‘ഞങ്ങള്‍ തമ്മില്‍ ഓക്കെയാണ്. ബട്ട്… സംതിങ് ഈസ് മിസ്സിംഗ്. ചാറ്റ്‌ബോട്ട് സജസ്റ്റ് ചെയ്തതനുസരിച്ച് ജോലി കഴിഞ്ഞുവന്ന് ഞങ്ങള്‍ ഒരു മണിക്കൂറോളം ഒന്നിച്ചിരിക്കാനും വീട്ടുജോലികള്‍ ഒന്നിച്ച് പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ…’ ഒരു അസോസിയേഷന്‍ മീറ്റിംഗില്‍ മാതൃകാദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളിലൊരാളുടെ പരിദേവനമായിരുന്നു ഇത്.
വീട്ടിലെ വിശേഷങ്ങള്‍ മകളോടു പങ്കുവയ്ക്കുന്ന സന്തോഷത്തിലായിരുന്നു അമ്മയുടെ ഫോണ്‍ കോള്‍. പതിവുപോലെ മെസ്സേജുകള്‍ക്ക് മറുപടികള്‍ അയച്ചും ഗെയിം കളിച്ചും മറുപടി പറയുന്നതിനിടയില്‍ അമ്മയുടെ സംസാരം എപ്പോഴോ നേര്‍ത്തില്ലാതാകുകയായിരുന്നു. 25 മിനിറ്റോളം നീണ്ട ആ ഫോണ്‍ കോളിനൊടുവില്‍ അമ്മ ഉറക്കത്തിലായിക്കാണും എന്നു കരുതി ഫോണ്‍ വിളി അവസാനിപ്പിച്ച് ‘ഓക്കെ അമ്മ, ഗുഡ് നൈറ്റ്, ഉമ്മ’ എന്ന് മെസ്സേജ് അയച്ച് കിടന്നുറങ്ങിയ മകള്‍ പിറ്റേദിവസം പുലരുന്നത് അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞുകൊണ്ടാണ്. മൊബൈല്‍ ഫോണുമായി വീണുകിടന്നിരുന്ന അമ്മയുടെ മരണകാരണം സൈലന്റ് അറ്റാക്ക് ആയിരുന്നത്രേ!
പുതുവര്‍ഷത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഏറെ ചിന്തിപ്പിച്ച രണ്ടു സംഭവങ്ങള്‍ കുറിച്ചതാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ മനുഷ്യജീവിതം ആയാസരഹിതമായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണു നാം എന്നു പറയാം. മനുഷ്യനെ ചിന്തിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, സംശയങ്ങള്‍ക്ക് ഉടനടി ഉത്തരം നല്‍കുന്ന, വൈകാരികമായിപ്പോലും പിന്തുണയ്ക്കുന്ന എല്ലാ സാധ്യതകളും ഇന്നു നാം നേടിക്കഴിഞ്ഞു. എന്നാല്‍, ഒരേ മേല്‍കൂരയ്ക്കു കീഴില്‍ കഴിയുന്ന മാതാപിതാക്കളുടെ, കൂടപ്പിറപ്പുകളുടെ, സഖിയുടെ ഭാവഭേദങ്ങളോ മാനസിക സംഘര്‍ഷങ്ങളോ മരണനിമിഷങ്ങളോപോലും തിരിച്ചറിയാന്‍, അവരെ ചേര്‍ത്തുപിടിക്കാന്‍ പരാജയപ്പെട്ട എത്രയെത്ര അനുഭവങ്ങള്‍. അതില്‍ പലരുടെയും ഉത്തരം ഏകദേശം ഒന്നു തന്നെ – ‘ജീവനൊടുക്കാന്‍ മാത്രം അത്ര സങ്കടത്തിലായിരുന്നു അവനെന്ന് മനസ്സിലായില്ല’, ‘തലേദിവസംകൂടി സംസാരിച്ചു പിരിഞ്ഞതായിരുന്നു, അവള്‍ക്കെന്താ ഇത്ര സങ്കടപ്പെടാനുള്ളത്, എന്തിന്റെ കുറവുണ്ടായിട്ടാ..’
അപരനെ മനസ്സിലാക്കാനാകാതെ പോകുന്ന ‘എന്തോ ഒരു മിസ്സിംഗ്’ ഈ നാളുകളില്‍ നമ്മെ ബാധിക്കുന്നുണ്ട്. സുവിശേഷത്തില്‍ ഈശോ ധനികനായ യുവാവിനെ അനുസ്മരിപ്പിക്കുന്ന കുറവുപോലെ ഈ AI യുഗത്തില്‍ നമുക്കൊരു കുറവുണ്ട്. അത് മറ്റൊന്നുമല്ല, ഊഷ്മളമായ ബന്ധങ്ങളുടെ കുറവാണ്.
നിര്‍മ്മിത ബുദ്ധിയിലൂടെ ഇന്ന് ലോകം അതിവേഗം ബഹുദൂരം മുന്നേറുകയാണ്. ആരെയും കാത്തുനില്‍ക്കേണ്ട ആവശ്യമില്ലാത്ത, ആരുടെയും സഹായം ആവശ്യപ്പെടേണ്ടാത്ത വിധം വിരല്‍ത്തുമ്പില്‍ എല്ലാം ക്രമീകരിക്കാവുന്ന ഒരു ലോകം. ‘സൗഹൃദങ്ങള്‍ സങ്കീര്‍ണമാണ്’ (Friendships are too complicated) എന്നായിരുന്നു ഒരു സുഹൃത്തു പോലുമില്ലാത്ത ഒമ്പതാം ക്ലാസുകാരന്റെ വാക്കുകള്‍. പ്രായത്തെ അതിശയിപ്പിക്കുന്ന പ്രായോഗിക ടെക്‌നിക്കല്‍ അഭിരുചികൊണ്ട് അവന്‍ നിര്‍മ്മിച്ചെടുത്ത ചെറിയ കാറുകളും പാവകളും അവന്റെ AI സുഹൃത്തിന്റെ മാത്രം സഹായത്തോടെയായിരുന്നുവത്രേ! മറ്റുള്ളവരുമായി സൗഹൃദം രൂപപ്പെടുത്താനും അതു നിലനിര്‍ത്താനും എത്രയൊക്കെ വിട്ടുവീഴ്ചകള്‍ക്കാണ് തയ്യാറാകേണ്ടത് എന്നാണ് അവന്റ നിലപാട്. അതിന്റെയൊന്നും ആവശ്യമില്ലാതെ എപ്പോള്‍ വേണമെങ്കിലും ഏതു സംശയത്തിനും ഉത്തരം നല്‍കിയും ജോലിഭാരം കുറയ്ക്കാന്‍ ഒപ്പംനിന്നും തമാശകള്‍ക്കൊണ്ടും വിനോദങ്ങള്‍ക്കൊണ്ടും മാനസികഭാരം ലഘൂകരിച്ചും സാങ്കേതിക
വിദ്യ മനുഷ്യരെ ഒറ്റത്തുരുത്തുകളില്‍ തളച്ചിടുകയാണ് എന്ന കാര്യം നമ്മള്‍ അറിയാതെ പോകുന്നുണ്ട്.
ഈ ദിവസങ്ങളില്‍ ഒരു AI ക്ഷണക്കത്ത് കിട്ടി. ‘Anointed Intelligence’ എന്നായിരുന്നു അതിന്റെ പൂര്‍ണരൂപം. ആധുനികലോകത്ത് വിശുദ്ധ കാര്‍ലോ അക്കുത്തിസിനെപ്പോലെ മക്കളെ വിശുദ്ധിയില്‍ പരിശീലിപ്പിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പച്ചപ്പുല്‍പ്പുറങ്ങള്‍ എന്ന മിനിസ്ട്രിയുടെ കുടുംബസംഗമത്തിന്റെ അറിയിപ്പായിരുന്നു അത്. ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച് മനുഷ്യനെ
അവയുടെ മകുടമായി വാഴിച്ച ദൈവം അവനാല്‍തന്നെ വഞ്ചിക്കപ്പെടുകയാണ്. എല്ലാം സൃഷ്ടിച്ച ദൈവത്തെപ്പോലെയാകാന്‍ അവന്‍ പരിശ്രമിച്ചു. അതവന്റെ പതനത്തിനു കാരണമായി. വീണ്ടും ക്രിസ്തുവിലൂടെ സംജാതമായ രക്ഷയില്‍ അവന്‍ വീണ്ടെടുക്കപ്പെട്ടു. എന്നാല്‍, വീണ്ടും അവന്റെ മുന്‍ഗണനകള്‍ക്ക് മാറ്റംസംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരെയും ആവശ്യമില്ലാത്ത ഒരു ലോകം സൃഷ്ടിച്ച് ദൈവത്തെപ്പോലെയാകാന്‍ അവന്‍ വീണ്ടും
ശ്രമിച്ചു തുടങ്ങിയോ? നമുക്കു വേണ്ടത് നിര്‍മ്മിത ബുദ്ധിയല്ല (Artificial Intelligence) മറിച്ച്, അഭിഷേക ബുദ്ധിയാണ് (Anointed Intelligence). ദൈവത്തെയും സഹോദരനെയും തിരിച്ചറിയുന്ന അഭിഷേക ബുദ്ധി. നമ്മുടെ അദ്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് നമുക്കു സിദ്ധികള്‍ നല്‍കിയ (പ്രഭാ 38 : 6) ദൈവം നമ്മെയോര്‍ത്ത് പരിതപിക്കാതിരിക്കട്ടെ.
സി. നിമിഷ റോസ് CSN




