ബിരുദാനന്തര ബിരുദവും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും
ഉള്ളവരെ മുന്‍നിരയില്‍ നിര്‍ത്തി കാര്യങ്ങള്‍ നടത്തുന്ന ഇന്നത്തെ ലോകത്തിന് ബ്രദര്‍ ജോയ് ഒരു കൗതുകമാണ്. കാരണം, ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ഡിവൈന്‍ മേഴ്‌സി എന്ന സന്യാസ സമൂഹത്തിന്റെയും അസീസി ഭവന്‍ പുത്തന്‍വേലിക്കര എന്ന ധ്യാനകേന്ദ്രത്തിന്റെയും അഞ്ചോളം വരുന്ന ജീവകാരുണ്യ സ്ഥാപനങ്ങളുടെയും ആരംഭം കുറിക്കാന്‍ ക്രിസ്തുവിന് ജോയി എന്ന ആറാം ക്ലാസുകാരനെ മതിയായി
രുന്നു. വി. ഫ്രാന്‍സിസിനെപ്പോലെ ദൈവത്തെ കണ്ടെത്തിയ മാത്രയില്‍ എല്ലാം വേണ്ടെന്നുവച്ച് ഇറങ്ങിത്തിരിച്ച ജോയി എന്ന രണ്ടാം ഫ്രാന്‍സിസിന്റെ ജീവിതത്തെ കൂടുതല്‍ അറിയാം.
മഹത്തരമല്ലാത്ത ചരിത്രം
തുരുത്തിപ്പുറം (കുറുമ്പത്തുരുത്ത്) സ്വദേശിയായ പുതിയ വീട്ടില്‍ യൗസേപ്പ് അന്നം ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഒമ്പതാമത്തെ മകനായ ജോയിയുടെ ചരിത്രം മനുഷ്യരുടെ ദൃഷ്ടിയില്‍ അത്ര മഹത്തരമായിരുന്നില്ല. മദ്യപനായ അപ്പന്റെ മകനായിരുന്ന ജോയി വ്യാജ ചാരായ നിര്‍മ്മാണവും മദ്യവില്പനയും കൊണ്ടായിരുന്നു പണം സമ്പാദിച്ചിരുന്നത്. സ്വന്തമായി ഒരു പലചരക്കു കട ഉണ്ടായിരുന്നെങ്കിലും, പ്രധാനമായും ശര്‍ക്കര കൊടുത്ത് ചാരായം നിര്‍മ്മിച്ച് വില്പന ചെയ്തു ജീവിച്ചിരുന്ന ജോയിയുടെ ചിന്തകളില്‍പോലും ക്രിസ്തുവിനോ വിശ്വാസജീവിതത്തിനോ ഇടം ഉണ്ടായിരുന്നില്ല. ജീവിതമൂല്യങ്ങളില്‍ മാത്രമല്ല, പഠനത്തിലും ജോയി പിന്‍പന്തിയിലായിരുന്നു.
”അനുജന്‍ എട്ടാം ക്ലാസില്‍ എത്തിയപ്പോഴും ഞാന്‍ ആറാം ക്ലാസില്‍ത്തന്നെയായിരുന്നു. പഠനം അവസാനിപ്പിച്ച് വല്ല ജോലിയും ചെയ്ത് ജീവിക്കാം എന്ന തീരുമാനത്തിലാണ് ആറാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ചത്.” ജോയി പറയുന്നു.
ചീനവലമാടത്തിലെ അന്തിയുറക്കം
മദ്യം വിറ്റും മദ്യപിച്ച് കൂട്ടുകൂടിയും നടന്നിരുന്ന ജോയിയുടെ സംസാരവും പെരുമാറ്റവും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. മദ്യപിച്ചുവരുന്ന അപ്പന്റെ വാക്കുകളില്‍ ‘നീ എന്റെ മകനല്ല’ എന്ന് പലപ്പോഴുംആവര്‍ത്തിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ
”എന്നെ സ്‌നേഹിക്കാത്ത കുടുംബത്തില്‍ കഴിയുന്നതിനെക്കാള്‍ സ്വന്തമായുള്ള
നാലഞ്ച്ചീനവലമാടങ്ങളില്‍ മാറിമാറിയായിരുന്നു മിക്കവാറും രാത്രികളിലെ എന്റെ അന്തിയുറക്കം.” മദ്യപിച്ചും പുകവലിച്ചും സിനിമകള്‍ കണ്ടുമായിരുന്നു ആ രാത്രികള്‍ കൂട്ടുകാരോടൊപ്പം ജോയി ആഘോഷിച്ചിരുന്നത്.
ആദ്യം അപ്പന്‍ നന്നാകട്ടെ
മകന്റെ ദുര്‍നടപ്പുകളില്‍ മനംനൊന്തു പ്രാര്‍ഥിച്ചിരുന്ന അമ്മയ്ക്കു ലഭിച്ച ആശ്വാസ വാര്‍ത്തയായിരുന്നു 1980ല്‍ ഇടവക പള്ളിയില്‍ വച്ചുനടന്ന പോപ്പുലര്‍ മിഷന്‍ ധ്യാനം. മകന്റെ മാനസാന്തരത്തിനായി പ്രാര്‍ഥിച്ച് ധ്യാനത്തിന് അമ്മ മകനെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടെങ്കിലും ”അവിടെ കുറെ പെണ്‍കുട്ടികളെ കാണാം” എന്ന ചിന്തയോടെയായിരുന്നു ജോയി ധ്യാനത്തിനു പോയത്. ധ്യാനത്തിനൊടുവിലും കാര്യമായവ്യത്യാസങ്ങളില്ലാത്ത മകനെക്കുറിച്ച് ആകുലപ്പെട്ടിരുന്ന അമ്മയോട് ജോയിക്ക് പറയാനുണ്ടായിരുന്നത് ”ആദ്യം അപ്പന്‍ നന്നാവട്ടെ” എന്നായിരുന്നു.
ആര്‍ക്കും ഇഷ്ടമില്ല
”ഞാന്‍ ഏതെങ്കിലും വീടിന്റെ വഴിയിലൂടെ കടന്നുപോയാല്‍ പിന്നീട് ആ വഴിയേ ഞാന്‍ തിരിച്ചുവരുമ്പോഴേക്കും ആ വീട്ടുകാര്‍ അവിടെ അടച്ചു കെട്ടിയിരിക്കും…” അത്രമേല്‍ നാട്ടുകാര്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഭയപ്പെട്ടിരുന്നുവെന്നും ജോയി പങ്കുവയ്ക്കുന്നു.
ചാരായവും പൊലീസ് സ്റ്റേഷനുമായി കുടുംബത്തോട് വലിയ ബന്ധമില്ലാതെയായിരുന്നു ജീവിതം. അതു കൊണ്ടുതന്നെ മനസ്സില്‍ എപ്പോഴോ ഇഷ്ടം
തോന്നിയ പെണ്‍കുട്ടിപോലും തന്നില്‍നിന്ന് ഓടിയകന്ന അനുഭവമാണ് ജോയിയുടേത്.
സാറിന്റെ വിളി
ധ്യാനത്തിനൊടുവില്‍ ഇടവകാതിര്‍ത്തിയില്‍ ഒരു പ്രാര്‍ഥനാകൂട്ടായ്മ രൂപപ്പെട്ടുവരുന്ന സമയം. ഒരു അധ്യാപകനായിരുന്നു ആ യോഗത്തെ നയിക്കാന്‍ എത്തിയിരുന്നത്. ഒരുദിവസം കോരിച്ചൊരിയുന്ന മഴയത്ത് സ്‌കൂള്‍ വരാന്തയില്‍ കയറി നിന്നിരുന്ന ജോയി എന്ന യുവാവ് കാതുകളില്‍ ഒരു ശബ്ദം കേട്ടു: ”സഹോദരാ, നീ പോരുന്നോ?” സാറിന്റേതായിരുന്നു ആ ശബ്ദം. ”സാധാരണ അസഭ്യവാക്കുകള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ആളുകള്‍ എന്നെ വിളിച്ചിരുന്നത്. ആദ്യമായിട്ടാണ് സഹോദരാ എന്ന വിളി ഞാന്‍ കേള്‍ക്കുന്നത്. അത് ഒരത്ഭുതമായിരുന്നു.” പ്രാര്‍ഥനായോഗത്തി
ലേക്ക് ക്ഷണിച്ച സാറിന്റെ അഭിസംബോധനയില്‍ പ്രത്യേകത തോന്നിയെങ്കിലും ക്രിസ്തുവില്‍ വിശ്വാസമില്ലാതിരുന്ന ജോയിയുടെ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു.
”പണ്ടൊരു മനുഷ്യനെ കുരിശില്‍ തറച്ചു കൊന്നു എന്നുപറഞ്ഞ് ആ മനുഷ്യന്റെ പേരുപറഞ്ഞു നടക്കാന്‍ സാറിനു നാണമില്ലേ? അതിനെക്കാള്‍ നല്ലത് വല്ല ഭാരവണ്ടിയും കയറ്റം കയറുമ്പോള്‍ ഒന്നു തള്ളി കൊടുക്കുന്നതായിരിക്കും.” എങ്കിലും, സാറിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ഒരേ കുടക്കീഴിലായിരുന്നു ആദ്യത്തെ പ്രാര്‍ഥനാകൂട്ടായ്മയിലേക്കുള്ള ജോയിയുടെ യാത്ര.
ആത്മാവിനെ കണ്ട ദൈവം
പ്രാര്‍ഥനാഗ്രൂപ്പില്‍ സാറിനൊപ്പം എത്തുമ്പോള്‍തന്നെ മറ്റുള്ളവര്‍ കണ്ടാല്‍ എണീറ്റ് പോകുമെന്നു കരുതി പുറത്തിരിക്കുകയായിരുന്നു ജോയി. മഴ കനംവച്ചപ്പോള്‍ അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞ പെണ്‍കുട്ടിയുടെ അരികിലിരുന്ന് കണ്ണുകള്‍ അടച്ച് പ്രാര്‍ഥിച്ച ജോയിയുടെ ചിന്തകള്‍ തികച്ചും ലൗകികമായിരുന്നു. അപ്പോഴാണ് ഓരോ വ്യക്തിയുടെയും ഹൃദയം കാണുന്ന ദൈവത്തെക്കുറിച്ച് പ്രാര്‍ഥന നയിക്കുന്ന അധ്യാപകന്‍ സംസാരിച്ചത്. എല്ലാം കാണുന്ന ദൈവത്തിനു മുമ്പിലുള്ള തന്റെ ഉദ്ദേശ്യശുദ്ധിയെ വിലയിരുത്താനുള്ള അവസരമായിരുന്നു ആ പ്രാര്‍ഥന
എന്ന് ജോയി പങ്കുവച്ചു.
അലോസരപ്പെടുത്തിയ ദൈവം
സാറിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാ കൂട്ടായ്മയ്‌ക്കൊടുവില്‍ ബൈബിള്‍ തുറന്നുവച്ച് വ്യക്തിപരമായി പ്രാര്‍ഥിക്കാനുള്ള നിര്‍ദേശപ്രകാരമാണ് ജീവിതത്തില്‍ ആദ്യമായി ജോയി വ്യക്തിപരമായി പ്രാര്‍ഥിക്കുന്നത്. വീട്ടില്‍ ചെന്ന് ആരും കാണാതെ ബൈബിള്‍ എടുത്ത് മുറിയില്‍ കടന്ന് കതകടച്ച് ബൈബിള്‍ തുറന്നപ്പോള്‍ കണ്ണുടക്കിയ വചനം അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.
”ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 9: 4). ഈ വചനം അദ്ദേഹത്തെ ധ്യാനത്തിനു പോകാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ആ അധ്യാപകന്റെ സഹായത്തോടെ കടുത്തുരുത്തിയിലുള്ള എസ്. വി. ഡി. ധ്യാനകേന്ദ്രത്തില്‍ ജോയി ധ്യാനത്തിനുപോയി. സിഗരറ്റ് കരുതിയാണ് ധ്യാനത്തിനു പോയതെങ്കിലും ആ ധ്യാനം ജോയിയെ പുതിയ വ്യക്തിയാക്കി. ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു കര്‍ത്താവിന്റെ ആ സ്പര്‍ശനം ജോയിക്ക് ലഭിച്ചത്. പിന്നീടുള്ള ജോയിയുടെ ജീവിതം മാതൃകാപരമായിരുന്നു.
വാക്കുകള്‍ വാഴ്ത്തുകളായപ്പോള്‍
അസഭ്യവാക്കുകള്‍ സംസാരിച്ചിരുന്ന ജോയി അതവസാനിപ്പിച്ച് ധ്യാനത്തിനുശേഷം താനറിഞ്ഞ ദൈവത്തെ പ്രഘോഷിക്കാന്‍ തുടങ്ങി. താന്‍ വിരോധമായി പെരുമാറിയവരോട് ക്ഷമ ചോദിക്കാനും ദേവാലയത്തില്‍ പോകാനും ജോയി ഒന്നാമതായി.
”നീ ഏതാ” എന്ന് ജോയിയെ കണ്ട വികാരിയച്ചന്‍ ചോദിച്ചപ്പോള്‍ താന്‍ ദേവാലയത്തില്‍ വന്നിരുന്നില്ല എന്നും തന്റെ പഴയകാല ജീവിതം ഉപേക്ഷിച്ച് പുതിയ ജീവിതം ആരംഭിച്ചുവെന്നും ജോയി പറഞ്ഞു. അപ്പോള്‍ കുടുംബയൂണിറ്റുകളില്‍
അവന്റെ മാനസാന്തര കഥ പറയാന്‍ വികാരിയച്ചന്‍ അവസരമൊരുക്കി. അത് കര്‍ത്താവിനെ പ്രഘോഷിക്കാന്‍ ജോയിക്കു വേണ്ടി ഒരുക്കപ്പെട്ട ആദ്യ വേദിയായിരുന്നു. അങ്ങനെ നാട്ടുകാരുടെ ഹൃദയത്തില്‍ ജോയിക്ക് ഇടം ലഭിച്ചു തുടങ്ങി.
ഇനി എല്ലാവര്‍ക്കും വേണ്ടി
നഷ്ടമാക്കിയ കൃപകളെക്കുറിച്ചും ചെയ്യാതെ പോയ നന്മകളെക്കുറിച്ചും തികഞ്ഞ ബോധ്യം ലഭിച്ച ജോയി നാട്ടുകാര്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യാന്‍ ആരംഭിച്ചു. വി. ഫ്രാന്‍സിസ് അസീസിയുടെ ജീവിതം അടുത്തറിയാന്‍ കഴിഞ്ഞതും
അദ്ദേഹത്തിന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായി. അന്നാളുകളില്‍ മരപ്പണി പഠിച്ച് പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രതിഫലം ഇല്ലാതെ ജോലി ചെയ്തുകൊടുക്കുമായിരുന്നു. ഓല വച്ചുകെട്ടി വീടുകളുടെ കേടുപോക്കിക്കൊടുക്കാനും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ജോയിക്ക് പരസഹായങ്ങളുടെ പേരില്‍ സ്വന്തം വീടുവിട്ടിറങ്ങേണ്ടി വന്നു. ഒടുവില്‍ പ്രായമായ ഒരു അമ്മയുടെ ഭവനത്തില്‍ ജോയിക്ക് ഇടം ലഭിച്ചു. ഫ്രാന്‍സിസ് പുണ്യവാളനോട് വലിയ സ്‌നേഹമുണ്ടായിരുന്ന ജോയിയെ ഒരു ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ ചേരുന്നതിനായി പ്രചോദിപ്പിച്ചതും ആ അമ്മയായിരുന്നു. എന്നാല്‍, ആശ്രമത്തില്‍ ചെന്നെങ്കിലും പുതിയൊരു സന്യാസ സമൂഹം ജോയിയിലൂടെ ആരംഭിക്കാന്‍ ദൈവം നേരത്തെ ലക്ഷ്യമിട്ടതു കൊണ്ടായിരിക്കാം അവിടേക്കുള്ള പ്രവേശനം അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടത്.
ഞങ്ങളും ഒപ്പമുണ്ട്
ജോയിയുടെ വാക്കുകളും പ്രവൃത്തികളും ഒരുപാട് ഹൃദയങ്ങളെ സ്വാധീനിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സിസിന്റെ ജീവിതത്തില്‍ ആകൃഷ്ടരായി ക്ലാരയും ആഗ്‌നസും അദ്ദേഹത്തിന്റെ ജീവിതവഴികളെ പിന്തുടര്‍ന്ന് ക്രിസ്തുവിന്റെ സാക്ഷികളാകാന്‍ ഇറങ്ങിത്തിരിച്ചതുപോലെ ആറു യുവതികള്‍ വീട്ടുകാരുടെ സമ്മതത്തോടെതന്നെ ജോയിയോടൊപ്പം കൂടി. അന്നാളുകളില്‍ വിവിധ ഇടവകകളിലെ കുടുംബങ്ങള്‍ തോറും കയറിയിറങ്ങി ശുശ്രൂഷ ചെയ്യാന്‍ ഇടവക വൈദികര്‍ അവരെ ക്ഷണിച്ചിരുന്നു. അങ്ങനെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ഡിവൈന്‍ മേഴ്‌സി എന്ന സന്യാസസമൂഹത്തിന് തുടക്കമായി.
1983 ല്‍ കാവി വസ്ത്രധാരികളായി ഒരേ ജീവിതശൈലിയോടെ മുന്നേറാന്‍ തീരുമാനിച്ച ജോയിയും സഹോദരിമാരും പുത്തന്‍വേലിക്കരയില്‍ ജനങ്ങളുടെ സഹായത്തോടെ 50 സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ആരംഭിച്ചു. അതിന്റെ പണി പൂര്‍ത്തിയാകാന്‍ കഴിയാതെ വന്നപ്പോള്‍ മൂന്നു സഹോദരിമാര്‍
പിരിഞ്ഞു പോയി. എങ്കിലും, കഷ്ടതകളിലും ക്ലേശങ്ങളിലും ദൈവപരിപാലനയില്‍ ആശ്രയംവച്ച് 1984 ഏപ്രില്‍ 4 ന് പണിപൂര്‍ത്തിയായ ആ ഭവനം അസീസി ഭവന്‍ എന്ന് നാമകരണം ചെയ്ത് അതില്‍ താമസം ആരംഭിച്ചു.
കരുണയുടെ പുതിയ വഴികള്‍
കോട്ടപ്പുറം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ്
ഡിവൈന്‍ മേഴ്‌സി എന്ന ഈ സന്യാസ സമൂഹത്തിന് 2016 ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ഇന്ന് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ത്താവിനു സാക്ഷ്യം വഹിക്കുന്ന ഈ സമൂഹാംഗങ്ങള്‍ കുടുംബങ്ങളില്‍ അവഗണി
ക്കപ്പെടുന്ന സ്ത്രീകളും പുരുഷന്മാരുമായ മാനസിക രോഗികള്‍ക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന റിഹാബിലിറ്റേഷന്‍ സെന്ററുകളിലൂടെയും ഓള്‍ഡേജ് ഹോമിലൂടെയും 500 ഓളം ആളുകള്‍ക്ക് താമസിച്ചു ധ്യാനിക്കാവുന്ന അസീസി ഭവന്‍ പുത്തന്‍വേലിക്കര എന്ന ധ്യാന സെന്ററിലൂടെയും ക്രിസ്തുവിന്റെ പകരക്കാരാകുന്നു.
ആരുമില്ലാത്ത കുഞ്ഞുങ്ങളെ പരിചരിക്കുന്ന ശുശ്രൂഷയിലൂടെ ബ്രദര്‍ ജോയി ഇന്ന് 14 മക്കളുടെ അപ്പന്‍ കൂടിയാണ്. ദൈവപരിപാലനയില്‍ ആശ്രയിച്ച് ആ 14 മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുവാന്‍ കഴിഞ്ഞതിലൂടെ കൗമാരം പിന്നിട്ട അവരില്‍ എല്ലാവരുംതന്നെ മികച്ച ജോലികള്‍ ചെയ്യുന്നു. ഡോക്ടര്‍മാരായും നഴ്‌സുമാരായും പ്രൊഫസര്‍മാരായും ബാങ്ക് ഉദ്യോഗസ്ഥരായും അവര്‍ ഇന്ന് സമൂഹത്തിന് അനുഗ്രഹമായി സേവനം ചെയ്യുന്നു. ഇപ്പോള്‍ ആറംഗങ്ങള്‍ മാത്രമുള്ള ഈ സമൂഹം ആള്‍ബലത്തെക്കാള്‍ ആത്മീയബലം കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ്. 150 ഓളം വരുന്ന അഗതികള്‍ക്ക് ഇവര്‍ അഭയംനല്‍കി ശുശ്രൂഷ ചെയ്തുവരുന്നു. വാക്കുകളിലും പ്രവൃത്തികളിലും കരുണ പങ്കുവയ്ക്കുന്ന കര്‍ത്താവിന്റെ ഹൃദയത്തിനിണങ്ങിയ ഈ ശുശ്രൂഷകര്‍ക്ക് നീക്കിയിരിപ്പുകളോ ബാങ്ക് ബാലന്‍സുകളോ ഇല്ല. ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് അനേകം സുമനസ്സുകളുടെ സഹായത്താല്‍ മുന്നേറുന്ന ഇവര്‍ ഇന്നത്തെ ലോകത്തിന് മാതൃ
കയും പ്രചോദനവുമാണ്.
PH: 9446276294
സി. നിമിഷ റോസ് CSN




