Tuesday, November 24, 2026

മെനോപോസ് ചേര്‍ത്ത് പിടിക്കാം അവളെ!

കൗമാരകാലഘട്ടത്തില്‍ ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദന അസഹനീയമാകുമ്പോള്‍ ഞാന്‍ വിചാരിക്കുമായിരുന്നു. മിഡ്- ലൈഫ് എത്തിക്കഴിഞ്ഞാല്‍ ആര്‍ത്തവത്തില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്ന്. എന്നാല്‍, പിന്നീടാണ് മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെയും വായനയിലൂടെയും മനസ്സിലാക്കുന്നത് ആര്‍ത്തവ വിരാമം അഥവാ മെനോപോസ് എന്നത് ശാരീരികമായ ഒരു മാറ്റം മാത്രമല്ല, മറിച്ച് മാനസികവും വൈകാരികവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് അത് വഴി വയ്ക്കുന്നു എന്നത്. മെനോപോസിനെ പറ്റിയുള്ള ബോധവത്കരണം പൊതുവേ നമ്മുടെ സമൂഹത്തില്‍ നന്നേ കുറവാണ് എന്നത് സങ്കടകരമായ വസ്തുതയാണ്.ഈയടുത്ത് മലയാളത്തിലെ പ്രശസ്ത സിനിമാനടിയായ ലെന, ടെഡ്-ടോക്ക്സിലൂടെയും മറ്റ് ഇന്റര്‍വ്യൂകളിലൂടെയും മെനോപോസിനെക്കുറിച്ച് കൂടുതല്‍ തിരിച്ചറിവുകള്‍ പങ്കുവച്ചത് ഇതിനെപ്പറ്റിയുള്ള ഒരു ബോധവത്കരണം സജീവമാക്കാനായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കൂടാതെ Women-o-pause എന്ന പേരില്‍ ഈ വിഷയത്തില്‍ ഒരു പുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചു.

ലോകത്തില്‍ ചുരുക്കം ചില രാജ്യങ്ങളും കമ്പനികളും annual menopause leave എന്ന സംവിധാനം ഒരുക്കുന്നത് വായിക്കാനിടയായി. മെനോപോസിനെ ഗൗരവത്തോടെ കാണാന്‍ ചിലരെങ്കിലും തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരം. ഈ ലേഖനത്തില്‍ മെനോപോസിനെ കുറിച്ചുള്ള ചില അറിവുകള്‍ സ്ത്രീകള്‍ക്കും അതിലുപരി അവളെ ഈ ഘട്ടത്തില്‍ ഏറ്റവും അധികം സപോര്‍ട്ട് ചെയ്യേണ്ട കുടുംബത്തിലെ പുരുഷനും മറ്റ് അംഗങ്ങള്‍ക്കും വേണ്ടി പങ്കുവയ്ക്കാം.

എന്താണ് മെനോപോസ്?

മെനോപോസ് എന്നാല്‍ ആര്‍ത്തവ വിരാമമാണ്. സ്ത്രീകളുടെ പ്രത്യുല്പാദനശേഷി അവസാനിക്കുന്നു. സാധാരണയായി 45 നും 55 നും ഇടയിലുള്ള പ്രായത്തിലാണ്‌ മെനോപോസ് സംഭവിക്കുക. എന്നാല്‍, ചില സ്ത്രീകള്‍ക്ക് 40 വയസ്സിനു മുമ്പും ഇത് സംഭവിക്കാം. ഈ പ്രി-മച്യൂര്‍ മെനോപോസിന് ചില ക്രോമോസോമല്‍ അസാധാരണതകള്‍, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടാകാം.

മെനോപോസ് പെട്ടെന്ന് ഒരു ദിവസം സംഭവിക്കുന്നതല്ല; ഇതൊരു ക്രമേണയുള്ള മാറ്റമാണ് (gradual transition) എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അത് പെരി-മെനോപോസില്‍ (peri-menopause) തുടങ്ങി മെനോപോസില്‍ പൂര്‍ത്തിയാകുന്നു.

എന്താണ് പെരി-മെനോപോസ്?

ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍- ആര്‍ത്തവ ചക്രത്തിലുള്ള വ്യതിയാനങ്ങള്‍, ശരീരം ചൂടാകുന്നതു (hot flushes) പോലുള്ള തോന്നല്‍, വല്ലാത്ത പരവേശവും, അമിതമായ വിയര്‍പ്പും അനുഭവപ്പെടുക, സെക്സ് താല്‍പര്യം കുറയുക,
വജൈനല്‍ ഭാഗത്ത്‌ വരള്‍ച്ച, ഉറക്കക്കുറവ്. ഉത്കണ്ഠ, വിഷാദം തുടങ്ങി പല ലക്ഷണങ്ങളും ആദ്യമായി കണ്ടുതുടങ്ങുന്ന ഒരു കാലഘട്ടമാണിത്. ഒരു സ്ത്രീയുടെ നാല്പതുകളില്‍ തുടങ്ങുന്ന പെരി-മെനോപോസ്, വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കാം (എന്നാല്‍, ഈ കാലഘട്ടത്തിലും ഗര്‍ഭധാരണം സാധ്യമാണ്). സ്ത്രീഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഈസ്ട്രജന്റെ അളവ് ഈ സമയത്ത് കുറഞ്ഞുവരുന്നത് മുന്‍പറഞ്ഞ ശാരീരികമായ മാറ്റങ്ങള്‍ സ്ത്രീയില്‍ വരുത്തുന്നു. ഈസ്ട്രജന്‍ ഉല്പാദനത്തില്‍ വരുന്ന കുറവ് സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയും, ഉയര്‍ന്ന കൊളസ്‌ട്രോളിനും ബിപിക്കുമുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

ശരീരത്തിലെ ‘ഫില്‍-ഗുഡ്’ ഹോര്‍മോണുകളില്‍ ഉള്‍പ്പെടുന്ന സെറോടോണിന്‍ (Serotonin) ന്റെ അളവും ഈസ്ട്രജന്‍ കുറയുമ്പോള്‍ സ്ത്രീ ശരീരത്തില്‍ കുറയുന്നു. തത്ഫലമായി mood swings, അമിതമായ ആശങ്ക, ഡിപ്രഷനുള്ള സാധ്യത തുടങ്ങിയവ ഈ ജീവിതഘട്ടത്തില്‍ കാണാറുണ്ട്.

ഇപ്രകാരമുള്ള മാറ്റങ്ങളിലൂടെ സ്ത്രീയുടെ പെരി-മെനോപോസ് കാലം കടന്നുപോകുന്നു. ക്രമേണ, തുടര്‍ച്ചയായി 12 മാസങ്ങള്‍ ആര്‍ത്തവമില്ലാതെ വന്നാല്‍ മെനോപോസ് സംഭവിച്ചതായി കണക്കാക്കാം.

പ്രശസ്ത ഗൈനക്കോളജിസറ്റും enopause Taylor എന്ന പേരില്‍ വെബ്‌സൈറ്റും യൂട്യൂബ് ചാനലും നടത്തുന്ന ഡോ. ബാര്‍ബറ ടെയ്‌ലര്‍ meno-pause (ആര്‍ത്തവചക്രം നിലയ്ക്കുന്നു എന്ന അര്‍ഥത്തില്‍) ഘട്ടത്തെ estro-gone എന്നും വിളിക്കണമെന്ന്  അഭിപ്രായപ്പെടുന്നു. കാരണം ഈ സമയത്ത് ശരീരത്തിലെ ഈസ്ട്രജന്‍ ഉല്പാദനം അത്രമാത്രം കുറഞ്ഞു വരുന്നു.

ഇത്രയും വായിച്ചറിഞ്ഞ് കഴിയുമ്പോള്‍ നാം ആദ്യം വിചാരിക്കും അപ്പോള്‍ ഇവിടം കൊണ്ട് എല്ലാം തീര്‍ന്നു. ജീവിതത്തിന്റെ മനോഹാരിത കഴിഞ്ഞു – എന്നൊക്കെ. പക്ഷേ, അങ്ങനെയല്ല. മെനോപോസ് കഴിഞ്ഞുള്ള കാലഘട്ടത്തെ പുനര്‍ ജീവനം (re-birth) എന്നാണ് മെഡിക്കല്‍ ലോകം വിശേഷിപ്പിക്കുന്നത്. പക്ഷേ, ഇതൊരു പുനര്‍
ജീവനത്തിന്റെ അനുഭവം ആകണമെങ്കില്‍ ഒരു സ്ത്രീ അവളുടെ ശരീരത്തെയും മനസ്സിനെയും അപ്രകാരം കരുതലോടെ തന്റെ നാല്പതുകള്‍ തൊട്ട് പ്രത്യേകം പരിചരിക്കാന്‍ തുടങ്ങണം എന്നു മാത്രം!

പുനര്‍-ജീവന വഴികള്‍

പ്രശസ്ത അമേരിക്കന്‍ സിനിമാനടിയും ഓസ്‌കാര്‍ ജേതാവുമായ ഹാല്ലെ ബെറി (Halle Berry) 2024ല്‍ നടന്ന ഒരു പൊതു ചടങ്ങില്‍ വച്ച് തുറന്നടിച്ചത് ഈ മൂന്നു വാക്കുകളായിരുന്നു. ‘I am in menopause’. ആര്‍ത്തവ വിരാമം പ്രായത്തിന്റെയും
റിട്ടയര്‍മെന്റിന്റെയുമൊക്കെ സൂചനകളായി കാണുന്ന സിനിമാരംഗത്തോട് ഇത് തുറന്നു പറയാന്‍ അവര്‍ക്ക് ധൈര്യം നല്കിയത് തന്റെതന്നെ പെരി-മെനോപോസ് ഘട്ടത്തെ ഡോക്ടര്‍മാര്‍ ഹെര്‍പ്പസ് എന്ന അസുഖമായി തെറ്റിദ്ധരിച്ചപ്പോഴാണ്. തുടര്‍ന്ന് സ്ത്രീയുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു അവരുടെ
പ്രവര്‍ത്തനങ്ങള്‍. മെനോപോസിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്കായി RE-spin എന്ന
പേരില്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോം തന്നെ അവര്‍ നിര്‍മിച്ചു. പറഞ്ഞു വരുന്നത് ഇതൊരു വിരാമം അല്ല, മറിച്ച് ഒന്നുകൂടി നമ്മുടെ ജീവിതത്തെ സ്പിന്‍ ചെയ്യാനുള്ള അവസരമാണ് എന്ന സത്യം മാത്രം.

ഗര്‍ഭിണിയായിരിക്കുമ്പോഴും മൂലയൂട്ടുമ്പോഴും സ്വന്തം ശരീരത്തിന് എത്രത്തോളം ശ്രദ്ധയും പരിചരണവും കൊടുക്കുമോ അത്രതന്നെ ആര്‍ത്തവവിരാമ കാലത്തും ആവശ്യമാണെന്ന് ഈയടുത്ത് ഒരു മാസികയില്‍ വായിക്കാനിടയായി. അതിന് ആദ്യമായി, ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജെസ്റ്റെറോനിന്റെയും ഉല്പാദനത്തില്‍ വരുന്ന കുറവിന് അനുയോജ്യമായ വിധം ഭക്ഷണത്തില്‍ നാം ചില ചിട്ടകള്‍ കൊണ്ടുവരണം.

  • ആര്‍ത്തവവിരാമത്തിന്റെ ആദ്യ ഘട്ടത്തില്‍ അമിത രക്തസ്രാവം അനുഭവിക്കുന്നവര്‍ക്ക് അയണ്‍ കൂടുതല്‍ ആവശ്യമാണ്. ഇവര്‍ ഉണക്ക മുന്തിരി, എള്ള്, ചീര വര്‍ഗങ്ങള്‍, മുരിങ്ങയില, ബീറ്റ്‌റൂട്ട്,മാതളം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അയണിന്റെ ആഗിരണനത്തിന് വിറ്റാമിന്‍ സി ആവശ്യമായതിനാല്‍ ഓറഞ്ച്, സ്ട്രാബെറി, പപ്പായ, നാരങ്ങ, പേരയ്ക്ക, നെല്ലിക്ക എന്നിവയും കൂടിയേ തിരൂ.
  • ഈസ്ട്രജന്റെ അളവു കുറയുന്നത് എല്ലുകളിലെ കാല്‍സ്യം ആഗിരണത്തെ കുറയ്ക്കുന്നു. തത്ഫലമായി തേയ്മാനം, സന്ധിവേദന, നടുവേദന മുതലായവ ഈ ഘട്ടത്തില്‍ സ്ത്രീകളില്‍ വ്യാപകമാകുന്നു. എല്ലുകളുടെ ബലത്തിന് കാല്‍സ്യം, വിറ്റാമിന്‍-ഡി (കാല്‍സ്യം ആഗിരണത്തെ സഹായിക്കുന്നു), പ്രോട്ടീന്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പാല്‍. പാലുല്‍പ്പന്നങ്ങള്‍, ചിയ സീഡ്‌സ്, എള്ള്, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവ കാല്‍സ്യം നല്കുന്നു. മത്തി, അയല, സ്രാവ് എന്നീ മീനുകളും, കൂണ്‍, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയും വിറ്റാമിന്‍ ഡി തരും, ചിക്കനും മീനും തൈരും യോഗര്‍ട്ടും മോരും മുട്ടയും, പയര്‍ വര്‍ഗങ്ങളും, സോയ ഉല്പന്നങ്ങളും, നട്ട്‌സ്, സീഡ്സുമെല്ലാം പ്രോട്ടീന്‍ നലകും

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുമുണ്ട്:

  • ചായയിലും കാപ്പിയിലും ഹോട്ട് ചോക്ലേറ്റിലും അടങ്ങിയിരിക്കുന്ന കഫീന്‍ മുന്‍പ് സൂചിപ്പിച്ചപോലെ hot flushes കൂട്ടാന്‍ സാധ്യത ഉള്ളതിനാല്‍ ഇത് ഒഴിവാക്കുന്നത് ഉചിതമായിരിക്കും.
  • മദ്യം പോലുള്ള ലഹരി പാനീയങ്ങള്‍ hot flushes രാത്രിയില്‍ അമിതമായ വിയര്‍പ്പിനും കാരണമായേക്കാം.
  • എരിവുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം.

ഈ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഉറക്കവും പ്രധാനമാണ്. രാത്രിയില്‍ ഏഴു മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറക്കം കിട്ടിയാല്‍ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കാന്‍ അത് തീര്‍ച്ചയായും സഹായിക്കും.

മറ്റൊന്നാണ് സ്ഥിരമായി വ്യായാമം ചെയ്യുക എന്നത്. ദിവസേന അരമണിക്കൂറുള്ള നടത്തമോ അല്ലെങ്കില്‍ യോഗ ചെയ്യുന്നതോ അതുമല്ലെങ്കില്‍ ജിമ്മില്‍ പോകുന്നതോ എന്തും സ്ഥിരമായി ചെയ്തു കഴിഞ്ഞാല്‍ ശരീരത്തിലെ serotonin ഉല്പാദനത്തെ കൂട്ടുകയും മാനസിക ഉണര്‍വ് അത് മൂലം ലഭിക്കുകയും ചെയ്യും. സൂര്യ പ്രകാശം
കൊള്ളുന്നതും ശരീരത്തിലെ serotonin ന്റെ അളവ് കൂട്ടുന്നു. പ്രാര്‍ഥനയും ധ്യാനവും (meditation) മനസ്സിന് ശാന്തി പ്രദാനം ചെയ്യും.

ഭക്ഷണത്തിലും ജീവിതചര്യയിലും ശ്രദ്ധാപൂര്‍വം കൊണ്ടുവരുന്ന മാറ്റങ്ങള്‍ മെനോപോസിനെ കരുതലോടെ സ്വീകരിക്കാന്‍ സ്ത്രീയെ ശാരീരികമായും മാനസികമായും പ്രാപ്തയാക്കും.

ചിലപ്പോഴൊക്കെ മെനോപോസിനെപ്പറ്റിയുള്ള അജ്ഞത സ്ത്രീയെ സ്വയം തെറ്റിദ്ധരിപ്പിക്കുകയും അത് ബന്ധങ്ങളിലെ വിള്ളലുകള്‍ക്ക് വഴി വയ്ക്കുകയും ചെയ്‌തേക്കാം. അതുവരെ തന്റെ ശരീരത്തിലെ ഹോര്‍മോണുകളുടെ താളം കൊണ്ട് മറ്റുള്ളവരോട് സ്‌നേഹത്തോടെയും, കരുതലോടെയും, ആര്‍ദ്രതയോടെയും, സഹനശീലത്തോടെയും പെരുമാറിക്കൊണ്ടിരുന്ന സ്ത്രീ പതിയെ മെനോപോസില്‍ സംഭവിക്കുന്ന ഹോര്‍മോണുകളുടെ താളം തെറ്റലില്‍ ഈ സദ്ഗുണങ്ങളില്‍ തുടരാന്‍ കഴിയാതെ പോകുന്നു. ഇവിടെ അവള്‍ സ്വയവും മറ്റുള്ളവരാലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇത് വിവാഹിതരില്‍ ചിലപ്പോഴൊക്കെ divorce വരെ പോകാം. ഇങ്ങനെ മിഡ്-ലൈഫില്‍ സംഭവിക്കുന്ന വിവാഹ മോചനങ്ങളൊ meno-divorce എന്നു വിശേഷിപ്പിക്കുന്നു. ഹോര്‍മോണുകളില്‍ വരുന്ന മാറ്റങ്ങള്‍ ഇതിനൊരു കാരണമാണെങ്കിലും വര്‍ഷങ്ങളായി ഉള്ളില്‍ അടക്കിവച്ചിരുന്ന വികാരങ്ങളുടെ ഒരു വിസ്‌ഫോടനവും തുടര്‍ന്നുള്ള തീരുമാനവുമായി ഇതിനെ കണക്കാക്കാം.

ചുരുക്കത്തില്‍ ഏതൊരു സ്ത്രീയും കടന്ന് പോകാനുള്ള ഒഴിവാക്കാനാവാത്ത മെനോപോസ് എന്ന ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ആഹ്‌ളാദത്തോടെ പ്രവേശിക്കണമെങ്കില്‍ തന്റെ ജീവിതചര്യയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവള്‍ ബദ്ധശ്രദ്ധയാകണം. അതിന് സ്ത്രീ സെല്‍ഫ്‌ കെയറിനും മീ ടൈമിനും സമയം കണ്ടെത്തണം. ഈ വിഷയത്തില്‍ അമ്മമാരെ ചേര്‍ത്തുപിടിക്കാനും നയിക്കാനും അറിവുകള്‍ പങ്കുവയ്ക്കാനും മാതൃവേദി പോലുള്ള സംഘടനകള്‍ക്ക് തീര്‍ച്ചയായും കഴിയും. വളരെ ക്രിയാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ കടന്നു പോകേണ്ട ഈ മിഡ്-ലൈഫ് പ്രതിസന്ധിയെ തിരുത്തിയെഴുതാന്‍ സാധിക്കും എന്നതിന് സംശയമില്ല. അതിനായി ഇത്തരം വേദികളില്‍ ഇപ്രകാരമുള്ള വിഷയങ്ങള്‍ സജീവമായിചര്‍ച്ചചെയ്യപ്പെടണം. എന്ന ആഗ്രഹത്തോടെ മെനോപോസ് ഒരു ലൈഫ് – പോസ് അല്ല എന്ന ഓര്‍മ്മപ്പെടുത്തലോടെ നിര്‍ത്തുന്നു.

SHEETHAL

ശീതള്‍ ജോസഫ്

Related Articles

Previous article
Next article