ഇത്തവണ എങ്ങനെ മെറി ക്രിസ്മസ് ആശംസിക്കും? അവിടുന്നു പിറന്ന നാട്ടില്‍നിന്നുതന്നെ മനുഷ്യരുടെ നിലയ്ക്കാത്ത നിലവിളികള്‍ ഉയരുമ്പോള്‍…! പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ചോരയും കണ്ണീരും ഇതുപോലെ ഒഴുകുമ്പോള്‍…! ‘റാമായില്‍ നിന്ന് ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും… റാഹേല്‍ തന്റെ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു’ (മത്തായി 2:18). ക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് കൊല്ലപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ അതിനും 600 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ജെറമിയയുടെ ഒരു പ്രവചനം പൂര്‍ത്തിയായതായി സുവിശേഷകന്‍ കണ്ടെത്തുന്നു. ഇപ്പോള്‍ 2000 വര്‍ഷങ്ങള്‍ക്കിപ്പുറമായിട്ടും ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. സന്താനങ്ങള്‍ നഷ്ടപ്പെട്ട അമ്മമാരുടെയും അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെയും ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെയും നിലവിളികള്‍ അവിടെ ഉയരുന്നു. ഒപ്പം മാരകമായി മുറിവേറ്റവരുടെയും അവയവങ്ങള്‍ നഷ്ടപ്പെട്ടവരുടെയും ദയനീയവിലാപങ്ങള്‍… എല്ലാ നിലവിളികളും ചേര്‍ന്ന് വിശുദ്ധനാട് ഒരു കൂട്ടനിലവിളിയുടെ ഇടമായി മാറിയിരിക്കുന്നു. അവശേഷിക്കുന്നവര്‍ മരണഭയത്തിന്റെ നെഞ്ചിടിപ്പോടെ ജീവിക്കുന്നു. ഒന്നും ചെയ്യാനാകാതെ ലോകജനത നിസ്സഹായരായി നില്ക്കുന്നു.
ഇസ്രായേലും പാലസ്തീന്‍ തീവ്രവാദസംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടത്തിനിടെ ഒരു മാസത്തിനകം പതിനായിരത്തിലധികം മനുഷ്യര്‍ ഇരുവശത്തുമായി കൊല്ലപ്പെട്ടിരിക്കുന്നു. അതില്‍ത്തന്നെ നാലായിരത്തിലധികം കുഞ്ഞുങ്ങളും രണ്ടായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടുന്നു. ഔദ്യോഗിക കണക്ക് അങ്ങനെയാണെങ്കിലും മരണസംഖ്യ അതിലുമെത്രയോ കൂടുതലാണെന്നു നമുക്കറിയാം.
ഇപ്പോഴും പൊരിഞ്ഞ യുദ്ധം നടക്കുന്നതിനാല്‍ മരണസംഖ്യയും നാശനഷ്ടങ്ങളും ഇനിയുമെത്രയോ കൂടുതലാകും.
ലോകത്തുനടന്നിട്ടുള്ള ഹീനമായ യുദ്ധങ്ങളിലൊന്നാണിത്.യുദ്ധനീതിപോലും പാലിക്കപ്പെടാത്ത യുദ്ധം. കാരണമായി ഇരുകൂട്ടര്‍ക്കുമുണ്ടാകും അവരവരുടെ ന്യായങ്ങള്‍. അതിനാല്‍ ആരുടെയും പക്ഷത്തു നില്ക്കുന്നില്ല. പകരം മനുഷ്യന്റെ പക്ഷത്തുനില്ക്കുന്നു. അവരുടെ നഷ്ടങ്ങള്‍ അളക്കാനോ തിട്ടപ്പെടുത്താനോ കഴിയുന്നതല്ല. അവ തിരികെ നല്കാന്‍ ആര്‍ക്കു കഴിയും? എന്തു കാരണവുമാകട്ടെ, യുദ്ധം ഒരു പരിഹാരമല്ല. അതൊരു പ്രകോപനമാണ്. ഒരു കൂട്ടര്‍ ഒരു തിരുനാളിന്റെ ആനന്ദത്തില്‍ മുഴുകിയിരിക്കുമ്പോള്‍ വേറൊരു കൂട്ടര്‍ അപ്രതീക്ഷിതമായി അവരെ ആക്രമിക്കുന്നു. അതുണ്ടാക്കിയ പ്രകോപനത്തില്‍ തങ്ങളെ ആക്രമിച്ചവരെ മാത്രമല്ല, അവര്‍ വസിക്കുന്ന നാടിനെയും നാട്ടുകാരെയും ഒന്നടങ്കം നശിപ്പിക്കാന്‍ മറ്റേ കൂട്ടര്‍ തീരുമാനിക്കുന്നു. അതൊരു വലിയ യുദ്ധത്തിനു പ്രേരണയായി. ഇപ്പോഴത് കുട്ടികള്‍ക്കെതിരെയുള്ള യുദ്ധംപോലെ തോന്നിപ്പിക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഏതാണ്ട് പകുതിയോടടുത്ത് ലോകമെന്തെന്നോ യുദ്ധമെന്തെന്നോ അറിയാത്ത പിഞ്ചുപൈതങ്ങളാണ്. ഓരോ കുഞ്ഞും
അനന്തമില്ലാത്ത ഒരു തലമുറയുടെ പ്രതീകമാണ്. അപ്പോള്‍ ഇല്ലാതായത് എത്രയോ തലമുറകളായിരിക്കും! അവശേഷിക്കുന്നവരെ യുദ്ധകാഴ്ചകള്‍ ഏല്പിച്ച ആഘാതം ജീവിതാന്ത്യത്തോളം വേട്ടയാടിക്കൊണ്ടിരിക്കും. അവരുടെ മനസ്സിനേറ്റ മുറിവുകള്‍
ഉണക്കാന്‍ കാലത്തിനുപോലും കഴിയില്ല. (കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഭയപ്പെടുത്തുന്നവിധം വര്‍ദ്ധിച്ചു വരികയാണ്. നമ്മുടെനാട്ടില്‍ പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയ്യായിരത്തോളം കേസുകളുണ്ടെന്നുള്ളതും മറക്കുന്നില്ല.)
ഇക്കഴിഞ്ഞ നവംബര്‍ ആറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 7500 ഓളം കുട്ടികളുമായി ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍വച്ച് കൂടിക്കാഴ്ചനടത്തി. അക്കൂട്ടത്തില്‍ യുദ്ധംനടന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ കുട്ടികളും ഉണ്ടായിരുന്നു. അവര്‍ക്കു പാപ്പയോടു പറയാനുണ്ടായിരുന്നത് സമാധാനത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. അവരില്‍ പലസ്തീനയില്‍ നിന്നുള്ള റാണിയ
എന്ന കുട്ടിയുടെ ആശങ്ക ഇതായിരുന്നു – സമാധാനം തിരികെവരില്ലേ? അതവളുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ആശങ്കയാണ്.
യുദ്ധമെന്നു കേള്‍ക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ആയുധപോരാട്ടം മാത്രമായിരിക്കാം നമ്മുടെ മനസ്സില്‍. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ അതിനെ കാണണം. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ യുദ്ധസമാനമായിമാറുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. എന്തിനേറെ, കുടുംബത്തിനകത്തു നടക്കുന്ന തര്‍ക്കങ്ങളും വഴക്കുകളുമൊക്കെ യുദ്ധത്തിന്റെ ചെറിയ
പതിപ്പുകള്‍തന്നെ. ഇവിടെയെല്ലാം സമാധാനത്തിനുവേണ്ടി കൊതിക്കുന്ന നിസ്സഹായ ജീവിതങ്ങള്‍ ഒരുപാടുണ്ടാകും. വീട്ടില്‍ നടക്കുന്ന ഒരു കലഹത്തിനിടയില്‍ അവിടെയുള്ള കുഞ്ഞുങ്ങളുടെയോ രോഗികളുടെയോ മുഖത്തൊന്നു നോക്കിയാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു പക്ഷത്തിന്റെ സ്വാര്‍ത്ഥതയോ അനീതിയോ ആണ് ഏതൊരു കലാപത്തിനും പ്രേരണ. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതി അവിടെ നടമാടുന്നു. കൂടുതല്‍ കരുത്തുള്ളയാള്‍ അവിടെ വിജയിക്കുന്നു. എന്നാല്‍, ആ ജയം വെറും തോന്നല്‍ മാത്രമാണ്. ഇരുകൂട്ടരും തോല്ക്കുന്ന കളികളാണ് യുദ്ധംമുതല്‍ തര്‍ക്കംവരെയുള്ള ഏതൊരു ഏറ്റുമുട്ടലുകളും. ഒടുവില്‍ ഇരുവരും നഷ്ടത്തിന്റെ കഥകളുമായി പിരിയുന്നു.
ഒരു യുദ്ധത്തിന് നമ്മള്‍ കൊടുക്കേണ്ടിവരുന്ന വില എത്ര വലുതാണെന്ന് യുദ്ധത്തിനുശേഷം മാത്രമേ തിരിച്ചറിയുകയുള്ളൂ. യുദ്ധം അവസാനിക്കുമ്പോഴേക്ക് തിരികെ പിടിക്കാനാവാത്തവിധം എത്രയോ കാര്യങ്ങള്‍ കൈവിട്ടുപോയിക്കാണും. യുദ്ധത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളെല്ലാം വീട്ടുവഴക്കില്‍പ്പോലും ബാധകമാണെന്നോര്‍ക്കുക. ഒരു വഴക്കില്‍ നമ്മിലെ തിന്മകള്‍ എത്ര എളുപ്പത്തിലാണ് പുറത്തേക്കുവരുന്നത്. ആ പ്രകോപനത്തിനിടെ നമ്മള്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ നമ്മള്‍ പറയുകയോ ചെയ്യുകയോ ചെയ്‌തേക്കാം.
സമാധാനമാണ് ക്രിസ്മസിന് സ്വര്‍ഗം ഭൂമിക്കു നല്കുന്ന ആശംസ. അതു പക്ഷേ, നല്ല മനസ്സുള്ളവര്‍ക്കാണെന്ന് പ്രത്യേകം പറയുന്നു. നിങ്ങള്‍ക്കു താത്പര്യമില്ലത്തൊരാള്‍ അബദ്ധത്തില്‍ നിങ്ങള്‍ മുറിയിലുണ്ടെന്നോര്‍ക്കാതെ കതകടച്ചുപേയി എന്നു വിചാരിക്കുക. അയാളുടെ നിരപരാധിത്വം അംഗീകരിക്കാന്‍ കഴിയുമോ എന്നതാണ് നിങ്ങളുടെ മനസ്സിന്റെ നന്മ വെളിവാക്കുന്നത്. ഇല്ലെങ്കില്‍ വലിയൊരു
വഴക്കിലേക്കെത്താനും അതുമതി.
മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്തണമെന്നു വിചാരിക്കുന്ന മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലെല്ലാം അസമാധാനത്തിന്റെ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നുണ്ട്. ഒറ്റയൊരാള്‍പോലും മതിയാവുമതിന്. മാനവരാശിക്കു മുഴുവനുമുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയെന്നാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് സ്വര്‍ഗം നല്കിയ അറിയിപ്പ്. എന്നാല്‍, അതുകേട്ട് ദേശത്തെ രാജാവിനു തോന്നുന്നു, ഞാനല്ലാതെ ഇവിടെ വേറെ ഒരു രാജാവോ? അതുപാടില്ല. അയാള്‍ അസ്വസ്ഥനാകുന്നു. അവനോടൊപ്പം ജെറുസലെം മുഴുവനും എന്ന് സുവിശേഷകന്‍ പ്രത്യേകം രേഖപ്പെടുത്തുന്നു. എന്തിനകത്തും തിന്മമാത്രം കാണുന്ന മനുഷ്യരും അസമാധാനം വിതയ്ക്കുന്നവരാണ്. ആരും നിരൂപിക്കാത്ത കാര്യങ്ങളായിരിക്കും ഓരോന്നിനും അവര്‍ കണ്ടെത്തുന്ന വ്യാഖ്യാനങ്ങള്‍.
അപ്പോള്‍ സമാധാനം തിരികെ വരില്ലേ? വരും. തീര്‍ച്ചയായും. കാരണം അതകലെയല്ല, നമ്മില്‍ത്തന്നെയാണ്. ഒന്നു മനസ്സുവച്ചാല്‍മതി. ഓരോരുത്തരും മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവച്ചുകൊടുത്ത് പരസ്പരം ആദരിക്കാനും സ്‌നേഹിക്കാനും തയ്യാറാവുകയേ വേണ്ടൂ. ഒരു സാഹോദര്യബോധം വളര്‍ത്തിയെടുക്കുക. അപ്പോള്‍ ആയുധങ്ങള്‍ തനിയെ താഴെവീഴും.
സമാധാനത്തിന്റെ രാജാവായ ക്രിസ്തു നമ്മുടെ ഹൃദയങ്ങളെ നിയന്ത്രിക്കുമ്പോള്‍ മാത്രമേ ശാശ്വതമായ ശാന്തി ഇവിടെ പുലരുകയുള്ളൂ. അപ്പോള്‍ സംഭവിക്കാനിരിക്കുന്ന സുന്ദരമായൊരു ലോകത്തെക്കുറിച്ച് ഏശയ്യാ പ്രവചിക്കുന്നു. അവിടെ ‘ചെന്നായും
ആട്ടിന്‍കുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍ കുട്ടിയോടുകൂടി കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചുമേയും’… ഇരുകൂട്ടരെയും ഒന്നിപ്പിക്കുന്നതും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്യുന്നത് അവനാണ്. അപ്പോള്‍ അവിടുത്തെ ഈ സ്വപനം നിറവേറും. ‘എന്റെ വിശുദ്ധ ഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും’ (ഏശ. 11:6-9). അവസാനത്തെ വരിയാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ദൈവജ്ഞാനമുള്ളവര്‍ക്കിടയില്‍ എന്തു ശത്രുത?
ക്രിസ്മസ്! പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന ദിനങ്ങള്‍. നമുക്കു നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം. അതിനു കഴിഞ്ഞില്ലെങ്കില്‍ നമ്മളെന്തിനാണിവിടെ…?
ഡിസംബർ 2023

സി. ശോഭ CSN




