Friday, March 6, 2026

കന്യാസ്ത്രീ മഠത്തില്‍ ഒരു രാത്രി

‘കന്യാസ്ത്രീ മഠത്തില്‍ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവത്തിലേക്ക്…’

ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ആ യാത്ര. ഇല്ലാത്ത പണമുണ്ടാക്കി ബിരുദാനന്തര ബിരുദമെടുക്കാനാണ് ജര്‍മ്മനിയിലേക്ക് യാത്രതിരിച്ചത്, പഠനം കഴിഞ്ഞ് എങ്ങനേലും പിടിച്ചുനിന്ന് വീടൊന്നു കരയ്ക്കുകയറ്റാന്‍ വേണ്ടിമാത്രമാണ്…! ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. നാട്ടിലെ കൂട്ടുകാരന്റെ പരിചയക്കാരന്‍ എയര്‍പോര്‍ട്ടില്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടു വലിയ പെട്ടികളും ഒരു കാബിന്‍ ബാഗും ഒരു ഹാന്‍ഡ് ലഗേജുമുണ്ട്. തൂക്കം കൂടിയതുകൊണ്ട് രണ്ടുമൂന്നു ഷര്‍ട്ട്‌ ദേഹത്തുമുണ്ട്. എല്ലാംകൂടി താങ്ങാന്‍ പറ്റാത്തതുകൊണ്ട് ഹാന്‍ഡ് ബാഗെടുത്ത് ക്യാബിന്‍ ബാഗില്‍ വച്ചു. കൂടെ പാസ്സ്പോര്‍ട്ടും മൊബൈലുമെല്ലാം. ഇനി ട്രോളി എടുക്കണം. അതിനായി മുന്‍പോട്ട് നീങ്ങി. ട്രോളി എടുക്കാന്‍ 50 പൈസ (യൂറോപ്യന്‍ നാണയം) വേണമെന്ന് എഴുതിവച്ചിരിക്കുന്നു. അതെടുക്കാന്‍ ഒന്നു തിരിഞ്ഞതാണ്, ക്യാബിന്‍ ബാഗ് കാണുന്നില്ല. നെഞ്ചില്‍ വെള്ളിടി വെട്ടിയ അവസ്ഥയായി! മറ്റു രണ്ടു ബാഗുകളും എടുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറെ ഓടി. കുറെ പേരോടൊക്കെ ചോദിച്ചു. മനസ്സാകെ മരവിച്ച പോലെയായിരുന്നു! തപ്പിപ്പിടിച്ച് എയര്‍പോര്‍ട്ട് പൊലീസ് കൗണ്ടറില്‍ എത്തി… ഇതൊക്കെ സ്വയം നോക്കണ്ടേ എന്നായിരുന്നു ആദ്യ മറുപടി… കംപ്ലൈയ്ന്റ് എഴുതിക്കൊടുത്തു… വിലാസം പോയിട്ട് ഡോക്യുമെന്റ് നമ്പറും മൊബൈലും ഒന്നുമില്ല…കുറച്ചറിയാവുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊക്കെ പുറത്തുചാടാന്‍ എന്തൊക്കെയോ പ്രയാസം ഉള്ളതുപോലെ… ഫോണും പാസ്സ്‌പോര്‍ട്ടും ബാഗിനകത്ത് വച്ച എന്റെ മണ്ടത്തരത്തെപ്പറ്റി പരസ്പരം പറഞ്ഞും ദേഷ്യപ്പെട്ടും അവര്‍ എന്തൊക്കെയോ കമ്പ്യൂട്ടറില്‍ നോക്കുന്നുണ്ട്. ഒന്നുമിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയായി എനിക്ക്…! പെട്ടെന്ന് പിറകില്‍ നിന്ന് കേട്ട സ്ത്രീ ശബ്ദത്തിനു നന്നേ പ്രായം തോന്നി… ഒരു കന്യാസ്ത്രീയാണ്. കയ്യില്‍ താങ്ങുവടിയും പിടിച്ച് പാര്‍ക്കിങ്ങ്  സ്ഥലത്തേക്ക് പോകാനുള്ള വീല്‍ചെയറും കാത്തുള്ളനില്‍പ്പാണ്. മലയാളിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. പക്ഷേ, നിഷ്പ്രയാസത്തോടെ ജര്‍മ്മന്‍ സംസാരിക്കുന്നതു കാണുമ്പോള്‍ ചെറിയ സംശയവുമുണ്ട്.

‘മോന്റെ പേരെന്താ? നാട്ടിലെവിടെയാ?’…
‘വിവേക്, നാട്ടില് തൃപ്പൂണിത്തുറ ആണ് എറണാകുളത്ത്…’
എന്താണ്‌ നടന്നതെന്നൊക്കെ ആ വൃദ്ധ വിശദമായി ചോദിച്ചു മനസ്സിലാക്കി. സംഭവിച്ചതൊക്കെ വ്യക്തമായി പറഞ്ഞുകൊടുത്തു. പിന്നെ പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിപറഞ്ഞത് അവരാണ്…വിറയ്ക്കുന്ന വലതു കൈകൊണ്ട് എന്തൊക്കെയോ എഴുതിക്കൊടുക്കുന്നതും കണ്ടു…
‘ഞാന്‍ ഞങ്ങളുടെ മഠത്തിന്റെ അഡ്രസ്സും ഫോണ്‍നമ്പറും കൊടുത്തിട്ടുണ്ട്. വിവരമെന്തെങ്കിലും കിട്ടിയാല്‍ അവര് നമ്മളെ വിളിക്കും… മോന്‍ പേടിക്കണ്ട, ഇനിയിപ്പൊ ഇവിടെ ഒന്നും ചെയ്യാനില്ല… മോന്‍ ഞങ്ങളുടെ കൂടെപ്പോരേ, വീട്ടിലെത്തിയിട്ട് നാട്ടിലോട്ടു വിളിച്ച് അഡ്രസ്സ് ഒക്കെ ചോദിക്കാം… ‘ മനസ്സാകെ അങ്കലാപ്പിലായി… ഞാനെന്തിന് ഇവരുടെ കൂടെപ്പോണം? പോരാത്തതിന് ഞാന്‍ ഒരു ക്രിസ്ത്യാനി ഒന്നുമല്ലല്ലോ. ചിലപ്പോഴൊക്കെ ടിവി വച്ചിരുന്ന് അച്ഛന്‍ പറയു
ന്നത് കേള്‍ക്കാം
‘കണ്ടില്ലേ ഈ കന്യാസ്ത്രീകളും അച്ചന്മാരുമൊക്കെ കള്ള ജാതികളാണ്…’കഴിഞ്ഞതവണ വഞ്ചി സ്‌ക്വയറില്‍ സമരം നടന്നപ്പോള്‍ അതുകാണാന്‍ കൂട്ടുകാരുടെ കൂടെ പോയത് മനസ്സിലോര്‍ത്തു… അന്നും കുറെ കുറ്റം പറഞ്ഞതാണ്… വെറുതെ ജീവിതം പാഴാക്കുന്ന ജന്തുക്കള്‍… ഗവണ്മെന്റ് സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഇവറ്റകളോട്‌ ദേഷ്യമാണ്. കാരണം എല്ലാ മത്സരങ്ങള്‍ക്കും ഈ തല മൂടിവച്ച പെണ്ണുങ്ങള്‍ കൊണ്ടുവരുന്ന കുട്ടികള്‍ക്കായിരിക്കും ഒന്നാം സമ്മാനം… പാന്റ്‌സിന് ഇറക്കം കൂടിയതിനും കുറഞ്ഞതിനും ക്ലാസില്‍ പോകാത്തതിനും ഒക്കെ പുറത്തു നിര്‍ത്താറുണ്ടെന്ന് ഇവറ്റകളുടെ സ്‌കൂളില്‍ പഠിക്കുന്ന കൂട്ടുകാര്‍ പറയാറുണ്ട്…!

വീല്‍ചെയര്‍ വന്നു… ‘വാ മോനേ, നമുക്ക് പോകാം.’ ഒന്നും തിരിച്ചുപറയാന്‍ തോന്നിയില്ല, എന്തോ അവരുടെ കൂടെ പോകാന്‍ തോന്നി. കാറുമായി വന്നിരിക്കുന്നതും രണ്ടു ജര്‍മ്മന്‍ കന്യാസ്ത്രീകളാണ്… അപ്പൊ മലയാളികള്‍ മാത്രമല്ല ഈ പണിക്ക് ഇറങ്ങുന്നത് അല്ലെ എന്ന് മനസ്സില്‍ ഓര്‍ത്തു… അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു… സഹതാപത്തോടെ നോക്കി എന്തൊക്കെയോ പറഞ്ഞു… അവര്‍ തന്നെയാണ് ലഗേജ് മുഴുവന്‍ കാറില്‍ കയറ്റിയതും..!

യാത്ര തുടങ്ങി… ‘ഞാന്‍ സിസ്റ്റര്‍ ഇസിദോര്‍’ അവര്‍ സ്വയം പരിചയപ്പെടുത്തി.. അതൊരു പേരാണെന്ന് പോലും മനസ്സിലായത് വളരെ വൈകിയാണ്. എനിക്ക് മനസ്സിലായില്ല എന്ന് തോന്നിയപ്പോള്‍ അവര്‍ പറഞ്ഞു
‘മനസ്സിലായില്ല അല്ലെ, ത്രേസ്യാമ്മ സിസ്റ്റര്‍ എന്ന് വിളിച്ചാലും മതി..! ഇസി
ദോര്‍ എന്നത് സിസ്റ്ററായപ്പോ മാറ്റിയ പേരാണ്… ഇവിടെ വന്നിട്ട് ഇന്നേക്ക് 60 വര്‍ഷമാകും…’ എന്റെ വയസ്സിന്റെ ഇരട്ടിനോക്കിയാലും അത്ര വരില്ലെന്ന് ഓര്‍ത്തു… സംസാരത്തിനിടയില്‍ സ്ഥലമെത്തിയതറിഞ്ഞില്ല. കാര്‍ വലിയ ഒരു മതില്‍കെട്ടിനുള്ളില്‍ കയറി. കാറിന്റെ സ്വരം കേട്ട് കുറച്ചു കന്യാസ്ത്രീകള്‍ മുന്നോട്ട് വന്നു. എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതോടൊപ്പം ഉണ്ടായതൊക്കെ വിവരിച്ചു. ത്രേസ്യാമ്മ സിസ്റ്ററിനു കൊണ്ടുവന്ന പൂവ് എനിക്ക് തന്നു ഒരു ജര്‍മ്മന്‍ സിസ്റ്റര്‍. ‘ഇത് സി. ഫ്ളാവിയ, ഞങ്ങളുടെ സുപ്പീരിയര്‍ ആണ്’  Herzliche welcommen…. ജര്‍മ്മന്‍ ഭാഷയില്‍ അവരെന്നെ സ്വാഗതം ചെയ്തു…!

കൂട്ടത്തില്‍ വേറെയും കുറെ മലയാളി കന്യാസ്ത്രീകളെ കണ്ടു. പക്ഷേ പേരുകളെല്ലാം ഇംഗ്ലീഷ് സിനിമകളില്‍ കേള്‍ക്കുന്ന പോലാണ്…!
‘അവനു വിശക്കുന്നുണ്ടാകും. വല്ലതും കഴിക്കാന്‍ കൊടുക്ക്’ ത്രേസ്യാമ്മ സിസ്റ്റര്‍ പറഞ്ഞു.ഞാന്‍ അപ്പോഴും ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അങ്കലാപ്പിലാണെന്ന് മനസ്സിലാക്കിയ ത്രേസ്യാമ്മ സിസ്റ്റര്‍ പറഞ്ഞു:
‘മോനേ ഇതാ ഫോണ്‍…വീട്ടിലേക്ക് വിളി. സുഖമായി എത്തിയെന്നു പറഞ്ഞാമതി. അല്ലേല്‍ അച്ഛനും അമ്മയ്ക്കും വിഷമാവും.’
വീട്ടിലേക്ക് വിളിച്ചു. അനിയത്തിയോട് സൂത്രത്തില്‍ പാസ്
പോര്‍ട്ട് നമ്പറും പരിചയക്കാരന്റെ നമ്പറും ചോദിച്ചുവാങ്ങി… എല്ലാം കിട്ടിക്കഴിഞ്ഞപ്പോ മനസ്സിന് ചെറിയ ആശ്വാസമായി.
‘വിഷമിക്കണ്ട ദൈവം എല്ലാം നല്ലതിനേ വരുത്തൂ… അത് മോന് തിരിച്ചുകിട്ടും.’ കാണുന്ന സിസ്റ്റേഴ്‌സ് എല്ലാം അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു… ഭക്ഷണം കഴിക്കാന്‍ വലിയൊരു ഊട്ടുമുറിയിലേക്ക് കൊണ്ടുപോയി… വിശാലമായ ഇരിപ്പിടം. കത്തിയും മുള്ളും ഒക്കെ ഉണ്ട്. എനിക്കും ഒരു സ്ഥലം തന്നു.

ആദ്യമായാണ് ഒരു കന്യാസ്ത്രീ മഠത്തില്‍ കയറുന്നത്. അതും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത തരത്തില്‍… അന്ന് പത്രത്തില്‍ വാര്‍ത്ത നിറഞ്ഞ സമയത്ത് ഇങ്ങനെ ഒരിടത്തു കയറി കാണണം എന്ന് ഓര്‍ത്തിട്ടുള്ളതാണ്. മനസ്സില്‍ സര്‍വ ഈശ്വരന്മാരെയും വിളിച്ചുകൊണ്ടിരുന്നു…! ഭക്ഷണത്തിനുമുന്‍പ് അവര്‍ ചില പ്രാര്‍ഥനകള്‍ ചൊല്ലുന്നത് കണ്ടു. ശേഷം എല്ലാവരും ഇരുന്നു. പ്രായമായ ഒരു കന്യാസ്ത്രീ വലിയ കനത്തില്‍ ഉള്ള പുസ്തകമെടുത്ത്‌ വായനതുടങ്ങി… അതിനുശേഷം അവരെന്തോ പറഞ്ഞ് എല്ലാവരും ഏറ്റുചൊല്ലിയ ശേഷമാണ് അവരൊക്കെ സംസാരിക്കാന്‍ തുടങ്ങിയത്..!

അമ്മമാരുടെ സ്‌നേഹത്തോടെ ഓരോരുത്തരായി ഓരൊന്നു കൊണ്ടുവന്നു. ത്രേസ്യാമ്മ സിസ്റ്റര്‍ ഇച്ചിരി മാങ്ങാ അച്ചാറുമായി വന്നു. ‘ജര്‍മ്മന്‍ ഭക്ഷണം ഇങ്ങനെയാണ്. ഇച്ചിരി അച്ചാര്‍ കൂട്ടി കഴിച്ചോ.. ഇനി ഇതൊക്കെ ശീലമായിക്കോളും…’
ശരിക്കും സ്വന്തം വീടുപോലെ തോന്നി… എന്റെ അമ്മയുടെ പോലെ ഒരുപാട് സ്‌നേഹമുള്ള അമ്മമാരുടെ വീട്! ഭക്ഷണത്തിനിടയില്‍ കേക്ക് മുറിക്കാനായി ത്രേസ്യാമ്മയെ വിളിച്ചു. ജര്‍മ്മനിയിലെത്തിയതിന്റെ 60 വര്‍ഷത്തിന്റെ ആഘോഷമാണ്. ത്രേസ്യാമ്മ മാത്രമല്ല, അവിടെ ഉള്ള മലയാളികള്‍ ഭൂരിഭാഗവും മുപ്പത്, നാല്പത്, അമ്പത്തിമൂന്ന് അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് വന്നവരാണ്. ഭക്ഷണംകഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ താന്‍ അറുപത് വര്‍ഷം മുന്‍പ് ജര്‍മ്മനിയില്‍ വരാന്‍ നടത്തിയ കപ്പല്‍ യാത്രയെ കുറിച്ച് സിസ്റ്റര്‍ വാചാലയായി. വന്നിട്ട് 11 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നാട്ടില്‍ പോയതെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. അപ്പോളും ത്രേസ്യാമ്മ സിസ്റ്റര്‍ ചിരിക്കുകയാണ്.
‘നാട്ടില്‍ തിരിച്ചു പോകണം എന്ന് തോന്നിയിട്ടില്ലേ?, മടുപ്പല്ലേ ഇതൊക്കെ?’ അങ്ങനെ എന്റെ ഉള്ളിലെ സംശയരോഗി പതിയെ ഉണര്‍ന്നുതുടങ്ങി…
‘സ്വന്തം ഇഷ്ടത്തോടെ വന്നതല്ലേ… ആദ്യമൊക്കെ വീട്ടില്‍ നിന്നു നല്ല എതിര്‍പ്പുണ്ടായിരുന്നു. അവസാനം ഞാനും ഈശോയും ജയിച്ചു. പിന്നെ കഷ്ടപ്പാട് തോന്നിയാലും എല്ലാം ഇഷ്ടത്തോടെ ചെയ്താല്‍ മതി.’ ഞങ്ങളൊത്തിരി സംസാരിച്ചു. എന്റെ എല്ലാ കുനിഷ്ട് ചോദ്യങ്ങള്‍ക്കും ത്രേസ്യാമ്മ സിസ്റ്റര്‍ വ്യക്തമായി ഉത്തരം തന്നു.  സിനിമയിലും പുറത്തും പെരുപ്പിച്ച് വൃത്തികേടാക്കി കാണിക്കുന്നതല്ല ഇവരുടെ ജീവിതമെന്നു ബോധ്യമായി… ഒരാള്‍ ചെയ്യുന്ന തെറ്റിന് എന്തിന്ഇതുപോലുള്ള വിശുദ്ധ ജീവിതങ്ങളെ പഴിക്കണം?

നിരന്തരമായ പരിശ്രമത്തിനൊടുവില്‍ സുനിയെ ലൈനില്‍ കിട്ടി. ‘ഇവിടെനിന്നു നാലു മണിക്കൂര്‍ യാത്ര ഉണ്ട്. ഇന്നിവിടെ കിടന്ന് നാളെ യാത്രയാകാം’ ഞാന്‍ തലയാട്ടി. ‘മോന്‍ ഇനി വിശ്രമിച്ചോളൂ… ഇന്ന് ഞങ്ങളെല്ലാരും പ്രാര്‍ഥിക്കുന്നുണ്ട്. എല്ലാം ശരിയാകും… ആവശ്യമുള്ളതെല്ലാം വച്ചിട്ടുണ്ട് മുറിയില്‍, എന്തേലും വേണമെങ്കില്‍ ആ ഫോണെടുത്ത് 143 ല്‍ വിളിച്ചാമതി. യാത്ര ചെയ്തതല്ലേ കിടന്നോളൂ… ഗ്ഗുട്ടന്‍ നാഹ്റ്റ്’.

വിശാലമായ മുറിയാണ്. ടൂത്ത് പേസ്റ്റ് മുതല്‍ രാത്രി വിശന്നാല്‍ കഴിക്കാന്‍ fruits വരെ വച്ചിരിക്കുന്നു… ഇങ്ങനെയായിരുന്നൊ ഈ തല മൂടിയ പെണ്ണുങ്ങളെന്നു ഒരു നിമിഷം ഓര്‍ത്തുപോയി…! മുത്തശ്ശി പഠിപ്പിച്ച രാമനാമവും ജപിച്ചു കട്ടിലിലേക്ക് ചായുമ്പോള്‍ തലയ്ക്ക് മുകളില്‍ യേശുദേവന്റെ ഒരു രൂപം തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു… രാവിലെ വാതില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്… 9.30 മണിയായി… ചാടിയെണീറ്റ്
വാതില്‍തുറന്നു…ത്രേസ്യാമ്മസിസ്റ്ററാണ്.
‘മോനേ ഒരു ഗുഡ് ന്യൂസ് ഉണ്ട്. സ്റ്റേഷനില്‍ നിന്ന് വിളിച്ചാരുന്നു. പാസ്പോര്‍ട്ടും ഡോക്യുമെന്റ്‌സും അവര്‍ക്ക് കിട്ടിയിട്ടുണ്ട്… ആരോ കൊണ്ടുവന്ന് ഏല്പിച്ചതാണെന്ന്… ഫോണൊക്കെ പോട്ടെ. ഇനിയുംവാങ്ങാമല്ലോ…മോന്റെ പ്രാര്‍ഥന ഈശ്വരന്‍ കേട്ടുകാണണം…”
സന്തോഷവും സങ്കടവും ഒരുപോലെ വരുന്നതായിത്തോന്നി… തലേ ദിവസം അമ്മമാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞതാണ് …ഇത്രയും പെട്ടെന്ന് ഇവരുടെ പ്രാര്‍ഥന കേള്‍ക്കാന്‍ ഇവരാരാണ് എന്ന ചിന്തയായിരുന്നു മനസ്സുനിറയെ… വൈകാതെ സുനിലും എത്തിച്ചേര്‍ന്നു… പ്രഭാത ഭക്ഷണം കഴിഞ്ഞ് എന്നെ യാത്രയാക്കാന്‍ എല്ലാവരും മുന്‍വരാന്തയില്‍ വന്നുനില്‍പുണ്ടായിരുന്നു… നന്ദിപറയാനൊന്നും തോന്നിയില്ല. മനസ്സനുവദിക്കാത്ത പോലെ… ത്രേസ്യാമ്മ സിസ്റ്റര്‍ അടുത്തു വന്ന് പതിയെ ഒരു കവര്‍ കയ്യില്‍ത്തന്നു.
‘ഇത് ഞങ്ങളുടെ ചെറിയ സമ്മാനമാണ്. ഒരു പുതിയ ഫോണൊക്കെ വാങ്ങാനുള്ള കാശൊക്കെ ഇതില്‍ കാണും. അത് ഇപ്പൊ അത്യാവശ്യമാണ്…’ വേണ്ട എന്ന് പലതവണ പറഞ്ഞെങ്കിലും അവസാനം അത്‌ വാങ്ങേണ്ടിവന്നു.
‘എപ്പോ വേണമെങ്കിലും ഇങ്ങോട്ട്‌ വാരാട്ടോ’. ഒരു ജര്‍മ്മന്‍ സിസ്റ്ററുടെ വാക്കുകള്‍ ത്രേസ്യാമ്മ സിസ്റ്റര്‍ തര്‍ജ്ജമ ചെയ്തു… ഞാന്‍ തലയാട്ടി… ലഗേജും യാത്രയ്ക്ക് കഴിക്കാനുള്ള ലഘു ഭക്ഷണമടക്കം അവര്‍തന്നെ കാറില്‍ വച്ചുതന്നു. കാറില്‍
കയറുമ്പോഴും യാത്ര തുടങ്ങുമ്പോഴും മനസ്സില്‍ ത്രേസ്യാമ്മ സിസ്റ്ററുടെ വാക്കുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു… ‘കഷ്ടപ്പാടുകളൊക്കെ ഒത്തിരി ഇഷ്ട്ടത്തോടെ സ്വന്തമാക്കുക…’

വിവേക് തൃപ്പൂണിത്തുറ 

Related Articles