കോളേജ് റീയൂണിയനുശേഷം വീട്ടമ്മ ആണ്‍സുഹൃത്തുമായി ഒളിച്ചോടിയെന്നത് അടുത്തയിടെ ഏറെ ചര്‍ച്ചയായ ഒരു വാര്‍ത്തയായിരുന്നു. പഠനകാലത്ത് മൊട്ടിടുന്ന പ്രണയങ്ങളില്‍ പലതും വിവാഹ സാക്ഷാത്കാരത്തിലെത്താതെ രണ്ടുപേരും രണ്ടു കുടുംബങ്ങളായി ജീവിക്കേണ്ടിവരിക എന്നത് മുമ്പ് സാധാരണയായി സംഭവിച്ചിരുന്ന കാര്യമാണ്. എന്നാല്‍, ഇന്ന് പ്രത്യേകിച്ച്, സോഷ്യല്‍മീഡിയ കൂട്ടായ്മകള്‍ സജീവമായ ഇക്കാലത്ത് പഴയ സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടാനുള്ള സാഹചര്യം കൂടുതലാണ്. പക്ഷേ, പലപ്പോഴും ചിലരിലെങ്കിലും പഴയ സ്നേഹം തലപൊക്കുകയും അങ്ങനെ നിലവിലുള്ള തങ്ങളുടെ കുടുംബം തകര്‍ത്തുകൊണ്ട് പുതിയ ജീവിതം ആരംഭിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്.
ആരോഗ്യപരമായ സൗഹൃദബന്ധത്തില്‍ തുടങ്ങി പിന്നീട് ലൈംഗിക ബന്ധത്തില്‍ അവസാനിക്കുകയും ഒടുവില്‍ അകലാനാവാത്തവിധം അടുക്കുന്ന സന്ദര്‍ഭങ്ങളും ചിലരുടെ ജീവിതത്തിലുണ്ട്. ”ഇങ്ങനെയൊന്നും ആകുമെന്ന് വിചാരിച്ചില്ല, സംഭവിച്ചുപോയി. തുടക്കത്തില്‍ നല്ല ഫ്രണ്ട്സായിരുന്നു. പക്ഷേ, പിന്നെ കൈവിട്ടുപോയി” ഇങ്ങനെ പറഞ്ഞ് കരഞ്ഞ ഒരു വീട്ടമ്മയെ ഓര്‍മ്മവരുന്നു. ഇതേ വികാരം തന്നെയായിരുന്നു അവരുടെ ആണ്‍സുഹൃത്തിനും. രണ്ടുപേര്‍ക്കും
മക്കളും കുടുംബവുമുണ്ട്. ജീവിതപങ്കാളികളുമുണ്ട്. എന്നിട്ടും ഏതോ ഒരുനിമിഷത്തില്‍ ജീവിതം പാളംതെറ്റി.
ദാമ്പത്യ അവിശ്വസ്തതയുടെ തിക്തഫലങ്ങള്‍
കുറ്റബോധം
അവസാനം പറഞ്ഞ സംഭവത്തിലെ സ്ത്രീപുരുഷന്മാര് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയും കുറ്റബോധത്തിലൂടെയുമാണ് കടന്നുപോകുന്നത്. അതില്‍നിന്ന് രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ കൗണ്‍സിലറെ സമീപിച്ചത്. ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവിനെ വഞ്ചിച്ചതിലുള്ള കുറ്റബോധമാണ് അവള്‍ക്കുള്ളത്. ഇതേ കുറ്റബോധം ആ ചെറുപ്പക്കാരനുമുണ്ട്. വിവാഹേതരബന്ധത്തിലേര്പ്പെടുന്ന എല്ലാവരുടെയും ജീവിതത്തില്‍ ഈ കുറ്റബോധമുണ്ടാകും. ഏറിയും കുറഞ്ഞുമായിരിക്കുമെന്നു മാത്രം.
അപകര്‍ഷതാ ബോധം
പങ്കാളി മറ്റൊരാളുമായി രഹസ്യബന്ധം പുലര്‍ത്തുന്നുണ്ട് എന്നു മനസ്സിലായിക്കഴിയുമ്പോള്‍ ആ വ്യക്തിയുടെ ജീവിതം അപകര്‍ഷതയിലേക്ക് വഴിമാറും. തനിക്ക് ഭാര്യയെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ പറ്റാത്തതുകൊണ്ടാണോ, തനിക്ക് സൗന്ദര്യം കുറവായതുകൊണ്ടാണോ, ആരോഗ്യമില്ലേ ഇങ്ങനെ പലപല കാരണങ്ങള്‍ കണ്ടെത്തി സ്വന്തം ജീവിതത്തോട്, ശരീരത്തോട്, ലൈംഗികതയോട് അപകര്‍ഷത പുലര്‍ത്തുകയും ക്രമേണ അവര്‍ക്ക് ആത്മാഭിമാനം നഷ്ടമാകുകയും ചെയ്യും.
വിദ്വേഷം, നീരസം
തന്നെ ചതിച്ച പങ്കാളിയോടുളള വിദ്വേഷവും നീരസവും ഒരിക്കലും മനസ്സില്‍ നിന്ന് മാറാതെ പിന്നീട് ആ വ്യക്തിയെ സ്നേഹിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. ആ വ്യക്തി സ്പര്‍ശിക്കുന്നതു പോലും അരോചകമാവുന്നു. എന്നാല്‍, പകയും വെറുപ്പും നെഗറ്റീവ് ഘടകങ്ങളാണ്. വെറുപ്പ് കാന്‍സറിനെക്കാള്‍ ഭീകരമാണ്. അത് ശരീരത്തെയും മനസ്സിനെയും കാര്‍ന്നുതിന്നുന്നു. ഇവിടെയും ജീവിതത്തില്‍ നിന്ന് സന്തോഷം പടിയിറങ്ങുന്നു.
വിശ്വാസനഷ്ടം
ജീവിതപങ്കാളിയുടെ രഹസ്യബന്ധം പുറത്തറിയുന്നതോടെ ആ വ്യക്തിയിലുള്ള വിശ്വാസം എന്നേക്കുമായി പടിയിറങ്ങുന്നു. ഇനിയൊരിക്കലും ആ വ്യക്തിയെ ഇണ മുഖവിലയ്ക്കെടുക്കില്ല.
അവഗണന
വഞ്ചിച്ച പങ്കാളിയെ പൂര്‍ണ്ണമായും അവഗണിച്ചുകളയുകയാണ് മറ്റൊരുരീതി. ഒരുപക്ഷേ, മക്കളെപ്രതി ഒരേ മേല്‍ക്കൂരയ്ക്കുകീഴില്‍ അവര്‍ തുടര്‍ന്നും ജീവിക്കുന്നുണ്ടാവാം. മക്കളെ സംബന്ധിക്കുന്ന പൊതുകാര്യങ്ങള്‍ സംസാരിക്കുന്നുമുണ്ടാകാം. ഇതൊഴികെ ആ വ്യക്തിയെ പൂര്‍ണ്ണമായും അവഗണിച്ചുകളയും. അതോടെ താന്‍ ആരുമല്ലാതെയാകുന്ന അവസ്ഥ ആ വ്യക്തി അനുഭവിക്കും. മക്കളില്‍ നിന്നുപോലും വെറുപ്പ് ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്ഥയുമുണ്ടാകാം.
സല്‍പ്പേര് നഷ്ടമാകല്‍
പല വിവാഹേതരബന്ധങ്ങളും രഹസ്യമായിട്ടാണല്ലോ തുടര്‍ന്നുപോരുന്നത്. ബന്ധം പുറത്തറിയുന്നതുവരെ എല്ലാവരും മാന്യരാണ്. സല്‍സ്വഭാവികളാണ്. എന്നാല്‍, ഏതെങ്കിലും വിധത്തില്‍ ഈ വിഷയം നാട്ടില്‍ പാട്ടാകുന്നതോടെ സല്‍പ്പേര് നഷ്ടമാകും, അപമാനിതരാകും. സമൂഹത്തില്‍ അതുവരെയുണ്ടായിരുന്ന വിലയും നിലയും നഷ്ടമാകും.
ഇനി, രഹസ്യബന്ധം പുറത്തറിയുന്നില്ലെങ്കില്ക്കൂടി ഇത്തരമൊരു ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിയുമ്പോള്‍ സമാധാനം ഇല്ലാതെയാകും. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന ഭയം ഉള്ളില്‍ കടന്നുകൂടും. ജീവിതപങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാതെയാവും. ആ വ്യക്തിയോട് പണ്ടുണ്ടായിരുന്ന അടുപ്പം പുലര്‍ത്താന്‍ കഴിയാതെവരുന്നു. ആ സ്നേഹത്തിന് താന്‍ അര്‍ഹനല്ല, അര്‍ഹയല്ല എന്ന തിരിച്ചറിവ് ആത്മസംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ക്രമേണ ജീവിതത്തില്‍ സന്തോഷം നഷ്ടമാകുന്നു. ഒടുവില്‍ ചിലര്‍ വിഷാദത്തിനടിപ്പെട്ടേക്കാം. ആത്മഹത്യയിലവസാനിച്ച കേസുകളുമുണ്ട്.
ജീവിക്കുന്നെങ്കില്ത്തന്നെ ഉറങ്ങാന്കഴിയാതെയാവും. മടുപ്പ്, നിരാശ, ഓര്‍മ്മക്കുറവ്, നിരുന്മേഷം… ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാകും. ജീവിതംഒരിക്കലും പഴയതുപോലെയാവില്ല. സത്യത്തില്‍ ഒരാള്‍ മാത്രമായിരിക്കും തെറ്റു ചെയ്യുന്നത്. എന്നാല്‍, ആ തെറ്റിന്റെ ഭാരം പങ്കാളികള്‍ ഇരുവരെയും മാത്രമല്ല കുടുംബത്തെ മുഴുവനെയും ബാധിക്കുന്നുണ്ട്.അതുകൊണ്ടാണ് ശരീരത്തില്‍ ചെയ്യുന്ന തെറ്റ് ഏറ്റവും ഗൗരവതരമായി വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നത്.
മക്കള്‍/ ബന്ധുക്കള്‍
വിവാഹേതര ബന്ധങ്ങള്‍ ദമ്പതികളെ പരസ്പരം അകറ്റുന്നുവെന്നതിന് പുറമെ അവരുടെ മക്കളെയും പ്രതികൂലമായിബാധിക്കും. അച്ഛന്റെയോ അമ്മയുടെയോ ശ്രദ്ധയും പരിഗണനയും കിട്ടാതെയായിരിക്കും ഈ കുട്ടികള്‍ വളരുന്നത്. വഴിതെറ്റിപ്പോയ അച്ഛന്/ ഇടറിപ്പോയ അമ്മ മക്കള്‍ക്ക് സമ്മാനിക്കുന്നത് ദുര്‍മാതൃകയാണ്. മക്കളുടെ സ്വഭാവരൂപീകരണത്തെയും ധാര്‍മ്മിക ചിന്താഗതികളെയും ഇത് ദോഷകരമായി സ്വാധീനിക്കും. തന്നെയും അച്ഛനെയും ഉപേക്ഷിച്ച് മറ്റൊരു പുരുഷന്റെ കൂടെ ഒളിച്ചോടിപ്പോയ ഒരമ്മയാണ് ഉള്ളതെന്നിരിക്കട്ടെ. ഈ അമ്മയെക്കുറിച്ച് അച്ഛനൊരിക്കലും നല്ലതുപറയില്ല. ഏതു സമയവും അമ്മയെ മോശക്കാരിയാക്കിയായിരിക്കും അച്ഛന്റെ സംസാരം. ഇതുകേട്ടു വളര്‍ന്നുവരുന്നത് ആണ്കുട്ടിയാണെങ്കില് തന്റെ ഭാര്യയെയും സംശയിച്ചു തുടങ്ങും. സ്ത്രീകളെക്കുറിച്ചുള്ള അവന്റെ വികലമായ കാഴ്ചപ്പാടുകള്‍ അവന് വിവാഹിതനാകുമ്പോള്‍ പ്രശ്നമാകും. ഇത് ആ പെണ്‍കുട്ടിയുടെ ജീവിതംകൂടി താറുമാറിലാക്കും.
പെണ്കുട്ടിയുടെകാര്യമെടുക്കാം.വേലിചാടിയ അമ്മയുടെ മകള്‍ എന്ന വിശേഷണവുമായി മരണം വരെ സമൂഹത്തിനും ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും മുമ്പില്‍ അവള്‍ക്കു തലകുനിച്ച് ജീവിക്കേണ്ടിവരും.ഇവിടെ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ കുറ്റക്കാരല്ല. പക്ഷേ, അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ തെറ്റിന് അവര്‍ ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്നു.
ഇതിനു പുറമെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും വിവാഹേതര ബന്ധങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സൂക്ഷിച്ച് നടന്നുപോകുന്ന ഒരു വഴിയാത്രക്കാരന്റെ ദേഹത്തേക്ക് അഴുക്കുവെള്ളം തെറിച്ചു വീഴുന്നതുപോലെയാണ് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഈ അപമാനം ബാധിക്കുന്നത്. ഇതിന്റെ ദുര്‍ഗന്ധം അവരെയൊരിക്കലും വിട്ടുപോവുകയില്ല. അച്ഛന്, അമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നീ നിലകളിലെല്ലാം ഈ ദുര്‍ഗന്ധം നിലനിന്നുപോരുകയും ചെയ്യും. ഇത്തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണ് വിവാഹേതരബന്ധങ്ങള്‍ എന്ന തിരിച്ചറിവ് ഓരോരുത്തര്ക്കുമുണ്ടാകട്ടെ.
രഹസ്യബന്ധം ഇല്ല
പങ്കാളി അറിയാതെ ഇരുതോണിയില്‍ കാലിട്ട് മുന്നോട്ടുപോകാമെന്ന വിചാരം വിവാഹേതരബന്ധം പുലര്‍ത്തുന്ന ചിലര്‍ക്കെങ്കിലുമുണ്ട്, പക്ഷേ അത് അസാധ്യമാണ്. പങ്കാളിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഇണയ്ക്ക് ഇക്കാര്യം പെട്ടെന്ന് മനസ്സിലാവും. തന്നോട് കാണിക്കുന്ന അകല്‍ച്ച, നീരസം, അകാരണമായ ദേഷ്യം, കുറ്റപ്പെടുത്തല്‍… മുതല്‍ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍വരെ ഇക്കാര്യത്തില്‍ തെളിവുകളാണ്. ഭര്‍ത്താവറിയാതെ അതിവിദഗ്ധമായി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നവരും പാസ് വേഡ് കണ്ടെത്തുന്നവരും ധാരാളം. ഭര്‍ത്താവ് രഹസ്യമായി വിളിക്കുന്നത് ആരെയെന്നറിയാന് കോള്‍ ലിസ്റ്റ് പോലും എടുത്ത് രഹസ്യബന്ധം കണ്ടുപിടിച്ച വരുമുണ്ട്. അതുകൊണ്ട് വിവാഹേതര ബന്ധം രഹസ്യമായി പുലര്‍ത്താം എന്ന് തീരുമാനിക്കുന്നതിനു പകരം വിവാഹജീവിതത്തില്‍ സ്വന്തം ഇണയില്‍ മാത്രം സന്തോഷവും സംതൃപ്തിയും കണ്ടെത്താം എന്നു തീരുമാനിക്കുന്നതാണ് ബുദ്ധിപൂര്‍വവും വിവേകപൂര്‍വവുമായ തീരുമാനം.

സി. ഡോ. അർപ്പിത CSN
സെന്റ് ജൂഡ് കൗണ്‍സിലിംഗ് സെന്റര്‍
അങ്കമാലി




