Friday, March 20, 2026

കളിപ്പാട്ടക്കാരനു നന്ദി

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന നാലാം ക്ലാസിലെ കുട്ടികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരപ്പരീക്ഷയാണ് എല്‍. എസ്. എസ്. അതില്‍ വിജയിച്ച് സ്‌കോളര്‍ഷിപ്പ് നേടുന്നവരില്‍ ഏറ്റവും മികച്ച കുട്ടികള്‍ക്കായിനടത്തുന്ന പദ്ധതിയാണ് ലിറ്റില്‍ മാസ്റ്റേഴ്‌സ്. അവധിദിനങ്ങളില്‍ വിവിധ വിഷയങ്ങളിലുള്ള അറിവും അനുഭവവും പകരുന്ന ത്രിവത്സര പദ്ധതിയാണിത്. തികച്ചും സൗജന്യമായി വിദ്യാഭ്യാ സവകുപ്പിന്റെ കീഴില്‍ ഉപജില്ലാതലങ്ങളില്‍ ഇതു നടന്നുവരുന്നു. ഇക്കൊല്ലം ആരംഭിച്ച ഈ പദ്ധതിയില്‍ ഇപ്പോള്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മാത്രമേയുള്ളൂ. അതിലൊരു ഗ്രൂപ്പിനൊപ്പം ഇക്കഴിഞ്ഞനാളില്‍ അരദിവസം ചെലവഴിക്കാനിടയായി.

‘കളിമരച്ചോട്ടില്‍’ എന്നു പേരിട്ടുനടത്തിയ പരിപാടിയില്‍ കളിയും കഥയും ചിരിയുമായി കുട്ടികളൊത്തുചേര്‍ന്നു.അധ്യാപകപ്രതിനിധികളും രക്ഷാകര്‍തൃ പ്രതിനിധികളും എല്ലാറ്റിനും പിന്തുണയുമായി ഒപ്പമിരുന്നു. ഇടയ്ക്ക് കുട്ടികളോട് ആവശ്യപ്പെട്ടു: ‘നമുക്ക് ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെ? ‘സ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അത്തരം കാര്യങ്ങള്‍ ഒറ്റവാക്കില്‍ പറയാമോ? ഓരോരുത്തമായി പറയാന്‍ തുടങ്ങി. സ്‌നേഹം, സന്തോഷം, സമയം എന്നീ പദങ്ങള്‍ പറഞ്ഞു. നാലാമത്തെ കുട്ടി പറഞ്ഞത് ‘സമത്വം’ എന്നാണ്. എന്നുവച്ചാല്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ആ മിടുക്കിക്കുട്ടി പറഞ്ഞു: ‘എല്ലാവരും തുല്യമായ അവസ്ഥ’

നമ്മുടെ പത്തുവയസ്സുകാര്‍ക്ക് അര്‍ഥമറിഞ്ഞ് സമത്വമെന്ന ആശയത്തെ ഉറക്കെപ്പറയാന്‍ കഴിയുന്നത് നല്ല കാര്യമല്ലേ?

* * * *    * * * *    * * * *

നമ്മില്‍ പലരുടെയും ജീവിതപാതകള്‍ പൂക്കള്‍ വിരിച്ചതല്ല; അതേസമയം മുള്ളുകള്‍ വിതറിയതാണു താനും. മാനവജീവിതം അങ്ങനെയാണല്ലോ. എന്നാല്‍ ജീവിതവഴികളില്‍ പൂക്കള്‍ വിരിച്ചില്ലെങ്കിലും മുള്ളുകള്‍ വിതറാതിരിക്കാന്‍ നാം ശ്രമിക്കണം. കഴിയു മെങ്കില്‍ ഒരു കുഞ്ഞുപൂവെങ്കിലും വഴിത്താരയില്‍ കരുതി വയ്ക്കണം, മറ്റുള്ള വര്‍ക്കായി കാണിച്ചുകൊടുക്കാന്‍. ഇത്രയും പറഞ്ഞത് ജീവിച്ചിരിക്കുമ്പോഴത്തെ കാര്യമാണ്. മരിച്ചു കഴിഞ്ഞാലത്തെ കാര്യം വേറെയാണ്. പക്ഷേ, ജീവിതകാലത്ത് കൊടുക്കാന്‍ മടിച്ചതോ മറന്നതോ ആയ പൂക്കളൊക്കെയും മരണാനന്തര ബഹുമതി യായി ശവമഞ്ചത്തില്‍ ചൊരിയുന്നതാണ് പുതുകാലരീതി. വിപണിയുടെ വിജയം കൂടിയുണ്ടിക്കാര്യത്തില്‍. പൂക്കള്‍കൊണ്ടല്ല. സ്‌നേഹംകൊണ്ടാണ് ഒക്കെയും നിറയ്‌ക്കേണ്ടതും അലങ്കരിക്കേണ്ടതും. മറക്കരുതാത്ത സംഗതിയല്ലേ ഇത്.
* * * *   * * * *    * * * *
ഇടവകപ്പള്ളിയിലെ തിരുനാള്‍ മഹാമഹം കൊടിയിറങ്ങുന്നതിനു തൊട്ടുമുമ്പ്, നന്ദിപറയാന്‍ വികാരിയച്ചന്‍ മൈക്കിനു മുന്നിലെത്തി. മെത്രാനച്ചന്‍, അച്ചന്മാര്‍, സന്യസ്തസഹോദരങ്ങള്‍, കൈക്കാരന്മാര്‍, തിരുനാള്‍ കണ്‍വീനര്‍, കമ്മറ്റിയംഗങ്ങള്‍, കപ്യാര്‍, അള്‍ത്താരശുശ്രൂഷകര്‍, ഗായക സംഘം, ശബ്ദവെളിച്ചദാതാക്കള്‍, പരസ്യസഹാ യികള്‍, വോളന്റിയര്‍മാര്‍ ശ്രമദാനം നടത്തിയവര്‍, തിരുക്കര്‍മ്മങ്ങളിലും ഇതരപരി പാടികളിലും വന്ന് പങ്കെടുത്ത് സഹകരിച്ചവര്‍, പ്രാര്‍ഥിച്ചവര്‍, പണിയെടുത്തവര്‍ എന്നിങ്ങനെ ഓരോ വ്യക്തിക്കും സംഘത്തിനും വികാരിയച്ചന്‍ നന്ദി പറഞ്ഞു. കൈയില്‍ കരുതിയ കുറിപ്പിലുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞിട്ട്, ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്കും നന്ദി കൂട്ടിച്ചേര്‍ത്തു.

വൃദ്ധനായ വികാരിയച്ചന്‍ വീണ്ടും പറഞ്ഞു: ”ഒരു കൂട്ടര്‍ക്കുകൂടി നന്ദി പറയാതെ പറ്റില്ല. ഈ തിരുനാള്‍ദിനങ്ങളില്‍ ഇവിടെ വന്ന് കച്ചവടം നടത്തിയ കളിപ്പാട്ടക്കാരുണ്ട്. കുട്ടികള്‍ക്ക് സന്തോഷം പകരുന്ന അവരുംകൂടി ചേരുമ്പോഴാണ് തിരുന്നാള്‍ കേമമാ വുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെയുണ്ടായിരുന്ന കളിപ്പാട്ടക്കച്ചവടക്കാര്‍ക്കും മറ്റും പ്രത്യേകം നന്ദി പറയുന്നു.

എത്രയോ തിരുനാളുകളില്‍ വികാരിയച്ചന്മാരുടെ നന്ദിപ്രസംഗം കേട്ടിരിക്കുന്നു. പക്ഷേ, കളിപ്പാട്ടവില്പനക്കാര്‍ക്ക് നന്ദിപറയുന്നത് ഇതാദ്യമാണ് കേട്ടത്. സന്തോഷം തോന്നി; ചരിതാര്‍ഥ്യംതന്നെ തോന്നി, ഇങ്ങനെയൊന്നു കേട്ടതില്‍!

ഷാജി
 ഷാജി മാലിപ്പാറ 

 

Related Articles