കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുതിര്‍ന്നവര്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണും
ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തെ കൈവെള്ളയിലൊതുക്കുന്ന ഈ സാങ്കേതിക അത്ഭുതം മുതിര്‍ന്നവരുടെ ജീവിതത്തില്‍ പുതിയൊരധ്യായം തുറന്നു. ഒട്ടേറെ നന്മകള്‍ അതുവഴിയുണ്ടായി.
ഏകാന്തത അകറ്റുന്നു
വിദേശത്തും സ്വദേശത്തുമായി അകലങ്ങളില്‍ കഴിയുന്ന മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍, സ്‌നേഹിതര്‍ ഇവരെയൊക്കെ വീഡിയോ കോള്‍വഴി കാണാനും
കൊച്ചുവര്‍ത്തമാനം പറയാനും കഴിയുന്നതിലൂടെ അവരുടെ ഏകാന്തതയില്‍ ഇത്തരം ഫോണുകള്‍ നല്ലൊരു ചങ്ങാതിയായി മാറി. വീട്ടില്‍ തനിയെ കഴിയുന്ന വയോധികര്‍ക്ക് മരുന്നുകഴിക്കേണ്ട സമയങ്ങള്‍, ഡോക്ടറെ കാണേണ്ട ദിനങ്ങള്‍ തുടങ്ങിയവ ഓര്‍മ്മിപ്പിക്കുന്ന ആരോഗ്യനിരീക്ഷണ ആപ്പുകള്‍ പോലും ഇന്നുണ്ട്.
ആത്മീയതയുംവിനോദവുംവിരല്‍ത്തുമ്പില്‍
മുതിര്‍ന്നവരില്‍ പലരും ഫോണ്‍ ഉപയോഗിക്കുന്നത് ആത്മീയ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ കേള്‍ക്കാനും പ്രാര്‍ഥനകള്‍ ചൊല്ലാനുമൊക്കെയാണ്. ഒപ്പം മാനസികോല്ലാസം നല്‍കുന്ന വിനോദപരിപാടികള്‍, പഴയ സിനിമകള്‍, പാട്ടുകള്‍ ഇവയും ഇവര്‍ ആസ്വദിക്കുന്നു.
സ്വയം പര്യാപ്തരാക്കുന്നു
മറ്റുള്ളവരെ ആശ്രയിക്കാതെ, പലതും തനിയെ ചെയ്യാന്‍ പ്രാപ്തരാക്കുന്നു എന്നതാണ് സ്മാര്‍ട്ട് ഫോണിന്റെ മറ്റൊരു ഗുണം. ബാങ്കിംഗ് സേവനങ്ങള്‍, ബില്‍ പേയ്‌മെന്റ്, യാത്ര ടിക്കറ്റ് ബുക്കിംഗ് എന്നീ കാര്യങ്ങള്‍ ആരെയും ആശ്രയിക്കാതെ വീട്ടിലിരുന്നുതന്നെ ചെയ്യാം എന്നത് ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
വെല്ലുവിളികള്‍
മേല്പറഞ്ഞ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട് എങ്കിലും അല്പം ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇന്റെര്‍നെറ്റ് വഴി ഒട്ടേറെ അപകടങ്ങളിലും കെണികളിലും മുതിര്‍ന്നവര്‍ ചെന്നുപതിക്കാനിടയുണ്ട്.
കാണുന്നതെല്ലാം സത്യമല്ല
ഇത് എ. ഐ. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അല്ലെങ്കില്‍ നിര്‍മിതബുദ്ധി) യുടെ കാലമാണ്. സാങ്കേതിക രംഗത്തുണ്ടായ കുതിച്ചുചാട്ടം എന്ന് ഇതിനെ പറയാം. ഇന്ന് ലോകം എ. ഐ. യുടെ ചിറകിലേറി പറക്കുകയാണ്. പഠനത്തിനും ആരോഗ്യാവശ്യങ്ങള്‍ക്കും ഉള്‍പ്പെടെ എന്തിനും ഏതിനും പുതിയകാലം എ. ഐ. യെ ആശ്രയിക്കുന്നു. ഇതൊരു വിപുല വിഷയമായതിനാല്‍ മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കേണ്ട ചുരുക്കം ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുകയാണ്.
എ. ഐ. സാങ്കേതിക വിദ്യ ഒരത്ഭുത പ്രതിഭാസമാണ്. ഇല്ലാത്തതിനെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന, ഉള്ളതിനെ രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന മാന്ത്രിക വിദ്യ. ഉദാഹരണത്തിന് നിങ്ങളുടെ ബാല്യകാലത്തെ ഒരു ചിത്രം പോലും കയ്യിലില്ല എന്നു കരുതുക. ഈ അറുപതാം വയസ്സിലെ ഒരു ഫോട്ടോ കൊടുത്താല്‍ മതി. മൂന്നു വയസ്സില്‍ നിങ്ങള്‍ എങ്ങനെയായിരുന്നു എന്ന് എ. ഐ. കാണിച്ചുതരും. യേശുവിന്റെ ഒരു പ്രസംഗം കേള്‍ക്കണമെന്നുണ്ടോ? യേശുവിന്റെ ഇഷ്ടപ്പെട്ട ഒരു ചിത്രവും ഒരു ശബ്ദവും മതി. ലൈവ് ആയ ഒരു പ്രസംഗം എ. ഐ തയ്യാറാക്കിത്തരും. നിശ്ചലചിത്രങ്ങള്‍ ഉപയോഗിച്ച് വീഡിയോ നിര്‍മിക്കും. കണ്ടിട്ടില്ലേ, സമൂഹത്തിലെ ആദരണീയരായ മനുഷ്യരെക്കൊണ്ട് കോമാളിത്തരങ്ങള്‍ ചെയ്യിക്കുന്ന വീഡിയോകള്‍. പക്ഷിമൃഗാദികള്‍, പൊടിക്കുഞ്ഞുങ്ങള്‍, ഇവയൊക്കെ സംസാരിക്കുന്ന കൗതുക വീഡിയോകളും എ.ഐ. നിര്‍മ്മിതികളാണ്.
സൈബര്‍ തട്ടിപ്പുകള്‍
ഇത്തരം കാര്യങ്ങളെക്കുറിച്ച് കാര്യമായി പിടിപാടില്ലാത്ത മുതിര്‍ന്നവര്‍ ഇവകണ്ട് ആശ്ചര്യപ്പെടുന്നു. എന്നാല്‍, വെറും നേരമ്പോക്കിനുള്ള കാര്യങ്ങള്‍ക്ക് മാത്രമല്ല എ. ഐ. സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നത്. വിശ്വസനീയമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് പല തട്ടിപ്പുകളും സൈബര്‍ ലോകത്ത് നടക്കുന്നു. പുതിയകാലത്ത് പണം മോഷ്ടിക്കാന്‍ ബാങ്കോ വീടുകളോ ഒന്നും കുത്തിപ്പൊളിക്കേണ്ട. അല്പം സാങ്കേതിക വിദ്യയും കുബുദ്ധിയും ഉണ്ടെങ്കില്‍ അക്കൗണ്ടിലേക്ക് പണം നേരെ വന്നുവീഴും. ഇങ്ങനെ മറ്റൊരാളുടെ പണം നൈസായി തട്ടിയെടുത്ത് ആരുമറിയാതെയും തടികേടാക്കാതെയും മുങ്ങാം.
ഡിജിറ്റല്‍ അറസ്റ്റുകള്‍!
കുറ്റവാളികള്‍ പൊലീസ് ഉദ്യോഗസ്ഥരായും ജഡ്ജിമാരായുംവേഷംമാറിഓഡിയോ, വീഡിയോ കോളിലൂടെ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബര്‍ കുറ്റകൃത്യമാണ് ഡിജിറ്റല്‍ അറസ്റ്റ്. നിങ്ങള്‍ കുറ്റം ചെയ്തുവെന്നും പിഴ അടയ്ക്കുന്നതുവരെ ഡിജിറ്റല്‍ അറസ്റ്റിലാണ് എന്നും വിശ്വസിപ്പിച്ചാണ് ഈ തട്ടിപ്പ്.
കുറ്റവാളികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഈ ഉദ്യോഗസ്ഥരുടെ മുഖം മോര്‍ഫ് ചെയ്ത് കോടതിമുറിയുടെ പശ്ചാത്തലവും ഒരുക്കി പ്രത്യക്ഷപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടെ മാനസികമായി തകരുന്ന ഇരകള്‍ എങ്ങനെയും ആ വിപത്തില്‍നിന്ന് ഊരിപ്പോരണം എന്ന ചിന്തയോടെ പണം കൈമാറുന്നു. ഇത്തരം തട്ടിപ്പുകള്‍ അനുദിനം പെരുകുകയാണ്. മാധ്യമങ്ങള്‍ കൂടെക്കൂടെ മുന്നറിയിപ്പു നല്കിയിട്ടും മുതിര്‍ന്നവര്‍ പിന്നെയും പിന്നെയും ചതിയില്‍ പെടുന്നു. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് 70 നു മേല്‍ പ്രായമുള്ള ഒരമ്മയ്ക്ക് നഷ്ടപ്പെട്ടത് എതാണ്ട് ഏഴു കോടി രൂപയാണ്! പുതുവര്‍ഷപ്പിറ്റേന്ന് നടന്ന രണ്ടു തട്ടിപ്പുകളുടെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതില്‍ ഒരാള്‍ക്ക് പൊലീസിൻറെയും ബാങ്ക് മാനേജരുടെയും സമയോചിത ഇടപെടല്‍ മൂലം ഭാഗ്യത്തിന് പണം നഷ്ടമായില്ല. 74 കാരനായിരുന്നുകബളിപ്പിക്കപ്പെട്ടത്. ഈ ആളെ ‘മുംബൈ പൊലീസ്’ എന്നു പറഞ്ഞാണ് ഒരാള്‍ വിളിച്ചത്. താങ്കളുടെ അക്കൗണ്ടില്‍ അനധികൃത പണം എത്തിയിട്ടുണ്ടെന്നും അതു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും അയാള്‍ അറിയിച്ചു. ആധാര്‍നമ്പര്‍കൂടി തട്ടിപ്പുകാരന്‍ പറഞ്ഞതോടെ പാവം പരിഭ്രാന്തനായി. പുറത്തറിയിച്ചാല്‍ അറസ്റ്റ് ഉടന്‍ നടക്കുമെന്നും 10 ലക്ഷം രൂപ കൈമാറുവാനും ആവശ്യപ്പെട്ടു. പല ദിവസങ്ങള്‍ ഈ വിളി തുടര്‍ന്നതിനുശേഷം, കേസ് സുപ്രീം കോടതിയിലാണെന്നും അറസ്റ്റ്‌വാറണ്ട് ഉണ്ടെന്നും രക്ഷപെടാന്‍ വേഗം പണം കൈമാറുക എന്നും അറിയിച്ചു.
പരിഭ്രാന്തനായ വയോധികന്‍ ബാങ്കിലെത്തി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ അപേക്ഷ നല്കി. വീട്ടിലെ അറ്റകുറ്റപണിക്കാണെന്നാണ് അറിയിച്ചത്. പക്ഷേ, സംശയം തോന്നിയ മാനേജര്‍ പണം നല്കിയില്ല. പിറ്റേന്നു വരാന്‍ പറഞ്ഞയച്ചു. തൊട്ടു പിന്നാലെ സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഓഫീസര്‍ പണം പിന്‍വലിക്കുന്നത് എന്തിനാണെന്നന്വേഷിച്ചെങ്കിലും പേടികൊണ്ട് ആദ്യം തുറന്നു പറഞ്ഞില്ല.പൊലീസ് സമാധാനിപ്പിച്ചതോടെ, സത്യം പറഞ്ഞ് വയോധികന്‍ ഫോണ്‍ പൊലീസിനു നല്‍കി. അവര്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ വാട്‌സാപ്പ് വീഡിയോ കോളില്‍ തട്ടിപ്പുസംഘം ഉണ്ട്. ഇപ്പുറത്ത് യഥാര്‍ഥ പൊലീസാണെന്നറിഞ്ഞതോടെ ഫോണ്‍ കട്ട് ചെയ്ത് അവര്‍ മുങ്ങി. വെര്‍ച്ച്വല്‍ അറസ്റ്റില്‍ ഭയന്നുപോയ ആ വയോധികന്‍ ജീവനൊടുക്കാന്‍വരെ ചിന്തിച്ചാണത്രേ പണം കൈമാറാന്‍ ബാങ്കിലെത്തിയത്!
അന്നുതന്നെ നടന്ന രണ്ടാമത്തെ തട്ടിപ്പ് കര്‍ണാടകയിലാണ്. 72 കാരനായിരുന്നു ആ ഹതഭാഗ്യന്‍. 1.61 കോടി രൂപ അദ്ദേഹത്തിനു നഷ്ടമായി. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത തീവ്രവാദികളുടെപക്കല്‍നിന്ന്പിടിച്ചെടുത്ത എ.ടി.എം കാര്‍ഡുകളില്‍ ഒന്ന് താങ്കളുടെ പേരിലുള്ളതാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്..
ഫിഷിംഗും (Phishing) സ്മിഷിംഗും വിഷിംഗും
ഇന്റര്‍നെറ്റ് വഴി ഒരാളുടെ പാസ്വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന മറ്റൊരു സൈബര്‍ തട്ടിപ്പാണിത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന മട്ടിലുള്ള തന്ത്രമാണിവിടെ (Fishing) തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഈ തട്ടിപ്പുരീതിക്ക് ‘ഫിഷിംഗ്’ എന്ന പേരു വീണത്. ഇവിടെ ചൂണ്ട ഏതെങ്കിലും വ്യാജ ലിങ്കുകളായിരിക്കും. ബാങ്ക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതെങ്കിലും വിശ്വസനീയമായ സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പുകാര്‍ വ്യാജ സന്ദേശങ്ങളയയ്ക്കുന്നു. SMS വഴിയോ email വഴിയോ ആയിരിക്കും സന്ദേശങ്ങളെത്തുക. അതുമല്ലെങ്കില്‍ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിന്നുമാകാം സന്ദേശമെത്തുന്നത്. അതോടൊപ്പം ചില വ്യാജ ലിങ്കുകളും നല്‍കിയിട്ടുണ്ടാകും. സന്ദേശം ഏതാണ്ട് ഇങ്ങനെ ആയിരിക്കാം. ‘നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആക്കിയിരിക്കുന്നു. അതു തുറന്നു കിട്ടാന്‍ ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക!’
ഈ സന്ദേശങ്ങള്‍ വിശ്വസിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നഉപഭോക്താവ്തട്ടിപ്പുകാരന്റെആ വ്യാജ വെബ്‌സൈറ്റില്‍ തന്റെ യൂസര്‍ നെയിം,പാസ്‌വേഡ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നു. ഉടനടി ഈ വിവരങ്ങള്‍ തട്ടിപ്പുകാരന്റെ കമ്പ്യൂട്ടറില്‍ എത്തുകയും അയാള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താവിന്റെ അക്കൗണ്ടില്‍
നിന്നു പണം തട്ടിയെടുക്കുകയും ചെയ്യുന്നു.
SMSസന്ദേശം അയച്ച് ഇങ്ങനെ പണം തട്ടുന്നതിനെ ‘സ്മിഷിംഗ്’ എന്നും വോയ്‌സ് മെസേജ് വഴിയുള്ള തട്ടിപ്പിനെ ‘വിഷിംഗ്’ എന്നും വിളിക്കുന്നു. ഇതുപോലെ മറ്റു പലതരത്തിലുള്ള തട്ടിപ്പുകളും ഉണ്ട്.
ഞെട്ടിക്കുന്ന കണക്കുകള്‍
സൈബര്‍ തട്ടിപ്പുകള്‍ വഴി 3,000 കോടിയിലധികം രൂപ ആളുകള്‍ക്ക് ഇതിനകം നഷ്ടമായതായി സുപ്രീം കോടതി അടുത്തയിടെ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കണക്കനുസരിച്ചാണ് കോടതി ഞെട്ടിക്കുന്ന കണക്കുകള്‍ പങ്കുവച്ചത്. മുതിര്‍ന്ന പൗരന്മാരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരയാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാര്‍ തുടങ്ങി ഉയര്‍ന്നവിദ്യാഭ്യാസയോഗ്യതയുള്ളവര്‍പോലും ഇത്തരം ചതികളില്‍ പെട്ടുപോകുന്നു.
എന്തുകൊണ്ട് മുതിര്‍ന്നവര്‍
എ. ഐ. ചൂഷണങ്ങള്‍ക്കും സൈബര്‍ തട്ടിപ്പുകള്‍ക്കും കൂടുതല്‍ ഇരയാകുന്നത് മുതിര്‍ന്നവരാകുന്നതിനു പിന്നില്‍ ഒരു കാരണം അവര്‍ വളര്‍ന്നകാലഘട്ടത്തിന്റെ പ്രത്യേകതയാണ്. സാങ്കേതിക ലോകത്തെ ഈ മായക്കാഴ്ചകള്‍ ആരംഭിച്ച കാലത്തിനു മുന്‍പേ യൗവനം പിന്നിട്ടവരാണ് 50 നു മേല്‍ പ്രായമുള്ളവര്‍. ന്യൂസ് പേപ്പര്‍, റേഡിയോ തുടങ്ങിയ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുമാത്രം വാര്‍ത്തകള്‍ അറിഞ്ഞിരുന്നഅവരില്‍ പലര്‍ക്കും പുതുതലമുറയിലെ സാങ്കേതികവിദ്യകള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ പലതും തട്ടിപ്പും ഇല്ലാക്കഥകളും ഭാവനാചിത്രങ്ങളുമാണെന്നു മനസ്സിലാക്കിയെന്നു വരില്ല. ശരിയായ വാര്‍ത്തയെന്നു കരുതി ഇവര്‍ സ്വീകരിക്കുന്നപലതും കല്ലുവച്ച നുണകളായിരിക്കും. വിരമിച്ചവരെ നോട്ടമിടുന്നതിനു പിന്നില്‍ മറ്റൊരു കാരണം അവരുടെ അക്കൗണ്ടില്‍ പണം ഉണ്ടാകും എന്ന ഉറപ്പാണ്.
സൈബര്‍തട്ടിപ്പുകളില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം?
ആദ്യമേതന്നെ ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കണം. ഇന്ത്യന്‍ ക്രിമിനല്‍ നിയമപ്രകാരം ഡിജിറ്റല്‍ അറസ്റ്റിനു വ്യവസ്ഥയില്ല. അതായത് ഇങ്ങനെയൊരു പരിപാടി നിലവിലില്ല! ഇതിനെതിരെ ജാഗ്രത പാലിച്ച് സ്വയം പ്രതിരോധിക്കുക
എന്നതാണ് ഇത്തരം അറസ്റ്റുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. ചില പ്രായോഗിക മാര്‍ഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
a) ഉറവിടം പരിശോധിക്കുക
ഏതെങ്കിലും ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും വിളിച്ചാല്‍ പരിഭ്രമിക്കാതിരിക്കുക. അയാളുടെ പേര്, സ്ഥാപനം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ ശ്രദ്ധിക്കുക. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഏജന്‍സിയുമായി ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ ശരിയാണോ എന്ന് അന്വേഷിക്കുക.
b) ഉടനടി പെയ്‌മെന്റ് ആവശ്യപ്പെട്ടാല്‍ വിശ്വസിക്കരുത്
ഓര്‍ക്കുക, നിയമാനുസൃത അധികാരികള്‍ ഒരിക്കലും ഫോണിലൂടെയോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ വഴിയോ തത്ക്ഷണ പെയ്മെന്റുകള്‍ ആവശ്യപ്പെടില്ല.
c) വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത്
ആധാര്‍ നമ്പറുകള്‍, ബാങ്ക് വിശദാംശങ്ങള്‍, ഒ.ടി.പി. കള്‍ തുടങ്ങിയ വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഫോണിലൂടെയോ ഓണ്‍ലൈനിലൂടെയോ വെളിപ്പെടുത്തരുത്.
d) റിപ്പോര്‍ട്ട് ചെയ്യുക
സംശയാസ്പദമായ തട്ടിപ്പ് സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. 1930 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ www.cybercrime.gov.in സന്ദര്‍ശിക്കുക.

സി. ശോഭ CSN




