നമുക്ക് ഏറെ പരിചയമുള്ള വാക്കുകളാണ് ‘ഹ്രസ്വദൃഷ്ടിയും’ ‘ദീര്‍ഘദൃഷ്ടിയും’. അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലത്തിലുള്ള വസ്തുക്കളെ ശരിയായി കാണാന്‍ കഴിയാത്തതുമായ ഒരു കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി; ദീര്‍ഘദൃഷ്ടിയാകട്ടെ ഇതിന്റെ വിപരീതാവസ്ഥയും. മനുഷ്യന്റെ കാഴ്ചയുമായി ബന്ധപ്പെട്ട് മാത്രമല്ല കാഴ്ചപ്പാടുമായി ബന്ധപ്പെട്ടും ‘ഹ്രസ്വദീര്‍ഘദൃഷ്ടികള്‍’ ഉണ്ടെന്ന് തോന്നുന്നു.
കാലംചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒരിക്കല്‍, ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലെ ബഹിരാകാശ യാത്രികരുമായി ഒരു തല്‍സമയ സംവാദം നടത്തു കയുണ്ടായി. മാര്‍പാപ്പയുടെ ചോദ്യങ്ങളുടെയും അവയ്ക്ക് അവര്‍ നല്‍കിയ ഉത്തര ങ്ങളുടെയും സംഗ്രഹം ഇതായിരുന്നു: ‘തങ്ങള്‍ ഇവിടെനിന്നു താഴേക്കു നോക്കുമ്പോള്‍ അതിരുകളില്ലാത്ത കാഴ്ചയാണ് കാണുന്നത്. അകലക്കാഴ്ച അതിരുകളില്ലാത്തതാണ്. അടുത്തുവരുന്തോറും അതിരുകള്‍ മനുഷ്യരെ വേര്‍തിരിച്ചു തുടങ്ങുന്നു. അത് മനുഷ്യരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇവിടെ ഈ സ്‌പേസ് സെന്ററില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മനുഷ്യര്‍ അതിരുകളില്ലാതെ, വേര്‍തിരിവില്ലാതെ മനുഷ്യ നന്മയ്ക്കുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. മണ്ണിലും മനസ്സിലുമുള്ള അതിരുകള്‍ ഭേദിച്ച് ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് മാനവരാശിയുടെ മുഴുവന്‍ നേട്ടമാകുന്നു.’
മനുഷ്യര്‍ അടുത്തിടപഴകുമ്പോള്‍ പല കാര്യങ്ങളും അവരില്‍ ഭിന്നിപ്പുളവാക്കുന്നു. അവര്‍ക്കിടയിലെ വിരുദ്ധമായ താല്പര്യങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്നു. ചില കാഴ്ചകള്‍ കണ്ണുകളോടടുക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ നഷ്ടപ്പെട്ട് ദൃശ്യം അവ്യക്തമാകുന്നതു പോലെയാണത്. എന്നാല്‍, ആ വസ്തു കണ്ണില്‍നിന്ന് ആവശ്യമായ അകലം പാലിച്ചു കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് നമുക്ക് തീര്‍ച്ചയുണ്ടാവുകയും കാഴ്ച വ്യക്തമാവുകയും ചെയ്യും. അതു പോലെതന്നെ മനുഷ്യന്റെ പ്രശ്‌നങ്ങളെയും അകലംപാലിച്ചു കാണാനുള്ള ഒരു കണ്ണുണ്ടായാല്‍ അവയെ കുറെക്കൂടി അവധാനതയോടെ പരി ഹരിക്കുവാന്‍ നമുക്ക് കഴിഞ്ഞേക്കാം.
കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ നമ്മളില്‍ നീരസം ഉണ്ടാക്കിയേക്കാം; അയാളോട് ദേഷ്യവും ശത്രുതയും ഉണ്ടാക്കിയേക്കാം; എന്നാല്‍, ആ വ്യക്തിയുടെ ചെയ്തികളെ അല്പം അകലം പാലിച്ചു കാണാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ,
അയാള്‍ അങ്ങനെ ചെയ്യുകയും ഇടപെടുകയും ചെയ്യുന്നതിന്റെ കാരണങ്ങളെക്കൂടി നമുക്ക് കണ്ടെത്താന്‍ കഴിയും. അയാള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിതത്തിലെ വിവിധതരത്തിലുള്ള സമ്മര്‍ദങ്ങളും മാനസിക പ്രശ്‌നങ്ങളും
വ്യക്തിജീവിതത്തിലെ സുഖകരമല്ലാത്ത പശ്ചാത്തലങ്ങളുമൊക്കെയാണ് ഇവയ്ക്കു കാരണമാകുന്നതെന്ന് തിരിച്ചറിയുമ്പോള്‍ അയാളോട് കുറെക്കൂടി സഹാനുഭൂതിയോടെ പെരുമാറാന്‍ നമുക്കാവും.
ബെനഡിക്ട് പാപ്പയുമായി സംവദിച്ച ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ അമേരിക്കയുടെ മാര്‍ക്ക് കെല്ലി പങ്കുവച്ച ആശയം ഇതായിരുന്നു ‘മനുഷ്യര്‍ ഭൂമിയില്‍ ഊര്‍ജത്തിനും വിഭവങ്ങള്‍ക്കും വേണ്ടി വഴക്കും യുദ്ധവുമുണ്ടാക്കുന്നു; എന്നാല്‍, ഇവിടെനിന്ന് നോക്കുമ്പോള്‍ അതെത്ര നിരര്‍ഥകമാണെന്ന് തോന്നുന്നു’. താഴേക്കു നോക്കുമ്പോള്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും അവന്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ എത്ര ചെറുതാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് മാര്‍ക്ക് കെല്ലി അങ്ങനെ പറഞ്ഞത്. കുറേക്കൂടി ഉയര്‍ന്ന തലത്തില്‍നിന്നുകൊണ്ട്, നമ്മള്‍ തര്‍ക്കിക്കുകയും വഴക്കിടുകയും ചെയ്യുന്ന കാര്യങ്ങളെ നോക്കിക്കണ്ടാല്‍ എത്ര നിസ്സാരമായ കാര്യങ്ങള്‍ക്കാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നതെന്ന് നമുക്ക് തിരിച്ചറിവുണ്ടാവും. അതുപോലെ അതിര്‍ത്തികളുടെ പേരിലും,വിഭവങ്ങളുടെ പേരിലും, ആശയങ്ങളുടെ പേരിലുമൊക്കെ ലോകത്തുള്ള എത്രയോ രാജ്യങ്ങള്‍ പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. നിസ്സഹായരായ സ്ത്രീകളും കുട്ടികളും മറ്റു മനുഷ്യരും അതിന്റെ ദുരന്തങ്ങളേറ്റുവാങ്ങി ജീവിക്കുന്നു. ഏറെ ഗൗരവമുള്ളതും പ്രധാനപ്പെട്ട തുമായ കാര്യങ്ങള്‍ മാറിനിന്ന് നോക്കാനുള്ള ദൂരക്കാഴ്ച നമുക്കുണ്ടായാല്‍ സംഘര്‍ഷ ഭരിതമായ നമ്മുടെ ലോകം എത്ര സമാധാനപൂര്‍ണമാകുമായിരുന്നു; ഭിന്നിച്ചുനില്‍ക്കുന്ന മനുഷ്യര്‍ എത്രയോ അടുത്ത സുഹൃത്തുക്കളാകുമായിരുന്നു!

പീറ്റര്‍ തോമസ് കപ്പുച്ചിന്‍



