അറബിപ്പൊന്നിന്റെ നാട്ടില്‍ മൂന്നു ജ്വല്ലറികളുള്ള മുതലാളിയുടെ ഏക മകള്‍ സെന്ന. സുന്ദരി. പഠിക്കാന്‍ അത്ര പോരെങ്കിലും പണത്തിന്റെ ബലംകൊണ്ട് എം.ബി.ബി.എസ്. തട്ടിയും മുട്ടിയും പൊയ്‌ക്കൊണ്ടിരിക്കുന്നു. എട്ടുവര്‍ഷമായിട്ടും കടമ്പ കടക്കാന്‍ പറ്റിയിട്ടില്ല. ഒരുപാടു സുഹൃത്തുക്കള്‍ അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ ഒരു അടിച്ചുപൊളി കൂട്ടുകാരി എന്നതില്‍ കവിഞ്ഞ് ആത്മാര്‍ഥമായി അവളെ ചേര്‍ത്തുപിടിക്കുന്ന ഒരു സുഹൃത്തുപോലും അവള്‍ക്കുണ്ടായിരുന്നില്ല. സ്വസഹോ ദരങ്ങള്‍ എന്നു പറയാന്‍ കുടുംബത്തിലും ആരുമില്ല. അങ്ങനെ ഒരുവിധത്തില്‍ പറഞ്ഞാല്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ അവള്‍ ജീവിച്ചുവരികയായിരുന്നു. എവിടെയെങ്കിലും ഡോക്ടറായി കയറ്റിവച്ചിട്ടു വേണം കല്യാണം നടത്താന്‍ എന്നു കരുതി മാതാപിതാക്കള്‍ കാത്തിരിക്കുകയായിരുന്നു.
അപ്രതീക്ഷിതമായാണ് ജിന്‍സണ്‍ എന്ന യുവ ഡോക്ടറെ മാതാപിതാക്കള്‍ പരിചയപ്പെടുന്നത്. സുഹൃത്തുക്കള്‍വഴി കൂടുതല്‍ വിവരങ്ങള്‍ തിരക്കി. സെന്നയുടെ വിവരങ്ങള്‍ കേട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം മാതാപിതാക്കള്‍ക്ക് വലിയ
ആശ്വാസമായിരുന്നു. അവളെ എം.ബി.ബി.എസ്. പാസാക്കി ഒരു ഡോക്ടറായി സര്‍വീസില്‍ കയറ്റാന്‍ തനിക്ക് നിഷ്പ്രയാസം കഴിയുമെന്ന് അയാള്‍ ഉറപ്പുനല്‍കി. ഡോക്ടര്‍ ജോലിയോടൊപ്പം പല ബിസിനസുകളും ജിന്‍സണ്‍ നടത്തുന്നുണ്ടായിരുന്നു. പണമുണ്ടാക്കാന്‍ ബഹുമിടുക്കന്‍. ബിസിനസില്‍ സഹായിക്കാന്‍ ഒരുപാടുപേര്‍ ഒപ്പമുണ്ട്. ബിസിനസില്‍ വിജയിക്കാന്‍ അത്യാവശ്യം വേണ്ട നല്ല പെരുമാറ്റശൈലി. വിദേശത്തുള്‍പ്പെടെ വ്യാപിച്ചുകിടക്കുന്ന ബിസിനസ് മേഖല. നാട്ടില്‍ തരക്കേടില്ലാത്ത ഒരാശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍. വന്നുചേര്‍ന്ന മഹാഭാഗ്യമായി കരുതി, എത്രയും വേഗം വിവാഹം നടത്തി. മധുവിധുവിനൊന്നും അങ്ങനെ കളയാന്‍ സമയമില്ലാത്തതിനാല്‍ കല്യാണപ്പിറ്റേന്നുതന്നെ ജിന്‍സണ്‍ തന്റെ ഫീല്‍ഡില്‍ സജീവമായി. അവള്‍ ഒരു പാവം പെണ്‍കുട്ടിയാണെന്നും മര്യാദക്കാരായ മാതാപിതാക്കള്‍ വലിയ പ്രശ്‌നക്കാരല്ലെന്നും ചോദിക്കാനും പറയാനും സഹോദരങ്ങളോ ബന്ധുക്കളോ അധികമില്ലെന്നും ഒക്കെ ജിന്‍സണ്‍ വേഗം മനസ്സിലാക്കിയെടുത്തു. അയാളെ സംബന്ധിച്ച് തന്റെ ബിസിനസ് ഫീല്‍ഡിലേക്കു കിട്ടിയ ഒരു പുതിയ മെഷിനറി ആയിരുന്നു സെന്ന.
കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കാം. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി വിദഗ്ധമായ രീതിയില്‍ കാര്യങ്ങള്‍ നീക്കി. വളരെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ സെന്നയ്ക്ക് ജോലിയായി. ഒളിച്ചുകളികളും വളച്ചൊടികളുമൊന്നും പരിചയമില്ലാത്ത അവള്‍ക്ക് ട്യൂഷന്‍ കൊടുത്ത് അയാളുടെ കൂടെ നില്‍ക്കാന്‍ പഠിപ്പിച്ചെടുക്കുന്നതിനിടെ തന്റെ ഉദ്യമങ്ങള്‍ ഇവളിലൂടെ സഫലമാക്കാനിടയില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. പഠനത്തില്‍ അവള്‍ അമ്പേ പരാജയമാണെന്നറിഞ്ഞു തന്നെയാണല്ലോ അയാള്‍ കെട്ടിയത്. പക്ഷേ, പ്രൊഫഷനില്‍ ചെയ്യുന്ന സേവനം ജീവിതത്തില്‍ ചെയ്തുകൊടുക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റിനു കഴിയില്ലല്ലോ. അത് വ്യാജനല്ലേ!
ജിന്‍സണ്‍ കല്യാണം കഴിച്ചു എന്നു പറയുന്നതിനെക്കാള്‍ അവന്‍ തന്റെ ബിസിനസി ലേക്കായി ഒരു പുതിയ മെഷിനറി വാങ്ങി, അതത്ര പ്രൊഡക്ടീവ് ആയില്ല എന്നു പറയുന്നതാവും ശരി. എന്തായാലും ആ മെഷീന്‍ വാങ്ങിയിടത്തു തിരിച്ചുകൊടുത്തത് ഒരു സാമാന്യ ബിസിനസ്സിന്റെ ഭാഗം മാത്രം.
പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ മാതാപിതാക്കളാണോ? നിങ്ങളുടെ മക്കള്‍ക്ക് പറന്നുയരാനുള്ള ആകാശം അവരുടെ ഉള്ളിലുണ്ട്. തന്റെ തലയിലൊതുങ്ങാത്ത കാര്യങ്ങള്‍ പഠിച്ചെടുത്ത് മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ ആ
പെണ്‍കുട്ടി പാടുപെടുമ്പോള്‍ അവള്‍ക്ക് ജീവിതംതന്നെ നഷ്ടമായി. തന്റെ അഭിരുചി ക്കനുസൃതം കഴിവിന്റെ പരിമിതികളറിഞ്ഞ് അവള്‍ തിരഞ്ഞെടുക്കുന്ന ഒരു പഠന മേഖലയിലൂടെ പോയിരുന്നെങ്കില്‍ ഒപ്പം നില്‍ക്കുന്ന ഒരു സുഹൃദ്‌വലയവും കരിയറിനൊപ്പം കൈപിടിക്കാന്‍ ഒരു ജീവിതപങ്കാളിയും അവള്‍ക്ക് ഉണ്ടാകു മായിരുന്നു. സ്റ്റാറ്റസ് നിലനിര്‍ത്താന്‍ പണവും പ്രൊഫഷനും അത്ര പ്രധാനമായി കരുതേണ്ടതില്ല. ജീവിതത്തിന് ആവശ്യമായ ഒരുപാടു കാര്യങ്ങള്‍ തന്റെ ചുറ്റുപാടുകളില്‍നിന്ന് ആര്‍ജിച്ചെടുക്കാന്‍ ഒരവസരം ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്ക് ജിന്‍സനെപ്പോലൊരു വ്യക്തിയെ അന്വേഷിക്കേണ്ടിവരില്ലായിരുന്നു. ഒരു നഴ്‌സറി ടീച്ചറോ, ഡിസൈനറോ, ഓഫീസ് സ്റ്റാഫോ ഒക്കെയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് ഒരു സാധാരണ ജീവിതത്തിന്റെ ഭംഗി ആസ്വദിക്കാമായിരുന്നു.
ഇന്ന് വിവാഹം എന്നത് മറ്റെന്തിന്റെയൊക്കെയോ പുറകെ ആര്‍ത്തിപിടിച്ച് ഓടുന്നതിനിടെ വെറുതെ സംഭവിച്ചുപോകുന്ന ഒരു നാട്ടുനടപ്പു മാത്രമാണ്. തല്‍ക്കാലത്തേക്ക് ഒരു പരീക്ഷണം പോലെ അഥവാ ഏതാനും ദിവസത്തേക്കെടുക്കുന്ന stay home പോലെയൊക്കെയാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. വിശുദ്ധമായ കുടുംബം, ദൈവത്തിന്റെ പരിപാലനയുടെ ശക്തി, അനന്തമായ അവിടുത്തെ പദ്ധതി തുടങ്ങിയവയൊന്നും ചിന്തയില്‍പോലും കടന്നുവരാത്ത ജീവിതം. ജീവനോ ജീവിതത്തിനോ സഹജീവിക്കോ ഒരു മൂല്യവും കല്പിക്കാന്‍ കഴിയാത്ത മനുഷ്യന്‍ അസ്ഥിത്വത്തിന് അര്‍ഥം കണ്ടെത്തുക അസാധ്യം.
പ്രായപൂര്‍ത്തിയായാലും പക്വമതികളാകാത്ത മക്കളെ കുടുംബജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുകതന്നെ വേണം. മക്കളുടെ വിവാഹാനന്തര ജീവിതത്തില്‍ വിവേകത്തോടും നിഷ്പക്ഷതയോടുംകൂടെ ഇടപെടുക. ഒരു വിശുദ്ധ കുടുംബം രൂപപ്പെടുന്നുവെന്നും അവിടെ നടക്കുന്നത് കച്ചവടങ്ങളും വൈകൃതങ്ങളും അല്ലെന്ന് ഉറപ്പുവരുത്തുക. മക്കളിലേക്ക് പകര്‍ന്നുകൊടുക്കേണ്ട മൂല്യങ്ങള്‍ക്ക് ചിറകെട്ടരുത്, അതൊഴുകട്ടെ. സ്വീകരിക്കേണ്ട മറുപക്ഷക്കാര്‍ക്ക് ഈ അക്ഷരത്താളുകള്‍ അന്യമായിരിക്കാം. അതിനാല്‍ മാതാപിതാക്കളെ, നിങ്ങള്‍ വിശ്രമിക്കരുത്. ജീവിതപന്ഥാവില്‍ നിങ്ങളുടെ മക്കള്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക.

സി. ആനി ജോസ് CSN




