞയച്ചു. ഇന്നും അദ്ദേഹം അവിടെ സേവനം തുടരുന്നു.
ലാസലെറ്റ് സഭയിലെ അംഗമായ ആ വൈദികന് ഇങ്ങനെ പങ്കുവയ്ക്കുകയുണ്ടായി: ”എന്റെ ചെറുപ്രായത്തില്‍ മനസ്സില്‍ സൂക്ഷിച്ച ചെറിയ ആഗ്രഹം ദൈവം സാധിച്ചു തരുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചതല്ല. ഓസ്ട്രേലിയയില്‍ സേവനം ചെയ്യുന്നതിനിടയില്‍ പുല്‍മേടുകളില്‍ മേയുന്ന കന്നുകാലികളെ കാണുമ്പോള്‍ അന്നത്തെ എട്ടാം ക്ലാസുകാരന് മനസ്സില്‍ വരും. അതിന്റെ പേരില്‍ അനുഭവിച്ച പരിഹാസങ്ങളും ഓര്‍മയില്‍ തെളിയും. ചില അപമാനങ്ങള്‍ ദൈവം തരുന്നത് അത്ഭുതങ്ങള്‍ക്ക് വഴിതെളിക്കാനാണെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു.”
ഇതൊരു വലിയ സംഭവമായ് നമുക്ക് തോന്നിയില്ലെങ്കിലും ദൈവിക ഇടപെടലുകളുടെ വെള്ളിവെളിച്ചങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ശിരസ്സു നമിക്കേണ്ട അനുഭവങ്ങളിലൂടെ ചിലപ്പോഴെങ്കിലും കടന്നുപോകുവാന്‍ ദൈവം അനുവദിക്കുന്നത് അവയ്ക്കു പിറകില്‍ അത്ഭുതങ്ങളുടെ നീരുറവകള്‍ ഒരുക്കിവച്ചതിനു ശേഷമാണെന്ന് വിശ്വസിക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും.
അങ്ങനെയൊരു കാത്തിരിപ്പിന്റെ കഥപറയുന്നുണ്ട് സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ സക്കറിയായും എലിസബത്തും. മക്കളില്ലാത്തതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും അവര്‍ അനുഭവിക്കേണ്ടി വന്നു. എന്നിട്ടും ദൈവജനം കാണ്‍കെ ദൈവാലയത്തില്‍ ധൂപാര്‍പ്പണം നടത്തുന്ന സക്കറിയാസിന്റെ വിശ്വാസവും ധൈര്യവും പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അവസാനം അവരുടെ ജീവിതത്തില്‍ ദൈവം ഇടപെട്ടു. വന്ധ്യയായ എലിസബത്ത് ഗര്‍ഭം ധരിച്ചു. ക്രിസ്തുവിന് വഴിയൊരുക്കാന്‍ മരുഭൂമിയിലെ ശബ്ദമായ യോഹന്നാനെത്തന്നെ. എന്തൊരത്ഭുതം!
സ്വന്തം ഉദരത്തില്‍ കരങ്ങള്‍വച്ച് വിശ്വാസത്തോടെ എലിസബത്ത് പറഞ്ഞ വാക്കുകള്‍ പ്രത്യാശയുടെയും സംതൃപ്തിയുടെയുമാണ്: ”മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു” (ലൂക്കാ 1 : 25).
നൊമ്പരങ്ങള്‍ക്കും അപമാനങ്ങള്‍ക്കും പിറകില്‍ അത്ഭുതങ്ങളുടെ നിധി കുഴിച്ചിടുന്നവനാണ് ദൈവം. അവിടുന്നറിയാതെ നമ്മുടെ ജീവിതത്തില്‍ സഹനങ്ങളും അപമാനങ്ങളും സംഭവിക്കുന്നില്ല. ഉറപ്പ്!

ഫാ. ജെൻസൺ ലാസലെറ്റ്




