തന്നെക്കാള്‍ വളര്‍ന്ന മകനുമായി കൗണ്‍സലിംഗിന് എത്തിയ അപ്പന്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നത്. ഏതെങ്കിലും വാക്കുകള്‍ വേദനിപ്പിക്കാന്‍ ഇടയായാല്‍ പ്രകോപിതനാകുന്ന മകന്റെ പെരുമാറ്റരീതികള്‍ ഒഴിവാക്കാനാണ് അപ്പന്റെ ശ്രമം. മാതാപിതാക്കള്‍ മക്കളെ ഭയപ്പെടുന്നതിനു മുമ്പ് അവരുമായി നല്ല സ്‌നേഹബന്ധം സ്ഥാപിക്കാന്‍ പരിശ്രമിച്ചാല്‍ ആവശ്യമില്ലാത്ത ഭയവും അസ്വസ്ഥതയും കുടുംബത്തില്‍ നിന്നും ഒഴിവാക്കാം.
ആരോഗ്യകരവും, ആഴമുള്ളതുമായ സ്‌നേഹബന്ധം മാതാപിതാക്കളും മക്കളും തമ്മില്‍ അടിസ്ഥാനമിട്ട് കെട്ടിപ്പൊക്കുവാന്‍ പരിശ്രമവും മനസ്സിലാക്കാനുള്ള വിശാലതയും ആവശ്യമാണ്. വീട്ടിലെ അന്തരീക്ഷവും സ്‌കൂളിലെ പ്രശ്‌നങ്ങളും കളിക്കൂട്ടുകാരുടെയിടയിലുള്ള അടിപിടിയും കൗമാരത്തിലെ സ്‌നേഹബന്ധങ്ങളിലെ പരാജയങ്ങളുമൊക്കെ കുട്ടികളെ പെട്ടെന്ന് പ്രകോപിപ്പിക്കുവാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഒപ്പമുണ്ട് എന്ന ഉറപ്പ് മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന കുട്ടികള്‍ മാനസികാരോഗ്യത്തില്‍ വളരുന്നു.
മനസ്സിലാക്കുന്ന മാതാപിതാക്കളും മാറ്റം ആഗ്രഹിക്കുന്ന കുട്ടികളും
മാതാപിതാക്കള്‍മക്കളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. ശാരീരികാരോഗ്യത്തോടൊപ്പംതന്നെ മക്കളുടെ മാനസികവും, വൈകാരികവും ആത്മീയവുമായ തലങ്ങളിലും ശ്രദ്ധ വേണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള
ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളും വൈകാരികമായി മാതാപിതാക്കളോട് അടുക്കുന്നത്.
ആരോഗ്യകരമായ ബന്ധത്തിന്റെ പ്രാധാന്യം
സ്‌നേഹമുള്ള മാതാപിതാക്കള്‍ക്കു മാത്രമേ സ്‌നേഹമുള്ള കുട്ടികളേയും പരിശീലിപ്പിച്ച് പ്രാപ്തരാക്കാന്‍ കഴിയുകയുള്ളൂ. കുട്ടികളുടെ വൈകാരിക വളര്‍ച്ചയ്ക്കും ഉന്നമനത്തിനും മാതാപിതാക്കളുമായുള്ള ആരോഗ്യകരമായ, ബന്ധം ആവശ്യമാണ്.
മാതാപിതാക്കളും മക്കളും തമ്മിലുള്ള ഈ ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട് എന്നു പറയുന്നതിന്റെ പ്രധാന കാര്യം, ഇന്നു പല മാതാപിതാക്കളും മക്കളെ ഭയപ്പെടുന്നു. സ്വന്തം വീട്ടില്‍ സ്വതന്ത്രമായി ഇടപെടാനും, പണം വീട്ടില്‍ സൂക്ഷിക്കാനും, വീട്ടില്‍നിന്ന് കുറച്ചു ദിവസം മാറി നില്‍ക്കാനും പല മാതാപിതാക്കളും പേടിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. കൂട്ടുകാരുമൊത്ത് ആഘോഷിക്കാന്‍ അവസരം കിട്ടുമല്ലോ എന്ന ചിന്തയില്‍ പല കുട്ടികളും മാതാപിതാക്കള്‍ പുറത്തുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. മാതാപിതാക്കള്‍ കഷ്ടപ്പെട്ടു സമ്പാദിച്ച സ്വര്‍ണ്ണവും പണവും കൂട്ടുകാരെ സന്തോഷിപ്പിക്കാന്‍ ധൂര്‍ത്തടിക്കുന്നതില്‍ മക്കള്‍ക്കു മടിയില്ലാതായി വരുന്നു. ബന്ധുക്കളുടേയും സഹപ്രവര്‍ത്തകരുടേയും മുമ്പില്‍ വച്ച് മാതാപിതാക്കളെ നാണം കെടുത്താന്‍ മടിക്കാത്ത മക്കളുടെ എണ്ണവും കൂടി വരുന്നു.
രോഗം വരാതിരിക്കാന്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഏതു ത്യാഗവും നാം ഏറ്റെടുക്കുന്നു. എന്നാല്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ കൂട്ടുകാരുടേയും മറ്റു സ്വാധീനശക്തികളുടേയും വലയത്തില്‍പ്പെട്ട് നശിക്കാതിരിക്കുവാന്‍ വിവേകപൂര്‍വം മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടോ?
മാതാപിതാക്കള്‍ ഒപ്പം നടക്കുന്നവരാകുക
മക്കളുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ മാതാപിതാക്കളോളം സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവര്‍ മറ്റാരുമില്ല. മക്കള്‍ക്കായി മാത്രം ജീവിക്കുന്ന മാതാപിതാക്കള്‍ ജോലിത്തിരക്കിനിടയില്‍ മക്കളുടെ ഉത്തരവാദിത്വം വീട്ടുജോലിക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ നടക്കുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കാതെ കടന്നുപോകേണ്ടിവരും. കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവരുടെ പ്രശ്‌നങ്ങളും സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കും.
ചെറിയ പ്രായത്തില്‍ മാതാപിതാക്കള്‍ നല്കുന്ന സ്‌നേഹവും, കരുതലും, പരിപാലനയും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമിടയിലെ ആഴമായ സ്‌നേഹബന്ധത്തിന്റെ അടിത്തറയാണ്. മാതാപിതാക്കളോടുള്ള ഈ വൈകാരിക അടുപ്പം മുന്നോട്ടുള്ള കാലഘട്ടത്തിലും ഉറപ്പിക്കേണ്ടതാണ്. കുടുംബത്തില്‍ നിന്നു പഠിക്കുന്നതാണ് കുട്ടികള്‍ അവരുടെ സ്‌കൂളിലും കൂട്ടുകാരുടെയിടയിലും വളര്‍ത്തുന്നത്. കുട്ടികള്‍കൂട്ടുകാരിലേക്ക്എത്രഅടുത്താലും വീട്ടിലെ സ്‌നേഹവും പരിഗണനയും, കരുതലും ശക്തമായതാണെങ്കില്‍ ഏതു ബന്ധത്തിലും പക്വത നിലനിര്‍ത്തുകയും മാതാപിതാക്കളുമായുള്ളബന്ധവും ബഹുമാനവും നിലനിര്‍ത്തുകയും ചെയ്യും.
ബന്ധങ്ങളുടെ തലങ്ങള്‍ മാതാപിതാക്കള്‍
ഉത്തരവാദിത്വമുള്ളവരും വൈകാരികമായ സ്ഥിരതയും ഉള്ളവരാകുമ്പോള്‍ കുട്ടികള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. തങ്ങള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പു കിട്ടുന്ന കുട്ടികള്‍ മാനസികാരോഗ്യത്തില്‍ വളരുന്നു. വളര്‍ന്നു വലുതാകുന്ന ഇവര്‍ ആത്മവിശ്വാസത്തോടെ, സ്വതന്ത്രമായി തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരാകും. മാതാപിതാക്കളുടെ അവഗണന കിട്ടി വളരുന്ന കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ വൈകാരിക തലത്തിലും ബന്ധങ്ങളിലും പലപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുവാന്‍ അവര്‍ അവസരം അന്വേഷിക്കും. അങ്ങനെ അവര്‍ മാതാപിതാക്കളില്‍ നിന്ന് വൈകാരികമായി അകലുകയും അവരുടേതായ ലോകം സൃഷ്ടിച്ച് അതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍പോലും അറിയാതെ മക്കള്‍ അവരില്‍ നിന്ന് മാനസികമായി അകലുന്നു.
കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍
കുട്ടികളുമായി നല്ലബന്ധം പുലര്‍ത്താതെ അവരെ ശരിയായി വളര്‍ത്തുക പ്രയാസകരമാണ്. സൗഹാര്‍ദ്ദം പുലര്‍ത്താനും കുട്ടികളെ മനസ്സിലാക്കുവാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. മക്കള്‍ക്കു മുന്‍ഗണന നല്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു.
ജോലിത്തിരക്കും ജീവിതപ്രശ്‌നങ്ങളും, വ്യഗ്രതകളും കുട്ടികള്‍ക്ക് മനസ്സിലാവുകയില്ല. അവര്‍ക്കു വേണ്ടത് മാതാപിതാക്കളുടെ സ്‌നേഹസാന്നിധ്യമാണ്. അവരുടെ വിജയങ്ങളിലും നേട്ടങ്ങളിലും പ്രോത്സാഹനവും, അംഗീകാരവും ലഭിക്കുമ്പോള്‍ അവര്‍ വീടിനേയും മാതാപിതാക്കളേയും സ്‌നേഹിക്കുവാന്‍ പഠിക്കുന്നു.

സി. ഡോ. പ്രീത CSN
സൈക്കോ തെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍, ചൊവ്വര.




