Friday, March 6, 2026

അവബോധമെന്ന ആന്തരികവെട്ടം

പുരാതനമായൊരു ഗുരുകുലം. ദൂര ദേശത്തുനിന്നുപോലും ജ്ഞാന ദാഹികളായ ശിഷ്യന്മാര്‍ വിദ്യ അഭ്യസിക്കാന്‍ അവിടേക്ക് വരുമായിരുന്നു. ലോകത്തിലെ മുഴുവനും അറിവുകള്‍ ശേഖരിച്ചു വച്ചിട്ടുള്ള ബൃഹത്തായൊരു ഗ്രന്ഥപ്പുരയുണ്ടവിടെ. എല്ലാ സംശയങ്ങള്‍ക്കുമുള്ള പ്രതിവിധികള്‍ അതിലെ പുസ്തകത്താളുകളിലുണ്ടെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. ഒരിക്കല്‍ സന്ദേഹിയായ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ‘എന്റെ മുഴുവന്‍ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ പുസ്തകങ്ങളിലെ അറിവുകള്‍ക്ക് പരിഹരിക്കാനാകുമോ?.’ പുഞ്ചിരിച്ചുകൊണ്ട് ഗുരു മൊഴിഞ്ഞു. ‘തീര്‍ച്ചയായും നിന്നെ സംതൃപ്തിപ്പെടുത്തുന്ന ഒരുപാട് ഉത്തരങ്ങള്‍ ഇതിലുണ്ട്. പക്ഷേ… ആ ഉത്തരങ്ങള്‍ക്കുതന്നെ മറ്റു ചില ചോദ്യങ്ങളിലേക്ക് വഴിതെറ്റിച്ചു വിടാനുമാകും. എന്നാല്‍, യഥാര്‍ഥ ഉത്തരം ഒളിച്ചിരിക്കുന്നത് നിന്റെ ഉള്ളിലാണ്. ആ ആത്മജ്ഞാനത്തിലേക്ക് പ്രവേശിക്കാന്‍ ഈ പുസ്തകങ്ങളുടെ അറിവുകള്‍ നിന്നെ സഹായിക്കും എന്നു മാത്രമേയുള്ളൂ’.

ബാഹ്യമായി ആര്‍ജിക്കുന്ന അറിവുകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്. അത് തെറ്റോ, ശരിയോ ആകാം. ചിലപ്പോള്‍ അവ്യക്തമോ, അബദ്ധമോ ആകാം. തീര്‍ച്ചയായിട്ടും ക്ഷണികമാണത്. എന്നാല്‍, ആന്തരികമായ ജ്ഞാനം സത്യത്താല്‍ ശുദ്ധീകരിക്കപ്പെട്ടതാണ്. ആര്‍ക്കുമതിനെ തകര്‍ക്കാനോ കവര്‍ന്നെടുക്കാനോ ആകില്ല. ശാശ്വതമാണത്. ഉള്ളിലെ ഈ ജ്ഞാനത്തെ അവബോധം എന്നാണ് വിളിക്കേണ്ടത്. ഇരുണ്ട രാത്രിയിലെ യാത്രയില്‍ വിളക്ക് കരുതുന്നവന്‍ അറിവുള്ളവനാണ്. എന്നാല്‍, കാറ്റൊന്നു വീശിയാല്‍, കാലൊന്നിടറിയാല്‍ ആ വിളക്ക് അണഞ്ഞു പോകാനും ജീവിതം ഇരുട്ടിലാകാനും ഇടയുണ്ട്. അവബോധമുള്ളവന്റെ വെട്ടം ആര്‍ക്കും അണച്ചു കളയാനാകില്ല. കാരണമത് തെളിഞ്ഞു നില്‍ക്കുന്നത് അകതാരിലാണ്.

അറിവില്‍നിന്നും അവബോധത്തിലേക്ക് പ്രവേശിക്കാന്‍ ശിഷ്യനെ പ്രാപ്തനാക്കുക എന്നതാണ് ഏതൊരു ഗുരുവിന്റേയും പ്രഥമ നിയോഗം. കേസറിയാ ഫിലിപ്പിയില്‍ വച്ച് ക്രിസ്തു ശ്രമിച്ചതും അതിനുവേണ്ടിയാണെന്ന് ഓര്‍ക്കണം – ‘ഞാന്‍ ആരാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്?’ എന്ന ആദ്യ ചോദ്യത്തിന്, ‘നീ സ്‌നാപകയോഹന്നാനാണ്, ഏലിയായാണ്, ജറെമിയായാണ്, പ്രവാചകന്മാരില്‍ ഒരാളാണ് എന്നൊക്കെ ഉത്തരമരുളിയ ശിഷ്യന്മാര്‍ മറ്റുള്ളവരില്‍ നിന്നും ലഭിച്ച അറിവിന്റെ പരിമിതിയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, ‘ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?’ എന്ന രണ്ടാമത്തെ ചോദ്യം, ഉളളില്‍ അന്വേഷിക്കാനുള്ള ക്ഷണമായിരുന്നു. സ്വന്തം അവബോധത്തിന്റെ ബലത്തില്‍ പത്രോസാണ് ഉത്തരമരുളുന്നത്, ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്’.

അപ്പോള്‍, ക്രിസ്തുവിനെ മനസ്സിലാക്കാന്‍ രണ്ടേ രണ്ടു സാധ്യതകളാണുള്ളത്. പുറത്ത് അന്വേഷിച്ചു കണ്ടെത്തുന്ന അറിവിന്റെ ശേഖരണമാണ് ആദ്യത്തേത്. പിന്നെ ഉള്ളിലേക്കു തിരിഞ്ഞ് സ്വന്തം അവബോധത്തിന്റെ തെളിമയില്‍ എത്തിച്ചേരുന്ന സത്യം. ജനിച്ചനാള്‍ മുതല്‍ ഒരുപാട് അറിവുകള്‍ ക്രിസ്തുവിനെക്കുറിച്ച് സ്വന്തമാക്കിയവരാണ് നാം. അമ്മ നല്‍കിയ പ്രാര്‍ഥനാനുഭവങ്ങള്‍, ഇടവക വൈദികന്റെ പ്രസംഗവ്യാഖ്യാനങ്ങള്‍, കാറ്റിക്കിസം ടീച്ചേഴ്സിന്റെ വേദപാഠങ്ങള്‍, അനുദിന വചനവായനകള്‍, വിശുദ്ധരുടെ അനുഭവ പുസ്തകങ്ങള്‍ ഒക്കെ നമുക്ക് നല്‍കിയ അറിവിന്റെ ധാരാളിത്തമുണ്ട്. അവയൊക്കെ നമ്മുടെ ആത്മീയ യാത്രയ്ക്ക് സഹായകം തന്നെയാണ്. എന്നാല്‍, ഈ അറിവുകളുടെ ബലത്തിലാണ്‌ നാം ക്രിസ്തുപാത പിന്തുടരുന്നതെങ്കില്‍ അതിലൊരുപാട് അപകടങ്ങളും അപാകതകളുമുണ്ട്. ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞുതന്നവര്‍തന്നെ കൂറുമാറിയേക്കാം. സാക്ഷിയായവര്‍ തന്നെ എതിര്‍സാക്ഷ്യം വഹിച്ചേക്കാം. അത്തരമൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയവന്‍ തന്നെയാണ് പത്രോസും.

ക്രിസ്തുവിന്റെ പീഡാസഹന പരീക്ഷണ വേളയില്‍ ഏതൊരു ശിഷ്യനെയുംപോലെ അവനും ഉലഞ്ഞാടുന്നുണ്ട്. ഏറ്റവും നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ ഭീരുവിനെപ്പോലെ ഗുരുവിനെ മൂന്നുവട്ടം നിഷേധിച്ചിട്ടും അവന്‍ എന്നന്നേക്കുമായി വീണുപോയില്ല. കാരണം, ക്രിസ്തുസ്‌നേഹാനുഭവം പകര്‍ന്നുകൊടുത്ത അവബോധത്തിന്റെ കനല്‍ അപ്പോഴും കെട്ടുപോകാതെ ഉള്ളില്‍ ബാക്കിയുണ്ടായിരുന്നു. തിബേരിയാസ് കടല്‍ത്തീരത്തു വച്ചാണ് ആ സ്‌നേഹത്തിന്റെ തീവ്രത മറ നീക്കി പുറത്തു വരുന്നത്. അണയാതെ കിടന്ന ആ കനല്‍ പിന്നെ ആളിക്കത്തിയത് പരിശുദ്ധാത്മാവിന്റെ വരവോടു കൂടിയാണ്. ശേഷിച്ച അവന്റെ ജീവിതം ക്രിസ്തുവിനു വേണ്ടി പൂര്‍ണ്ണമായി പകുത്തു കൊടുക്കുന്നുണ്ടവന്‍. ലോകം വച്ചു നീട്ടിയ ദുരന്താനുഭവങ്ങളുടെ നടുവിലും, പ്രലോഭനകാലത്തും, പ്രാണനറ്റു വീണപ്പോഴും അവന്റെ വിശ്വാസവെട്ടം ഒളിമങ്ങാതെ തെളിഞ്ഞു നിന്നു. കാരണം, കേവലം കുറച്ച് അറിവുകള്‍ക്കപ്പുറത്ത് ഉള്ളില്‍ കണ്ടെത്തിയ ക്രിസ്തുസ്‌നേഹാനുഭവത്തിന്റെ അവബോധമായിരുന്നു അവന്റെ കരുത്ത്.

ലോകം സഹനങ്ങളുടെയും പ്രലോഭനങ്ങളുടെയും കാറ്റിനാല്‍ എല്ലാ ജീവിതങ്ങളെയും ഉലച്ചുകൊണ്ടിരിക്കുകയാണ്. അവബോധം ഉള്ളവരാണ് ഇപ്പോഴും പ്രശോഭിച്ചു നില്‍ക്കുന്നത്. അല്ലാത്തവരുടെ വിശ്വാസവിളക്കുകള്‍ അണഞ്ഞുപോകുകയാണ്. വഴിയറിയാതെ ഇരുട്ടില്‍ വിറങ്ങലിച്ചു നില്‍ക്കുക എന്നതു മാത്രമാണ് ഇനിയവരുടെ ദുര്‍വിധി.


ജോനാഥ് കപ്പുച്ചിൻ

 

Related Articles