Friday, July 17, 2026

സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം

ജിന്‍സി ഒരു ഓഫീസ് ജീവനക്കാരിയായ അമ്മയാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ ഒരുക്കുന്നതിലൂടെയാണ് അവളുടെ ദിവസം ആരംഭിക്കുന്നത്. അതിനുശേഷം ഓഫീസിലെ തിരക്കുകളിലേക്ക്. വൈകുന്നേരം വീട്ടിലെത്തിയ ശേഷമാകട്ടെ പാചകം, കുട്ടികളുടെ പഠനം, മറ്റ് വീട്ടുചുമതലകളെല്ലാം തനിയെ നോക്കുന്നു. ഭര്‍ത്താവ് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താലും ‘വേണ്ട, ഞാന്‍ ചെയ്‌തോളാം’ എന്നു പറഞ്ഞ് ജിന്‍സി ആ സഹായം നിരസിക്കുകയാണ് പതിവ്. എന്നാല്‍, എല്ലാ ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കി, രാത്രി ഉറങ്ങാന്‍കിടക്കുമ്പോള്‍ അവള്‍ക്ക് കടുത്ത ശാരീരിക ക്ഷീണമാണ് അനുഭവപ്പെടുന്നത്. ഒപ്പം, അകാരണമായ കരച്ചിലും ‘ആരും തന്നെ മനസ്സിലാക്കുന്നില്ല’ എന്ന തീവ്രമായ ഒറ്റപ്പെടലിന്റെ ചിന്തയും അവളെ വേട്ടയാടുന്നു.

ഒരു സ്ത്രീ ഒരേസമയം നല്ലൊരു അമ്മയും, ഭാര്യയും, വീട്ടമ്മയും, ഉദ്യോഗസ്ഥയുമൊക്കെയായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്നുണ്ട്. യാതൊരു കുറവുമില്ലാതെ എല്ലാകാര്യങ്ങളും തനിയെ ചെയ്യാന്‍ ശ്രമിച്ച്, ഒടുവില്‍ മാനസികമായും ശാരീരികമായും തളര്‍ന്നു പോകുന്ന അവസ്ഥയെയാണ് ‘സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം’ (Super woman Syndrome) എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാല്‍, ‘എനിക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയും, എനിക്ക് യാതൊരു കുഴപ്പവുമില്ല’ എന്ന് പുറമേകാണിച്ച്, ഉള്ളില്‍ കടുത്ത സമ്മര്‍ദവും അമിതഭാരവും ചുമക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥ. ഔദ്യോഗികമായി ഇതൊരു മാനസിക രോഗാവസ്ഥയല്ല; എങ്കിലും സ്ത്രീകള്‍ക്ക് അമിതമായ മാനസിക സമ്മര്‍ദവും ശാരീരിക ക്ഷീണവും ഉണ്ടാക്കുന്ന ഒരു സാമൂഹിക- മാനസികാവസ്ഥയായി ഇന്ന് ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു.

എന്താണ് സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം:

ഒരു സ്ത്രീ താഴെ പറയുന്ന രീതികളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍, അവള്‍ ഒരു ‘സൂപ്പര്‍ വുമണ്‍’ ആകാന്‍ ശ്രമിക്കുകയാണ്:

  • എല്ലാ കാര്യങ്ങളും പൂര്‍ണതയോടെ (Perfect) ചെയ്യണം.
  •  ആരുടെയും സഹായം ചോദിക്കരുത്.
  • എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കണം.
  • സ്വന്തം വിഷമങ്ങളും വികാരങ്ങളും ഉള്ളില്‍ ഒതുക്കി പുറമേ മറച്ചുവയ്ക്കണം.
  • കടുത്ത ക്ഷീണമുണ്ടായാലും തളരാതെ, ശക്തയായി ഭാവിക്കണം.

എന്നാല്‍, ഈ അമിതശ്രമം യഥാര്‍ഥത്തില്‍ അവളുടെ ശരീരത്തെയും മനസ്സിനെയും ക്രമേണ തളര്‍ത്തുകയാണ് ചെയ്യുന്നത്.

സാധാരണ കാണുന്ന ലക്ഷണങ്ങള്‍

മാനസിക ലക്ഷണങ്ങള്‍

  • നിരന്തരമായ മാനസിക സമ്മര്‍ദം
  • ഉത്കണ്ഠ
  • കുറ്റബോധം
  • ‘ഞാന്‍ ഒന്നിനും പോരാത്തവളാണ്’ എന്ന ചിന്ത
  •  മനസ്സ് പൂര്‍ണമായും മടുത്തുപോകുന്ന അവസ്ഥ.
  • പെട്ടെന്നുള്ള ദേഷ്യവും അസ്വസ്ഥതയും

ശാരീരിക ലക്ഷണങ്ങള്‍

  • തലവേദന
  • ഉറക്കക്കുറവ്
  • ക്ഷീണം
  • ശരീരവേദന
  • രക്തസമ്മര്‍ദ്ദത്തിലും പ്രമേഹത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങള്‍

പെരുമാറ്റത്തിലെ മാറ്റങ്ങള്‍

  • എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യുക.
  • ‘നോ’ പറയാന്‍ പറ്റാതിരിക്കുക
  • സ്വന്തം ആവശ്യങ്ങള്‍ എപ്പോഴും മാറ്റി വയ്ക്കുക.
  • അമിതമായ പെര്‍ഫെക്ഷനിസം (Perfectionism)

നീന വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരു മകളാണ്

  • മാതാപിതാക്കളുടെ ആരോഗ്യം
  •  ജോലി
  • സഹോദരങ്ങളുടെ കാര്യങ്ങള്‍
  • സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍

എല്ലാം ഏറ്റെടുത്തു ചെയ്യുമ്പോള്‍ അവള്‍ സ്വന്തം ജീവിതം, ആരോഗ്യം, സന്തോഷം എന്നിവ മറക്കുന്നു. പുറത്തുനിന്ന് നോക്കുമ്പോള്‍ അവള്‍ ശക്തിയുള്ളവളായി തോന്നും. പക്ഷേ, ഉള്ളില്‍ അവള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു

സോഷ്യല്‍ മീഡിയയും ‘പെര്‍ഫെക്റ്റ് ലൈഫ്’ എന്ന കെണിയും ഇന്നത്തെ കാലത്തെ മറ്റൊരു വെല്ലുവിളിയാണ്. ഇന്‍സ്റ്റാഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പെര്‍ഫെക്റ്റ് ഫാമിലി, മികച്ച കരിയര്‍, മനോഹരമായ ശരീരം, സന്തോഷകരമായ ജീവിതം തുടങ്ങി പോസ്റ്റ് ചെയ്യുന്ന ‘പെര്‍ഫെക്റ്റ് ചിത്രം’ സമൂഹത്തിന് മുന്നില്‍ നിലനിര്‍ത്താന്‍ സ്ത്രീകള്‍ കഠിനമായി ശ്രമിക്കുന്നു. ഈ പ്രകടനങ്ങള്‍ക്കിടയില്‍ പലപ്പോഴും അവര്‍ തങ്ങളുടെ യഥാര്‍ഥ വികാരങ്ങളും സങ്കടങ്ങളും പുറത്തു കാണിക്കാതെ ഒളിപ്പിച്ചുവയ്ക്കുന്നു. ‘എനിക്ക് എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാന്‍ കഴിയും’ എന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഈ അമിത ശ്രമം, ഒടുവില്‍ അവളെ കടുത്ത ഉത്കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാനിടയുണ്ട്.

സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം ഉണ്ടാകാനുള്ള കാരണങ്ങള്‍

1. സാമൂഹിക പ്രതീക്ഷകള്‍ (Social Expectations):സ്ത്രീകള്‍ എല്ലാ പ്രതിസന്ധികളും സഹിക്കണമെന്ന സമൂഹത്തിന്റെ പരമ്പരാഗതമായ
തെറ്റായ ധാരണകളും അടിച്ചേല്പിക്കലുകളും.

2. അമിതമായ പെര്‍ഫെക്ഷനിസം (Perfectionism):
ചെയ്യുന്ന എല്ലാ കാര്യങ്ങളും നൂറു ശതമാനം കൃത്യതയോടെ ചെയ്യണമെന്ന നിര്‍ബന്ധം. ഒരു ചെറിയ വീഴ്ചപോലും വരുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ.

3. മറ്റുള്ളവരുമായുള്ള താരതമ്യം
മറ്റ് സ്ത്രീകളുടെ ജീവിതത്തെ പുറമെ നിന്ന് മാത്രം കണ്ട്, അവരെപ്പോലെ തനിക്കും ആകണം എന്ന് കരുതി സ്വന്തം ജീവിതത്തെ നിരന്തരം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്.

4. സഹായം ചോദിക്കാനുള്ള മടി
മറ്റുള്ളവരോട്‌ സഹായം ചോദിക്കുന്നത് തന്റെ ബലഹീനതയായി ആളുകള്‍ കാണുമോ എന്ന ഭയം.

5. കുട്ടിക്കാലത്തെ വളര്‍ന്നുവന്ന സാഹചര്യം

‘പെണ്‍കുട്ടികള്‍കരയരുത്,ക്ഷമിക്കണം, എന്നെല്ലാം ചെറുപ്പം മുതല്‍ കേട്ടുവളരുന്നതിലൂടെ ഉണ്ടാകുന്ന മാനസികാവസ്ഥ.

6. സ്വന്തം ആവശ്യങ്ങളെ അവഗണിക്കല്‍
മറ്റുള്ളവരുടെ സന്തോഷത്തിനും ആവശ്യങ്ങള്‍ക്കും മാത്രം എപ്പോഴും മുന്‍ഗണന നല്‍കി, സ്വന്തം ആരോഗ്യം, വിശ്രമം, മാനസിക ഉല്ലാസം എന്നിവയെ പൂര്‍ണ്ണമായി അവഗണിക്കുന്നു.

7. അംഗീകാരം നേടാനുള്ള ആഗ്രഹം
മറ്റുള്ളവരില്‍നിന്നും എപ്പോഴും പ്രശംസയും ‘നല്ലവള്‍’ എന്ന അംഗീകാരവും ലഭിക്കണം എന്ന ആഗ്രഹത്താല്‍ സ്വന്തം കഴിവിനപ്പുറമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യുക.

ഇതിന്റെ ദോഷഫലങ്ങള്‍

1. വിട്ടുമാറാത്ത ശാരീരികാസ്വാസ്ഥ്യങ്ങള്‍:
എപ്പോഴും സമ്മര്‍ദത്തിലൂടെ കടന്നുപോകുന്നത് ശരീരത്തെ ബാധിക്കും. വിട്ടുമാറാത്ത തലവേദന,കടുത്ത ശരീരവേദന, ഉയര്‍ന്നരക്തസമ്മര്‍ദം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകാം.

2. കടുത്ത ഉത്കണ്ഠയും വിഷാദവും
എല്ലാ കാര്യങ്ങളും പെര്‍ഫെക്റ്റ് ആയി ചെയ്യണമെന്ന ചിന്തയും അമിതഭാരവും സ്ത്രീകളില്‍ നിരന്തരമായ ഉത്കണ്ഠയ്ക്കും, ഒടുവില്‍ കടുത്ത നിരാശയിലേക്കും വിഷാദരോഗത്തിലേക്കും നയിച്ചേക്കാം.

3. ഉറക്കക്കുറവ്
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും നാളത്തെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചെയ്യാനുള്ള
ജോലികളെക്കുറിച്ചുമുള്ള അമിതമായ ചിന്തകള്‍ കാരണം മനസ്സമാധാനത്തോടെയുള്ള ശരിയായ ഉറക്കം ഇവര്‍ക്ക് ലഭിക്കാറില്ല.

4. കുടുംബബന്ധങ്ങളിലെ അകല്‍ച്ച
ഉള്ളിലെ മാനസിക സമ്മര്‍ദം കാരണം ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭര്‍ത്താവിനോടും കുട്ടികളോടും മറ്റുള്ളവരോടും അമിതമായി ദേഷ്യപ്പെടാന്‍ തുടങ്ങുന്നു.

5. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നു
എല്ലാവര്‍ക്കും വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തംഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, സന്തോഷങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു യന്ത്രമായി അവര്‍ മാറുന്നു.

7. പൂര്‍ണമായ തകര്‍ച്ച (Complete Burnout):
സ്വന്തം ആരോഗ്യം, വിശ്രമം, ചികിത്സ, ഭക്ഷണം എന്നിവയെല്ലാം നിരന്തരം മാറ്റിവയ്ക്കുന്നതുവഴി, ഒരു ഘട്ടത്തില്‍ ശരീരവും മനസ്സും ഒരുപോലെ പൂര്‍ണമായി തകര്‍ന്നുപോകുന്ന ‘ബേണ്‍ഔട്ട്’ (Burnout) എന്ന അവസ്ഥയിലേക്ക് ഇവര്‍ എത്തിച്ചേരുന്നു.

ഇതില്‍ നിന്നും എങ്ങനെ മോചനം നേടാം?

1. ഞാന്‍ തന്നെ എല്ലാം ചെയ്യണം എന്ന നിര്‍ബന്ധം ഒഴിവാക്കുക: മറ്റുള്ളവരോട് സഹായം ചോദിക്കുന്നത് ഒരിക്കലും ഒരു ദൗര്‍ബല്യമല്ല, മറിച്ച് ആരോഗ്യകരമായ കൂട്ടായ്മയുടെ ലക്ഷണമാണ് എന്ന് അംഗീകരിക്കുക.

2. കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക: എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും സംലഭ്യമാകാന്‍ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കുക. ‘നോ’ പറയാന്‍ ശീലിക്കുക.

3. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുക: കുടുംബത്തെപ്പോലെ തന്നെ സ്വന്തം ശരീരവും മനസ്സും പ്രധാനമാണെന്ന് തിരിച്ചറിയുക. ശരിയായ ഉറക്കം, പോഷകാഹാരം, വിശ്രമം, വ്യായാമം, പ്രാര്‍ഥന എന്നിവയ്ക്കായി ദിവസവും അല്പം സമയം മാറ്റിവയ്ക്കുക.

4. പെര്‍ഫെക്റ്റ് ആകണമെന്ന വാശി ഉപേക്ഷിക്കുക: എല്ലാ കാര്യങ്ങളും നൂറു ശതമാനം തികവോടെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കാതിരിക്കുക. ചില ചെറിയ കുറവുകള്‍ ഉണ്ടായാലും ലോകം അവസാനിക്കില്ലെന്നും, പെര്‍ഫെക്ഷനേക്കാള്‍ പ്രധാനം സമാധാനമാണെന്നും മനസ്സിലാക്കുക.

5. വികാരങ്ങള്‍ തുറന്നു പറയുക: സങ്കടങ്ങളും സമ്മര്‍ദങ്ങളും ഉള്ളില്‍ ഒതുക്കിവയ്ക്കാതെ വിശ്വസ്തരായസുഹൃത്തുക്കളോടോ
കുടുംബാംഗങ്ങളോടോ തുറന്നു സംസാരിക്കുക. മാനസിക ബുദ്ധിമുട്ടുകള്‍ അമിതമാവുകയാണെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെയോ (Psychologist) കൗണ്‍സിലറുടെയോ പ്രൊഫഷണല്‍ സഹായം തേടാന്‍ മടിക്കരുത്.

ഉപസംഹാരം

സ്ത്രീകള്‍ ‘സൂപ്പര്‍ വുമണ്‍’ ആകേണ്ടതില്ല, അവര്‍ സാധാരണ വ്യക്തികളാണെന്ന സത്യം നാം മറക്കരുത്. ഒരു സ്ത്രീയുടെ കരുത്ത് എല്ലാ ഭാരങ്ങളും ഒറ്റയ്ക്ക് ചുമലിലേറ്റുന്നതിലല്ല; മറിച്ച്, സഹായം സ്വീകരിക്കുന്നതിലും സ്വന്തം മനസ്സിനെയും ആരോഗ്യത്തെയും വിലമതിക്കുന്നതിലുമാണ്. സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം എന്നത് ഒരു രോഗമല്ല, മറിച്ച്പു റമേക്ക്ചിരിച്ചുകൊണ്ട് ഉള്ളില്‍ ഉരുകിത്തീരുന്ന ഇന്നത്തെ ഒട്ടനവധി സ്ത്രീകളുടെമാനസികാവസ്ഥയാണ്.സ്ത്രീകളെ അനാവശ്യമായി ‘സൂപ്പര്‍ വുമണ്‍’ പദവിനല്‍കി സമ്മര്‍ദത്തിലാക്കുന്നതിനെക്കാള്‍, അവര്‍ക്കും വിശ്രമിക്കാനും കരയാനും സഹായം ചോദിക്കാനും അവകാശമുണ്ടെന്ന് കുടുംബവും സമൂഹവും മനസ്സിലാക്കുകയാണ്‌ വേണ്ടത്. ഓര്‍ക്കുക: അവള്‍ തളരാനും തകരാനും, പിന്നീട് കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനും അവകാശമുള്ള ഒരു സാധാരണ സ്ത്രീയാണ്!

Shaleena
സി. ഡോ. ശാലീന CSN
സൈക്യാട്രിസ്റ്റ്
Joannes Psycho-Medical Centre,
Thrikkariyoor

 

 

Related Articles