ഒരു മരണവീട് സന്ദര്‍ശിച്ചു വന്നതിന്റെ ഭാരത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്. പതിനെട്ടു വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു മരിച്ചത്. സ്വാഭാവികമരണമായിരുന്നില്ല, ആത്മഹത്യയായിരുന്നു. അതാണ് എല്ലാവരെയും കൂടുതല്‍ വേദനിപ്പിച്ചത്. ഞങ്ങളെ കണ്ടപാടെ അമ്മ ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു:
”എന്റെ സിസ്റ്ററേ, അവളെന്തിനാണ് ഇതു ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല…”
എന്തു പറഞ്ഞാണ് ആ അമ്മയെ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ കുഴങ്ങി. തലയും കുമ്പിട്ടിരിക്കുകയായിരുന്നു അപ്പന്.
”എന്റെ കുഞ്ഞിനെക്കുറിച്ച് എന്തൊക്കെയാ നാട്ടുകാര്‍ പറഞ്ഞുണ്ടാക്കുന്നത്. അവള്‍ക്ക് പ്രേമമുണ്ടായിരുന്നുവെന്നും ഗര്‍ഭിണിയാണെന്നും വരെ..” കൂടുതല്‍ പറയാനാവാതെ അപ്പന് വിങ്ങിപ്പൊട്ടി.
”ഒന്നുമില്ലായിരുന്നു സിസ്റ്ററേ, ഒന്നും..” അപ്പന് പറഞ്ഞു. കണ്ടു നില്ക്കാന് കഴിയുമായിരുന്നില്ല ആ വേദന.
”കുറച്ചുനാളായിട്ട് അവള്‍ക്ക് വല്ലാത്ത ദേഷ്യോം സങ്കടോം ഒക്കെയായിരുന്നു. സ്കൂളില്‍ പോകാന്‍ മടിയുമുണ്ടായിരുന്നു. കൂടുതല്‍ സമയവും മുറിയില്‍ ഒറ്റയ്ക്കായിരിക്കും..” അപ്പന് തുടര്‍ന്നു പറഞ്ഞു.
അപ്പന്റെ ആ വാക്കുകളില്‍ നിന്ന് മകള്‍ ആത്മഹത്യ ചെയ്തിന്റെ കാരണം പല അനുഭവങ്ങളുടെ വെളിച്ചത്തില്‍ തെളിഞ്ഞുകിട്ടി – കൗമാരത്തിലെ വിഷാദം. പത്രമാധ്യമങ്ങളിലൂടെ ‘പതിനേഴുകാരന് തൂങ്ങിമരിച്ചു, പതിനെട്ടുകാരി വിഷം
കഴിച്ചു’ എന്നൊക്കെയുള്ള വാര്‍ത്ത കേള്‍ക്കുമ്പോള്‍ അതിനെ മഞ്ഞക്കണ്ണുകളോടെ നോക്കാനാണ് പലര്‍ക്കും താല്പര്യം. പക്ഷേ, യാഥാര്‍ഥ്യം അതിനുമപ്പുറമാണ്.
വിഷാദത്തില്‍ മുങ്ങുന്ന കൗമാരം
മറ്റൊരു പെണ്‍കുട്ടി ഓര്‍മ്മയിലേക്ക് കടന്നുവരുന്നു. കൗണ്‍സലിംഗിന് കൊണ്ടുവന്നതായിരുന്നു അവളെ. പ്ലസ് ടു വിനാണ് പഠിക്കുന്നത്. അവള്‍ക്കു താഴെ രണ്ടുപേര്‍ കൂടിയുണ്ട്. ഒരു എട്ടാം ക്ലാസുകാരനും നാലാം ക്ലാസുകാരനും. പെണ്‍കുട്ടിയുടെ പരാതി അവളെ മാതാപിതാക്കള്‍ സ്നേഹിക്കുന്നില്ല, അവളെ ആര്‍ക്കും ഇഷ്ടമില്ല എന്നൊക്കെയായിരുന്നു. പക്ഷേ, മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ ഒരുകാര്യം മനസ്സിലായി, എകമകളായതുകൊണ്ട് മാതാപിതാക്കള്‍ അവളെ കണക്കറ്റ് സ്നേഹിക്കുന്നുണ്ട്. എന്നാല്‍, രണ്ടാമത്തെ കുട്ടി ഹൈപ്പര്‍ ആക്ടീവായതുകൊണ്ട് അവനിലേക്ക് അവരുടെ ശ്രദ്ധ കൂടുതല്‍ പോകുന്നുണ്ട്. മകളെ സ്കൂള്‍ മാറ്റിയതുതന്നെ മൂന്നുപേരും കൂടി ഒരു സ്കൂളിലാകുന്നതിന്റെ ചില നന്മകള് ലക്ഷ്യമാക്കിയായിരുന്നു. പക്ഷേ, അതൊന്നും മകളെ പറഞ്ഞു മനസ്സിലാക്കാന്‍ പലവട്ടം നോക്കി, ഫലിക്കുന്നില്ല. അവള് ഇപ്പോള്‍ അകാരണമായി ദേഷ്യപ്പെടുന്നു. അക്രമവാസന കാണിക്കുന്നു. മുറിയില്‍ അടച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. മകളുടെ സ്വഭാവത്തില്‍ ഈയിടെയായി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നു. മകളുടെ കൈത്തണ്ടയില്‍ വരഞ്ഞ പാടുകണ്ടപ്പോള്‍ മറ്റൊരു കാര്യംകൂടി വ്യക്തമായി – അവള് ഇതിനകം ആത്മഹത്യാശ്രമം നടത്തിയിട്ടുമുണ്ട്. കൗണ്‍സലിംഗ് കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല എന്നു മനസ്സിലാക്കി അവളെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുക്കലേക്കു പറഞ്ഞയയ്ക്കുകയാണ് ചെയ്തത്.
രക്ഷിക്കാന്‍ സാധിക്കുന്ന വഴികള്‍
കഠിന വിഷാദാവസ്ഥയിലൂടെയായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടി കടന്നുപോയിരുന്നത്. എന്നാല്‍, അവളുടെ മാതാപിതാക്കള്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുത്തതുകൊണ്ട് അവളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്കു സാധിച്ചു. പക്ഷേ, ആദ്യത്തെ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് മകളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തങ്ങളുടെ മകള്‍ വിഷാദരോഗിയാണെന്ന് അവര്മനസ്സിലാക്കിയതുമില്ല. അതിന്റെ ഫലമായി അവര്‍ക്ക് അവളെ എന്നേക്കുമായി നഷ്ടമായി.
കണ്ടറിയാം ലക്ഷണങ്ങളിലൂടെ
സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ദേഷ്യം, പൊട്ടിക്കരച്ചില്‍, പഠനത്തിലുള്ള മടുപ്പ്, അലസത, വാശി, സ്കൂളിലോ കോളേജിലോ പോകാനുള്ള വിമുഖത, ഒറ്റയ്ക്കിരിക്കാനുള്ള താല്പര്യം, മുറി അടച്ചുപൂട്ടിയിരിക്കുക, കൂടുതല്‍ സമയം തനിച്ചിരുന്ന് മൊബൈല്‍ ഗെയിം കളിക്കുക തുടങ്ങിയവ നീണ്ടുനില്ക്കുന്നവയാണെങ്കില് കൗമാരക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധയും കൃത്യമായ ചികിത്സയും വേണമെന്നു തന്നെയാണ് അര്‍ഥം. കൗമാരക്കാരുടെ ആത്മഹത്യകള്‍ക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണം വിഷാദം തന്നെയാണ്. പെണ്‍കുട്ടികള്‍ക്ക് മാസമുറയോടനുബന്ധിച്ചുണ്ടാകുന്ന മാനസിക മാറ്റങ്ങളും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നുപോലെ ബാധിക്കാവുന്ന മദ്യപാനാസക്തിയും ഉറക്കക്കൂടുതലും ഉറക്കമില്ലായ്മയുമെല്ലാം ഇത്തരം സൂചനകള്‍ നല്കുന്നവയാണ്. ഇതൊരു അസുഖമാണെന്ന് മനസ്സിലാക്കി വളരെ സ്നേഹത്തോടെ മക്കളോട് ഇടപെടുക. പ്രണയനൈരാശ്യവും കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ളവയാണ്.
അടുത്തയിടെ വന്ന ഒരു വാര്‍ത്ത ഓര്‍ക്കുന്നു. അച്ഛന്റെ മദ്യപാനം മൂലം കൗമാര
ക്കാരിയായ മകള്‍ ആത്മഹത്യചെയ്തു. ആ പെണ്‍കുട്ടിയുടെ അമ്മ പത്തുവര്‍ഷം മുമ്പാണ് ആത്മഹത്യചെയ്തത്. അതിനുകാരണവും ഭര്‍ത്താവിന്റെ മദ്യപാനമായിരുന്നു. ചില കുടുംബങ്ങളില്‍ തലമുറകളായി ആത്മഹത്യാപ്രവണത കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ മേല്പ്പറഞ്ഞലക്ഷണങ്ങള് പ്രകടമാകുന്നുണ്ടെങ്കില്‍ സമയോചിതമായ ഇടപെടലിലൂടെ ആത്മഹത്യയില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ സാധിക്കും.
പരാജയങ്ങളെ നേരിടാന്‍ പഠിപ്പിക്കുക
വിഷാദത്തിലേക്ക് കൗമാരക്കാരെതള്ളിവിടുന്ന പല കാരണങ്ങളുണ്ട്. പ്രണയപരാജയവും പരീക്ഷാപരാജയവും ലൈംഗികപീഡനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മാതാപിതാക്കളോ കൂടപ്പിറപ്പുകളോ കൂട്ടുകാരോ തന്നെ ഇഷ്ടപ്പെടുന്നി
ല്ലെന്നും ടീച്ചേഴ്സിന് തന്നെ താല്പര്യമില്ലെന്നുമൊക്കെയുള്ള ചിന്തകള്‍ കൗമാരക്കാരെ വിഷാദത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ പെടുന്നു. വിഷാദരോഗത്തിന്റെ ഭാഗമായി ലഹരിക്ക് അടിമപ്പെടുന്നവരെയും കാണാനിടയായിട്ടുണ്ട്. പരാജയങ്ങളെ നേരിടാനും അതിജീവിക്കാനുമുളള പരിശീലനം കൊടുക്കേണ്ട ആദ്യ ഇടം വീടുതന്നെയാണ്. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിനോ തോറ്റുപോയതിനോ അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന രീതിയാണ് പല മാതാപിതാക്കളും പിന്തുടരുന്നത്. പരാജയങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള പരിശീലനം മക്കള്‍ക്ക് നല്കുന്നതില് അവര്‍ പരാജയപ്പെടുന്നു. ഇവിടെയാണ് കൗമാര ആത്മഹത്യകള്‍ പെരുകുന്നത്.
മാതാപിതാക്കള്‍ ചെയ്യേണ്ടത്
മക്കളെ അടുക്കും ചിട്ടയും പഠിപ്പിക്കുകയാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. രാവിലെ എഴുന്നേല്‍ക്കുന്നതിനും രാത്രി ഉറങ്ങുന്നതിനും കൃത്യസമയം പാലിക്കാന്‍ മക്കളെ ചെറുപ്രായം തൊട്ടേ പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതുപോലെ ഫാമിലി ടൈം കണ്ടെത്തണം. മാതാപിതാക്കളും മക്കളും കഴിയുന്നവിധത്തിലുള്ള സമയക്രമീകരണമാണ് ഫാമിലിടൈം കൊണ്ട് ഉദ്ദേശിക്കുന്നത്.
വ്യായാമം
കൗമാരക്കാര്‍ക്ക് വ്യായാമം ഒരു ശീലമാക്കണം. വ്യായാമം ചെയ്യുമ്പോള്‍ ഹാപ്പി ഹോര്‍മോണ്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടും. ഓരോ കുട്ടിയും വിലയുള്ളവരാണ്. സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണവര്. അവരൊരിക്കലും അകാലത്തില്‍ പൊലിഞ്ഞു പോകാനുള്ളവരല്ല. അതുകൊണ്ട് കൗമാരക്കാരുടെ മാനസികാരോഗ്യത്തില്‍ അധ്യാപകരും മാതാപിതാക്കളും ഒന്നുപോലെ ശ്രദ്ധിക്കണം. പ്രകടമായ വിഷാദലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ എത്രയുംവേഗം അവരെ വിദഗ്ധചികിത്സയ്ക്ക് വിധേയമാക്കുകയും അങ്ങനെ അവരുടെ ജീവന് രക്ഷിക്കുകയുമാണ് നമ്മള് ചെയ്യേണ്ടത്.

സി . ഡോ . അർപ്പിത CSN
സെന്റ് ജൂഡ് കൗൺസലിംഗ്
സെന്റർ,അങ്കമാലി




