Monday, June 8, 2026

ജപമാലയെക്കുറിച്ച് ദുഷ്ടാരൂപികൾ പറഞ്ഞത്

2019 ല്‍ ജപമാലരാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണ് (ഒക്‌ടോബര്‍7) ഈ സംഭവം നടന്നത്. ബെല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ഛാടനം നടത്തുന്ന വേളയില്‍ പരിശുദ്ധ ജപമാലയെക്കുറിച്ച്‌ സംസാരിക്കാന്‍ ഫാ. അംബ്രോജോ ദൈവനാമത്തില്‍ അവരോട് ആജ്ഞാപിക്കുകയായിരുന്നു. റെക്കോര്‍ഡ് ചെയ്ത ആ സംഭവം യൂട്യൂബില്‍ ലഭ്യമാണ്. (Demon forced to acknowledge the power of the Holy Rosary)

(അതിന്റെ പരിഭാഷ)

ഫാ. അംബ്രോജോ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു:

ഓ, കന്യകേ, ഇന്ന് പരിശുദ്ധ ജപമാല രാജ്ഞിയായ അങ്ങയുടെ തിരുനാളാണ്. ബെല്‍സെബൂബ് എന്ന ഈ ദുഷ്ടാരൂപി, ജപമാലയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞങ്ങള്‍ക്കു പറഞ്ഞുതരണമെന്ന് എനിക്കാഗ്രഹമുണ്ട്. ഇവനില്‍ നിന്ന് കുറച്ചുകാര്യങ്ങള്‍ നേരത്തെ ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഈ പ്രത്യേക ദിനത്തില്‍ ഏതാനും മിനിറ്റുകള്‍, അല്ലെങ്കില്‍ കുറച്ചധികം നേരം പരിശുദ്ധ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ഇവനോട് അങ്ങ് ആജ്ഞാപിക്കണമേ.

(ദുഷ്ടാരൂപിയോട്) അതിനാല്‍ മറിയത്തിന്റെ അനുവാദത്തോടെയും സ്വര്‍ഗത്തിന്റെ ആജ്ഞയോടെയും, ഞാന്‍ നിന്നോട് കല്പിക്കുന്നു: പരിശുദ്ധ ജപമാലയെക്കുറിച്ചും അതിനു നിനക്കെതിരെയുള്ള ശക്തിയെക്കുറിച്ചും ഞങ്ങളോടു പറയുക. ദൈവനാമത്തില്‍ ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു: സംസാരിക്കുക. വ്യക്തമായ, നല്ല ഇറ്റാലിയന്‍ ഭാഷയില്‍, നല്ല കാര്യങ്ങള്‍ ഞങ്ങളോടു പറയുക.

ദുഷ്ടാരൂപി : (അവ്യക്തവും വികൃതവുമായ സ്വരത്തില്‍) ജപമാല എന്നെ നശിപ്പിക്കുന്നു.
ഫാ. അംബ്രോജോ : കുറച്ചുകൂടി വ്യക്തമായി, നല്ല ഇറ്റാലിയന്‍ ഭാഷയില്‍ പറയുക. നിനക്കതിനു കഴിവുണ്ട്.
(തുടര്‍ന്ന് കുറെക്കൂടി വ്യക്തമായി സംസാരിക്കുന്നു.)
ദുഷ്ടാരൂപി:- ഓരോ നന്മ നിറഞ്ഞ മറിയവും എന്റെ ശിരസ്സിലേക്ക് തുളഞ്ഞു കയറുന്നു.
(തുടര്‍ന്ന്‌ സംസാരിക്കാന്‍ മടികാണിക്കുന്ന ദുഷ്ടാരൂപിയോട് ഫാ. അംബ്രോജോ പറഞ്ഞു)
”തുടരുക. ഞാന്‍ ആവശ്യപ്പെടാതെതന്നെ തുടര്‍ന്നു സംസാരിക്കുക. പരിശുദ്ധ ജപമാല
പ്രാര്‍ത്ഥന നിനക്കെതിരെ എത്ര ശക്തമാണെന്ന് നീ സംസാരിക്കണമെന്ന് പരിശുദ്ധ കന്യക നിന്നോട് ആവശ്യപ്പെടുന്നു.”
ദുഷ്ടാരൂപി:- എല്ലാവരും ചൊല്ലാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍, വളരെ ലളിതമായ പ്രാര്‍ത്ഥനയാണിത്. ആരൊക്കെ ഈ പ്രാര്‍ത്ഥന ചൊല്ലുന്നുവോ, അതവരെ ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ആരെങ്കിലും ജപമാല കയ്യിലെടുക്കുന്ന ശബ്ദംതന്നെ എനിക്ക് സഹിക്കാനാവാത്ത വേദനയുളവാക്കുന്നു. എനിക്കത് കേട്ടുനില്ക്കാനാവില്ല. മാത്രമല്ല, ആരെങ്കിലും ജപമാല കയ്യില്‍ വയ്ക്കുന്നതുപോലും (അയാളതു ചൊല്ലുന്നില്ലെങ്കില്‍ത്തന്നെ എന്നെ കോപാകുലനാക്കുന്നു. എനിക്കതുപോലും സഹിക്കാനാവില്ല. മറിയത്തിന് ഈ പ്രാര്‍ത്ഥന വളരെ ഇഷ്ടമാണ്.
(പിന്നെയും നിശ്ശബ്ദനാകുന്നു. അപ്പോള്‍ അദ്ദേഹം വീണ്ടും ആജ്ഞാപിച്ചു)
തുടരുക
ദുഷ്ടാരൂപി:- ആരെങ്കിലും ഇത് കുടുംബത്തിലിരുന്നു ചൊല്ലിയാല്‍ അവര്‍ക്ക് അവളുടെ (മറിയത്തിന്റെ) പ്രത്യേക സംരക്ഷണം ലഭിക്കുന്നു; എനിക്ക് പിന്നെ ആ കുടുംബത്തില്‍ കയറാന്‍ സാധിക്കുകയില്ല. എനിക്കതിന് അനുവാദമില്ല. ആ കുടുംബത്തിലെ ജപമാല പ്രാര്‍ത്ഥനയുടെ ശക്തി എന്നെ തടയുന്നു.
(വീണ്ടും നിശ്ശബ്ദത. അതിനാല്‍ ഫാ. അംബ്രോജോ തുടര്‍ന്ന് സംസാരിക്കാന്‍ ആവശ്യപ്പെടുന്നു)
ദുഷ്ടാരൂപി:- കുടുംബത്തില്‍ ഒരാള്‍ മാത്രമേ ഈ പ്രാര്‍ത്ഥന ചെല്ലുന്നുള്ളൂവെങ്കില്‍പ്പോലും കുടുംബത്തിലെ മറ്റുള്ളവരെ സംരക്ഷിക്കാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് കഴിയും.”

(തുടര്‍ന്ന് ഫാ. അംബ്രോജോ പരി. അമ്മയോട് പ്രാര്‍ത്ഥിച്ചു)
ഓ, മറിയമേ, പരിശുദ്ധ ജപമാലയെക്കുറിച്ച് ഞങ്ങള്‍ക്ക് വേദോപദേശം നല്കാന്‍ ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ അനുവാദത്തോടെ ഈ അമൂല്യമായ അറിവ് അനേകരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ കൂടുതല്‍ സംസാരിക്കാന്‍ ഇവനെ നിര്‍ബന്ധിക്കുക.)
(ദുഷ്ടാരൂപിയോട്) തുടര്‍ന്ന് പറയുക!

ദുഷ്ടാരൂപി:- അവള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ദുഃഖത്തിന്റെ രഹസ്യങ്ങളാണ്. അതായത് ക്രിസ്തുവിന്റെ സഹനങ്ങള്‍. കാരണം മാനവരാശിയുടെ രക്ഷ മുഴുവന്‍ അതുള്‍ക്കൊള്ളുന്നു.

ഫാ. അംബ്രോജോ:- പ്രകാശത്തിന്റെ രഹസ്യങ്ങള്‍ മറിയത്തിന് ഇഷ്ടമല്ലേ!
ദുഷ്ടാരൂപി:- അതും ഇഷ്ടമാണ്.
(വീണ്ടും നിശ്ശബ്ദത)
ഫാ. അംബ്രോജോ:- തുടരുക!
ദുഷ്ടാരൂപി:- എന്നാല്‍ ആരെങ്കിലും ജപമാല ചൊല്ലാന്‍ ആരംഭിച്ചാല്‍ ഞാന്‍ അവനെ ശല്യപ്പെടുത്താന്‍ വരും.
ഫാ. അംബ്രോജോ:- എങ്ങനെ?
ദുഷ്ടാരൂപി:- ചിന്തകള്‍കൊണ്ട്, അസ്വസ്ഥതകള്‍ കൊണ്ട്…
ഫാ. അംബ്രോജോ:- എന്നാലും ഞങ്ങളുടെ പരിശുദ്ധ അമ്മ ആ പ്രാര്‍ത്ഥന സ്വീകരിക്കുന്നില്ലേ! ഞങ്ങള്‍ അസ്വസ്ഥരായിരിക്കാം. എങ്കിലും അവള്‍ എല്ലാം സ്വീകരിക്കുന്നു.
ദുഷ്ടാരൂപി:- അതെ, അവള്‍ എല്ലാം സ്വീകരിക്കുന്നു.
(ദുഷ്ടാരൂപി പിന്നെയും നിശ്ശബ്ദനാകുന്നു. അതിനാല്‍ ഫാ. അംബ്രോജോ തുടരാന്‍ ആവശ്യപ്പെടുന്നു)
ദുഷ്ടാരൂപി:-ഈ പ്രാര്‍ത്ഥന നിങ്ങള്‍ കുട്ടികളോടൊപ്പം ചൊല്ലുക. ഞാന്‍ അവരെ ശല്യപ്പെടുത്താന്‍ തുടങ്ങുന്നതിനു മുമ്പേ അവരെ ഇത് പഠിപ്പിക്കുക. കാരണം കുറച്ചു കഴിഞ്ഞാല്‍ ഞാന്‍ അവരുടെ വിശുദ്ധി കവര്‍ന്നെടുക്കും. അപ്പോള്‍ അമ്മമാര്‍ ഈ കുട്ടികള്‍ക്കായി ജപമാല ചൊല്ലുക. കാരണം കുടുംബത്തെയും ചെറുപ്പക്കാരെയും നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

(തുടര്‍ന്ന് ഫാ. അംബ്രോജോ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: പരിശുദ്ധ കന്യകേ, ജപമാല പ്രാര്‍ത്ഥന ഞങ്ങള്‍ക്കു നല്കിയതിനും നിന്റെ പ്രത്യക്ഷീകരണങ്ങളിലൂടെ അതു തുടരാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതിനും നന്ദി. ഈ ദുഷ്ടാരൂപി തുടര്‍ന്നും എന്തെങ്കിലും പറയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നെങ്കില്‍ ദയവായി അവനോട് തുടരാന്‍ ആജ്ഞാപിക്കുക. ഉടന്‍ ദുഷ്ടാരൂപി പറഞ്ഞുതുടങ്ങി)

ദുഷ്ടാരൂപി:- ജപമാല ചൊല്ലുന്നവര്‍ വളരെയേറെ, അതെ, വളരെയേറെ കൃപകള്‍ സ്വീകരിക്കുന്നു. എനിക്കത് സഹിക്കാനാവില്ല. എല്ലാറ്റിനുമുപരി മറിയം എല്ലാ കെട്ടുകളും അഴിക്കുന്നു.
ഫാ. അംബ്രോജോ:- നോക്ക്, ഞങ്ങള്‍ക്ക് ലുത്തിനിയകള്‍ വളരെ ഇഷ്ടമാണ്. എന്നാല്‍, ഞങ്ങളത്‌ ചൊല്ലുന്നത് നിന്നെ വേദനിപ്പിക്കുന്നുവെന്ന് കുറച്ച്മുന്‍പ്
എനിക്ക് മനസ്സിലായി. ലുത്തിനിയയെക്കുറിച്ച് നീ എന്തു പറയുന്നു?
ദുഷ്ടാരൂപി:-അതെന്നെ തകര്‍ക്കുന്നു. അതെന്നെ അസ്വസ്ഥപ്പെടുത്തുന്നു.
ഫാ. അംബ്രോജോ:- എന്തുകൊണ്ട്?
ദുഷ്ടാരൂപി:- കാരണം അതു തുടര്‍ച്ചയായ മരിയ സ്തുതിപ്പുകളാണ്. സ്തുതി! സ്തുതി!!
ഫാ. അംബ്രോജോ:- എന്നാല്‍, അവളത് അര്‍ഹിക്കുന്നു.
ദുഷ്ടാരൂപി:- അത് നിങ്ങള്‍ക്ക്.
ഫാ. അംബ്രോജോ:- സത്യത്തില്‍ അവള്‍ നിങ്ങളുടെയും രാജ്ഞിയല്ലേ, നിങ്ങളത് അംഗീകരിക്കുന്നില്ലെങ്കിലും? അങ്ങനെയല്ലേ?
ദുഷ്ടാരൂപി:- അതെ, സത്യമായും.
ഫാ. അംബ്രോജോ:- ലുത്തിനിയയെക്കുറിച്ച് ഇനിയും എന്താണു പറയാനുള്ളത്? ജപമാലയുടെ ഒടുവില്‍ പലരും അതു ചൊല്ലുന്നില്ല.
ദുഷ്ടാരൂപി:- എനിക്കറിയാം, എനിക്കറിയാം. അതു പ്രാര്‍ത്ഥിക്കാതിരിക്കുന്നത് തെറ്റാണ്.”
(പരിശുദ്ധ അമ്മയോട് വീണ്ടും അദ്ദേഹം നന്ദി പറഞ്ഞു: ഓ, പരിശുദ്ധ കന്യകേ, ബേല്‍സെബൂബ് എന്ന് അവകാശപ്പെടുന്ന ഈ ദുഷ്ടാരൂപിയിലൂടെ
അങ്ങ് എത്രയോ മഹത്തായ കാര്യങ്ങളാണ് ഞങ്ങള്‍ക്കു വെളിപ്പെടുത്തിതന്നത്. ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു.)
(ദുഷ്ടാരൂപിയോട്)
ഫാ. അംബ്രോജോ:- ഇനിയും ഞങ്ങളോട് എന്തെങ്കിലും പറയണമെന്ന് കല്പിച്ചിട്ടുണ്ടോ? അതോ പറഞ്ഞു കഴിഞ്ഞോ? മറുപടി പറയൂ.
ദുഷ്ടാരൂപി:- ഞാന്‍ പറഞ്ഞു കഴിഞ്ഞു.

Related Articles