‘മനുഷ്യന്‍ സ്വതന്ത്രനാകാന്‍ ശപിക്കപ്പെട്ടിരിക്കുന്നു. ‘ജീന്‍പോള്‍ സാര്‍ത്രിന്റെ മനുഷ്യനെക്കുറിച്ചുള്ളൊരു നിരീക്ഷണമാണിത്.സ്വാതന്ത്ര്യം! മനുഷ്യന്റെ സത്തയുടെ ഭാഗമാണത്. ലോകത്തിലെ വലിയ വിപ്ലവങ്ങളൊക്കെ നടന്നിട്ടുള്ളത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.
മനുഷ്യന്റെ സത്തയുടെ ആ ഭാഗത്തെയാണ് സാര്‍ത്ര് ശാപം എന്നു വിശേഷിപ്പിക്കുന്നത്. ഒരുതരത്തില്‍, അനുഗ്രഹത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ശാപമാണ് സ്വാതന്ത്ര്യം. പരിധികളും നിയന്ത്രണവും ഇല്ലാത്ത, മനുഷ്യനെയും ധാര്‍മ്മികതയെയും മറന്നുള്ള സ്വാതന്ത്ര്യത്തിന്റെ വിനിയോഗം ശാപത്തിലായിരിക്കും അവസാനിക്കുക.
മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വിവരിക്കുന്ന ബൈബിളിന്റെ ആദ്യപുസ്തകം സ്വാതന്ത്ര്യം ഒളിപ്പിച്ചുവച്ചിരിക്കുന്ന ശാപത്തെക്കുറിച്ചു കൂടിയാണ് പറയുന്നത്. പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് ദൈവം ആദ്യം മനുഷ്യനു നല്കുന്നത്. തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെ ഫലം മാത്രം ഭക്ഷിക്കരുതെന്ന് വിലക്കുമ്പോള്‍പോലും ആ വിലക്കിനെ വകവയ്ക്കാനും വയ്ക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവന്‍ അവരില്‍ നിന്ന് എടുത്തുകളയുന്നില്ല. എന്നാല്‍, വീണ്ടുവിചാരമില്ലാതെ അവര്‍ നടത്തിയ തിരഞ്ഞെടുപ്പ് അവന് ശാപമായി മാറുന്നു. ആ ശാപത്തെക്കാള്‍ ഭീകരമായ ഒന്ന് അതിന്റെ ഉത്തരവാദിത്വം അവന്‍ മാത്രം ഏറ്റെടുക്കേണ്ടിവരുന്നു എന്നതാണ്. വരും തലമുറകള്‍ അയാളുടെ അവിവേകത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യം അവശേഷിപ്പിക്കുന്ന ഉത്തരവാദിത്വം ഭീതിപ്പെടുത്തുന്നതാണ്. അന്തിമമായ തിരഞ്ഞെടുപ്പിന്റെ നല്ലതും കെട്ടതുമായ തുടര്‍ഫലങ്ങള്‍ക്ക് അയാള്‍ മാത്രം ഉത്തരവാദിയാകുന്നു. നടത്തിയ തിരഞ്ഞെടുപ്പിന് കാലത്തോട് അയാള്‍ കണക്കുപറയേണ്ടിവരും!
സ്വാതന്ത്യം വച്ചുനീട്ടുന്ന സാധ്യതകള്‍ ഒരാളെ ആവേശം കൊള്ളിക്കുന്നതുപോലെ അത് വിഭാവനം ചെയ്യുന്ന ഉത്തരവാദിത്വം അയാളെ സംഭ്രമിപ്പിക്കുകയും ചെയ്യും.
മാനവരാശി കണ്ട ഏറ്റവും വിനാശകരമായ ദൗത്യത്തിന് നേതൃത്വം നല്‍കിയ ആളായിരുന്നു ക്‌ളോഡ് ഈതര്‍ലി (Claud Eatherty). അയാളുടെ ദൗത്യം ഹിരോഷിമയില്‍ ആറ്റംബോംബ് വര്‍ഷിക്കുക എന്നതായിരുന്നു. താന്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ അനന്തരഫലം എന്തായിരിക്കും എന്ന് നല്ല നിശ്ചയം ഉണ്ടായിരുന്ന ക്ലോഡിന് തലേ രാത്രികളിലൊന്നും ഉറങ്ങാന്‍ കഴിഞ്ഞില്ല. ദൗത്യത്തില്‍ നിന്ന് പിന്മാറണമോ വേണ്ടയോ എന്ന് അയാള്‍ തന്റെ മനസ്സാക്ഷിയോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ അയാള്‍ കുഴങ്ങി. ഒരു മഹാകുരുതിയുടെ ഉത്തരവാദിത്വം തനിക്കു കൂടിയായിരിക്കും എന്ന ചിന്ത അദ്ദേഹത്തെ സംഭ്രമിപ്പിച്ചു. ഒടുവില്‍ ദൗത്യത്തിന്റെ ഭാഗമാകാന്‍തന്നെയാണ് അയാള്‍ തീരുമാനിച്ചത്. 1945 ഓഗസ്റ്റ് 6 ന് അവരതുചെയ്തു! ഹിരോഷിമ ശവപ്പറമ്പായി. ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണീരും കരച്ചിലും കണ്ട് ക്ലോഡ്ത ന്റെ തീരുമാനത്തെ വീണ്ടും ശപിച്ചു. ഉറക്കം കിട്ടാത്ത തുടര്‍രാവുകളില്‍ കുറ്റബോധം കൊണ്ട് അയാള്‍ പരവശനായി. പിന്നീട് ആ തീരുമാനത്തിന്റെ പരിഹാരമെന്നോണം അയാള്‍ ആണവ നിരോധന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറി.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികത്തിലേക്ക് നമ്മുടെ രാജ്യം ഉറ്റുനോക്കുമ്പോള്‍ നിരുത്തരവാദപരമായ സ്വാതന്ത്ര്യത്തിന്റെ വിനിയോഗം വിനാശത്തിന്റെ തുടക്കമാണെന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയംകൂടിയാണിത്. എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും ഭാഗധേയം നിശ്ചയിക്കുന്നത് പൗരന്മാരുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ തിരഞ്ഞെടുപ്പാണ്. നമ്മുടെ രാജ്യം കണ്ട നല്ലതിനും കെട്ടതിനും കാരണം ഒരു ജനമെന്ന നിലയില്‍ നമ്മള്‍ എടുത്ത തീരുമാനങ്ങളാണ്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു മുന്നില്‍ ഉറക്കം നഷ്ടപ്പെടുന്നത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യം വിദഗ്ധമായി ഒളിപ്പിച്ചുവച്ച ശാപമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. ധീരരായ സ്വതന്ത്ര്യസമര പോരാളികള്‍ ദീര്‍ഘദര്‍ശനം ചെയ്ത ‘എവിടെയും ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഒരിന്ത്യ’ ഒരു യാഥാര്‍ഥ്യമാകുവാന്‍ ഉത്തരവാദിത്വത്തോടും ഗൗരവത്തോടും കൂടെ സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ കഴിയുന്ന പൗരന്മാരും നേതാക്കളും ഉണ്ടാകേണ്ടതുണ്ട്. ഒരു മെച്ചപ്പെട്ട ഇന്ത്യ നമ്മുടെ സ്വാതന്ത്ര്യത്തെ കുറേക്കൂടി ഗൗരവമായിട്ടെടുക്കുമ്പോള്‍ മാത്രമുണ്ടാകുന്ന ഒന്നായിരിക്കും.

പീറ്റർ തോമസ് കപ്പുച്ചിൻ




