‘എന്തിനാ അപ്പേ, കരികൊണ്ട് പൊട്ടുതൊടുന്നത്?’ എന്നു ചോദിച്ചുകൊണ്ടാണ് വിഭൂതിയുടെ കര്‍മ്മങ്ങള്‍ കഴിഞ്ഞിറങ്ങിയ കുഞ്ഞു ജോണ്‍ അപ്പയുടെ കയ്യില്‍ പിടിച്ചത്. കൗതുകം നിറഞ്ഞ അവന്റെ മിഴികളിലേക്ക് നോക്കി അപ്പ പറഞ്ഞു: മോനേ, അത് പൊട്ടല്ല, ഒപ്പാണ്. ദൈവത്തിന്റെ ഒപ്പ്. ചാരത്തിന്റെ നിറമാണതിന്. നമ്മുടെ ഉള്ളിലെ അഹവും ദേഷ്യവുമൊക്കെ കത്തിച്ചു കളഞ്ഞ് ബാക്കിയാക്കേണ്ട വിനയത്തിന്റെ നിറം.
നോമ്പോര്‍മ്മകളുടെ ആദ്യദിനത്തില്‍ത്തന്നെ ‘നീ മണ്ണാണ്’ എന്ന ഓര്‍മ്മപ്പെടുത്തലോടെ ദൈവം നമ്മുടെ നെറ്റിയിലും ഈ ഒപ്പുവച്ചു. അല്പകാലം മുന്‍പ് മണ്ണുകൊണ്ടു നിര്‍മിക്കപ്പെട്ടവരും അല്പകാലം കഴിയുമ്പോള്‍, തനിക്കു കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചേല്പിച്ച് മണ്ണിലേക്ക് മടങ്ങേണ്ടവരുമായ (ജ്ഞാനം 15 : 8) നമ്മള്‍ എത്ര ചങ്കൂറ്റത്തോടെയാണ് വന്ന വഴികളെ മറന്ന് ജീവിക്കുന്നതെന്ന്
പലപ്പോഴും തോന്നിപ്പോകാറുണ്ട്. എന്നിട്ടും ദൈവം എത്ര ആര്‍ദ്രമായാണ് നമ്മോട് ഇടപെടുന്നത്.
ദൈവത്തെ കബളിപ്പിച്ചും സഹോദരനെ നിഷ്കരുണം കൊല ചെയ്തതിനു മൊടുവിലാണ് കായേന്‍ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുന്നത്. എങ്കിലും, തിരിച്ചുനടക്കാനുള്ള കായേന്റെ ഹൃദയത്തെ കണ്ട ദൈവം സഹോദരന്റെ ഘാതകനാണെന്നതിന്റെ പേരില്‍പോലും ആരും അവനെ ഉപദ്രവിക്കാതിരിക്കാന്‍ അവന്റെ മേല്‍ ഒരടയാളം പതിക്കുകയാണ് (ഉല്പത്തി 4:15). യജമാനത്തിയായ സാറായിയില്‍ നിന്നും രക്ഷപ്പെട്ടോടുന്ന ഹാഗാറിനോട് കര്‍ത്താവിന്റെ ദൂതന്‍ ചോദിച്ചു: ‘സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?’ (ഉല്‍പത്തി 16 : 8). സാറായിക്കുവേണ്ടി കുഞ്ഞുങ്ങളെ നല്‍കാന്‍ ദൈവം നിയോഗിച്ച ഹാഗാര്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യജമാനത്തിയെ നിന്ദയോടെ വീക്ഷിച്ചു (16 : 4) എന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. എന്നാല്‍, താന്‍ ആരാണെന്ന തിരിച്ചറിവില്‍ ഹാഗാര്‍ വീണ്ടും സാറായിയുടെ അരികിലേക്ക് തിരിച്ചുപോവുന്നു.
ദൈവം എത്ര മനോഹരമായിട്ടാണ് മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞിരിക്കുന്നത്. അവിടുത്തെ ‘ക്രിയേറ്റീവ് സിഗ്‌നേച്ചര്‍’ ആണ് ഓരോ മനുഷ്യനും. മണ്ണ് നശ്വരമെങ്കിലും അനശ്വരമായ ആത്മാവിനെ പ്രദാനം ചെയ്തുകൊണ്ട് ദൈവം എല്ലാ സൃഷ്ടികള്‍ക്കും മകുടമായി മനുഷ്യനെ ഉയര്‍ത്തി. അനശ്വരനും എല്ലാ നന്മകളുടെയും ഉറവിടവുമായ ദൈവം എത്രയോ കരുണയോടെയാണ് നമ്മെ ചേര്‍ത്തുപിടിക്കുന്നത്. മനുഷ്യനെ എല്ലാറ്റിനും മുകളില്‍ അവരോധിക്കുമ്പോഴും അവിടുന്ന് മനുഷ്യനിലുള്ളത് എന്താണെന്ന് വ്യക്തമായറിഞ്ഞിരുന്നുവെന്ന് (യോഹ. 2:25) ക്രിസ്തു പറഞ്ഞുവയ്ക്കുന്നു. എങ്കിലും, അധികാരത്തിനും സുഖത്തിനും പണത്തിനുമായുള്ള അവനിലെ വ്യഗ്രതകളെ സ്ഫുടംചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് ക്രിസ്തു അവനെ തന്റെ സഖിത്വത്തിലേക്കും
ശിഷ്യത്വത്തിലേക്കും ചേര്‍ത്തുനിര്‍ത്തുന്നു. വിശുദ്ധ ഗ്രന്ഥംമുഴുവനും അത്തരം കാഴ്ചകളാല്‍ മുഖരിതമാണ്. കല്പാന്തകാലത്തോളം വിസ്മരിക്കപ്പെടാത്ത സ്‌നേഹത്തിന്റെ ഉദാത്ത ഗീതമാണ് സുവിശേഷത്തില്‍ മറിയത്തിന്റെ തൈലാഭിഷേകം.
സക്കേവൂസിന്റെ തീന്‍മേശയിലും മത്തായിയുടെ ചുങ്കപ്പുരയിലും പത്രോസിന്റെ വള്ളത്തിലും വച്ചാണ് ക്രിസ്തു അവരുടെ ഹൃദയങ്ങളില്‍ ‘നീ എന്റേതാണെന്ന’ ഒപ്പുവയ്ക്കുന്നത്. എങ്ങനെയായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ എന്നതിനെക്കാള്‍ ഇപ്പോള്‍ നിന്റെ ഹൃദയം എങ്ങനെയെന്നുമാത്രമാണ് അവിടുന്ന് പരിശോധിക്കുക. അതുകൊണ്ടാണല്ലോ നല്ലകള്ളന് സ്വര്‍ഗം സ്വന്തമായത്.
മനസ്സിന്റെ സൂക്ഷ്മ വ്യാപാരങ്ങളെ അറിയുന്നവനും (ജ്ഞാനം1:6-8) ഒരു വാക്ക് നാവിലെത്തുന്നതിനു മുന്‍പുതന്നെ അറിയുന്നവനുമായ (സങ്കീര്‍ത്തനങ്ങള്‍ 139 : 4) ദൈവം തേടുന്നത് നന്മ അവശേഷിക്കുന്ന ഹൃദയങ്ങളെയാണ്. ദൈവത്തിന്റെ പ്രിയപ്പെട്ട നഗരമായ ജെറുസലെമിന്റെ ശിക്ഷയെക്കുറിച്ച് ഹെസക്കിയേല്‍ പ്രവാചകന്‍
വിവരിക്കുന്നത് ഇപ്രകാരമാണ്. ജെറുസലേം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെ ഓര്‍ത്ത് കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ തന്റെ അടയാളമിടുക (എസക്കി 9:4). സംഹാരദൂതന്‍ കടന്നുപോകുമ്പോള്‍ അടയാളം ഉള്ളവരെയാരെയും തൊടരുതെന്നും അവിടുന്ന് കല്പിക്കുന്നു (9:6).
ഇത്ര ശക്തനായ ദൈവം എത്രമേല്‍ ക്ഷമയോടെയാണ് നമ്മുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്! ഇനിയും എരിഞ്ഞു തീരാത്ത നമ്മിലെ അഹത്തിന്റെ വേരുകളെ, മണ്ണിന്റെ ചപലതകളെ സ്‌നേഹപൂര്‍വം കടാക്ഷിച്ചുകൊണ്ട് ഇപ്പോഴും ദൈവം വിനയത്തിന്റെയും കരുണയുടെയും ക്ഷമയുടെയും നിറക്കൂട്ടുമായി കുമ്പസാരക്കൂട്ടില്‍ കാത്തിരിപ്പുണ്ട്. ‘നീ എന്റേതാണെന്ന്’ വീണ്ടും ഒപ്പുവയ്ക്കാന്‍.
സി. നിമിഷ റോസ് സി. എസ്. എൻ.




