ഗുലാന്‍ പെരിശ് എന്ന പേരിലൊരു ചീട്ടുകളിയുണ്ട് നമ്മുടെ നാട്ടില്‍, നമ്മുടെ പഴയ കാര്‍ന്നോന്മാരൊക്കെ ഈ കളിയില്‍ പുപ്പുലികളാണ്. ഇതില്‍ ‘തനി’ എന്നൊരു ഐറ്റം ഉണ്ട്. ഒരാള്‍തന്നെ എല്ലാ പോയിന്റും നേടുന്ന പരിപാടിയാണ് – അത്യാവശ്യം ബുദ്ധി വേണം, പിന്നെ ഭാഗ്യവും. ‘തനി’ വിളിച്ചുനേടുന്നവന്‍ ‘തനിച്ച്’ മുഴുവന്‍ തൂത്തുവാരി ഒരു പോക്കാണ്!
ആരെങ്കിലും ഒരാള്‍ ജയിക്കണം..
ഏത് കളിയിലും അങ്ങനെയാണ് !
ഏത് യുദ്ധത്തിലും അങ്ങനെയാണ് !
പണ്ടൊരു മല്പിടുത്തം നടന്നു. വെളുപ്പാന്‍ കാലംവരെ നീണ്ടുപോയി എന്ന് വി. ഗ്രന്ഥം. ഉല്‍പത്തി 32 – ലാണത്. യാക്കോബും ദൈവദൂതനും തമ്മിലായിരുന്നു, അത്. ഒടുവില്‍, ജയിക്കേണ്ടവനെ ജയിപ്പിച്ചു.. യാക്കോബ് തോറ്റുകൊടുത്തു. അതോടെ കളിയും തീര്‍ന്നു..!
എന്നാല്‍, പലപ്പോഴും നമ്മുടെ ജീവിതത്തിലോ?
വേഗം തീരേണ്ട ചില ഗെയിമുകളൊക്കെ വെറുതെ ആരൊക്കെയോ ചേര്‍ന്ന് നീട്ടി നീട്ടി ബോറാക്കുകയാണ്..
കഴിഞ്ഞ ദിവസം ഞാനുമൊരു കളി വിട്ടുകൊടുത്തു. ഇനി നീ ജയിക്കെന്ന് പറഞ്ഞ്.. രണ്ടുപേര്‍ക്കും സമാധാനമായി.
ആരും ജയിക്കാതെ എത്ര കാലമെന്ന് വച്ചിട്ടാണ് ?
ഒന്നോര്‍ത്താല്‍ ഗുലാന്‍ പെരിശിലെ ‘തനി’ പോലെയാണ് ജീവിതവും. തോറ്റുകൊടുക്കാതെ വയ്യ – ദൈവമെന്ന സ്‌നേഹമല്ലന്റെ പദ്ധതികള്‍ക്കു മുന്നില്‍ വെറുതെ കുറെ നാള്‍ മല്ലിടാമെന്ന് മാത്രം !
– ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്നത് ക്രിസ്തു ശിഷ്യനായ തോമസ് ദൈവത്തെ ജയിക്കാന്‍ അനുവദിച്ചതിന്റെ ദീര്‍ഘനിശ്വാസമായിരുന്നു..
‘ഞാന്‍ നിസ്സാരനാണ്. ഞാന്‍ എന്ത് ഉത്തരം പറയാനാണ്. ഞാന്‍ വാ പൊത്തുന്നു.’ എന്നു
പറഞ്ഞ ജോബും ദൈവത്തിനു മുമ്പില്‍ നിരുപാധികം തോറ്റുകൊടുക്കുകയാണ്.
– ‘ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി’ എന്ന മറിയത്തിന്റെ വാക്കുകളും ദൈവിക ഇടപെടലിനുള്ള വഴിമാറിക്കൊടുക്കലായിരുന്നു..
– ‘എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ’എന്നു പറഞ്ഞ്കുരിശിലേക്ക് കൈകള്‍ നീട്ടിവച്ചവനും അപ്പന്റെ പദ്ധതികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കുകയായിരുന്നു..
പക്ഷേ, ഒന്നുണ്ട്, തോറ്റവരൊക്കെ അവന്റെ സ്വന്തമായി എന്നു കൂടി അറിയണം നമ്മള്‍..
അപ്പോ, അങ്ങനെയാണ്. തോറ്റാലേ ശരിയാവൂ !
വീണ്ടുമൊരു നോമ്പുകാലത്തിലാണ്…. ഇത്തവണ ഒരു challenge ആവട്ടെ!
ദൈവത്തിന് മുന്നിലും, പ്രിയപ്പെട്ട ഇടങ്ങളിലും, തോറ്റുകൊടുക്കാന്‍ ഒന്നു ശ്രമിച്ചാലോ…

ഫാ. അജോ രാമച്ചനാട്ട്




