ഒരു ബസ്‌റ്റോപ്പിനരികെ എന്തൊക്കെയോ തിരഞ്ഞുനിന്ന ചെറുപ്പക്കാരനോട് ഒരു മധ്യവയസ്‌കന്‍ ചോദിച്ചു: ‘എന്തുപറ്റി? എന്തെങ്കിലും കളഞ്ഞുപോയോ?’ ഒരാളെ നോക്കിയിറങ്ങിയതാണെന്നറിഞ്ഞപ്പോള്‍ വീണ്ടുമാരാഞ്ഞു: ‘മോനേ.. ഇലിപ്പോട്ടിലേക്കുള്ള ബസ് എപ്പോഴാണ്..? അവിടേക്കിനി ബസ്സില്ലെന്നും താനും ആ വഴിക്കാണെന്നും വേണമെങ്കില്‍ ആക്കി തരാമെന്നും പറഞ്ഞ് കാറില്‍ കയറ്റുന്നു. യാത്രയിലുടനീളം മധ്യവയസ്‌കന്‍ വീണ്ടും വാചാലനാകുന്നുണ്ട്. താന്‍ മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ വന്നതാണെന്നും. നാലാം ക്ലാസ് ഇ ഡിവിഷനിലാണവനെന്നും.. പിള്ളേരൊക്കെയായാല്‍ തലവേദനയാണെന്നും പരിഭവപ്പെടുന്നു. ഇന്നും തന്റെ മോന്‍ രാവിലെ സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞു ഒരേ ബഹളമായിരുന്നെന്നും. ഹോം വര്‍ക്ക് ചെയ്യാതെ വരച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും. ഒടുവില്‍ ഒരടി വച്ചുകൊടുത്തു… പിന്നെയവന്‍ കരച്ചിലായി… പക്ഷേ, അവന്‍ നന്നായിട്ട് വരയ്ക്കുമെന്നും.. നല്ല കഴിവുള്ള പയ്യനാണെന്നും, അടിക്കേണ്ടായിരുന്നുവെന്നുമൊക്കെ അയാള്‍ പരിതപിച്ചു കൊണ്ടിരുന്നു… ഒടുവില്‍ പോക്കറ്റില്‍നിന്ന് ഒരു ചെറിയ കളര്‍ പെന്‍സില്‍ ബോക്‌സ് എടുത്തിട്ട്, ‘സാരമില്ലാ, ഇതു മതി അവന്റെ പിണക്കമൊക്കെ മാറ്റുവാന്‍’ എന്നു പറഞ്ഞ് സ്വയമാശ്വസിക്കുന്നുമുണ്ട്.
ഒടുവില്‍ ആ ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ വീടിനുമുമ്പില്‍ കാര്‍ നിര്‍ത്തുന്നു. വാതില്‍ തുറന്നയാള്‍ അകത്തളത്തിലേക്ക് നടക്കുമ്പോള്‍, തിരികെ പോകേണ്ടവനും വീട്ടിലേക്ക് കയറിവരുന്നു. കാറിന്റെ കീ ഷെല്‍ഫില്‍ വയ്ക്കുമ്പോഴേയ്ക്കും പരീക്ഷ പേപ്പര്‍ നോക്കിക്കൊണ്ടിരുന്ന ഒരു മധ്യവയസ്‌ക്കയായ സ്ത്രീ അവനോട് ചോദിക്കുന്നുണ്ട്:
”ഇന്നെവിടുന്നു കിട്ടി” സ്‌കൂളിലായിരുന്നോ? അതോ?… ”സ്‌കൂളില്‍ത്തന്നെ”, ”ഇന്നു നീ ഏതു ക്ലാസ്സിലായിരുന്നു?”. ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു: നാല് C.
സ്മൃതിനാശം സംഭവിച്ചലഞ്ഞുനടന്ന അപ്പനെ മകന്‍ കണ്ടെത്തി കൂട്ടിക്കൊണ്ടുവന്ന കാഴ്ചയായിരുന്നത്. Remember to love – the ones that can’t remember. Because memories might die, but love lives forever… എന്നൊരു നുറുങ്ങു ചിന്തയില്‍ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നു. ശരിയാണ്, മറവി എന്നെങ്കിലുമൊരുനാള്‍ ജീവിതത്തെ കടന്നാക്രമിച്ചേക്കാം. അതിനു മറുമരുന്നായി സ്‌നേഹവും കരുതലായി ശേഖരിച്ചു വച്ചിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലായി ഇത് അനുഭവപ്പെട്ടു. മിഴികളെ നനയിച്ചു.
ഈ ദിവസങ്ങളില്‍ എന്റെ ആലോചനയെ വല്ലാതെ അലോസരപ്പെടുത്തുന്ന സ്മൃതിനാശം പിടിപെട്ട അല്‍ഷൈമേഴ്‌സ് രോഗികളുടെ നിസ്സഹായതകളാണ്. സുപരിചിതരുടെ ആരവങ്ങള്‍ക്കിടയില്‍ വിസ്മൃതിയുടെ ഇരുട്ടിനെ വിഴുങ്ങി വിങ്ങിപ്പൊട്ടി ശിഷ്ടകാലം തീര്‍ക്കേണ്ടിവരുന്നവരുടെ ഗതികേടിനെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങളും ചിന്തിച്ചിട്ടുണ്ടോ? ചേര്‍ത്തുവച്ച സ്‌നേഹബന്ധങ്ങള്‍, പ്രണയനിമിഷങ്ങള്‍, സൗഹൃദക്കൂട്ടായ്മകള്‍, ബാല്യകൗതുകങ്ങള്‍, ആഘോഷവിരുന്നുകള്‍… ഒക്കെ നോക്കി നില്‍ക്കേ മറവിയുടെ അഗാധഗര്‍ത്തത്തിലേക്ക് ഒലിച്ചില്ലാതെയാവുന്നു… കാഴ്ച്ച, മണം, സ്പര്‍ശനം, പേര്, കേട്ട പാട്ടുകള്‍, നടന്നു പോയ വഴികള്‍ ഒക്കെയും ഓര്‍മ്മകളുടെ വെളിച്ചമില്ലാതെ മങ്ങിപ്പോകുന്നു. പ്രിയമുള്ളവരാണെന്ന് അറിയുമ്പോഴും അവരുമായി ബന്ധിപ്പിക്കുന്ന ഓര്‍മയുടെ ചരടുകള്‍ അറ്റുപോയി അപരിചിതരായി മാറുന്നു.
ആലോചിച്ച് നോക്കുമ്പോള്‍ ഓര്‍മയില്ലെങ്കില്‍ ജീവിതമില്ല. ജീവിതത്തിലെ മനോഹരമായതൊക്കെ ഓര്‍മ്മകള്‍ സമ്മാനിച്ചതാണ്. സ്മൃതിനാശം വന്നുകഴിഞ്ഞാല്‍ ജീവിതം ശേഖരിച്ചുവച്ച അറിവിന്റെ മസ്തിഷ്‌ക ഗ്രന്ഥപ്പുരയിലേക്ക് മറവിയുടെ ചിതലുകള്‍ പെരുകിപ്പെരുകിവളര്‍ന്ന് പതുക്കെ കാര്‍ന്നു തിന്നുന്നത് നിസ്സഹായതയോടുകൂടി അനുഭവിക്കാനേ ആവൂ! എന്തൊരു ദുരന്തമാണല്ലേ, മറവിയുടെ ഭാരം ചുമന്നു ചുമന്നു സ്വയം മറവിയായി പരിണമിച്ചു പോകുകയെന്നത്.
തീര്‍ച്ച, മറവിയുടെ തൂക്കുകയറില്‍ കുടുങ്ങി ശ്വാസംമുട്ടുന്ന മനുഷ്യനെപ്പോലെ ദുര്‍ബലനായി ഭൂമിയില്‍ ആരുമുണ്ടാവില്ല.
എന്നാല്‍, എന്നെ അതിനെക്കാള്‍ കൂടുതല്‍ ആകുലപ്പെടുത്തുന്നത്. മറ്റൊരു സ്മൃതിനാശമാണ്. ദൈവമക്കളെന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്ക് സംഭവിക്കാനിടയുള്ള ഇടര്‍ച്ചയാണ് ആത്മീയ സ്മൃതിനാശം – (spiritual Alzheimer’s disease). മസ്തിഷ്‌കത്തിലല്ല, ഹൃദയത്തിലാണെന്നു മാത്രം, ശരീരത്തിലല്ല, ആത്മാവിലാണെന്നു മാത്രം. ആ അവസ്ഥയില്‍ ആദിമ നിര്‍മ്മലതകള്‍ കൈവിട്ടുപോകാം… രക്ഷയുടെ മാര്‍ഗങ്ങള്‍ മറന്നു പോകാം… ദൈവത്തിന്റെ കരുണയോ നന്മയോ വിസ്മരിച്ചേക്കാം… പാപത്തിന്റെ വരാനിരിക്കുന്ന വിനാശകാലത്തെ അവഗണിച്ചേക്കാം. ക്രിസ്തുവിന്റെ രക്ഷണീയബലിയുടെ ത്യാഗം തിരസ്‌കരിച്ചേക്കാം. നന്മതിന്മകളെ വിവേചിച്ചറിയാനുള്ള ജ്ഞാനവും നഷ്ടപ്പെട്ടേക്കാം. അങ്ങനെ അവനവനെക്കുറിച്ചുള്ള ധാരണ പോലുമില്ലാതെ ശിഷ്ടകാലം കഴിക്കുകയെന്നത് വല്ലാത്തൊരു ട്രാജഡിയാണ്.
ആത്മാവിനെ ബാധിക്കുന്ന ഈ ഓര്‍മ്മനാശത്തിനും ഒരു മറുമരുന്നേയുള്ളൂ.. അതും സ്‌നേഹം തന്നെയാണ്. ദൈവത്തിന്റെ പരമമായ സ്‌നേഹാനുഭവമാണത് The care of spiritual Alzheimer’s is the realization of God’s immense love. ധൂര്‍ത്ത പുത്രന്റെ കഥയറിയില്ലേ. മറവിയുടെ തീരാരോഗം ബാധിച്ച് അവനും ഒരുനാള്‍ വീടു വിട്ടിറങ്ങി പോകുന്നുണ്ട്. ഒരുപാടു നാള്‍ വിസ്തൃതിയുടെ ലോകസുഖങ്ങളില്‍ മയങ്ങി ജീവിച്ചലയുന്നുണ്ട്. ഒടുവില്‍, ജീവിത സാഫല്യത്തിന്റെ ശ്രേഷ്ഠതകള്‍ മുഴുവനും
കളഞ്ഞു മുടിച്ച് പന്നിക്കൂടിന്റെ മ്ലേച്ഛതയിലേക്ക് അധഃപതിക്കുന്നുമുണ്ട്. അവിടെവച്ചാണ് സ്വപിതാവിന്റെ സ്‌നേഹ കരുതലിനെക്കുറിച്ച് സുബോധമുണ്ടാവുന്നത്. തന്റെ പിതൃഭവനത്തില്‍ ദാസര്‍ എത്രയോ സുഭിക്ഷമായി ഭക്ഷിക്കുന്നുവെന്ന സത്യ വെളിച്ചത്തിലാണവന് വീട്ടിലേക്കുള്ള വഴി ഓര്‍മ്മിച്ചെടുക്കാനായത്. ദൈവപിതാവിന്റെ നിസ്തുല സ്‌നേഹത്തിന്റെ ഓര്‍മ്മയില്‍ സുബോധം വീണ്ടുകിട്ടുന്നവര്‍ക്കു മാത്രമേ നിത്യസ്വര്‍ഗ്ഗീയഭവനത്തിന്റെ ഇടുങ്ങിയ വഴി തെളിഞ്ഞു കിട്ടുകയുള്ളൂ!

ജോനാഥ് കപ്പുച്ചിൻ




