പത്തു വയസ്സുള്ളപ്പോഴാണ് അവള് ആദ്യമായി ചിരിക്കുന്നത്. ആ ചിരിയില്‍ മുഖം വികസിച്ചതും ചുണ്ടുകള്‍ വിടര്ന്നതും കണ്ണുകള്‍ കൂമ്പിയതും അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. വര്‍ഷങ്ങളോളം ചിരിച്ചു കണ്ടിട്ടില്ലാത്ത മകളുടെ ചിരിക്കുന്ന മുഖം കാണാന്‍ അമ്മ എത്തിയപ്പോഴേക്കും ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്ന അവബോധത്തില്‍ ആ ചിരി മാഞ്ഞിരുന്നു. അമ്മയുടെ ചൂടോ സുരക്ഷിതത്വമോ പരിലാളനങ്ങളോ ജനിച്ച ആദ്യ ദിനം പോലും ലഭിക്കാതെ പോയ അവള് ചിരിച്ചു തുടങ്ങുന്നത് ചില തിരിച്ചറിവുകളില്‍ നിന്നാണ്. പ്രസവത്തെതുടര്‍ന്ന് മരണകരമായ രോഗം തന്നില്‍ നിന്നും പറിച്ചുമാറ്റിയ അമ്മയുടെ മനസ്സിന്റെ നിസ്സഹായതയും വേദനയും അറിഞ്ഞപ്പോഴാണ് നഷ്ടദുഃഖങ്ങളുടെ ലോകത്തുനിന്നും അവള് സ്വതന്ത്രയായത്. ഇന്നവള്‍ കൂടെക്കൂടെ ചിരിക്കും. ഈ ഭൂമിയില്‍ തനിക്ക് മിഴി തുറക്കാന്‍ ദൈവം ഒരുക്കിയ നിധിയായിട്ടാണ് അവള്ക്കിന്ന് അമ്മ. സത്യത്തിനു മാത്രമേ നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ കഴിയൂ എന്ന യോഹന്നാന് ശ്ലീഹായുടെ ഓര്‍മ്മപ്പെടുത്തല്‍ (യോഹ 8:32) എത്ര യാഥാര്‍ഥ്യമാണ്. സത്യം നമ്മെ കുറേക്കൂടി ശക്തരാക്കുകയും അനാവശ്യ ഭാരങ്ങളില് നിന്നു സ്വതന്ത്രരാക്കുകയും ചെയ്യും.
ഉള്ളിലെ ദാഹങ്ങള്‍ ഒടുങ്ങിയിട്ടില്ലെങ്കിലും മനസ്സാക്ഷിയിലെ ഭാരം കൊണ്ടായിരിക്കണം സമരിയക്കാരി സ്ത്രീ വെള്ളംകോരാന്‍ നട്ടുച്ച നേരംതന്നെ തിരഞ്ഞെടുത്തത്. ക്രിസ്തുവെന്ന കണ്ണാടിയില്‍ അവള് അവളെത്തന്നെ കാണുകയാണ്. പിന്നീടവള്‍ അവളുടെ ദാഹങ്ങളില്‍ നിന്ന് സ്വതന്ത്രയാകുന്നു. അപരനെ അഭിമുഖീകരിക്കാനാവാതെ ആളൊഴിഞ്ഞ സാഹചര്യങ്ങളെ തിരഞ്ഞെടുത്തിരുന്ന അവള് ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ നിര്‍ഭയം സഞ്ചരിക്കാന്‍ തുടങ്ങുകയാണ്.
ദൈവത്തെ ‘അപ്പാ’ എന്ന് ഹൃദയപൂര്‍വം വിളിക്കാന്‍ കഴിഞ്ഞപ്പോഴാണല്ലോ ഫ്രാന്‍സിസ് യഥാര്‍ഥ സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങുന്നത്. ദൈവം തന്റെ അപ്പനാണെന്നും സൃഷ്ടികളത്രയും തന്റെ സഹോദരങ്ങളാണെന്നുമുള്ള അറിവില്‍ ഫ്രാന്‍സിസ് പിന്നീട് എത്രയോ ആര്‍ദ്രമായാണ് ജീവിച്ചത്. കൂടുതല്‍ ശ്രേഷ്ഠമായത് മറിയം തിരഞ്ഞെടുത്തതാണെന്ന പൊരുളില്‍ മര്‍ത്ത തന്റെ പരിഭവങ്ങളുടെ ഭാണ്ഡം എന്നേക്കുമായി കുടഞ്ഞുകളയുകയാണ്.
ഭൂമിയില്‍ മാത്രം കാഴ്ച പരിമിതപ്പെടുന്നിടത്ത് നമ്മളും അടിമകളായിതീരുന്നു. അതു ചില ഭയങ്ങളുടേതോ അല്ലെങ്കില്‍ സങ്കടങ്ങളുടേതോ അതുമല്ലെങ്കില്‍ വിഷാദത്തിന്റെതോ രോഗങ്ങളുടേതോ ഒക്കെയാകാം. അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന് മരിച്ചതില്‍ പിന്നെ മനസ്സിന്റെ താളം തെറ്റിയ ഒരു സുഹൃത്തുണ്ട്.
വിളക്കു വച്ച് വാഴയിലയില്‍ കിടത്തിയിരുന്ന അച്ഛന്റെ മൃതദേഹത്തിനു മുന്പില് അദ്ദേഹത്തിനിഷ്ടപ്പെട്ട ഒരു ഷര്ട്ടുമായിട്ടായിരുന്നു അവളുടെ ഇരിപ്പ്. മിഴികള്‍ നിറയാതെ, ആരോടും മിണ്ടാതെ, പരിസരങ്ങളെ മാനിക്കാതെ ആ ഇരിപ്പ് കുറച്ചധികം ദിവസങ്ങള്‍ തുടര്‍ന്നു. ആ സുഹൃത്തിന്റെ അരികിലിരുന്നപ്പോഴൊക്കെയും പുത്രന്റെ ജീവനറ്റ ശരീരം മടിയില്‍ കിടത്തിയ മറിയമായിരുന്നു മനസ്സില്‍. അവളുടെ മിഴികള്‍ സജലമായിരുന്നില്ല എങ്കിലും, അവള് കരുത്തുറ്റവളായിരുന്നു. അവളുടെ മൗനമത്രയും ധീരമായ പ്രഘോഷണവും. കാരണം, അവള് എല്ലാറ്റിലും നിന്ന് സ്വതന്ത്രയായിരുന്നു. അവളുടെ കാഴ്ചകള്‍ ഭൂമിയില്‍ ഒതുങ്ങുന്നവയായിരുന്നില്ല.
‘ഭൂരിഭാഗത്തിന്റെയും
കണ്ണുകള്‍ കണ്ടവയില്‍ നിന്നും
ചെവികള്‍ കേട്ടവയില്‍ നിന്നും
ശരീരം അനുഭവിച്ചവയില്‍ നിന്നും സ്വതന്ത്രമല്ല’
എട്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി മിസ്റ്റിക്കായ റാബിയയുടെ ഈ വരികള്‍ നമ്മിലെ അടിമത്തങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഒരു അധീശ ശക്തിക്ക് കീഴിലായിരുന്ന നമ്മുടെ രാജ്യം അതിനെ അതിജീവിച്ചെങ്കിലും നിരവധി ആന്തരിക അടിമത്തങ്ങളുടെ പിടിയിലാണെന്ന തിരിച്ചറിവുപോലുമില്ലാതെ പരസ്പരം പോരടിച്ചുകൊണ്ട് നമ്മള് മുന്നേറുകയാണ്. എവിടെയാണ് നമുക്ക് തെറ്റുപറ്റുന്നത്? ദൈവത്തിനും സഹോദരനും ഇടമില്ലാത്തവിധം നമ്മുടെ ലോകം ചുരുങ്ങുന്നതു കൊണ്ടാണോ നാം നമ്മുടെതന്നെ അനുഭവങ്ങളിലും ദുഃഖങ്ങളിലും വൈരാഗ്യങ്ങളിലും ജീവിക്കുന്നത്.
സ്വതന്ത്രരായവരുടെ ലോകം സുതാര്യവും ഭാരം കുറഞ്ഞതുമാണ്. അവര്‍ക്ക് മാത്രമായി ഒരു പരാജയവും വിജയവുമില്ല. അപരനിലേക്ക് എത്തിപ്പെടാനും അവര്‍ക്ക് ഏറെ ദൂരമില്ല. സത്യവും ധര്‍മ്മവും കാറ്റില്‍ പറത്തുന്ന നിലപാടുകള്‍ അവരില്‍ നിന്നും ഉണ്ടാവുകയില്ല. മരണത്തെപ്പോലും വലിയ നേട്ടമായി കാണാന്‍ അവര്‍ക്കേ കഴിയൂ. കാരണം, അല്പകാലം മുന്‍പ് മണ്ണുകൊണ്ടു നിര്‍മിക്കപ്പെട്ടവനും, അല്പകാലം കഴിയുമ്പോള്‍, തനിക്കു കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചേല്പിച്ച് (ജ്ഞാനം 15 : 8) തന്റെ യഥാര്‍ഥ ജന്മഭൂമിയിലേക്ക് തിരിച്ചു പോകേണ്ടവനാണ് താനെന്ന ബോധ്യം അവനുണ്ടായിരിക്കും. അത്തരത്തില്‍ സ്വതന്ത്രരായവരുടെ ലോകത്തിലെ രാജ്ഞിയാണ് മറിയം. അവള് തന്റെ ജീവിതത്തില്‍ അനുവദിക്കപ്പെട്ട സങ്കടങ്ങളിലും സന്തോഷങ്ങളിലും ഉയര്‍ച്ചതാഴ്ചകളിലും നിന്ന് എപ്പോഴും സ്വതന്ത്രയായിരുന്നു. അവളുടെ വിശ്വസ്തത കൊണ്ടുതന്നെ സ്വര്‍ഗം അവളെ ശരീരത്തോടെ കൈക്കൊണ്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വലിയ ലോകത്തിന് ഉടമയാകുമ്പോഴല്ലേ നാം നമുക്കുതന്നെ അടിമയാകാതിരിക്കുന്നത്.
സി. നിമിഷ റോസ് CSN




