സ്വഭാവ വൈശിഷ്ട്യമുള്ളവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ പ്രകടമാകുന്ന സ്വഭാവശക്തിയാണ് ഇതിനു കാരണമാകുന്നത്. എന്താണ് സ്വഭാവശക്തി എന്ന്ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ വ്യക്തിത്വത്തില്‍ പ്രതിഫലിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള സവിശേഷതകളാണിത്. നമ്മുടെ കഴിവുകളില്‍നിന്നും അറിവില്‍നിന്നും തികച്ചും വ്യത്യസ്തമാണ് സ്വഭാവശക്തി. ഒരുപക്ഷേ, ഒരാള്‍ വ്യത്യസ്തമായ കഴിവുകളുള്ള വ്യക്തിയാകാം. ചിത്രങ്ങള്‍വരയ്ക്കാനും പാടാനും സമൂഹത്തോട് സംവദിക്കാനും സാഹസിക പ്രവൃത്തികള്‍ ചെയ്യാനുമുള്ള ഒരു വ്യക്തിയുടെ കഴിവുകള്‍ക്ക് അപ്പുറമാണ് ആ വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുന്ന സ്വഭാവ ശക്തി. നല്ല വ്യക്തിത്വമുള്ള ഒരുവന്റെ സ്വഭാവഗുണങ്ങള്‍ വിവരിക്കുമ്പോള്‍ അതില്‍ത്തന്നെ നിരവധി സ്വഭാവശക്തികള്‍ ഉള്‍ക്കൊള്ളുന്നു. ഒരുവന്റെ സ്വഭാവഗുണങ്ങളിലെ ശക്തി കേന്ദ്രമായ സത്യസന്ധതയും ധീരതയും അനുകമ്പയും സ്‌നേഹവുമൊക്കെ അവനില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വഭാവശക്തിയാണ്. സ്വഭാവശക്തി പരിപോഷിപ്പിക്കുന്ന കല അഭ്യസിക്കുന്നതിലൂടെ സന്തോഷപ്രദമായ ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കുന്നു.
സ്വഭാവശക്തിയുടെ ആവശ്യകത
നമ്മുടെ കുറവുകളും പരിമിതികളിലും അമിതശ്രദ്ധ കൊടുത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗവും പാഴാക്കികളയുന്നവരും ചെയ്യാവുന്ന നന്മകള്‍ വേണ്ടെന്നു വയ്ക്കുന്നവരുമാകാം നമ്മില്‍ പലരും. എന്നാല്‍, നമ്മിലെ സ്വഭാവ ശക്തിയെ ശ്രദ്ധാപൂര്‍വം പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ കൗമാരത്തിലും യുവത്വത്തിലും വാര്‍ധക്യത്തിലും നാം മറ്റുള്ളവരുടെ അംഗീകാരത്തിന് അര്‍ഹരായിത്തീരുന്നു. നമ്മുടെ സ്വഭാവശക്തികളെ വേണ്ടവിധം കണ്ടെത്തി പരിപോഷിപ്പിക്കുന്നതുവഴി ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുന്നു. സ്വന്തം ജീവിതത്തിലെ സ്വഭാവശക്തികളെ കണ്ടെത്തുന്ന മാതാപിതാക്കള്‍ക്കു മാത്രമാണ് തങ്ങളുടെ മക്കളിലെ നന്മകളെയും കഴിവുകളെയും കണ്ടെത്തി പരിപോഷിപ്പിക്കാന്‍ കഴിയുകയുള്ളൂ. മറ്റുള്ളവര്‍ക്കു വേണ്ടി ഇന്ന് എനിക്ക് എന്തു നന്മ ചെയ്യാന്‍ കഴിഞ്ഞു എന്ന് സ്വയം ചോദിക്കുമ്പോള്‍ മാത്രമാണ് നമ്മിലെ സ്വഭാവനന്മകളെ ഊര്‍ജ്ജസ്വലമാക്കാനും
കുട്ടികളിലെയും കുടുംബബന്ധങ്ങളിലെയും നന്മകളെ പ്രോത്സാഹിപ്പിക്കാനും കഴിയുക.
കുറേക്കൂടിവിശാലമായകണ്ണുകളോടെ ബോധപൂര്‍വം നമ്മെ കാണാന്‍ ശ്രമിക്കുമ്പോള്‍ ധാരാളം നന്മകളുടെ, സ്വഭാവശക്തികളുടെ കലവറയാണ് നമ്മുടെ വ്യക്തിത്വം എന്നു
നമുക്കു മനസ്സിലാകും. സ്വഭാവത്തില വികലതകളെയും പ്രശ്‌നങ്ങളെയും ഗൗരവമായി പരിഗണിക്കുന്ന നമുക്ക് നമ്മിലെ നന്മയുടെ ശക്തികേന്ദ്രങ്ങളെ കണ്ടെത്താന്‍ പരിശ്രമിക്കാം. നമ്മുടെ 12 സ്വഭാവശക്തികളിലേക്ക് നമ്മുടെ ശ്രദ്ധയെതിരിച്ചുകൊണ്ട് ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമകളാകാം.
സത്യസന്ധത: സത്യം പറയുന്നതിലൂടെയും പ്രവര്‍ത്തിക്കുന്നതിലൂടെയും ആധികാരിക
തയുള്ള ജീവിതത്തിന്റെ ഉടമകളാകുന്നു.
സ്‌നേഹം: മറ്റുള്ളവരുമായി അടുത്തിടപഴകുന്നതിനും ഊഷ്മളമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും സഹായിക്കുന്നു.
ക്ഷമ: തന്നോട് തന്നെ ക്ഷമിക്കുവാനും മറ്റുള്ളവരെ അവരുടെ തെറ്റുകളോടെ അംഗീ
കരിക്കാനും കഴിയുക.
സ്ഥിരോത്സാഹം: ആരംഭിക്കുന്ന കാര്യങ്ങള്‍ സ്ഥിരതയോടെ അവസാനംവരെ തുടരു
ന്നതിനും പ്രതിബന്ധങ്ങളെ നേരിട്ടും ലക്ഷ്യം നേടുന്നതിനും സഹായിക്കുന്നു.
ആത്മസംയമനം: പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് ഒരുതവണകൂടി ചിന്തിച്ച് വാക്കുകളെയും പ്രവൃത്തികളെയും വികാരങ്ങളെയും ആരോഗ്യകരമായ രീതിയില്‍
പ്രകടിപ്പിക്കുന്നു.
സാമൂഹികത: അപരന്റെ വേദനയും ആവശ്യങ്ങളും മനസ്സിലാക്കി സഹായിക്കാനുള്ള കഴിവ്.
നീതി: പക്ഷപാതരഹിതമായ മനോഭാവത്തോടെ വ്യക്തികളെയും സാഹചര്യങ്ങ
ളെയും സമീപിക്കുകയും എല്ലാവരോടും എല്ലാറ്റിനോടും ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നു.
വിവേകം: വ്യക്തമായ ലക്ഷ്യത്തിനായി നിലകൊള്ളുകയും അതിനായി ശ്രദ്ധയോടെ ദൈനംദിന തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു.
നന്മ: നല്ലത്ചിന്തിക്കുക, പറയുക, പ്രവര്‍ത്തിക്കുക.
ശുഭാപ്തി വിശ്വാസം: ശുഭപ്രതീക്ഷയോടെ ഏറ്റവും നല്ലത് പ്രതീക്ഷിക്കുകയും അതി
നായി പ്രത്യാശയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ആത്മീയത: സ്വന്തം ശക്തിയില്‍ മാത്രം ആശ്രയിക്കാതെ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തിയില്‍ ആശ്രയിച്ച് ജീവിതം അര്‍ഥവത്താക്കുക.
നേതൃത്വം: ഏല്പിക്കപ്പെട്ട ഓരോ വ്യക്തിയെയും വിലമതിക്കുകയും പരമാവധി ചെയ്യാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു.
നമ്മില്‍ എല്ലാവരിലുമുള്ള സ്വഭാവശക്തികളുടെ ചെറിയ ഒരു ലിസ്റ്റാണിത്. നമ്മള്‍ നല്‍കുന്ന പ്രാധാന്യമനുസരിച്ച് ഇവ നമ്മില്‍ സ്ഥാനം പിടിക്കുന്നു.
മാതാപിതാക്കള്‍ മക്കള്‍ക്കും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ മുതിര്‍ന്നവര്‍ക്കും പ്രചോദനം നല്‍കുന്ന വിധത്തില്‍ സ്വഭാവശക്തികളെ വളര്‍ത്തി മാതൃകയാകേണ്ടവരാണ്. സ്വഭാവശക്തികളെ വളര്‍ത്തുന്നതുവഴി മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും അനാവശ്യ ആകുലതകളില്‍ നിന്നും അകന്നിരിക്കാനും
നന്മകള്‍ വളര്‍ത്തി വ്യക്തിത്വത്തെ കൂടുതല്‍ മനോഹരമാക്കാനുംകഴിയുന്നു.

സി . ഡോ . പ്രീത CSN
സൈക്കോതെറാപ്പിസ്റ്റ്
ജീവന സൈക്കോ സ്പിരിച്വൽ സെന്റർ, ചൊവ്വര




