ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഒരുപക്ഷേ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരെന്നു തോന്നുന്നു. കറയറ്റ ഒരു ഭൂതകാലം. തെറ്റുകള്‍ ഇല്ലാത്ത ഇന്നലെ. വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോഴും ചെയ്തുപോയ കര്‍മ്മങ്ങളുടെ ഭാരമൊന്നും കൂടെ വരാത്ത നല്ല കാലം. അങ്ങനെ എത്ര പേരുണ്ടാവുമോ ആവോ ഈ ഉലകില് ?
ശരിയാണ്, ഇന്നലെകള്‍ ഒരുപാട് വഴിതെറ്റി സഞ്ചരിച്ചു. പല വിധത്തിലുള്ള ഇടര്‍ച്ചകള്‍. പക്ഷേ, ഇന്ന് മാനസാന്തരപ്പെട്ടു. അതോടെ ഭൂതകാലം കയ്പ്പു നിറഞ്ഞതായി. മനസ്താപവും പരിത്യാഗ പ്രവൃത്തികളും പ്രായശ്ചിത്തങ്ങളും ധ്യാനപ്രസംഗങ്ങളും കൊണ്ട് ഇനിയുള്ള ജീവിതത്തെ അലങ്കരിക്കാമെന്ന് അവര്‍ തീരുമാനിക്കുന്നു. മാനസാന്തരത്തിന്റെ വിശാല വീഥിയിലൂടെയുള്ള അവരുടെ യാത്രകള്‍ ആരംഭിക്കുന്നു. പക്ഷേ, അങ്ങനെയൊക്കെ തീരുമാനമെടുത്താലും പഴയകാലത്തിന്റെ അടയാളങ്ങള്‍ വടുക്കളായി അവരുടെ ജീവിതത്തിലുണ്ടാവും, അവര്‍ മരിച്ചുകഴിഞ്ഞാല്‍ പോലും. മരണത്തിനപ്പുറവും അവരെ പിന്തുടരുന്ന പാപത്തിന്റെ പഴമ്പുരാണങ്ങള്. പറയാന്‍ ഉദാഹരണങ്ങളുണ്ട്, ചില സെലിബ്രിറ്റികളുടെ ഇപ്പോഴത്തെ ജീവിതവും പഴയകാല ജീവിതവും.
ഒരു വാര്‍ത്തയുടെ പുറകെ പോയപ്പോള്‍ കണ്ണില്‍ കണ്ടത് ആ വ്യക്തിയുടെ മാനസാന്തരപ്പെട്ട ജീവിതത്തെക്കാള്‍ പാപത്തിന്റെയും ആസക്തികളുടെയും വിവരണങ്ങളായിരുന്നു. ഇന്റര്‍നെറ്റും ആധുനിക സാങ്കേതിക വിദ്യകളും ഒക്കെ കൂടിയായപ്പോള്‍ ആ ജീവിതങ്ങളുടെ കഥകളും ചിത്രങ്ങളും ഒരു തിരയ്ക്കും കവര്‍ന്നെടുക്കാനാവാത്ത വിധത്തിലുള്ള ശേഖരണങ്ങളായി. ഇനിയെത്ര തലമുറകള്‍ വന്നാലും ഗൂഗിളില്‍ പേരു ടൈപ്പ് ചെയ്തു കൊടുത്താല്‍ വീഡിയോയും ഇമേജും ന്യൂസുമെല്ലാമായി അവരുടെ ഭൂതകാലം അനാവൃതമാകും. ഇനിയും അനേകായിരങ്ങളുടെ ആസക്തികളുടെ കാഴ്ചകള്‍ക്ക് ശമനമുണ്ടാക്കി അവ കാലങ്ങളോളം ഉണ്ടാകും. തങ്ങളുടെ പാപങ്ങളെയോര്‍ത്ത് മനസ്തപിച്ചാലും തങ്ങളുടെ
ചെയ്തികള്‍കൊണ്ട് അവര്‍ മറ്റുള്ളവരുടെ ഇടര്‍ച്ചകള്‍ക്ക് കാരണക്കാരാകും. അവര്‍ ഇന്ന് ആരായിത്തീര്ന്നിട്ടുണ്ടെങ്കിലും അവരുടെ ചെയ്തികള്‍ അവരെ വേട്ടയാടും. മനസ്സാക്ഷിയുണ്ടെങ്കില്‍…. ഞാന്‍ അങ്ങനെ ചെയ്തുവല്ലോ…ചെയ്തുപോയല്ലോ ഞാന്‍ മൂലം മറ്റുള്ളവര്‍ക്ക് ഇടര്ച്ചയുണ്ടായല്ലോ എന്നൊക്കെയുള്ള അസ്വസ്ഥത അവരെ വേട്ടയാടും. അതാണ് മുകളിലെഴുതിയത് ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഏറ്റവും ഭാഗ്യവാന്മാരെന്ന്. ദൈവം ക്ഷമിച്ചാലും ആ സ്വസ്ഥത അനുഭവിക്കാനാവാത്ത ദയനീയ ജീവിതങ്ങള്‍. ഡിലീറ്റ് ചെയ്തു കളഞ്ഞാലും റിക്കവര്‍ സോഫ്റ്റ്വെയര് ഉപയോഗിച്ച് വീണ്ടെടുക്കുന്ന ഡീറ്റെയില്‍സ് പോലെയുള്ള ഇന്നലെകള്‍. കമ്പ്യൂട്ടറിലെ ഹിസ്റ്ററിയില്‍ എന്നതുപോലെ രേഖപ്പെടുത്തപ്പെട്ടവ.
സെലിബ്രിറ്റികള്‍ അല്ലെങ്കിലും നമ്മുടെ ജീവിതത്തിലുമുണ്ടാകും ഭൂതകാലത്തിന്റെ ചില മുറിവുകള്‍. ഇന്നും ചോരയിറ്റുന്ന ഓര്‍മ്മകള്‍, സംഭവങ്ങള്‍. സംഭവിച്ചുപോയ പിഴവുകള്‍. ആരും അറിയില്ലെന്നു കരുതി സ്വകാര്യതയില്‍ ചെയ്ത പാപങ്ങള്‍ ശരിയല്ലെന്നും തെറ്റാണെന്നുമൊക്കെയുള്ള ബോധ്യമുണ്ടായിട്ടും പാപംചെയ്യാന്‍ വിധിക്കപ്പെട്ടവനെപ്പോലെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നവ. പിന്നെയെപ്പോഴോ ഒരു കുരിശുരൂപത്തിന്റെ മുമ്പിലോ ദിവ്യകാരുണ്യത്തിന്റെ മുമ്പിലോ മുട്ടുകുത്തുമ്പോള്‍ അവയൊക്കെയും തികട്ടിവന്നേക്കാം. കണ്ണില്‍ അപ്പോള്‍ ഒരു തുള്ളി നീരു പോലും പൊടിയാത്തതെന്തേ എന്നമ്പരന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ടാവാം.
ഇന്നലെകളുടെ ഭാരം – അതാണ് ഒരുവന്റെ വലിയ ബാധ്യത. കൊടുത്തു തീര്‍ക്കാനുള്ള ചില ഋണബാധ്യതകള്‍ പോലെ… ആധാരം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ട് തിരികെ അടയ്ക്കാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്പോലെ. കാരണം ആത്മാവ് പണയപ്പെടുത്തിയാണ് പലതും ചെയ്തു
കൂട്ടിയത്. അവിഹിത മാര്‍ഗത്തിലൂടെയാണ് പലതും സമ്പാദിച്ചത്. പണം മുതല്‍ പദവികള്‍വരെ. അങ്ങനെയുള്ളവര്‍ക്ക് ജീവിതാവസാനത്തിലെങ്കിലും തങ്ങള്‍ നേടിയെടുത്തവയോട് മടുപ്പും മരവിപ്പും തോന്നാതിരിക്കുമോ. അപ്പോള്‍
നേടിയെടുത്തവയൊക്കെ ഭാരമായിഅനുഭവപ്പെടാതിരിക്കുമോ? ജീവിതാന്ത്യം ഓര്‍ത്ത് പാപം ചെയ്യരുത് എന്ന തിരുവചനം ഓര്‍മ്മയിലേക്കു വരുന്നു. അതെ, നാളെ നമ്മളെ ഭാരപ്പെടുത്തുന്നവയൊന്നും ഇന്ന് ചെയ്യാതിരിക്കണം. കാരണം നാളെ നമ്മള് മാനസാന്തരപ്പെട്ടാലും നമ്മള് ഇന്നലെ ചെയ്ത പ്രവൃത്തികളുടെ ഓര്‍മ്മയില്‍ നിന്ന് മുക്തിനേടാനായെന്നു വരില്ല. ഓരോ വാക്കും എഴുതുമ്പോള്‍ ഒരു എഴുത്തുകാരന് ഈ ചിന്തയുണ്ടാവണം. ഓരോ കലാകാരനും ഈ ചിന്തയുണ്ടാവണം. പാപത്തിന്റെ മാത്രമല്ല സ്നേഹബന്ധങ്ങളിലും സൗഹൃദ ബന്ധങ്ങളിലുമെല്ലാം അതു ബാധകമാണ്. നാളെ ഭാരം അനുഭവപ്പെടാത്ത വിധത്തില്‍ ഇന്ന് ആയിരിക്കുന്ന ഇടങ്ങളില്‍ നാം
സ്നേഹത്തിന്റെ സുഗന്ധം വിതറുക. കൊടുക്കാതെ പോയതോര്‍ത്തുള്ള ഭാരങ്ങളില്‍നിന്ന് നമുക്കു വിമുക്തരാകാം. ഇന്നലെകള്‍ ഒരിക്കലും ഭാരം ചുമക്കലിന്റേതാവാതിരിക്കട്ടെ. മറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ ശാന്തിയും സമാധാനവും നിറഞ്ഞതായിരിക്കട്ടെ.

വിനായക് നിർമ്മൽ




