Monday, June 8, 2026

കുട്ടികളെ തല്ലാമോ?



കുട്ടികളെ തല്ലിയാല്‍ മാത്രമേ അവര്‍ അച്ചടക്കം പാലിക്കൂ എന്നു വിശ്വസിച്ചിരുന്ന ഒരമ്മയുണ്ടായിരുന്നു. ഒരു ദിവസം അവളുടെ മൂന്നു വയസ്സുള്ള മകള്‍ ഒരു വയസ്സുള്ള അനിയനെ തല്ലുകയാണ്. നീ എന്താണീ കാണിക്കുന്നത് എന്ന് ദേഷ്യപ്പെട്ട അമ്മയോട് അവള്‍ പറഞ്ഞു: ഞാന്‍ കളിച്ചതാണമ്മേ. ആ മറുപടി അമ്മയ്‌ക്കൊരു ആഘാതമായി. തന്നെ അനുകരിച്ചാണ് മകളതു ചെയ്തതെന്നു മനസ്സിലായ ആ അമ്മ പിന്നീടൊരിക്കലും കുഞ്ഞുങ്ങളെ തല്ലിയിട്ടില്ല.

കുട്ടികള്‍ അനുകരിക്കുന്നു

കുട്ടികളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച് തങ്ങള്‍ക്കു പ്രിയപ്പെട്ടവരുടെ പ്രവൃത്തികള്‍. കാരണം അവര്‍ ചെയ്യുന്ന ഏതൊരു കാര്യവും ശരിയാണെന്നാണ് അവരുടെ വിശ്വാസം. മാതാപിതാക്കള്‍ ഒരു കാര്യം മറക്കാന്‍ പാടില്ല.
നിങ്ങള്‍ വളര്‍ത്തി വലുതാക്കുന്നത് അടുത്ത തലമുറയിലെ ആരുടെയൊക്കെയോ അമ്മയെയാണ്. അച്ഛനെയാണ്, ഭാര്യയെയാണ്, ഭര്‍ത്താവിനെയാണ്. നിങ്ങള്‍ അവരെ വളര്‍ത്തുന്ന അതേ രീതിയില്‍ത്തന്നെ ആയിരിക്കും അവര്‍ തങ്ങളുടെ ജീവിതത്തില്‍ കടന്നുവരാന്‍ പോകുന്നവരോട് ഇടപെടാന്‍ പോകുന്നത്. ജീവിതത്തിലെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ പരിശീലിപ്പിക്കുന്ന ഒരു പരിശീലനക്കളരിയാണ് കുടുംബം. തല്ലുകിട്ടി വളര്‍ന്ന കുട്ടികള്‍ വലുതാകുമ്പോള്‍ വഴക്കിനിടയില്‍ മറ്റുള്ളവരെ അടിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശക്തിയുള്ളവന്‍ ശക്തിയില്ലാത്തവനെ തല്ലിയൊതുക്കുന്നത് ന്യായമാണെന്നാണവരുടെ സങ്കല്പം.

ഒരുപക്ഷേ, നിങ്ങള്‍ പറഞ്ഞേക്കാം ഞാനെപ്പോഴും അങ്ങനെ കുട്ടികളെ തല്ലുന്നയാളല്ല. അല്ലെങ്കില്‍ വളരെ ചുരുക്കമായിട്ടേ അടിക്കാറുള്ളൂ. കൂടുതല്‍ സമയവും കുട്ടിയെ ഒത്തിരി ലാളിക്കുന്നയാളാണ്. ശരിയായിരിക്കാം. 100 തവണ കെട്ടിപ്പിടിച്ചു ഉമ്മ
കൊടുക്കുന്നതിനിടയിലായിരിക്കും ഒരടി. പക്ഷേ, ആ ഒരടി കൊടുക്കുന്നത് വല്ലാതെ ദേഷ്യപ്പെട്ടിരിക്കുമ്പോഴായിരിക്കുമല്ലോ. ദേഷ്യം വന്നാല്‍ അടിക്കാം എന്ന ഒരു തെറ്റായ സന്ദേശം അതുവഴി കുട്ടിക്കു ലഭിക്കുന്നു.

ശാരീരികമായി തല്ലുന്നതിനേക്കാള്‍ ഗുരുതരമായ പരുക്ക് വൈകാരിക അടികള്‍ക്കുണ്ട്. കുരുത്തക്കേട് കാണിക്കുന്ന കുട്ടികളെ നമ്മളെന്തൊക്കെപ്പറഞ്ഞാണ് ഭയപ്പെടുത്തുന്നത്. നീ ഇനിയും അനുസരിച്ചില്ലെങ്കില്‍ നിന്നെ ആര്‍ക്കെങ്കിലും വില്ക്കും. അല്ലെങ്കില്‍ ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകും. അങ്ങനെയങ്ങനെ… കുഞ്ഞിനെ നേരെയാക്കാന്‍ നിരുപദ്രവമെന്നു വിചാരിച്ച് നടത്തുന്ന ഇത്തരം ഭീഷണികള്‍ കുഞ്ഞിന്റെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതവും മുറിവുകളും ശാരീരികമായ ക്ഷതങ്ങളേക്കാള്‍ എത്രയോ വലുതാണ്.

ആത്മവിശ്വാസം നഷ്ടപ്പെടുന്നു

കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ട ഇടമായ വീട്ടില്‍ വച്ചാണ് അവന്റെ സ്വയാവബോധം രൂപപ്പെടുന്നത്. കുഞ്ഞിന് താന്‍ നല്ല കുട്ടിയാണ് എന്ന് തോന്നത്തക്കവണ്ണം ഒത്തിരി പരിലാളനകളും നല്ല വാക്കുകളും വീട്ടില്‍ നിന്നു കേള്‍ക്കും. അങ്ങനെയിരിക്കെ ആയിരിക്കും അബദ്ധത്തില്‍ കുഞ്ഞിന്റെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ് താഴെ വീണ് ഉടയുന്നത്. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തില്‍ കുഞ്ഞിനെ നമ്മള്‍ അടിക്കുന്നു. എന്നാല്‍, കുട്ടിയുടെ മനസ്സില്‍ താന്‍ ചീത്തയാണെന്ന ഒരു തോന്നലാണുണ്ടാവുന്നത്. കുഞ്ഞിന്റെ വിഷമം മാറാന്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ കുഞ്ഞിനെ വാരിയെടുത്തുമ്മ വച്ചാലും
അവന്റെ ശരീരത്തിനും മനസ്സിനും ഏറ്റ മുറിവ് എളുപ്പത്തില്‍ ഉണങ്ങുന്നില്ല. ചിലപ്പോള്‍ അവരുടെ കുഞ്ഞു കൈകളിലായിരിക്കും നമ്മള്‍ അടിക്കുന്നത്. കളിപ്പാട്ടങ്ങള്‍ക്കായ് പിടിവലി കൂടുന്ന കുട്ടികളെ തല്ലുകയല്ല പിടിച്ചകറ്റുകയാണ് ഉചിതം. ഇതെല്ലാം അവരുടെ സര്‍ഗ്ഗശേഷിയെ കുറച്ചുകളയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

മാതാപിതാക്കളുടെ വില കുറയുന്നു

കുട്ടികളെ തല്ലുന്ന പല മാതാപിതാക്കള്‍ക്കും ഉള്ളിന്റെ ഉള്ളില്‍ ബോധ്യമുണ്ട്, തങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന്. അതവരില്‍ത്തന്നെ ഒരു കുറ്റബോധമുണര്‍ത്തുന്നു. തല്ലിയതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ മോശമായിട്ടേയുള്ളൂ എന്ന് തിരിച്ചറിയുമ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ടു കഴിഞ്ഞിരിക്കും. ഒരമ്മ പരിതപിക്കുന്നതു നോക്കുക. മോളെ തല്ലി അടക്കിയപ്പോള്‍ യുദ്ധം ജയിച്ചെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, അങ്ങനെയല്ല, ഇപ്പോള്‍ എന്റെ കുട്ടി എന്നെ ഭയപ്പെടുന്നു. വിലപ്പെട്ടതെന്തോ എനിക്കു നഷ്ടമായ അവസ്ഥയാണെനിക്കിപ്പോള്‍. ഒരു രക്ഷിതാവെന്ന നിലയില്‍ നിങ്ങളുടെ മൂല്യം കുറഞ്ഞു പോവുകയാണ്.

ഇത്തരം പെരുമാറ്റങ്ങളിലൂടെ. ബഹുമാനവും സ്‌നേഹവും ലഭിക്കുന്നതിനുപകരം മക്കള്‍ നിങ്ങളെ ഭയക്കുന്നത് എന്തൊരു കഷ്ടമാണ്.

തല്ലിയതുകൊണ്ട്  ഒരിക്കലും നേരെയാവുന്നില്ല

‘എത്ര തല്ലിയിട്ടും ഇവന്‍ നേരെയാവുന്നില്ല’ എന്ന് പതം പറയുന്ന മാതാപിതാക്കളെ നമ്മള്‍ കണ്ടു കാണും. വാസ്തവത്തില്‍ താന്‍ ശരിയാണെന്നും നല്ലതാണെന്നും അനുഭവപ്പെടുന്ന കുട്ടികളാണ് ശരിയായി പ്രവര്‍ത്തിക്കുന്നത്. ഏതു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ മനസ്സില്‍ താന്‍ മോശക്കാരനാണ് എന്ന ചിന്ത കൂടുതല്‍ ആഴപ്പെടുന്നു. അങ്ങനെ അവനൊരിക്കലും ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. എന്നാല്‍, കുട്ടിയോടൊപ്പമിരുന്ന് അവന്‍ ചെയ്ത തെറ്റെന്താണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും കുട്ടിയില്‍ മാറ്റം വരും.

ബൈബിളിനു ചേര്‍ന്ന ശിക്ഷാരീതിയല്ല

കുട്ടികളെ അടിക്കുന്നതു നീതീകരിക്കാന്‍ പലരും ചൂണ്ടികാണിക്കുന്ന ബൈബിള്‍ വാക്യങ്ങളുണ്ട്. ”ശിശുവിന്റെ ഹൃദയത്തില്‍ ഭോഷത്തം കെട്ടുപിണഞ്ഞു കിടക്കുന്നു. ശിക്ഷണത്തില്‍ വടി അതിനെ ആട്ടിയോടിക്കുന്നു.” (സുഭാ.22:15). ‘കുട്ടിയെ ശിക്ഷിക്കാന്‍ മടിക്കേണ്ട. വടികൊണ്ട് അടിച്ചെന്നു വച്ച് അവന്‍ മരിച്ചു പോവുകയില്ല. അടിക്കുമ്പോള്‍ നീ അവന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുകയാണ്” (സുഭാ.23:13-14).

ഒറ്റ നോട്ടത്തില്‍ ഇതു കുട്ടികളെ അടിച്ചു നേരെയാക്കണമെന്ന ഉപദേശമായി അനുഭവപ്പെട്ടേക്കാം. വടി എന്നതിന് സാഹചര്യമനുസരിച്ച് പല അര്‍ത്ഥങ്ങളിലാണു ഉപയോഗിക്കുക. ബൈബിളില്‍ വടി സൂചിപ്പിക്കുന്നത് ഇടയ ദൗത്യവുമായി ബന്ധപ്പെട്ടാണ്. ഇടയന്മാര്‍ ആടുകളെ അടിക്കാറില്ല. വഴിതെറ്റി അലയുന്ന ആടുകളെ നയിക്കാനാണവര്‍ വടി ഉപയോഗിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ക്കു കുട്ടികളുടെ മേലുള്ള ഉത്തരവാദിത്വത്തെ അതു സൂചിപ്പിക്കുന്നു. അല്ലാതെ കുട്ടികളെ ഉപദ്രവിക്കാനുള്ള വടിയല്ല. സ്‌നേഹവും ആദരവും നിറഞ്ഞ സമീപനമാണ്, അല്ലാതെ കഠിനശിക്ഷകളല്ല പുതിയ നിയമം അനുശാസിക്കുന്നത്.

കോപം ഉളവാക്കുന്നു

കുട്ടികളില്‍ ഏറ്റവും കൂടുതല്‍ രോഷം ജനിപ്പിക്കുന്ന ശിക്ഷാരീതിയാണ് അടി. അസ്ഥാനത്തും അനാവശ്യമായുമുള്ള ശിക്ഷാനടപടികള്‍ കുട്ടികള്‍ക്കു തങ്ങള്‍ അപമാനിക്കപ്പെടുന്നു എന്ന വികാരമാണുളവാക്കുന്നത്. ഒന്നുകില്‍ അതവരെ നിഷേധികളാക്കും. അല്ലെങ്കില്‍ അന്തര്‍മുഖരാക്കുന്നു. ഇത് കൃത്യമായ പഠനങ്ങളിലൂടെയുള്ള ഒരു നിഗമനമാണ്.

മാത്രമല്ല, കുട്ടിയുടെ ബാല്യകാല ഓര്‍മ്മകളില്‍ തങ്ങി നില്ക്കാന്‍ പോകുന്നത് ഈ മോശം ഓര്‍മ്മകളാണ്. ബാല്യകാല സ്മരണകളില്‍ ആദ്യം ഓര്‍മ്മിക്കുന്നത് മുറ്റത്തു നില്ക്കുന്ന കാപ്പിച്ചെടിയാണെന്നു പങ്കുവച്ച ഒരു സുഹൃത്തിനെ ഓര്‍ക്കുന്നു. എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാല്‍ അപ്പൂപ്പന്‍ തന്നെ ഒരു മുറിക്കകത്താക്കുന്നു. പിന്നെ മുറ്റത്തേക്കിറങ്ങി കാപ്പിയില്‍നിന്നു ഒരു കമ്പൊടിച്ചു കൊണ്ടുവരുന്നത് താന്‍ ജനാലയിലൂടെ നോക്കി നില്ക്കും. പിന്നെ തുടയില്‍ ചുമന്ന പാടുകള്‍ വീഴ്ത്തി അപ്പൂപ്പന്റെ അടികള്‍. ഒത്തിരി സ്‌നേഹമുള്ള ഒരു കുടുംബമായിരുന്നെങ്കിലും വീടിനെക്കുറിച്ചും ബാല്യത്തെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് മുറ്റത്തു നില്ക്കുന്ന കാപ്പിയും വടിയും അടിയുമൊക്കെയാണ്. നല്ല ഓര്‍മ്മകളെക്കാള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണല്ലോ മനസ്സില്‍ കൂടുതല്‍ തങ്ങിനില്ക്കുന്നത്. അടി ശിക്ഷകള്‍ കുട്ടികളില്‍ ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉളവാക്കുന്നു. കുട്ടികളില്‍ നടത്തിയ ഇരുപതു വര്‍ഷം നീണ്ട ഒരു ഗവേഷണത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ കൂടി കുറിക്കുന്നു.

അമിതമായ ശാരീരിക ശിക്ഷയേറ്റു വളര്‍ന്ന കുട്ടികള്‍ സാമൂഹിക വിരുദ്ധരും, നിഷേധികളും, അക്രമ വാസനകളും ഉള്ളവരായി കാണപ്പെടുന്നു.

കോളേജ് വിദ്യാര്‍ത്ഥികളില്‍ വൈകാരിക വിക്ഷോഭം കൂടുതലായി കാണപ്പെടുന്നു.
ഇങ്ങനെ വളര്‍ത്തപ്പെട്ട 679 കോളേജ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കുട്ടികളെയും തല്ലി വളര്‍ത്തണമെന്ന് വിശ്വസിക്കുന്നു.

എന്നാല്‍, സ്‌നേഹ നിര്‍ഭരമായ ഒരന്തരീക്ഷത്തില്‍ വളരുന്ന കുട്ടിയില്‍ ഇത്തരം ശിക്ഷകള്‍ അത്ര ഗുരുതരമായ ദോഷഫലങ്ങള്‍ ഉളവാക്കുന്നില്ല. കുട്ടികളെ മുറിവേല്‍പ്പിക്കുന്ന വിധം ശിക്ഷിക്കുന്ന രക്ഷിതാക്കളില്‍ പലരും ചെറുപ്പകാലത്ത് കഠിന ശിക്ഷകള്‍ കിട്ടി വളര്‍ന്നവരാണ്.

ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളില്‍ നല്ലൊരു ശതമാനവും ബാല്യത്തില്‍ ക്രൂരമായ സാഹചര്യങ്ങളില്‍ വളര്‍ന്നവരാണ്. എത്ര കൂടുതല്‍ ശാരീരിക ശിക്ഷ നല്കുന്നുവോ അത്ര കൂടുതല്‍ കുട്ടികള്‍ നിഷേധികളാകുന്നു. അടി ഒരു വിത്താണ്. അതു വളര്‍ന്ന് അയാളെ അക്രമിയാക്കി മാറ്റുന്നു.

ചുരുക്കത്തില്‍ ശാരീരികമായ ശിക്ഷ, കാര്യങ്ങള്‍ നേരെയാക്കുകയല്ല, കൂടുതല്‍ മോശമാക്കുകയാണെന്നറിഞ്ഞിരിക്കുക. കുട്ടി ചെയ്ത തെറ്റ് എന്താണെന്നു മനസ്സിലാക്കിക്കൊടുക്കുക എന്നതാണു പ്രധാനം. സ്‌നേഹം നിറഞ്ഞ ശിക്ഷണത്തിന്റെ ഭാഗമായി നല്കുന്ന ശിക്ഷയും നമ്മുടെ ഉള്ളിലെ ക്ഷോഭം കൊണ്ടുള്ള ശിക്ഷയും തമ്മില്‍ ഒരുപാടന്തരമുണ്ട്. പലപ്പോഴും നമ്മുടെ ഉള്ളിലെ കോപമാണു ശിക്ഷയ്ക്കു പ്രേരണയാവുന്നത്. അതുകൊണ്ടുതന്നെ കുട്ടിയുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ മുറിവേല്ക്കുന്നു. അതു ദീര്‍ഘനാള്‍ നീണ്ടുനില്ക്കുകയും ചെയ്യുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെ കുട്ടികള്‍ക്ക് ഒരു ശിക്ഷയും നല്കാതെ വളര്‍ത്താനാകില്ലല്ലോ. അങ്ങനെ വേണ്ടിവരുമ്പോള്‍ അല്പം ശാന്തമായി കഴിഞ്ഞാല്‍ കുട്ടിയെ വിളിച്ചിരുത്തി അതെപ്പറ്റി സംസാരിക്കുക. കുട്ടിയെ ചേര്‍ത്തുപിടിച്ച് ഒരു സോറി ചോദിക്കാനും ലജ്ജിക്കേണ്ടതില്ല. അത് കുട്ടിയുടെ മനസ്സിലെ മുറിവുണക്കുക മാത്രമല്ല കുട്ടിയും നിങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്യും.

Related Articles