പൊതുവേദിയില്‍വച്ച് അപമാനിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്ത മനോവേദനയില്‍ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ മരണവാര്‍ത്ത പത്രത്തില്‍ വായിക്കുമ്പോള്‍ ഞാനോര്‍ത്തത് പ്രണിത ബുക്‌സിന്റെ 2004 ലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചായിരുന്നു. ‘ആത്മഹത്യ’ എന്നായിരുന്നു അതിന്റെ പേര്. ലോകത്തെ വിസ്മയിപ്പിച്ച് ഒടുവില്‍ വളരെ അപ്രതീക്ഷിതമായി ആത്മഹത്യ എന്ന എമര്‍ജന്‍സി എക്സിറ്റിലൂടെ ഈ ലോകത്തില്‍ നിന്നുതന്നെ പിന്‍വാങ്ങിയ പ്രതിഭാശാലികളെക്കുറിച്ചുള്ളതും അവര്‍തന്നെ എഴുതിയതുമായ കുറിപ്പുകളുടെ സമാഹാരമാണിത്. പുസ്തകത്തിന് നല്‍കിയിരിക്കുന്ന ഉപശീര്‍ഷകം
‘ജീവിതംകൊണ്ട് മുറിവേറ്റവരുടെ വാക്ക്’എന്നാണ് ഓര്‍മ്മ. പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഒരുപക്ഷേ, വായനക്കാരന് തോന്നുക ‘വാക്കുകൊണ്ട് മുറിവേറ്റവരുടെ ജീവിതം’ എന്ന ഉപശീര്‍ഷകമായിരുന്നു കൂടുതല്‍ ഉചിതം എന്നായിരിക്കും. കാരണം ജീവിതത്തിലെ ഒരു ഘട്ടത്തില്‍ മുറിവായി മാറിയ ഒരു വാക്കോ കടുത്ത വിഷാദത്തെ അതിജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരുസാന്ത്വനവാക്കിന്റെ അഭാവമോ ആണ് അവരെ സ്വയംഹത്യയിലേക്ക് തള്ളിവിട്ടത്. ജീവന്റെയും മരണത്തിന്റെയും കാരണമാകാന്‍ വാക്കുകള്‍ക്കാവും എന്നതിനുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ പുസ്തകം; നവീന്‍ ബാബുവിന്റെ ആത്മഹത്യ അതിന്റെ വര്‍ത്തമാനകാല സാക്ഷ്യവും!
മനുഷ്യന്റെയും അവന്റെ ചരിത്രത്തിന്റെയും ഭാഗധേയം നിശ്ചയിച്ചിട്ടുള്ളത് എഴുതപ്പെട്ടതും പറയപ്പെട്ടതുമായ വാക്കുകളാണ്. വിപ്ലവങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും ചാലകശക്തിയായി എന്നും മാറിയിട്ടുള്ളത് ചിന്തകളെ തുളച്ചുകയറുന്ന വാക്കുകളാണ്. ‘ഉണ്ടാകട്ടെ’ എന്ന ദൈവത്തിന്റെ ആദ്യ മൊഴിമുതല്‍ വാശിപിടിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ അവ്യക്തമായ വാക്കുകള്‍വരെ ലോകത്തെ സൃഷ്ടിച്ചും പുനഃസൃഷ്ടിച്ചും കൊണ്ടിരിക്കുന്നു. ലോകത്തെചലിപ്പിക്കുന്നത്‌വാക്കുകളായതുകൊണ്ടാണ് അതിനെ നവീകരിക്കുവാന്‍ ദൈവം തന്റെ വചനത്തെത്തന്നെ ഭൂമിയിലേക്ക് അയച്ചത്. യോഹന്നാന്‍ അപ്പോസ്തലന്‍ അതിനെക്കുറിച്ച് പറയുന്നത് ‘വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു’ എന്നാണ്. മാംസമായി മാറിയ ആ വചനം ക്രിസ്തുവായിരുന്നു. ലോകത്തിന്റെ ദൈവസങ്കല്പത്തെയും നീതിബോധത്തെയും മാറ്റിമറിച്ചുകൊണ്ടാണ് ആ വചനത്തിന്റെ ഭൂമിയിലെ സാന്നിധ്യത്തിന് വിരാമമാകുന്നത്. ക്ഷിപ്രകോപിയായ ഒരു ദൈവത്തെയായിരുന്നു അക്കാലമത്രയും ലോകത്തിന് പരിചയം. ചെയ്ത തെറ്റുകള്‍ക്ക് ആനുപാതികമായ ശിക്ഷയും കരുതിവച്ച് കാത്തിരിക്കുന്ന ദൈവമായിരുന്നു അത്. എന്നാല്‍, വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവനാണ് ദൈവം എന്ന് മാംസമായ വചനം ലോകത്തിന് വെളിപ്പെടുത്തി. സ്വാഭാവികമായും മാറിവന്ന ദൈവസങ്കല്പം മനുഷ്യമനസ്സുകളെ സ്വാധീനിക്കുകതന്നെ ചെയ്തു. അബ്രഹാം ലിങ്കന്‍ മുതല്‍ ഗാന്ധിജിവരെ നമ്മുടെ കാലത്തിനുതന്നെ പരിചിതമായ എത്രയോ പേര്‍ രാഷ്ട്രീയമായിത്തന്നെ ആ സ്‌നേഹം പ്രയോജനപ്പെടുത്തി.
വചനമായ മാംസത്തിന്റെ ഈ ലോകത്തിലുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ അവതീര്‍ണമായ വചനം അവതരിപ്പിച്ച സ്‌നേഹത്തിന്റെ പാഠങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടിയിരുന്നു. പരിശുദ്ധാത്മാവിന്റേതായിരുന്നു ആ ദൗത്യം. ആത്മാവിന്റെ ദൗത്യവും ആരംഭിക്കുന്നത് വാക്കുകളായി ബന്ധപ്പെട്ടുതന്നെയാണ്. അപ്പോസ്തലന്മാരുടെ നാവുകളില്‍ വാക്കിന്റെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ് പരിശുദ്ധാത്മാവ്തന്റെ സാന്നിധ്യം അറിയിച്ചത്. അരൂപിയുടെ നിറവില്‍ അപ്പോസ്തലന്മാരുടെ മൊഴികള്‍ ഭാഷാസങ്കല്പത്തെത്തന്നെ അതിശയിപ്പിക്കുന്നതായി. അറമായിക് ഭാഷയും പിന്നെ കുറച്ച് ഹീബ്രുവും മാത്രം വശമുണ്ടായിരുന്ന അവരുടെ വാക്കുകള്‍ പാര്‍ത്തിയാക്കാരും എലാമിയാക്കാരും അറേബ്യക്കാരും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന ജനസഞ്ചയം അവരുടെ തന്നെ ഭാഷകളില്‍ മനസ്സിലാക്കി. വാക്കുകളുടെ ശക്തിയില്‍ വിസ്മയഭരിതരായി മൂവായിരത്തോളം ആളുകള്‍ ആ ദിവസം തന്നെ അവരോടുകൂടെ ചേര്‍ന്നു. തിട്ടപ്പെടുത്താന്‍ കഴിയുന്ന ഈ ചെറിയ ഒരക്കത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല ചൈതന്യവത്തായ ആ വാക്കുകളുടെ ശക്തി. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിന്നിട്ട് എണ്ണിയാല്‍ തീരാത്ത മനുഷ്യഹൃദയങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് ആ വചനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കാലത്തെയും ചരിത്രത്തെയും ചലിപ്പിക്കുന്ന വചനത്തിന്റെ ഒരംശം ദൈവം എല്ലാ മനുഷ്യരിലും നിക്ഷേപിച്ചിട്ടുണ്ട് ജീവന്‍ നല്‍കാനും തല്ലിക്കെടുത്താനും സുഖപ്പെടുത്താനും മുറിപ്പെടുത്താനും ആ വാക്കുകള്‍ക്ക് കഴിവുണ്ട്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഏറ്റു വാങ്ങേണ്ടിവന്ന നല്ലതോ കെട്ടതോ ആയ വാക്കുകളുടെ ഉത്പ്പന്നങ്ങളാണ് ഓരോ മനുഷ്യന്റെയും വര്‍ത്തമാനകാലഅവസ്ഥ. മനശ്ശാസ്ത്രത്തിലെ ‘ട്രാന്‍സാക്ഷണല്‍ അനാലിസിസ് എന്ന പഠനമനുസരിച്ച് ഒരാളുടെ സ്വഭാവവും വ്യക്തിത്വവുമൊക്കെ രൂപപ്പെട്ടിട്ടുള്ളത് ആദ്യത്തെ അഞ്ചുവര്‍ഷത്തിനുള്ളില്‍ അയാള്‍ കടന്നുപോകേണ്ടിവന്ന അനുഭവങ്ങളില്‍ നിന്നാണ്.
ശാപത്തിന്റെയുംനിഷേധത്തിന്റെയും വാക്കുകള്‍ കേട്ടുവളര്‍ന്ന ഒരാളുടെ വ്യക്തിത്വം ഏറെ അപകര്‍ഷത നിറഞ്ഞതും ആത്മവിശ്വാസം കുറഞ്ഞതും ആയിരിക്കും. പ്രോത്സാഹനജനകവും പ്രചോദാത്മകവുമായ വാക്കുകള്‍ കേട്ട് വളര്‍ന്നവരുടെ വ്യക്തിത്വം നേരെ തിരിച്ചും. കടുത്തതും കറുത്തതുമായ വാക്കുകള്‍കൊണ്ട് എത്രയോ മുറിവേറ്റവരാണ് നമ്മള്‍? അത്തരം വാക്കുകള്‍കൊണ്ട് എത്രയോ പേരെ നമ്മളും മുറിപ്പെടുത്തിയിരിക്കുന്നു?
ശൈശവത്തെ മാത്രമല്ല ജീവിതത്തെ മുഴുവന്‍ പരുവപ്പെടുത്തുന്നത് വാക്കുകള്‍ തന്നെയാണ്; നമ്മോടൊത്ത് വസിക്കുന്നവരുടെയും സ്‌നേഹിക്കുന്നവരുടെയും വാക്കുകള്‍. സ്‌നേഹത്തിലും സഹിഷ്ണുതയിലും ചാലിച്ച വാക്കുകള്‍ വീഴ്ച്ചകളെ മറക്കാനും പരാജയങ്ങളെ അതിജീവിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നു. ശാപം നിറച്ച വാക്കുകള്‍ ജീവിതവഴിയില്‍ ഇടറിപ്പോയവരെ നിരാശയിലേക്കും വിഷാദത്തിലേക്കും തള്ളിയിടുന്നു. ആരെയും മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കില്ലെന്നൊരു തീരുമാനമെടുത്താലോ. അതില്‍ ജയിച്ചാല്‍ പതിയെ അതൊരു ശീലമാകും.

പീറ്റർ തോമസ് കപ്പുച്ചിൻ




