Monday, June 8, 2026

കുഞ്ഞിന്റെ ആദ്യത്തെ 1000 ദിനങ്ങളും സ്ക്രീൻ ടൈമും

ഏതൊരു കുഞ്ഞിന്റെയും ജീവിതത്തിലെ ആദ്യത്തെ 1000 ദിനങ്ങള്‍ (ഗര്‍ഭധാരണം മുതല്‍ 2 വയസ്സുവരെ) കുഞ്ഞിന്റെ ഭാവിയെത്തന്നെ രൂപപ്പെടുത്തുന്നതില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന കാലയളവാണ്. ഈ രണ്ടു വര്‍ഷത്തിനുള്ളില്‍, മനുഷ്യ മസ്തിഷ്‌കം അതിന്റെ യഥാര്‍ഥ വലുപ്പത്തിന്റെ 80% ആയി വളരുന്നു. കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും,ആരോഗ്യത്തിനും, സന്തോഷത്തിനും പഠന മികവിനും, ജീവിതത്തിന്റെ സുസ്ഥിതിക്കും, എന്തിനേറെ പറയുന്നു ഭാവിയിലെ അവന്റെ സമ്പാദനശേഷിയെവരെ സ്വാധീനിക്കാന്‍ ആദ്യത്തെ ഈ ചുരുങ്ങിയ കാലയളവിനു കഴിയും എന്ന് പറയുമ്പോള്‍ നാം അതിശയിച്ചേക്കാം. കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂനിസെഫ് (UNICEF) ഈ 1000 ദിനങ്ങളുടെ
പ്രാധാന്യം ലക്ഷ്യം വച്ച് ‘ഏര്‍ലി മൊമെന്റ്‌സ് മാറ്റര്‍’ (early moments matter) എന്ന പ്രചാരണം തന്നെ നടത്തിവരുന്നു. പറഞ്ഞുവരുന്നത് കുഞ്ഞിന്റെ പരമപ്രധാനമായ ഈ കാലയളവില്‍ നാം അവര്‍ക്ക് അനുവദിക്കുന്ന ‘സ്‌ക്രീന്‍ ടൈമി’നെ കുറിച്ചുള്ള ചില വിചിന്തനങ്ങളാണ്.

എന്താണ് സ്‌ക്രീന്‍ ടൈം?

സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍, ടിവി, വീഡിയോ ഗെയിം അല്ലെങ്കില്‍ ടാബ്ലറ്റ് പോലുള്ള സ്‌ക്രീനുള്ള ഉപകരണം ഉപയോഗിച്ച് ചെലവഴിക്കുന്ന സമയമാണ് സ്‌ക്രീന്‍ ടൈം. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്‌ സ്‌ക്രീന്‍സമയത്തെ സംബന്ധിച്ച് മൂന്നോട്ട് വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്:

  • വീഡിയോ കോള്‍ അല്ലാതെ രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു സ്‌ക്രീനും പരിചയപ്പെടുത്തരുത്.
  • 2 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം 1 മണിക്കൂര്‍ വീതം സ്‌ക്രീന്‍ അനുവദിക്കാം. നിലവാരമുള്ള ഉള്ളടക്കമാണെന്ന് ഉറപ്പ് വരുത്തുകയും രക്ഷിതാവിന്റെ ഒപ്പമിരുന്ന് കാണുകയും ചെയ്യാം.
  • 5 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ഫിസിക്കല്‍ ആക്റ്റിവിറ്റി, ഉറക്കം, പഠനം, ഹോബികള്‍, ആഹാരം എന്നിവയെ മാറ്റിവച്ചുകൊണ്ടുള്ള സ്‌ക്രീന്‍സമയം ഒട്ടും അനുവദിച്ചു കൊടുക്കരുത്. ചില ശിശുരോഗ വിദഗ്ധരുടെ അഭിപ്രായത്തില്‍ 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ ഒരുദിവസം പരമാവധി രണ്ടു മണിക്കൂര്‍ മാത്രമേ സ്‌ക്രീനിന് മുന്നില്‍ ചെവഴിക്കാവൂ എന്ന് പറയുന്നു.

ഇന്ന് രണ്ടു വയസ്സൊക്കെ പ്രായമുള്ള കുഞ്ഞുങ്ങള്‍ തനിയെ ഫോണില്‍ റീല്‍സും മറ്റും കാണുന്നത് ഒരു നിത്യ കാഴ്ചയായി മാറുന്നു. ലോകം അതിവേഗം മുന്നേറുന്നു. തിരക്കുള്ള ജീവിതവുമായി നാം രക്ഷിതാക്കളും! എന്നിരുന്നാലും കുഞ്ഞിന് അനുവദിക്കുന്ന സ്‌ക്രീന്‍ ടൈമിന്റെ കാര്യത്തില്‍ ബോധപൂര്‍വമായ ഒരു കരുതല്‍ ഉണ്ടായേ മതിയാകൂ.

ഗര്‍ഭ കാലഘട്ടത്തില്‍ സ്‌ക്രീന്‍ ടൈമിന്റെ ക്വാളിറ്റിയില്‍ നാം ശ്രദ്ധിക്കണം. പലപ്പോഴും
അലസതയും ആകുലതയും അകറ്റാന്‍ ടി.വി യെ ആശ്രയിക്കുമ്പോള്‍ അതൊരിക്കലും അമ്മയുടെയോ ഉദരത്തില്‍ ആയിരിക്കുന്ന കുഞ്ഞിന്റെയോ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ക്ഷീണിപ്പിക്കുന്നതാവരുത്. ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള അമിതമായ ഫോണ്‍ഉപയോഗം, ജനിക്കുന്ന കുഞ്ഞുങ്ങളില്‍ സ്വഭാവവൈകല്യങ്ങള്‍ക്കും കാരണമാകുന്നു.

മിക്കപ്പോഴും കുഞ്ഞുങ്ങളെ അടക്കി ഇരുത്താനുള്ള ഉപാധിയായി ഫോണും ടി.വിയും മാറുന്നു. ചിലപ്പോഴൊക്കെ കുഞ്ഞുങ്ങളെ ഭക്ഷണം കഴിക്കാന്‍ ആകര്‍ഷിക്കുന്ന ഒരു മാര്‍ഗവും ഇതു തന്നെ! എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്‌ക്രീന്‍ടൈം കുഞ്ഞുങ്ങളില്‍ ഏകാഗ്രതക്കുറവ്, ദേഷ്യം, വാശി, സംസാരവൈകല്യം, മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ പിന്നോട്ട് പോവുക തുടങ്ങിയവ സൃഷ്ടിക്കുന്നു.

രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്‌ക്രീന്‍ടൈം പാടില്ല എന്ന ഉപാധിക്ക് പിന്നിലെന്താണ്? കുഞ്ഞുങ്ങളെ വ്യാപൃതരാക്കാന്‍
നമുക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

ലോകത്തിലെ പ്രമുഖ മസ്തിഷ്‌ക ശാസ്ത്രജ്ഞരില്‍ ഒരാളായ പട്രീഷ്യ കുല്‍ ഓരോ വര്‍ഷവും 4,000 ലധികം കുഞ്ഞുങ്ങളില്‍ പഠനങ്ങള്‍ നടത്തുന്നു. അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പങ്കുവയ്ക്കുന്ന ഒരു കാര്യം,
കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടത് മനുഷ്യരെയാണ്. സ്‌ക്രീനുകളല്ല എന്നതാണ്.
അവര്‍ പറയുന്നു: ”ആകര്‍ഷകമായ വിഡിയോകള്‍ നിങ്ങള്‍ അവരെ കാണിച്ചാലും. അത് പഠനത്തിലുണ്ടാക്കുന്ന (learning) വ്യത്യാസം വലുതാണ് എന്നാണ്. ജീവനുള്ള ഒരു മനുഷ്യനില്‍ നിന്ന് നിങ്ങള്‍ക്ക് genius learning ലഭിക്കുന്നു. ഒരു യന്ത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് Zero learning ലഭിക്കുന്നു.” സ്‌ക്രിനുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്’ മനുഷ്യ വികാരങ്ങള്‍ വായിക്കാനും അവരുടെ നിരാശ നിയന്ത്രിക്കാനുമുള്ള ശിശുക്കളുടെ കഴിവ് കുറയ്ക്കുന്നു’ എന്നും പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചുകുഞ്ഞുങ്ങളും അവരെ പരിചരിക്കുന്നവരും തമ്മിലുള്ള മുഖാഭിമുഖമുള്ള ഇടപെടലാണ് മസ്തിഷ്‌ക വികാസത്തിന് വളരെ അത്യാവശ്യമായിട്ടുള്ളത്; ഇത്തരം ഇടപെടലുകളിലൂടെയാണ് കുഞ്ഞുങ്ങള്‍ നോണ്‍-വെര്‍ബല്‍ സൂചനകള്‍ മനസ്സിലാക്കാനും അവ വ്യാഖ്യാനിക്കാനും പഠിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വളര്‍ച്ചാഘട്ടത്തില്‍ സ്‌ക്രീന്‍ടൈമിന് ഒട്ടും പ്രസക്തിയില്ല.

സ്‌ക്രീന്‍ ടൈമില്‍ നിന്നും സ്‌ക്രീന്‍ ഫ്രീ ടൈമിലേക്ക് എങ്ങനെ സഞ്ചരിക്കും എന്നതിനുള്ള ചില പൊടിക്കൈകളാകാം ഇനി.

ഒപ്പം കളിക്കുക : ‘ഒളിച്ചേ, കണ്ടേ’ തുടങ്ങിയ ചെറിയ കളികള്‍വരെ കുഞ്ഞുങ്ങളെ ഏറെ  സ്വാധീനിക്കുന്നു. ഒരുമിച്ചുകളിക്കുന്നത് കുടുംബങ്ങളെ സന്തുഷ്ടരാക്കുകയും കൂടുതല്‍ അടുപ്പിക്കുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുഞ്ഞുമൊത്തുള്ള വെറും 15 മിനിറ്റ് കളി ദശലക്ഷക്കണക്കിന് മസ്തിഷ്‌ക കണക്ഷനുകള്‍ക്ക് അവസരം (Neural Connections) സൃഷ്ടിക്കുന്നു!

കഥകള്‍ പറയുക : ഉദരത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങളോട് കഥ പറഞ്ഞു തുടങ്ങാം; ജനിച്ച് കഴിയുമ്പോഴും ആകര്‍ഷകമായ രീതിയില്‍ കഥ പറയുന്നത് തുടരുക!
പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക: നിങ്ങളുടെ കുഞ്ഞിന് പുസ്തകങ്ങള്‍ വായിക്കാന്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല പ്രായം 3-6 മാസമാണ് എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ? ഓരോ പ്രായത്തിനും അനുസരിച്ചുള്ള കുഞ്ഞ് പുസ്തകങ്ങള്‍ (ബോര്‍ഡ് പുസ്തകങ്ങളും ചിത്രകഥാപുസ്തകങ്ങളും, ചെറിയ ആക്റ്റിവിറ്റി പുസ്തകങ്ങളും) കണ്ടെത്തി അത് അവര്‍ക്ക് പരിചയപ്പെടുത്തുക.

പാട്ട് പാടിക്കൊടുക്കുക: ജനനത്തിനുമുമ്പുതന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയോട് പാടാന്‍ തുടങ്ങാം. ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് പതിവായി പാടിക്കൊടുക്കുന്നത്, ഈണത്തോടെയോ അല്ലാതെയോ ആയാലും- അത് അവരുടെ വികാസത്തിന്റെ വളരെ പ്രധാനപ്പെട്ടഭാഗമാണ്; കാരണം സംഗീതവും കുട്ടികളുടെ മസ്തിഷ്‌ക വികാസവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

കളിപ്പാട്ടങ്ങള്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ജാക്ക് ഷോങ്കോഫ് പറയുന്നു: ‘കളി ഒരു പര്യവേക്ഷണമാണ്. കളിക്കുമ്പോള്‍ കാര്യങ്ങള്‍ പരീക്ഷിക്കുന്നു. നിങ്ങള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, മറ്റൊന്ന് സംഭവിക്കുമ്പോള്‍ (എന്തുകൊണ്ട് എന്ന്) കണ്ടെത്താന്‍ കളി ശ്രമിക്കുന്നു’. വാസ്തവത്തില്‍ കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും വിലയേറിയ കളിപ്പാട്ടങ്ങള്‍ ആവശ്യമില്ല. കുഞ്ഞുമായി രസകരവും ആകര്‍ഷകവുമായ ഒരു ഗെയിം സൃഷ്ടിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും നമുക്ക് വീട്ടില്‍ത്തന്നെ കണ്ടെത്താവുന്നതേയുള്ളൂ.

ചുരുക്കത്തില്‍ കുഞ്ഞുവാവയുടെ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ആദ്യത്തെ 1000 ദിനങ്ങളെ ശ്രദ്ധയോടെ നമുക്ക് ആശ്ലേഷിക്കാം. അവര്‍ക്ക് നാം മനുഷ്യരെ മാത്രമാണ് ഈ കാലയളവില്‍ വേണ്ടത് എന്ന തിരിച്ചറിവോടെ സ്‌ക്രീന്‍ടൈമിനോട് നോ പറയാം. കാരണം ‘ആദ്യനിമിഷങ്ങള്‍ പ്രധാനമാണ്, (early moments matter)!

SHEETHAL
ശീതൾ ജോസഫ് 

Related Articles