Wednesday, January 22, 2025

അലറുന്ന മാതാപിതാക്കളും അകലുന്ന കുട്ടികളും

സി ഡോ.പ്രീത സി.എസ്.എൻ
സൈക്കോതെറാപ്പിസ്റ്റ്, ജീവന സൈക്കോ സ്‌പിരിച്വൽ സെൻ്റർ, ചൊവ്വര

ക്ലാസ്സിൽ ടീച്ചർ നൽകുന്ന നിർദേശങ്ങൾക്കു നേരെ വിരുദ്ധമായി പെരുമാറിയും പൊട്ടിത്തെറിച്ചും മറ്റു കുട്ടികളുടെമേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന അശ്വതി അധ്യാപകർക്ക് എന്നും തലവേദനയായിരുന്നു. സ്കൂ‌ളിലെ തന്നെ നോട്ടപ്പുള്ളി എന്ന ലേബലോടു കൂടിയാണ് അശ്വതി ഇവിടെ വരുന്നത്. ഒരു വഴക്കാളിയായിരുന്ന അശ്വതിയെ ചേർത്തിരുത്തി ശാന്തമായി സംസാരിച്ച് അവളുടെ പ്രശ്‌നങ്ങളുടെ ആഴങ്ങളെ പഠിക്കാൻ ശ്രമിച്ചപ്പോഴാണ് മാതാപിതാക്കൾകൂടി ഇതിന് ഉത്തരവാദികളാണെന്ന് മനസ്സിലാകുന്നത്. ഉത്തമമായ പാരൻ്റിംഗ് എന്ന കല വളർത്തിയെടുക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏതാനും ചില കാര്യങ്ങൾ അശ്വതിയിൽ നിന്നും മനസ്സിലാക്കിയത് ശ്രദ്ധയിൽ പെടുത്താം. കാരണം, നല്ല പാരന്റ്റിംഗ് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഒരുപോലെ മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്.

‘എത്ര ശ്രമിച്ചാലും അങ്ങനെ ആയിപ്പോവുകയാണ്. വിഷമിപ്പിക്കണം എന്ന് ഓർത്തല്ല, മറിച്ച് സാഹചര്യങ്ങൾ വരുമ്പോൾ അങ്ങനെ പറഞ്ഞു പോയതാണ്.’ അമിതമായി ശകാരിച്ചും ശാപ വാക്കുകൾ പറഞ്ഞും തല്ലിയും കുട്ടികളെ വേദനിപ്പിച്ചതിനെച്ചൊല്ലി ഇങ്ങനെ കരയുന്ന മാതാപിതാക്കളെ കാണാറുണ്ട്. ‘എൻ്റെ കുഞ്ഞ് പാവമാണ്’ എന്നു പറഞ്ഞ് ഇത്തരത്തിൽ പരിതപിക്കുന്ന മാതാപിതാക്കളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയാതെ പോകുന്നു. യഥാർഥത്തിൽ പൊട്ടിത്തെറികൾക്കിടയിൽ കുട്ടികൾ പകച്ചു പോകുകയാണ്. കുഞ്ഞുങ്ങളുടെ നേരെയുള്ള മാതാപിതാക്കളുടെ ആക്രോശങ്ങൾ കുട്ടികളെ മാത്രമല്ല മുതിർന്നവരിൽക്കൂടി അസ്വസ്ഥത സൃഷ്ടിക്കുന്നു. ഇത്തരം സന്ദർഭങ്ങളെ സമയമെടുത്താണെങ്കിലും ചിന്തിച്ചും വിലയിരുത്തിയും അതിജീവിക്കാനും പ്രത്യാശയോടെ സ്വയം ആശ്വസിക്കാനും മുതിർന്നവർക്ക് സാധിക്കുന്നു. എന്നാൽ, കുട്ടികൾ അങ്ങനെയല്ല. ചിന്തിച്ചും വിശകലനം ചെയ്തു‌ം കാര്യകാരണ സഹിതം മാതാപിതാക്കളുടെ വാക്കുകൾക്ക് പിന്നിലെ അർഥം മനസ്സിലാക്കാനോ ഒരു തീരുമാനത്തിൽ എത്തിച്ചേരാനോ ഉള്ള മാനസിക പക്വത പ്രാപിക്കാത്തവരാണ് അവർ. ആർക്കും എന്നെ ഇഷ്ടമില്ലാത്തതിനാലാണ് ഇതുപോലെ എന്നോട് ദേഷ്യപ്പെടുന്നത് എന്നാണ് കുഞ്ഞുങ്ങൾ ചിന്തിക്കുന്നത്. മാതാപിതാക്കൾ ആക്രോശിച്ചു പറയുന്ന കാര്യങ്ങൾ കുട്ടികൾ അനുസരിക്കുന്നുണ്ടാവാം. എന്നാൽ, അവർ മാനസികമായി മാതാപിതാക്കളിൽ നിന്ന് അകലുന്നു എന്നതാണ് യാഥാർഥ്യം.

ശാന്തത വെടിഞ്ഞുള്ള മാതാപിതാക്കളുടെ തിരുത്തലുകൾ കുട്ടികളെ സ്വയം ഉൾവലിയുന്നവരും അന്തർമുഖരുമാക്കുന്നു. മാതാപിതാക്കളെ ഭയക്കുന്ന കുട്ടികൾ അവരുടെ സങ്കടങ്ങൾ അടിച്ചമർത്തുന്നു. പിന്നീട് അത് അവരുടെ ആത്മവിശ്വാസത്തെപ്പോലും കാര്യമായി ബാധിക്കുന്ന, ചിലപ്പോൾ ചില രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ശാരീരിക മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു. വീട്ടിലും സഹോദരങ്ങളുടെ ഇടയിലും സ്കൂ‌ളിലും കൂട്ടുകാരുടെ ഇടയിലും സംഭവിക്കുന്ന പല കാര്യങ്ങളും കുട്ടികൾ മാതാപിതാക്കളോട് പറയുവാൻ ഭയപ്പെടുന്നു. അവരുടെ സാന്നിധ്യം പോലും ഭീഷണിയായി കരുതുന്ന കുട്ടികൾ മാതാപിതാക്കളോടൊത്തുള്ള സമയം പോലും ഒഴിവാക്കാൻ കാരണങ്ങൾ കണ്ടെത്തുന്നു.

അശ്വതിക്ക് അവളുടെ അമ്മയോടായിരുന്നു ഭയം, ഒരിക്കൽ ക്ലാസ് ടീച്ചറിൽ നിന്നും കേട്ട വഴക്കിൽ പകച്ചുപോയ അശ്വതി അവളുടെ അമ്മയുടെ സ്ഥാനത്താണ് അധ്യാപികയെ കണ്ടത്. അവളുടെ ഉള്ളിൽ തോന്നിയ വെറുപ്പും ദേഷ്യവും അനുസരണക്കേടിലൂടെയും പൊട്ടിത്തെറികളിലുടെയും പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് അശ്വതി നോട്ടപ്പുള്ളിയായി മുദ്ര കുത്തപ്പെട്ടത്. ഒരുതരത്തിൽ അമ്മയിൽ നിന്നും കണ്ടുപഠിച്ചത് അവൾ അതുപോലെതന്നെ പ്രകടിപ്പിക്കാൻ തുടങ്ങി.

മാതാപിതാക്കളുടെ ശകാരങ്ങൾക്കും ആക്രോശങ്ങൾക്കും ഇടയിൽ വളരുന്ന കുട്ടികൾ കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ അവരുടെ മക്കളോട് ആക്രോശിക്കുന്നത് സാധാരണമാണ്. ജീവിതപങ്കാളിയിൽ നിന്നും ജോലി മേഖലയിൽ നിന്നും നേരിടുന്ന അമിത സമ്മർദങ്ങൾ കുട്ടികളോട് ദേഷ്യപ്പെട്ടു തീർക്കുന്ന ഒരു ശൈലി ചില മാതാപിതാക്കളിൽ കണ്ടു വരാറുണ്ട്.

കുട്ടികളോട് ആക്രോശിക്കുന്ന മാതാപിതാക്കളുടെ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും അവർ ശാരീരികമായും മാനസികമായും മുറിവേറ്റവരാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടുതന്നെ പലപ്പോഴും അവരുടെ വാക്കുകളും പ്രവൃത്തികളും അറിഞ്ഞോ അറിയാതെയോ കുട്ടികളെ മുറിപ്പെടുത്താൻ കാരണമാകുന്നു. മുതിർന്നവരായ മാതാപിതാക്കൾ ഈ ചങ്ങല ബോധപൂർവം പൊട്ടിച്ചെറിയാൻ ശ്രമിച്ചില്ലെങ്കിൽ മക്കളിലൂടെ അത് വരുംതലമുറകളിലേക്കും പകര പ്പെടും. നമ്മുടെ കുട്ടികളോട് എല്ലായ്‌പ്പോഴും ശാന്തതയോടെ ഇടപെടുക എന്നത് മാതാപിതാക്കൾക്കുള്ള വെല്ലുവിളിയാണ്. തങ്ങളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയാണ് അതിനുള്ള ആദ്യ പോംവഴി.

Related Articles