Tuesday, June 23, 2026

നിങ്ങൾ നല്ല രക്ഷിതാവാണോ

2021 ഏപ്രിൽ 

പല മാതാപിതാക്കളെയും അലട്ടുന്ന ഒരു ചിന്തയാണ് ഞാന്‍ എന്റെ കുട്ടികളുടെ നല്ല ഒരു രക്ഷിതാവാണോ എന്നത്. ഈ ഏഴു കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ നിങ്ങള്‍ക്കതിനുള്ള ഉത്തരം ലഭിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

1. നിങ്ങളുടെ കുട്ടി തന്റെ വികാരങ്ങള്‍ നിങ്ങളുടെ മുമ്പില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നു

സന്തോഷമോ സങ്കടമോ എന്തുമാകട്ടെ, നിങ്ങളുടെ കുട്ടി അത് നിങ്ങള്‍ക്കു മുമ്പില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ കുട്ടി നിങ്ങളില്‍ ഒരു സുരക്ഷിതബോധം അനുഭവിക്കുന്നുണ്ട് എന്നതിന്റെ ഒന്നാംതരം തെളിവാണ്. എന്നാല്‍, കുട്ടി തന്റെ വികാരങ്ങള്‍ മാതാപിതാക്കളുടെ മുമ്പില്‍ പ്രകടിപ്പിക്കാന്‍ ധൈര്യപ്പെടുന്നില്ല എങ്കില്‍ നിങ്ങള്‍ക്കും കുട്ടിക്കുമിടയില്‍ ഒരകല്‍ച്ച രൂപപ്പെട്ടിരിക്കുന്നു എന്നറിയുക. ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ ഒരു പരാജയമാണ് എന്നതിന്റെ സൂചനയായി അതു കണക്കാക്കുക.

2. പ്രശ്‌നമുണ്ടാകുമ്പോള്‍ നിങ്ങളെ സമീപിക്കുന്നു

തനിക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ കുട്ടി ആദ്യം നിങ്ങളുടെ അടുത്തേക്കാണ് ഓടിയെത്തുന്നതെങ്കില്‍ അത് നിങ്ങള്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്. കുട്ടിക്ക് എന്തു പ്രശ്‌നമുണ്ടായാലും നിങ്ങള്‍ ഒപ്പമുണ്ടാകും എന്നൊരു ധൈര്യം കുഞ്ഞിനു കൊടുക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ആ സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് പ്രശ്‌നം കേള്‍ക്കുക. ഒരു കുഞ്ഞു കാര്യമായിരിക്കാം അത്. പക്ഷേ, കുട്ടിയെ അതിന്റെ പേരില്‍ കളിയാക്കുകയോ താഴ്ത്തിക്കെട്ടുകയോ അരുത്. കുഞ്ഞിനെ സംബന്ധിച്ച് അത് ഒരു വലിയ പ്രശ്‌നംതന്നെയാണ്.

3. നിങ്ങളുടെ പ്രതികരണത്തെ ഭയപ്പെടാതെ കുട്ടി തന്റെ ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു

ഒരു പേടിയും കൂടാതെ നിങ്ങളുടെ കുട്ടി തന്റെ ചിന്തകള്‍ നിങ്ങളോടു തുറന്നുപറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കഭിമാനിക്കാം. കാരണം തന്റെ മാതാപിതാക്കള്‍ തന്നെ അംഗീകരിക്കുന്നു എന്ന ഒരു ഉറപ്പ് കുട്ടിക്കു ലഭിച്ചിരിക്കുന്നു. ചില മാതാപിതാക്കള്‍ തങ്ങളുടെ മോശം പ്രതികരണങ്ങളിലൂടെ കുട്ടിയുമായുള്ള ആശയവിനിമയത്തെ എന്നേക്കും തടസ്സപ്പെടുത്താറുണ്ട്. മാതാപിതാക്കള്‍ക്ക് തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും തന്നെ ഇഷ്ടമില്ല എന്ന തോന്നലുമാണ് ഈ മോശം പ്രതികരണങ്ങള്‍ കുട്ടിക്ക് നല്കുന്നത്. അങ്ങനെ നിങ്ങള്‍ക്കും കുട്ടിക്കുമിടയില്‍ അറിയാതെ ഒരു മതില്‍ രൂപപ്പെടുന്നു.

4. കുറ്റപ്പെടുത്താതെ തിരുത്താന്‍ കഴിയുന്നു

നല്ല മാതാപിതാക്കള്‍ക്കറിയാം കുറ്റപ്പെടുത്താതെ എങ്ങനെ തിരുത്തണമെന്ന് നീ ചീത്തക്കുട്ടിയാണ്, മടിയനാണ്, കൊതിയനാണ് എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ അവര്‍ കുട്ടിയെക്കുറിച്ച് നടത്തുകയില്ല. കുട്ടി ചെയ്തത് ശരിയല്ല എന്ന് ബോധ്യപ്പെടുത്താന്‍ വേറെ എത്രയോ നല്ല മാര്‍ഗങ്ങള്‍ ഉണ്ട്. നീ ചീത്തയാണ് എന്നല്ല, നീ ചെയ്ത കാര്യം ശരിയല്ല എന്നാണ് കുട്ടിക്ക് മനസ്സിലാക്കി കൊടുക്കേണ്ടത്.

5. കുട്ടിക്കു താത്പര്യമുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു

കുട്ടി ഒരുപക്ഷേ, നിങ്ങളില്‍നിന്നു വ്യത്യസ്തമായ ചില താല്‍പര്യങ്ങള്‍ കാണിച്ചേക്കാം. ഒരു കുട്ടിക്ക് തന്റെ താല്‍പര്യങ്ങള്‍ക്കിണങ്ങിയ മട്ടില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് മാതാപിതാക്കള്‍ക്കു കുടി താല്‍പര്യമുള്ള കാര്യമായിരിക്കാം. ചിലപ്പോള്‍ അങ്ങനെയാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ചില മാതാപിതാക്കള്‍ കുട്ടിയെ തങ്ങളുടെ ആഗ്രഹം പിന്തുടരാന്‍ നിര്‍ബന്ധിക്കാറുണ്ട്. തങ്ങളുടെ നിറവേറപ്പെടാത്ത ആഗ്രഹങ്ങളും സ്വപ്നങ്ങളും കുട്ടിയിലൂടെ നിറവേറ്റാന്‍ ആഗ്രഹിക്കുന്നവരാണവര്‍. ഇതു പക്ഷേ, കുട്ടിയുടെ തനിമയെ നശിപ്പിക്കുകയും തങ്ങള്‍ ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്താന്‍ അവര്‍ക്കു കഴിയാതെ പോവുകയും ചെയ്യും.

6. സുരക്ഷിതമായ ഒരു നിയന്ത്രണത്തില്‍ നിര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയുന്നു

കുട്ടിയെ സ്‌നേഹിക്കുമ്പോഴും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ സുരക്ഷിതമായ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു നല്ല മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു. ഒരുപക്ഷേ, ഇത്തരം നിയന്ത്രണങ്ങള്‍ കുട്ടി ഇഷ്ടപ്പെട്ടെന്നു വരില്ല. എന്നിരുന്നാലും അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവരുത്. അതുമായി പൊരുത്തപ്പെടാന്‍തന്നെ കുട്ടിയെ പരിശീലിപ്പിക്കുക. പതിയെ കുട്ടി അതിനോട് ഇണങ്ങിക്കൊള്ളും. മദ്യം വിളമ്പുന്ന വിരുന്നുകളില്‍ പങ്കെടുക്കാന്‍ കൗമാരക്കാരായ കുട്ടികളെ ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.

7. നിങ്ങള്‍ നിങ്ങളുടെ കുറവുകള്‍ ആദ്യം തിരുത്താന്‍ ശ്രമിക്കുന്നു

നിങ്ങള്‍ കുഞ്ഞിന്റെ ഒരു ദുശ്ശീലം ഒഴിവാക്കാന്‍ ഉപദേശിക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് അങ്ങനെയൊരു ദുശ്ശീലം ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മദ്യപിക്കുന്ന ഒരു രക്ഷിതാവിന് മദ്യപാനം തെറ്റാണെന്ന് മകനെ ഉപദേശിക്കാനാവില്ലല്ലോ. അടുക്കും ചിട്ടയുമില്ലാത്ത ഒരമ്മയ്ക്ക് കുട്ടിയോട് സാധനങ്ങള്‍ യഥാസ്ഥാനത്തു വയ്ക്കണമെന്നു നിര്‍ദ്ദേശിക്കാനാവുമോ?.

 

 

Related Articles