Monday, June 8, 2026

പ്രകൃതിയിൽനിന്നും കുട്ടിക്കു പഠിക്കാനുണ്ട്

ഈ കാലഘട്ടത്തിലെ കുട്ടികളിലധികവും ടെലിവിഷന്‍ കണ്ടും മൊബൈല്‍ ഫോണിലു
മൊക്കെ സമയം ചെലവഴിക്കുന്നവരാണ്. പുറത്തുപോയി മറ്റു കുട്ടികളുമായി കളിക്കുമ്പോള്‍ ഉണ്ടാകാവുന്ന വഴക്കുകളും വീഴ്ചകളുമൊക്കെ ഒഴിവാക്കാന്‍ പല മാതാപിതാക്കളും കുട്ടികളെ വീട്ടില്‍ത്തന്നെ കളിക്കാനും പഠിക്കാനും പരിശീലിപ്പിക്കുകയാണ്. എന്നാല്‍, പ്രകൃതിയില്‍ സമയം ചെലവഴിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ പഠിച്ചെടുക്കുന്ന നിരവധിയായ കാര്യങ്ങളുണ്ട്. അതൊക്കെ ഇത്തരക്കാരായ കുട്ടികള്‍ക്ക് അന്യമാകുന്നു. പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ജ്ഞാനം സ്വന്തമാക്കാനും പ്രകൃതിയെ സ്‌നേഹിച്ചുവളരാനും കുട്ടികളെ സഹായിക്കുന്ന അഞ്ചു മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

1. പ്രകൃതിയിലൂടെ നടക്കുക

വിശ്രമവേളകളില്‍ കുട്ടികളെ പ്രകൃതിയുമായി ഇണങ്ങാന്‍ അനുവദിക്കുക. അത് പ്രകൃതിയിലെ അത്ഭുതങ്ങളെ പരിചയപ്പെടാന്‍ അവരെ സഹായിക്കുന്നു. ഇലകളുടെ നിറങ്ങള്‍ മാറുന്നതും കാറ്റിന്റെ വ്യത്യസ്തതകളും കൊഴിഞ്ഞുവീഴുന്ന ഇലകളും
വെയിലും നിഴലുമെല്ലാം കുഞ്ഞുങ്ങളുടെ ഹൃദയത്തെ സ്വാധീനിക്കും. ഇത്തരം കാഴ്ചകളിലൂടെ പുതിയ സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും അവര്‍ അന്വേഷിക്കും. ഇതെല്ലാം അവരുടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും.
പ്രകൃതിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കായി ബൈനോക്കുലറുകളോ, മാഗ്‌നിഫൈയിംഗ് ഗ്ലാസുകളോ, സ്‌കെച്ച്ബുക്കുകളോ പോലുള്ള ലളിതമായ ഉപകരണങ്ങള്‍ സമ്മാനിക്കാം. അതിലൂടെ അവര്‍ പ്രകൃതിയുടെ അത്ഭുതങ്ങള്‍ കാണാന്‍ കൂടുതല്‍ ഉത്സാഹമുള്ളവരാകും. ആത്യന്തികമായി മണ്ണില്‍ കളിക്കാനും ഭൂമിയോടു സംവദിക്കാനും അവരെ അനുവദിക്കുക.

2. പൂന്തോട്ടം ക്രമീകരിക്കാന്‍ കുട്ടികളെ ഉള്‍പ്പെടുത്തുക

പൂന്തോട്ടം ക്രമീകരിക്കുന്നതില്‍ കുട്ടികളെക്കൂടെ ഉള്‍പ്പെടുത്താം. ജീവനുള്ള ചെടികളെ പരിപാലിക്കുന്നതിലൂടെ, ഓരോ ജീവനും എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന ചിന്ത അവരുടെ ഹൃദയത്തില്‍ രേഖപ്പെടുത്തപ്പെടുന്നു. ചെടികള്‍ വച്ചുപിടിപ്പിക്കാനും അവയെ പരിചരിക്കാനും അവരെ പരിശീലിപ്പിക്കുന്നതിലൂടെ, കുഞ്ഞുങ്ങളില്‍ കരുതലും ശുശ്രൂഷിക്കാനുള്ള മനസ്സും താനെ വളരും. ഓരോ കാലത്തും ചെടികള്‍ക്കുണ്ടാകുന്ന വ്യത്യാസങ്ങള്‍ നിരീക്ഷിക്കാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക. കാലാനുസൃതമായി കൈവരുന്ന മാറ്റങ്ങളെ നോക്കിക്കാണാനും ജീവിതത്തില്‍ നേരിടുന്ന വ്യത്യസ്തമായ അനുഭവങ്ങളെക്കൂടി മനസ്സിലാക്കി മുന്നോട്ടുപോകുന്നവരാകാനും കാലക്രമത്തില്‍ ഇത് കുഞ്ഞുങ്ങളെ സഹായിക്കും.

3. ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തെ പ്രോത്സാഹിപ്പിക്കുക

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനെ ആസ്വദിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. ഇതുവഴി മാനസികസംഘര്‍ഷങ്ങളെ ലഘൂകരിക്കാനുള്ള കലയാണ് നാം അവരെ പരിശീലിപ്പിക്കുന്നത് എന്ന് മറക്കാതിരിക്കാം. വീണുകിടക്കുന്ന ഇലകളുടെ പ്രത്യേകതകളും മരച്ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ മനോഹാരിതയും തുടങ്ങി ചെറിയചെറിയ വലിയ കാര്യങ്ങള്‍ കുഞ്ഞുങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിലൂടെ പ്രകൃതിയെ മനോഹരമായി സൃഷ്ടിച്ച ദൈവത്തെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്.

4. പ്രകൃതികേന്ദ്രീകൃതമായ നല്ല ശീലങ്ങള്‍ രൂപീകരിക്കുക

വീടിനോടുചേര്‍ന്ന് ഒരു പൂന്തോട്ടമോ, പച്ചക്കറിത്തോട്ടമോ ക്രമീകരിക്കുകയും കുഞ്ഞുങ്ങളെ അതിന്റെ ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്യാം. അവയുടെ ഫലങ്ങള്‍ ശേഖരിക്കാനും അവയ്ക്ക് വെള്ളമൊഴിക്കാനും കുട്ടികളെ ചുമതലപ്പെടുത്തുന്നതിലൂടെ അവര്‍ ഉത്തരവാദിത്വമുള്ളവരും ഒപ്പം പ്രകൃതിയെ സ്‌നേഹിക്കുന്നവരുമാകും. വിനോദയാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ പ്രകൃതിരമണീയമായ ഇടങ്ങളെ ഉള്‍പ്പെടുത്താം. പഠനവുമായി ബന്ധപ്പെട്ട ഹൈക്കിംഗ്, ക്യാമ്പിംഗ് യാത്രകള്‍ക്ക് കുട്ടികളെ അനുവദിക്കാം.

5. പ്രകൃതി എന്ന അത്ഭുതലോകത്തെ കണ്ടെത്താന്‍ സഹായിക്കുക

അത്ഭുതങ്ങളുടെ ഒരു കലവറയാണ് പ്രകൃതി. പലപ്പോഴും കുട്ടികളാണ് അവയെ ആസ്വദിക്കുന്നത്. നിരവധി സംശയങ്ങളുമായി മാതാപിതാക്കള്‍ക്കരികിലെത്തുന്ന കുട്ടികളെ, തിരക്കുകളിലും മറ്റ് ഉത്തരവാദിത്വങ്ങളിലുംപെട്ട് മാതാപിതാക്കള്‍ ഒഴിവാക്കുകയാണ് പതിവ്.
‘എന്തുകൊണ്ടാണ് ഇലകളുടെ നിറം മാറുന്നത്’, ‘എല്ലാ പക്ഷികളും എവിടെപ്പോയി’ തുടങ്ങി അവരുടെ ചെറിയ ചെറിയ സംശയങ്ങള്‍ക്ക് ഉത്തരംനല്‍കാന്‍ ഒരുപക്ഷേ, മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന നിരവധി ഡോക്യുമെന്ററികളും പുസ്തകങ്ങളും ഇന്ന് ലഭ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് അവ ലഭ്യമാക്കുന്നതിലൂടെ പ്രകൃതി എന്ന അത്ഭുതലോകത്തെ കണ്ടെത്താന്‍ അവരെ നമ്മള്‍ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുമൊക്കെയുള്ള പുതിയ അറിവുകള്‍ ഇതുവഴി കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകുന്നു.

പ്രകൃതിയെ സ്‌നേഹിക്കാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിലൂടെ മണ്ണിനെയും മനുഷ്യനെയും സഹജീവികളെയും ആദരിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ കുഞ്ഞുങ്ങളിലൂടെ നമുക്ക് സാധ്യമാകും.

 

Related Articles