Tuesday, November 24, 2026

നമ്മൾ കാണുന്ന മക്കളല്ല അവർ

യുവതി സ്വന്തം കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്നു എന്ന വാര്‍ത്തയുടെ നടുക്കം മാറും മുന്‍പേ മറ്റൊരു യുവതി ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ച വാര്‍ത്തയും നമ്മള്‍ കേട്ടു. ആദ്യത്തെ യുവതി സ്വന്തം വീട്ടിലായിരുന്നുവെങ്കില്‍ രണ്ടാമത്തെയാള്‍ വനിതകളുടെ ഹോസ്റ്റലിലും. പക്ഷേ, രണ്ടുകേസിലും സമാനമായ ഒരു കാര്യം എല്ലാവരും ശ്രദ്ധിച്ചുകാണും. അവര്‍ ഗര്‍ഭിണികളാണെന്ന കാര്യം പ്രസവിക്കുന്നതുവരെ അവരുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല! ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. പ്രസവത്തോളം എത്തിയതുകൊണ്ടു മാത്രം ലോകം അറിഞ്ഞതാണ്.

വിവാഹത്തിനു മുമ്പുതന്നെ ഇഷ്ടപ്പെടുന്ന വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്ത് കൂളായി ജീവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. കേരളത്തിലെ ഒരു പ്രശസ്ത നഗരത്തിലെ ലേഡീസ് ഹോസ്റ്റല്‍. ഒരു മലയോര ഗ്രാമത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി അവിടെയെത്തി. സാധാരണക്കാരായ മാതാപിതാക്കള്‍. ഹോസ്റ്റല്‍ ഫീസു കൊടുക്കേണ്ട ദിവസങ്ങള്‍ എത്തിയപ്പോള്‍ അവള്‍ സിസ്റ്ററിന്റെയടുത്ത് കണ്ണ് നിറഞ്ഞെത്തി: ‘ചാച്ചന് പൈസയ്ക്കിത്തിരി ബുദ്ധിമുട്ട്. കൃഷി നഷ്ടമായി. ഒന്ന് അഡ്ജസ്റ്റ് ചെയ്യുമോ’ അലിവ് തോന്നിയ സിസ്റ്റര്‍ സാരമില്ലാ എന്നുവച്ചു. അങ്ങനെ ഒരു വര്‍ഷം ഫീസില്ലാതെ അവളവിടെ നിന്നു. ഒരു ദിവസം ചാച്ചനും അമ്മയും ഹോസ്റ്റലിലെത്തി. അപ്പോഴാണറിയുന്നത് എല്ലാമാസവും കൃത്യമായി അവര്‍ ഫീസ് അയയ്ക്കുന്നുണ്ടായിരുന്നുവത്രേ! രക്ഷപ്പെടാന്‍ കഴിയില്ലെന്നു കണ്ടപ്പോള്‍ അവള്‍ സത്യം പറഞ്ഞു. മാസത്തില്‍ രണ്ടു ദിവസം വീട്ടിലേക്കെന്നു പറഞ്ഞ് അവള്‍ പോയിരുന്നത് ബോയ്ഫ്രണ്ടിനൊപ്പം തൊട്ടടുത്തുള്ള ഹോട്ടലില്‍. ഹോസ്റ്റല്‍ ഫീസായി അയച്ചിരുന്ന തുക അവിടെ ചെലവഴിച്ചു. ആ രണ്ടു ദിവസത്തെ വാസത്തിനിടയില്‍ ‘അപകടം’ സംഭവിക്കാതിരിക്കാനുള്ള മരുന്നും കയ്യിലുണ്ട്. മകളില്‍ നിന്നുതന്നെ ഈകാര്യം കേട്ടമാതാപിതാക്കള്‍ തകര്‍ന്നു പോയെങ്കിലും അവളുടെ പഠിത്തവും ഹോസ്റ്റല്‍ വാസവും അവിടെ വച്ചവസാനിപ്പിച്ച് തിരികെ കൊണ്ടുപോയി. ഇതും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല. പക്ഷേ, മക്കളുടെ തെറ്റായ നീക്കങ്ങളെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അതംഗീകരിക്കാത്ത മാതാപിതാക്കളാണേറയും എന്നതാണ് ഹോസ്റ്റല്‍ അധികൃതരുടെയും അദ്ധ്യാപകരുടെയും സങ്കടം.

മറ്റൊരുകുട്ടി. അതീവ നിഷ്‌കളങ്കയെന്നു തോന്നുന്ന മട്ടും ഭാവവും. അവള്‍ പക്ഷേ, അടുപ്പമുള്ള ആണ്‍കുട്ടിയുമൊത്ത് ഡേറ്റിംഗിനു പോകുന്നുണ്ടെന്ന് തെളിവു സഹിതം അറിവ് കിട്ടി. മാതാപിതാക്കളെ അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആളുമാറിക്കാണും എന്നായിരുന്നു പ്രതികരണം.

ഇത് കുറിക്കുന്നത് നമ്മുടെ കുട്ടികളുടെ ലോകം നമ്മള്‍ കാണുന്നതല്ല എന്നൊന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രം. ഒപ്പം എത്രമാത്രം കരുതലും കണ്ണും മക്കളുടെ മേല്‍ വേണം എന്നുകൂടി ഓര്‍മ്മിപ്പിക്കാനും. ഹോസ്റ്റലില്‍ നില്ക്കുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ അധികൃതര്‍ കുഴങ്ങുകയാണ്. നിമിഷനേരം കൊണ്ട് ഇല്ലാത്തവയെ നിര്‍മ്മിക്കാനും ഉള്ളവയെ അപ്രത്യക്ഷമാക്കുവാനും അല്ലെങ്കില്‍ മറ്റൊന്നായി രൂപാന്തരപ്പെടുത്താനും കഴിയുന്ന കൃത്രിമ ബുദ്ധിയുടെ കാലമാണിത്. സത്യത്തെ അസത്യവും അസത്യത്തെ സത്യമാക്കാനും അതിനു കഴിയും. അതിനിടയില്‍ ധാര്‍മികത എന്ന വാക്കിനുപോലും വിലയില്ലാതാകുന്നു.

ധാര്‍മികമൂല്യങ്ങള്‍ എന്നത് തല നരച്ചവരുടെ എന്തോ ഒരു അസ്വസ്ഥതയാണെന്ന് വിലയിരുത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ശരീരം എന്റെ അവകാശം എന്നാണ് അവരുടെ വാദം. അതംഗീകരിച്ചു കൊടുക്കുന്ന മട്ടില്‍ മുതിര്‍ന്നവരില്‍ ചിലരെങ്കിലും നിലപാടെടുക്കുന്നത് കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനെക്കാള്‍ മോശമാക്കും. ആദ്യം സൂചിപ്പിച്ച പെണ്‍കുട്ടികളുടെ സംഭവത്തെ വിശകലനം ചെയ്ത് ഒരു പ്രമുഖപത്രത്തില്‍ ഒരാള്‍ ഇങ്ങനെ വിലയിരുത്തിയിരിക്കുന്നത് കണ്ടു: പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും അവകാശമുണ്ട്. എന്നാല്‍, അവര്‍ ഗര്‍ഭിണിയായാല്‍ അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിക്കൊടുക്കണം എന്നായിരുന്നു ആ നിര്‍ദേശം. ബലാല്‍സംഗത്തിനിരയായ ഒരാളുടെ കാര്യത്തില്‍ ഇങ്ങനെയൊരു പിന്തുണ ആവശ്യമാണ്. അതല്ലാതെ സ്വന്തം താത്പര്യത്തില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളില്‍ സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കുത്തഴിഞ്ഞ ജീവിതത്തിനു നല്കുന്ന പ്രോത്സാഹനം തന്നെയാണ്.

ലൈംഗികവളര്‍ച്ചയെത്തിയവര്‍ ഇഷ്ടമുള്ളവരോടൊത്ത് ജീവിക്കുകയും കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യുന്നതില്‍ എന്തു പ്രശ്‌നമാണുള്ളത് എന്നാണു പലരുടെയും ചോദ്യം. എന്നാല്‍, ഇവിടെ അവര്‍ അവഗണിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്.

ഇങ്ങനെ ജീവിക്കുന്നവരുടെ കുഞ്ഞുങ്ങളുടെ കാര്യം എടുക്കുക. കുടുംബം കുഞ്ഞിന്റെ അവകാശമാണ്. മാതാപിതാക്കളുടെ സുഖത്തിന്റെ ഉല്പന്നം മാത്രമാണ് താന്‍ എന്നറിയുന്ന ഒരു കുട്ടിയുടെ മാനസിക നിലയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നുണ്ടോ. സമൂഹത്തില്‍ ഈ കുട്ടികള്‍ അനുഭവിക്കാനിരിക്കുന്ന ഏകാന്തതയും ഒറ്റപ്പെടലും വിഷാദവും… ഇതിനൊക്കെ എന്തു പ്രതിവിധി സമൂഹത്തിനു നല്കാനുണ്ട്?

വിവാഹത്തിനു പുറമെയുള്ള ഇത്തരം ബന്ധങ്ങള്‍ ഇഷ്ടമുള്ളപ്പോള്‍ ഒരുമിക്കുകയും പിരിയുകയും ചെയ്യുന്ന മൃഗങ്ങളുടെ തലത്തിലേക്ക് മനുഷ്യനെ താഴ്ത്തുന്നു. ഒടുവില്‍ ആത്മനിന്ദ എന്ന മറ്റൊരു വിപത്തിലേക്ക് ഇതയാളെ തള്ളിവിടുന്നു. ഒരുപക്ഷേ, മറ്റാരും അറിയാതെയായിരിക്കാം ഇത്തരമൊരു ബന്ധത്തില്‍ നിങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍പോലും ഉള്ളിന്റെയുള്ളിലെ മനഃസാക്ഷി എന്ന ദൈവാംശം നിരന്തരം അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. എത്ര മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും അതു നമ്മുടെ ഹൃദയത്തിന്റെ സമാധാനവും മുഖത്തെ തേജസും അപഹരിക്കുന്നു. ഒടുവില്‍ നിരാശയിലും ആത്മനിന്ദയിലും ശിഷ്ടകാലം ജീവിക്കേണ്ടിവരുന്നു.

ലോകം എത്ര പുരോഗമിച്ചാലും വിവാഹം എന്ന സാമൂഹ്യ വ്യവസ്ഥിതിക്കുള്ളില്‍ രൂപപ്പെടുന്ന കുടുംബങ്ങള്‍ക്കു മാത്രമേ ഭദ്രമായ നിലനില്‍പ്പുള്ളൂ. അതിന് വിവാഹം വരെ കാത്തുസൂക്ഷിക്കേണ്ട വിശുദ്ധിയും മാന്യതയുമുണ്ട്. വിശുദ്ധ പൗലോസ് ഓര്‍മിപ്പിക്കുംപോലെ ‘ഓരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെ യെന്നറിയണം’ (1 തെസലോനിക്ക 4,4).

നിര്‍ഭാഗ്യവശാല്‍ ശരീരമെന്നത് സ്വന്തം താത്പര്യമനുസരിച്ച് തനിക്കോ മറ്റുള്ളവര്‍ക്കോവേണ്ടി ഉപയോഗിക്കാനുള്ള വസ്തുവെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ശരീരത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച് കുഞ്ഞുനാള്‍ മുതല്‍ മക്കളെ ബോധ്യപ്പെടുത്തി കൊടുക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. അതെ, നമ്മുടെ ശരീരം ദൈവത്തിന്റെ വീടാണെന്ന അറിവ് നല്കുക. ‘നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? (1 കൊറി. 3:16). ആ മഹത്വത്തിനുതകുന്ന ആദരവ് നമ്മുടെ ശരീരം
അര്‍ഹിക്കുന്നുണ്ട്. അതിന്റെ വിശുദ്ധിയെ മലിനമാക്കുന്ന ഏതൊരു പ്രവൃത്തിയും തിന്മയും ദൈവാത്മാവിനോടുള്ള വെല്ലുവിളിയുമാണ്.

സ്വന്തം ശരീരം മാത്രമല്ല, അപരന്റെ ശരീരവും വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നു കൂടി കുഞ്ഞുനാളിലേ അവര്‍ പഠിക്കട്ടെ. ഒപ്പം മക്കളെ അമിത വിശ്വാസത്തിലെടുക്കുകയും വേണ്ട. അത് അവര്‍ നല്ലവരല്ലാഞ്ഞിട്ടല്ല., മക്കളുടെ ലോകം അത്ര നല്ലതല്ലാത്തതുകൊണ്ടാണ്. അതുകൊണ്ട് യേശുവിന്റെ ഈ പ്രാര്‍ഥന ഏതൊരു മാതാപിതാക്കളെയും അധരത്തില്‍ ഉണ്ടായിരിക്കണം. ‘ദൈവമേ, ദുഷ്ടനില്‍ നിന്ന് അവരെ കാത്തുകൊള്ളണമേ: വിശുദ്ധിയോടെ ജീവിക്കുക എന്നത് നമ്മുടെ മാത്രം കഴിവില്‍പ്പെടുന്ന കാര്യമല്ലാത്തതിനാല്‍ മക്കളും പ്രാര്‍ഥിക്കണം-ദൈവമേ, തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമേ… ആമേന്‍.
Sobha
സിസ്റ്റര്‍ ശോഭ CSN 

 

Related Articles