Sunday, June 7, 2026

ഓർമ്മകളെ കവരുന്ന ഡെലീരിയം

പഠിക്കാന്‍ സമര്‍ഥനായിരുന്നു അവന്‍. മെഡിസിന്‍ ആദ്യ രണ്ടു വര്‍ഷങ്ങള്‍ നല്ല മാര്‍ക്കോടെതന്നെ പാസായി. ഉറങ്ങാതെ എത്രനേരം വേണേലും പഠിക്കാന്‍ അവനു പ്രത്യേക കഴിവുണ്ടെന്നാണ് സഹപാഠികളുടെ അനുഭവം. മൂന്നാം വര്‍ഷ പരീക്ഷയ്ക്കും അവന്‍ പഠന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. എന്നാല്‍, ആദ്യ പരീക്ഷാദിനത്തില്‍ത്തന്നെ അവന്‍ പരസ്പരബന്ധമില്ലാതെ പെരുമാറാനും സംസാരിക്കാനും തുടങ്ങി. പരീക്ഷാഹാളില്‍ കയറാന്‍ കൂട്ടാക്കാതെ നിന്ന ആ 22 കാരനെയും കൊണ്ടാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തുന്നത്.

പ്രായമുണ്ടെങ്കിലും എല്ലാ കാര്യങ്ങളും തന്നെ ചെയ്യാനും ആവശ്യം പുറത്തുപോകാനും മിടുക്കിയായിരുന്നു അമ്മ. അത്താഴത്തിനുശേഷം പതിവുപോലെ എല്ലാവരും ഒരുമിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഥലലകാലബോധം നഷ്ടപ്പെട്ടതു പോലെ അമ്മ സംസാരിക്കാന്‍ തുടങ്ങിയത്. അപ്പനെ മാത്രമേ അമ്മയ്ക്ക് മനസ്സിലാകുന്നുപോലുമുള്ളൂ.

അപ്രതീക്ഷിതമായി ഏതാനും നിമിഷത്തേക്കോ അല്ലെങ്കില്‍ കുറച്ചധികം സമയത്തേക്കോ സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഈ രണ്ടു സംഭവങ്ങളിലും കാണുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി മന്ദീഭവിപ്പിച്ച് സ്ഥലകാല ബോധം നഷ്ടപ്പെടുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രം ഡെലീരിയം എന്നാണ് വിളിക്കുക.

കാരണങ്ങള്‍ പലത്

മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങളിലും ഡെലീരിയത്തിലേക്കു നയിച്ച കാരണങ്ങള്‍ പലതായിരുന്നു. ആദ്യ സംഭവത്തിലെ വിദ്യാര്‍ഥി പഠനം എളുപ്പമാക്കാന്‍ ഡ്രഗ്‌സ് ഉപയോഗിച്ചിരുന്നു. ഡ്രഗ്‌സിന്റെ ഉപയോഗമാണ് അവനെ ഡെലീരിയത്തിലേക്ക് നയിച്ചത്. രണ്ടാമത്തെ സംഭവത്തില്‍ രോഗിയുടെ രക്തപരിശോധനയ്ക്കു ശേഷം സോഡിയം കുറഞ്ഞതായിരുന്നു കാരണമെന്നും കണ്ടെത്തി.

ഇത്തരത്തില്‍ തലച്ചോറിലെ സിഗ്‌നലുകളെ ശരിയായ രീതിയില്‍ കൈമാറ്റം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഡെലീരിയം എന്ന രോഗാവസ്ഥയുടെ കാരണങ്ങള്‍ പലതാണ്.

  • രക്തത്തിലെ ലവണങ്ങളുടെ (ഉദാ: സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം etc;) അളവില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ.
  •  മദ്യത്തിന്റെയുംമയക്കുമരുന്നിന്റെയുംഉപയോഗം.
  • പല മരുന്നുകള്‍ കഴിക്കുന്നതിലൂടെ അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ ഡെലീരിയത്തിനു കാരണമാകാം.
  • തലച്ചോറിനുണ്ടാകുന്ന ക്ഷതം, ഹൃദയാഘാതം, വൃക്കകളുടെയോ ശ്വാസകോശത്തിന്റെയോ പ്രവര്‍ത്തനങ്ങളിലെ തകരാറുകള്‍, ഗുരുതരമായ കരള്‍ രോഗങ്ങള്‍.
  • കഠിനമായ, ദീര്‍ഘകാല രോഗങ്ങള്‍.
  • മൂത്രനാളിയിലെ അണുബാധ, ന്യുമോണിയ, കോവിഡ്.
  • പനി മൂലം ഉണ്ടാകുന്ന രക്തത്തിലെ അണുബാധ കുട്ടികളില്‍ ഡെലീരിയത്തിനു കാരണമാകാം.
  • കഠിനവേദന, അമിതമായ മാനസിക സംഘര്‍ഷങ്ങള്‍, ഉത്കണ്ഠ.
  • വലിയ ശസ്ത്രക്രിയകള്‍ക്കൊടുവിലുള്ള ദിന
    ങ്ങളില്‍ രോഗികളില്‍ ചിലപ്പോള്‍ ഡെലീരിയം കണ്ടുവരാറുണ്ട്.
  • ഓര്‍മ്മക്കുറവുള്ള രോഗികളില്‍ ഡെലീരിയത്തിനുള്ള സാധ്യത ഏറിയിരിക്കും.
  • വിഷ വസ്തുക്കള്‍ ഉള്ളില്‍ ചെല്ലുമ്പോഴും ഈ അവസ്ഥയുണ്ടാകാം. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരില്‍ ഈ അവസ്ഥ കാണാറുണ്ട്.
  • ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ തീവ്രതയും ഡെലീരിയത്തിലേക്കു നയിക്കാം.

പ്രായപരിധിയുണ്ടോ?

ഈ രോഗാവസ്ഥയുടെ കാരണങ്ങള്‍ വ്യത്യസ്തമായതുകൊണ്ടുതന്നെ ഏതു പ്രായത്തിലുള്ളവര്‍ക്കും ഈ രോഗം വരാനിടയുണ്ട്. എന്നാല്‍, സാധാരണയായി പ്രായമായവരിലും മറവിരോഗികളിലും ഡെലീരിയം കൂടുതലായി കാണപ്പെടുന്നു. ആശുപത്രികളില്‍ കിടത്തി ചികിത്സ വേണ്ടി വരുന്ന വയോജനങ്ങളില്‍ 50 ശതമാനത്തിലേറെ ആളുകള്‍ക്കും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ 80 ശതമാനത്തിലേറെ വയോധികര്‍ക്കും ഈ പ്രശ്‌നം കണ്ടുവരുന്നു.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഏതു പ്രായപരിധിയിലുള്ളവര്‍ക്കും വിത്ത്‌ഡ്രോവല്‍ ലക്ഷണമായി ഡെലീരിയം ഉണ്ടാകാറുണ്ട്. ഇവരില്‍ ഈ രോഗാവസ്ഥ ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ നീണ്ടുനില്‍ക്കാന്‍ ഇടയുണ്ട്.

ലക്ഷണങ്ങള്‍

  • സമീപകാല സംഭവങ്ങളെയും പരിചയമുള്ള വ്യക്തികളെയും ഓര്‍ത്തെടുക്കാന്‍ കഴിയാതെ പോകുക.
  • സംസാരിക്കുന്നതിനും വാക്കുകള്‍ ഓര്‍ത്തെടുക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടുക.
  • ഒരു വിഷയത്തെ കേന്ദ്രീകരിച്ച് സംസാരിക്കാന്‍ കഴിയാതെ വരിക. അല്ലെങ്കില്‍ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് തുടര്‍ന്നു പറയാന്‍ ആശയം ലഭിക്കാതെ വരിക.
  • പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യത്തിനിടയില്‍ പെട്ടെന്ന് ശ്രദ്ധമാറിപ്പോവുക. മറ്റുള്ളവര്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് അറിയാമെങ്കില്‍ കൂടി കൃത്യമായ മറുപടി പറയാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  •  പരസ്പരബന്ധമില്ലാതെ സംസാരിക്കുക.
  • പരിചയമുള്ള വ്യക്തികളെ മനസ്സിലാകാതിരിക്കുക.
  • ചില വ്യക്തികളില്‍ വിഷാദവും ചിലരില്‍ ഉത്സാഹവും കാണുന്നു.
  •  മാനസികാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ (ഉദാ: ഉത്കണ്ഠ, ഭയം)
  • ഉറക്കസമയങ്ങളിലെ വ്യതിയാനം (പകല്‍ ഉറങ്ങുകയും രാത്രി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു)

ഡെലീരിയം പെട്ടെന്ന് വരുന്നതുപോലെതന്നെ വൈദ്യസഹായം ലഭ്യമാക്കിയാല്‍ പെട്ടെന്നുതന്നെ സുഖമാക്കാവുന്ന രോഗമാണ്. എന്നാല്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗംമൂലം ഉണ്ടാകുന്ന ഡെലീരിയം ചിലപ്പോള്‍ സുഖപ്പെടാന്‍ കാലദൈര്‍ഘ്യം ഉണ്ടാകാറുണ്ട്. കാരണങ്ങള്‍ പലതായതുകൊണ്ടുതന്നെ ഈ രോഗാവസ്ഥയെ അതിജീവിക്കാന്‍ വൈദ്യസഹായം തേടിയേ മതിയാകൂ.

Mary therese
ഡോ. സി. മേരി തെരേസ് 

Related Articles