Monday, June 8, 2026

നന്ദി വേണോ കടപ്പാട് വേണോ?

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണീ സംഭവം.
ഒരു വ്യക്തി വീട് പണിക്ക് സഹായഭ്യര്‍ഥനയുമായി വന്നു. ചെറിയൊരു സഹായം നല്‍കി. കുറച്ച് യുവാക്കളോടൊപ്പം പോയി പണികള്‍ക്കും സഹായിച്ചു. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ആ ഗൃഹനാഥന്‍ ഇടയ്‌ക്കെല്ലാം ഫോണ്‍ വിളിക്കും:

‘അച്ചന് തിരക്കാണെന്നറിയാം. അതുകൊണ്ടാണ് കൂടെക്കൂടെ വിളിച്ച് ശല്യപ്പെടുത്താത്തത്. പ്രാര്‍ഥനയില്‍ എന്നുമോര്‍ക്കുന്നുണ്ട്. ഞങ്ങളെ ഓര്‍ക്കുന്നുണ്ടെന്ന് അറിയാം. ആരോഗ്യം ശ്രദ്ധിക്കണേ. ഒത്തിരി അലച്ചിലുകള്‍ ഉണ്ടെന്നറിയാം. അതുകൊണ്ട് പറഞ്ഞതാണ്. ഒന്നും വിചാരിക്കരുത്.’

ചെറിയൊരു സഹായം മാത്രം ലഭിച്ചതിന്റെ പേരില്‍ കൂടെക്കൂടെ അന്വേഷിക്കുകയും പ്രാര്‍ഥനയില്‍ ഓര്‍ക്കുകയും ചെയ്യുന്ന ആ കുടുംബത്തിലെ നന്മനിറഞ്ഞ മുഖങ്ങളാണ് ഇതു കുറിക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത്. അതോടൊപ്പം ആത്മാര്‍ഥമായി സ്‌നേഹിച്ചവരില്‍ പലരും വഴി മാറിപ്പോകുന്ന കാഴ്ചയും മുന്നിലുണ്ട്.

നന്ദിയും കടപ്പാടും രണ്ടാണ്. ചിലരോടു വേണ്ടത്‌ നന്ദിയാണെങ്കില്‍ മറ്റു ചിലരോടു വേണ്ടത് കടപ്പാടാണ്. എന്തു നല്‍കിയാലും കൊടുത്തു വീട്ടാന്‍ കഴിയാത്ത, മരണംവരെ അവശേഷിക്കുന്ന കടമാണ് കടപ്പാട്. അത് ഏറ്റവും കൂടുതല്‍ വേണ്ടത് ദൈവത്തോടും മാതാപിതാക്കളോടുമാണ്.

ഒരുവര്‍ഷംകൂടി വിട ചൊല്ലുമ്പോള്‍ കൂപ്പുകരങ്ങളോടെ വേണം ദൈവതിരുമുമ്പില്‍ നില്‍ക്കാന്‍. തളര്‍ന്നു പോകുമെന്ന് കരുതിയ എത്രയോ നിമിഷങ്ങളില്‍ അവിടുത്തെ കരവലയം നമുക്ക് താങ്ങായി മാറിയിരിക്കുന്നു. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങള്‍ക്കു മുമ്പിലും വെളിവിന്റെ വഴിവെട്ടമായ് അവിടുന്ന് കടന്നുവന്നിട്ടില്ലേ?

നന്ദിയുള്ളവരായിരിക്കുക എന്നത് ദൈവം ആഗ്രഹിക്കുന്ന പുണ്യമാണ്. പത്തു കുഷ്ഠരോഗികളുടെ ഉപമയിലൂടെ അതുതന്നെയാണ് ക്രിസ്തു പഠിപ്പിക്കുന്നതും. ‘പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ?’ (ലൂക്കാ 17:17) എന്ന ചോദ്യം ഇന്നും അന്തരീക്ഷത്തില്‍ ഉയരുന്നുണ്ട്.

ലഭിച്ച അനുഗ്രഹങ്ങള്‍ക്ക്‌ ദൈവത്തിനു മുമ്പിലും മനുഷ്യര്‍ക്കു മുമ്പിലും നന്ദിയുള്ളവരായിരിക്കാം. നന്ദിയുടെ ഉറവകള്‍ വറ്റുന്നിടത്ത് അനുഗ്രഹത്തിന്റെ വിളക്കുകള്‍ അണഞ്ഞുപോകും. നന്ദി നിറഞ്ഞ ഹൃദയത്തോടെ 2026 ലേക്ക് പ്രവേശിക്കാം.
പുതുവത്സരാശംസകള്‍!


ഫാ. ജെൻസൺ  ലാസലെറ്റ് 

Related Articles