Wednesday, July 22, 2026

ആത്മജീവൻ എന്ന തണൽമരം

രോഗം നിര്‍ണയിക്കാനോ മരുന്നു കുറിക്കാനോ ജോജോയ്ക്ക് വൈദ്യശാസ്ത്രത്തില്‍ ബിരുദം ഇല്ലായിരിക്കാം. എന്നാല്‍, അജ്ഞതയിലും ഭയത്തിലും കഴിയുന്ന അനേകം അമ്മമാരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള നല്ല ഹൃദയമുണ്ട്. 35 വര്‍ഷത്തെ വേദപാഠ അധ്യാപനത്തില്‍നിന്നു കരഗതമായ സഹജരോടുള്ള കരുണയില്‍ ഉയിര്‍ക്കൊണ്ട ആത്മജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെ…

19-ാം വയസ്സുമുതല്‍ വേദപാഠ അധ്യാപകനായിട്ടായിരുന്നു എറണാകുളം കപ്രശ്ശേരി സ്വദേശിയായ മനയംപിള്ളി ജോജോ തന്റെ സേവനം ആരംഭിക്കുന്നത്. മൂന്നാം ക്ലാസ് മുതലുള്ള കുരുന്നുകളെ തന്റെ ശിക്ഷണത്തിന് ഏല്പിക്കുമ്പോള്‍ മുതല്‍ അവരുടെ ഹൃദയത്തില്‍ മൂല്യങ്ങളുടെ വിത്തുകള്‍ പാകുവാന്‍ ആ കൗമാരക്കാരന്‍ ശ്രദ്ധിച്ചു. സമൂഹത്തിലെ അനാഥര്‍ക്കും അശരണര്‍ക്കുമൊപ്പം ഭക്ഷണം പങ്കിടാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ജോജോ കുട്ടികള്ക്ക് അവസരമൊരുക്കി. വിശ്വാസവും നന്മയും കൈമാറുന്ന ക്ലാസുകളിലൂടെ അവരുടെ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാനാവശ്യമായ സാധ്യതകളൊരുക്കി. അധ്യാപന ജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദൈവം ഉള്ളില്‍ മന്ത്രിച്ച പുതിയ നിയോഗങ്ങള്‍ക്കായി ജോജോ കാതോര്‍ക്കുകയായിരുന്നു. അത് പിന്നീട് ‘ആത്മജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ ആയി കാലാന്തരത്തില്‍ ജന്മമെടുത്തു.

അര്‍ബുദവും ആത്മജീവനും

വീട്ടിലെ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നതിനിടയില്‍ അമ്മമാര്‍ ഒരുപക്ഷേ, തങ്ങളുടെ രോഗങ്ങളെ വകവയ്ക്കാറില്ല. പറയാന്‍ മടിച്ചും ഭയത്തിലും അജ്ഞതയിലും പല രോഗങ്ങളും പ്രത്യേകിച്ച് അര്‍ബുദം പോലുള്ള രോഗങ്ങള്‍ അവരുടെ മരണത്തിന് കാരണമാകാറുമുണ്ട്. ഇത്തരത്തില്‍ മരണത്തിലേക്ക്‌ നയിക്കാവുന്ന അര്‍ബുദ രോഗത്തെ അതിജീവിക്കാന്‍ ബോധവല്‍ക്കരണത്തിലൂടെ അമ്മമാരെ ധൈര്യപ്പെടുത്താനാണ് ആത്മജീവന്‍ ട്രസ്റ്റ് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. പിന്നീട് പ്രധാനമായും അമ്മമാര്‍ പറയാന്‍ മടിക്കുന്ന സ്തനാര്‍ബുദത്തെക്കുറിച്ച് ലളിതമായി പറഞ്ഞുമനസ്സിലാക്കാനും ഭയം കൂടാതെ അതിനെ അതിജീവിക്കാന്‍ പ്രാപ്തരാക്കാനും സൗജന്യമായി രോഗനിര്‍ണയ സാധ്യതകള്‍ ക്രമീകരിക്കാനും ജോജോയുടെ മുന്നേറ്റത്തിനു കഴിഞ്ഞു. ‘ഒരമ്മയെങ്കിലും ഓരോ മെഡിക്കല്‍ ക്യാമ്പിലൂടെയും രക്ഷപ്പെടണമെന്ന പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഞങ്ങളെ നയിക്കുന്നത്’ ആത്മജീവന്റെ ലക്ഷ്യത്തെക്കുറിച്ച് ജോജോ പങ്കുവച്ചു.

ഉള്‍വിളിക്കുത്തരമേകി

അധ്യാപനവും എയര്‍പോര്‍ട്ടിലെ ജോലിയുമായി ജോജോ ജീവിച്ചിരുന്ന കാലം. പുതിയ ദൗത്യത്തിനായി മനസ്സില്‍ ലഭിക്കുന്ന തോന്നലുകളെ ഗൗരവമായി കൂട്ടിവായിച്ചപ്പോഴാണ് കാന്‍സര്‍ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള ഉള്‍വിളി തിരിച്ചറിയുന്നത്. തികച്ചും വ്യത്യസ്തമായിരുന്നു ആ പുത്തന്‍ ചുവടുവയ്പ്പ്. പ്രിയപ്പെട്ടവരും പരിചയക്കാരും പലതരത്തിലും എതിര്‍ത്തു എങ്കിലും, ജോജോയുടെ അകക്കാഴ്ചകളെ വായിച്ചെടുത്ത ഏതാനും ചില ആത്മസുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരേ മനസ്സോടെ പുതിയ ദൗത്യത്തിലേക്കുള്ള വഴികളെക്കുറിച്ചും പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അങ്ങനെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അപ്രതീക്ഷിതമായി ആ കൂടിക്കാഴ്ച നടന്നത്.

നിമിത്തങ്ങള്‍ നാഴികക്കല്ലുകളായപ്പോള്‍

”അമ്മയ്ക്ക് മരുന്നു വാങ്ങാനായി തൃപ്പൂണിത്തുറ ആശുപത്രിയില്‍ പോയതായിരുന്നു. അവിടെ ‘പ്രശസ്ത ഓങ്കോളജിസ്റ്റ്‌ ഡോ. ഗംഗാധരന് ആദരം’ എന്ന ബോര്‍ഡ് കാണാനിടയായി. അദ്ദേഹത്തെ ചെന്നുകണ്ട് തങ്ങളുടെ പുതിയ സംരംഭത്തെക്കുറിച്ച് പറയാനും സൗകര്യപ്പെടുമെങ്കില്‍ ക്ലാസുകള്‍ എടുക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കണമെന്നുള്ള ആഗ്രഹത്തോടെ വൈകാതെതന്നെ അദ്ദേഹത്തെ വീട്ടില്‍ച്ചെന്നുകണ്ടു. ആ കൂടിക്കാഴ്ച ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലായിമാറി. ഡോ. ഗംഗാധരന്റെ ക്ലാസുകള്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ബോധവല്‍ക്കരണ പരിപാടികളുടെ ആരംഭത്തെക്കുറിച്ച്‌ ജോജോ പങ്കുവച്ചു. 2010 ല്‍ ആയിരുന്നു ആ കൂടിക്കാഴ്ച. അന്നുമുതല്‍ 2021 വരെയും ആത്മജീവന്‍ ട്രസ്റ്റ് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സുകളുടെ ജീവനായിരുന്നു ഡോ. ഗംഗാധരന്‍. ചില ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് വിശ്രമവും പിന്‍വാങ്ങലും ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സേവനത്തിന്റെ ബാറ്റണ്‍ ഏറ്റുവാങ്ങി ആത്മജീവന്‍ ട്രസ്റ്റിനൊപ്പം ഇന്നുമുള്ളത് ഓങ്കോളജിസ്റ്റായ അദ്ദേഹത്തിന്റെ പത്‌നി ഡോ. ചിത്ര താര ഗംഗാധരനാണ്.

കാത്തിരുന്ന സ്വപ്നം ഇനി കൈമുതല്‍

അര്‍ബുദത്തെക്കുറിച്ച് അമ്മമാര്‍ക്ക് ലളിതമായി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും നൂതനമായ സെന്‍സര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് റേഡിയേഷനോ വേദനയോ ഇല്ലാതെ സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള അവസരം സൗജന്യമായി അമ്മമാരിലേക്കെത്തിക്കുവാന്‍ ജോജോയും ട്രസ്റ്റംഗങ്ങളും ആഗ്രഹിച്ചു. എങ്കിലും, ഇത് ഫലമണിയാന്‍ കുറച്ചുനാള്‍കൂടി കാത്തിരിക്കേണ്ടി വന്നു. ലക്ഷങ്ങള്‍ ചെലവു വരുന്ന ‘ഐ ബ്രസ്റ്റ് സ്‌കാനര്‍’ വാങ്ങാന്‍ കൂപ്പണ്‍ വിറ്റും സംഭാവനകള്‍ നല്‍കിയും ഇടവകക്കാരും സുഹൃത്തുക്കളും ഒപ്പം നിന്നെങ്കിലും മുഴുവന്‍ തുകയും കണ്ടെത്താനായില്ല. അങ്ങനെ കാത്തിരുന്ന നാളുകളിലാണ് ജോജോയ്ക്ക് തന്റെ ഒരു വൈദിക സുഹൃത്തിന്റെ ഫോണ്‍കോളെത്തുന്നത്. ‘എത്ര രൂപ ചെലവു വരും? എന്നായിരുന്നു ആദ്യ ചോദ്യം. തുടര്‍ന്ന് തന്റെ കയ്യിലുള്ള തുക അക്കൗണ്ടിലേക്ക് ഇടാമെന്നും ബാക്കിയുള്ള തുക സംഘടിപ്പിച്ച് വൈകാതെ തരാം’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സമൂഹ നന്മയ്ക്കുള്ള മുന്നേറ്റത്തിന് ലഭിച്ച ദൈവത്തിന്റെ അംഗീകാരമായാണ് ഈ അനുഭവത്തെ ജോജോ കാണുന്നത്. അങ്ങനെ 2024 ല്‍ കപ്രശ്ശേരി ഇടവകയില്‍ വച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ സ്വന്തമായുള്ള ഐ ബ്രസ്റ്റ് എക്‌സാം (i Breast Exam) യൂണിറ്റില്‍ സൗജന്യ പരിശോധനയ്ക്ക് അവസരമൊരുക്കി.

ആദ്യ ചുവടില്‍ ലക്ഷ്യം സഫലം

കപ്രശ്ശേരി ഇടവകയില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ ആദ്യമായി ‘i BreastExam’ ന്റെ ഡെമോ നടന്നു. ഒരു കാറ്റക്കിസം അധ്യാപികയായിരുന്നു പരിശോധനയ്ക്കായെത്തിയത്. ആദ്യ പരിശോധനയില്‍ത്തന്നെ അവര്‍ സ്തനാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തിലാണെന്നു കണ്ടെത്താന്‍ കഴിഞ്ഞു. ആത്മജീവന്‍ ട്രസ്റ്റിന്റെ ലക്ഷ്യപ്രാപ്തിയുടെ ആദ്യ നിമിഷമായിരുന്നു അത്. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണയം സാധ്യമായതിനാല്‍ തുടര്‍ചികിത്സയിലൂടെ ആ അധ്യാപിക ക്യാന്‍സറിനെ അതിജീവിച്ചു കഴിഞ്ഞു.

മരണവാറണ്ടുകള്‍ തിരുത്തിക്കുറിക്കുന്നവര്‍

ഒരുതരത്തില്‍ കാന്‍സര്‍ നേരത്തെ ലഭിക്കുന്ന ഒരു മരണവാറണ്ടാണ്. അതു തിരിച്ചറിയാന്‍ വൈകുന്നത് അപകടമാണ്. കാരണം, ചിലതരം കാന്‍സര്‍ വ്യാപനസാധ്യത കൂടുതലുള്ളവയാണ്. അതിനാല്‍ കാന്‍സര്‍ ബാധിതനെന്ന് അറിയാന്‍ വൈകുന്ന ഓരോ ദിനവും നിര്‍ണായകമാണ്.
‘ഒരിക്കല്‍ ഒരു ബോധവല്‍ക്കരണ ക്യാമ്പയിനില്‍ ഡോക്ടര്‍ ഗംഗാധരനരികില്‍വന്ന്‌ നാലു സ്ത്രീകള്‍ കരഞ്ഞു സംസാരിക്കുന്നതു കണ്ടു. അടുത്തുചെന്ന് അന്വേഷിച്ചപ്പോഴാണ് അവര്‍ കാന്‍സറിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പിന്നിട്ട് ഡോക്ടറിന്റെ പരിചരണത്തില്‍ ജീവിതം തിരിച്ചുപിടിക്കുന്നവരാണെന്നറിഞ്ഞത്. അവരിലൊരാള്‍ നിറഞ്ഞ മിഴികളോടെ പറഞ്ഞു:
‘നിങ്ങള്‍ ഈ ക്യാമ്പയിന്‍ ഒരു വര്‍ഷം കൂടി മുന്‍പ് സംഘടിപ്പിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ജീവനും രക്ഷിക്കാമായിരുന്നു.’
ഇന്ന് മരണം കവര്‍ന്ന ആ അമ്മയുടെ വാക്കുകളെ പങ്കുവയ്ക്കുമ്പോഴും ഒരുപാട് പേരുടെ രോഗം നേരത്തെ കണ്ടെത്തി അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിന്റെ നിര്‍വൃതിയുണ്ട് ജോജോയ്ക്ക്. ക്യാമ്പയിനിലൂടെ രോഗനിര്‍ണയം നടത്തി ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചവര്‍ നന്ദി അറിയിക്കാറുണ്ടെന്നും ജോജോ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ അനേകം പേരുടെ മരണവാറണ്ടുകള്‍ തിരുത്തിക്കുറിക്കാന്‍ ആത്മജീവന്‍ ട്രസ്റ്റിനു കഴിഞ്ഞു.

ഒറ്റയ്ക്കല്ല ഒറ്റക്കെട്ടായി

ജോജോ എന്ന വ്യക്തിയെക്കാള്‍ ഇത് ആത്മ ജീവന്‍ എന്ന ട്രസ്റ്റിന്റെ മുന്നേറ്റമാണ്. 16 വര്‍ഷത്തോളമായി 30 സ്ഥലങ്ങളിലായി പതിനായിരത്തോളം പേരിലേക്ക് ക്ലാസുകളിലൂടെ കടന്നുചെല്ലാന്‍ ഇവര്‍ക്ക് കഴിഞ്ഞു. എല്ലാവരുടെയും സൗകര്യാര്‍ഥം ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന ഈ ആരോഗ്യ പാഠശാലയില്‍ ഇപ്പോള്‍ ക്ലാസുകള്‍ നയിക്കുന്ന ഡോ. ചിത്രതാര ഗംഗാധരനും ഐ ബ്രസ്റ്റ് പരിശോധന നടത്തുന്ന അഞ്ചോളം വരുന്ന ടെക്‌നീഷ്യന്മാരും കാന്‍സര്‍ ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും ഉള്‍ക്കൊള്ളിക്കുന്ന അറിവരങ്ങുകള്‍ ക്രമീകരിക്കുന്ന സംഘാടകരും അവരുടെ അന്നത്തെ ജോലിയും വിശ്രമവും മറ്റാവശ്യങ്ങളും വേണ്ടെന്നുവച്ച് എത്തുന്നവരാണ്. അതില്‍ ജോജോയുടെ മകള്‍ അന്നയുമുണ്ട്. അപരന്റെ ജീവന് കാവലാകുന്ന ഈ പോരാളികള്‍ അനേകരുടെ ജീവിതത്തിലെ മാലാഖമാരാണ്.

കരുതലിന് വിലയിടാത്തവര്‍
ആത്മജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും സൗജന്യമാണ്. സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതനമായ രീതിയില്‍ നടത്തുന്ന ഐ ബ്രെസ്റ്റ് എക്‌സാമിനേഷന്‍ യൂണിറ്റിന്റെ സര്‍വീസുമായും പരിശോധന പാക്കേജുകള്‍ അടങ്ങിയ സെന്‍സര്‍ കാട്രിഡ്ജുകള്‍ (Cartridge) യഥാസമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇവര്‍ തന്നെയാണ്‌ വഹിക്കുന്നത്. പരിശോധനയ്ക്കായി എത്തുന്നവരില്‍നിന്നും ഇവരൊന്നും കൈപ്പറ്റാറില്ല.

ഇന്ന് ആത്മജീവനോടൊപ്പമുള്ള ഡോ. ചിത്ര താര ഗംഗാധരന്‍ സര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുകൂടി ബോധവത്കരണം നല്‍കാനും പാപ്പ് സ്മിയര്‍ (pap smear) പരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാക്കാനും സഹായിക്കുന്നു. ‘സര്‍വിക്കല്‍ കാന്‍സര്‍ ഡിറ്റക്ഷന്‍’ എന്ന ആശയത്തെക്കുറിച്ച് ആദ്യം പങ്കുവച്ചത് ഡോക്ടര്‍ ചിത്ര താര തന്നെയായിരുന്നു എന്നു പറഞ്ഞുകൊണ്ട് സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരെ വേണ്ടവിധം സഹായിക്കാനും ഡോക്ടര്‍ ന്യായമായി കൈപ്പറ്റേണ്ട തുകപോലും വേണ്ടെന്നുവച്ച്‌ രോഗികള്‍ക്ക് ആശ്വാസമാവുകയും ചെയ്ത പല അനുഭവങ്ങളും ജോജോ പങ്കുവച്ചു.

ഉണ്മയായ ദൈവം തന്നില്‍ നിക്ഷേപിച്ച വലിയ ദൗത്യത്തെ സ്ഫുടം ചെയ്‌തെടുത്ത
ജോജോയുടെയും ഒപ്പം പൊലിഞ്ഞു പോകാമായിരുന്ന ജീവിതങ്ങളെ കരുതലുള്ള ഹൃദയത്തോടെ ഒറ്റക്കെട്ടായി ചേര്‍ത്തു പിടിക്കുന്ന ആത്മജീവന്‍ എന്ന കൂട്ടായ്മയുടെയും ചുവടുവയ്പുകളാണിത്. ഈ മുന്നേറ്റം ഒരു തിരയായി, തരംഗമായി ഇനിയും അനേകരിലേക്കെത്തുകതന്നെ ചെയ്യും.

സി. നിമിഷ റോസ് CSN 

Related Articles