ഐ പി എല്ലിലെ അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഉര്‍വില്‍ പട്ടേല്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പ് എടുത്തുയര്‍ത്തുകയാണ്. ‘ദിസ് ഈസ് ഫോര്‍ യു പപ്പ’ എന്നെഴുതിയിരുന്ന കുറിപ്പില്‍ അദ്ദേഹത്തിന്റെ അച്ഛനായ മുകേഷ് പാട്ടേലിനുള്ള ആദരമായിരുന്നു.
അപ്പന്മാര്‍ പുകഴ്ത്തപ്പെടുന്ന വേദികള്‍ പലപ്പോഴും കുറവാണ്. ഒരുപക്ഷേ, അമ്മയില്‍ നിന്ന് ജീവന്‍ നുകര്‍ന്നു വളരുന്നതുകൊണ്ടാകാം അമ്മ നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്. അമ്മയുടെ സ്‌നേഹത്തിന്റെ ആഴങ്ങളോളംതന്നെ, ചിലപ്പോള്‍ അതിലേറെ അപ്പന്റെ സ്‌നേഹത്തിനും ആഴമുണ്ട്. പത്തുമാസം ഉദരത്തില്‍ ചുമന്നുവെന്ന് അവകാശപ്പെടാനില്ലെങ്കിലും ഒരു കുഞ്ഞ് ഉദരത്തില്‍ വളരുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്ന നിമിഷം മുതല്‍ അദ്ദേഹവും ഉള്ളില്‍ ആ കുഞ്ഞിനെ വഹിക്കാന്‍ തുടങ്ങുകയാണ്. പിന്നീടുള്ള അധ്വാനവും സ്വരുക്കൂട്ടലുകളും കുഞ്ഞെന്ന ഏക ലക്ഷ്യത്തിലാണ്.
ഉള്ളിലുള്ള ജീവന്റെ തുടിപ്പറിഞ്ഞ് ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ കുറെക്കൂടി സജീവമായി ഉള്‍ച്ചേരാന്‍ അമ്മയെപ്പോലെ അപ്പനായില്ലെങ്കിലും രണ്ടു ജീവനുകളെ ജാഗ്രതയോടെ കാക്കുന്ന കാവല്‍ക്കാരനാകാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നു. ആദ്യനാളുകളില്‍ കുഞ്ഞിനു കൂടുതലും പ്രിയം അമ്മയോടാണെങ്കിലും ആ പിന്‍വാങ്ങലുകളില്‍ ജാഗ്രതയുള്ള കാവല്‍ക്കാരനായിത്തന്നെ തുടരുന്നു. പ്രസവക്ലേശത്തെക്കുറിച്ചും വീടിന്റെ അകത്തളങ്ങളില്‍ പലവുരു നടന്നു കുറുതാകുന്ന അമ്മയുടെ പാദങ്ങളെക്കുറിച്ചും മുഷിഞ്ഞ തുണികളും അഴുക്കു പത്രങ്ങളും വൃത്തിയാക്കി ചുളിവു വീഴുന്ന അമ്മയുടെ കൈകളെക്കുറിച്ചും സ്വന്തമായി സ്വപ്നങ്ങള്‍ സൂക്ഷിക്കാത്ത അമ്മയുടെ ഹൃദയത്തെക്കുറിച്ചും വാചാലമാകുമ്പോള്‍ അപ്പനെന്ന പോരാളിയെ വിസ്മരിക്കരുത്.
രണ്ടു മക്കളെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കിയ ഒരപ്പനെ പരിചയപ്പെടാനിടയായി. നല്ലപ്രായത്തില്‍ ജീവിതപങ്കാളി നഷ്ടപ്പെട്ട അദ്ദേഹം മക്കള്‍ക്കുവേണ്ടിയാണ് ജീവിച്ചത്. ആക്രിപെറുക്കി വിറ്റും രാത്രികളില്‍ ഹോട്ടലുകളില്‍പണി ചെയ്തും അലഞ്ഞു തീരുന്ന ആ മനുഷ്യന് ഇന്ന് വിലക്കുകള്‍ ഏറെയാണ്. മക്കളുടെ ബിരുദാനന്തര ചടങ്ങുകള്‍ക്കോ മറ്റ് അനുമോദനച്ചടങ്ങുകളിലോ അദ്ദേഹത്തിന് ഇടമില്ലായിരുന്നു. സ്വയം മറന്ന് അധ്വാനിച്ച വേളകളിലെപ്പോഴോ നേരിട്ട അപകടം ബാക്കിയാക്കിയ മുറിവുകളുടെ പാടും നടത്തത്തിലെ ചട്ടും അവര്‍ക്ക് അരോചകമാണത്രേ. അദ്ദേഹം ഇന്നും ഓരങ്ങളില്‍ തന്നെയാണ്. ഇദ്ദേഹത്തില്‍ ലോകത്തിലെ ഭൂരിഭാഗം അപ്പന്മാരുമുണ്ട്. ഉത്തരവാദിത്വങ്ങളുടെ ഭാരവുമായി അവര്‍ നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ എത്രയാണ്? എത്രയെത്ര തീരുമാനങ്ങളാണ് വരുംവരായ്കകള്‍ ഓര്‍ക്കാതെ അവര്‍ നിറവേറ്റിയിട്ടുള്ളത് കുഞ്ഞുങ്ങളുടെ രോഗങ്ങളിലും പ്രിയപ്പെട്ടവരുടെ മരണവേളകളിലും എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍, സ്വന്തം സങ്കടങ്ങള്‍ ഉള്ളിലൊതുക്കി മുന്നിട്ടിറങ്ങുന്നതും കാര്യങ്ങള്‍ നടത്തുന്നതും അപ്പന്മാര്‍ തന്നെയാണ്. കുടുംബത്തിലെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടി അവര്‍ എത്ര തവണയാണ് സ്വയം ബലികഴിക്കുന്നത്? തെറ്റിപ്പോയ തീരുമാനങ്ങളുടെയും സമ്മര്‍ദങ്ങളുടെയും നടുവില്‍ അറിയാതെ പറഞ്ഞ ചിലവാക്കുകളുടെ പേരില്‍ എത്രയോ അപ്പന്മാരാണ് മരണത്തോളം മാറ്റി നിര്‍ത്തപ്പെടുന്നത്? അപ്പന്റെ അധ്വാനത്തിന്റെ വിയര്‍പ്പില്‍ അന്നമുണ്ണുമ്പോഴും ഒരുപക്ഷേ, അറിവില്ലായ്മയുടെയും അഴകില്ലായ്മയുടെയും ലേബലില്‍ എത്ര അപ്പന്മാര്‍ നിശ്ശബ്ദമായി കരയുന്നുണ്ട്? പലപ്പോഴും അവര്‍ക്ക് കണ്ണീരില്ല, പരാതികളില്ല, പ്രശംസകളുമില്ല; പക്ഷേ, കുടുംബം എന്ന അവരുടെ ലോകം തകരാതെ കാക്കാന്‍ ജീവിതം മുഴുവന്‍ അവര്‍ താങ്ങായി നില്‍ക്കുന്നു. ഭൂമിയില്‍ അമ്മയോളം തന്നെ പ്രധാനപ്പെട്ടതാണ് അപ്പനും. അമ്മയുടെ കരുതലുപോലെതന്നെ അപ്പന്റെ മൗന സ്‌നേഹവും ഒരോ മനുഷ്യന്റെയും ജീവിതത്തിന്റെ അടിത്തറയാണ്.
സുവിശേഷത്തില്‍ അപ്പനെ മാനിക്കുന്ന ഒരു മകനെ കാണാം.വാക്കിലും ജീവിതത്തിലും അപ്പനും ദൈവവുമായവനെ പ്രഘോഷിച്ച ക്രിസ്തുവാണത്. ”മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ” (മത്താ.5:16) എന്ന് അവിടുന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്നു പറയാന്‍ മാത്രം പിതാവില്‍ ജീവിക്കാന്‍ തക്കവിധം ക്രിസ്തു അബ്ബായെ അത്രമാത്രം സ്‌നേഹിച്ചിരുന്നു. നിങ്ങള്‍ കരുണയുള്ളവരാകണമെന്നും ദൈവം സ്‌നേഹമാണെന്നും ക്രിസ്തു പറഞ്ഞുവച്ചതൊക്കെയും പിതാവിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടുതന്നെ. അപ്പന്‍ എന്നത് വെറുമൊരു വാക്കല്ല, മറിച്ച് തകര്‍ച്ചകളില്‍ താങ്ങായി നില്‍ക്കുന്ന ദൈവികമായ ഒരു കരുതലിന്റെ പേരുകൂടിയാണെന്ന് ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നു. ഭൂമിയിലെ അപ്പന്റെ തണല്‍ നഷ്ടപ്പെട്ടവര്‍ക്ക്, ‘അബ്ബാ’ ഒരു നിത്യസാന്നിധ്യമാണ്.
ഒരുനാള്‍ നമ്മളും വിജയങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍, ഉള്ളില്‍ നിന്നൊരു ശബ്ദം ഉയരും ‘ദിസ് ഈസ് ഫോര്‍ യു പപ്പ’
സി. നിമിഷ റോസ് CSN



