Thursday, March 5, 2026

അധിനിവേശങ്ങൾ

താനാണ് ഈ ലോകത്തിന്റെ പരമാധികാരി എന്ന മട്ടില്‍ ഒരാള്‍ കുറച്ചുനാളായി ഓരോരോ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച് ലോകത്തിന്റെ താളഗതിയെത്തന്നെ തകിടംമറിച്ചുകൊണ്ടിരിക്കുന്നു. അടുത്തനാളില്‍ അയാള്‍ വെനസ്വേലയുടെ പ്രസിഡണ്ടിനെ പിടിച്ചുകൊണ്ടുപോയതോടെ ഈ അസ്വസ്ഥത കുറേക്കൂടി വര്‍ധിച്ചു. ഇനിയും ചില രാഷ്ട്രങ്ങളെക്കൂടി താന്‍ ഉന്നംവച്ചിട്ടുണ്ട് എന്നു പറയാനും അയാള്‍ മടിച്ചിട്ടില്ല.

ചില മനുഷ്യര്‍ അങ്ങനെയാണ്. ഈ ലോകം തനിക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടി ട്ടുള്ളതെന്നും മാലോകരെല്ലാം തന്റെ നിലനില്പിനുള്ള സഹായികളാണെന്നും കരുതുന്നവര്‍. തനിക്കതിനുള്ള അവകാശമുണ്ടോ എന്നൊന്നും ചിന്തിക്കാനുള്ള വെളിച്ച മൊന്നും അവരുടെ തലയിലില്ല. അവര്‍ എല്ലായിടത്തും കാണും. നമ്മുടെ ചില കുടുംബ ങ്ങളിലുമുണ്ട് അങ്ങനെയുള്ള മനുഷ്യര്‍. കുടുംബത്തില്‍ ഒരാള്‍ അങ്ങനെയുണ്ടെങ്കില്‍ ആ കുടുംബം ശ്വാസം മുട്ടി മരിച്ചുപോകും.

അടുത്തനാളില്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഡിവോഴ്‌സ്ഡ് ആണ്. വിധവയായ അമ്മയുടെ മകള്‍. സര്‍ക്കാരുദ്യോഗസ്ഥ. ഒരനുജത്തിയുമുണ്ട്. കൂലിപ്പണി ചെയ്തും വായ്പയെടുത്തുമൊക്കെയാണ് അമ്മ അവരെ പഠിപ്പിച്ചത്. മൂത്തയാള്‍ക്ക് ജോലി കിട്ടിയതോടെ അമ്മ ആശ്വസിച്ചു. അവളുടെ വിവാഹം നടത്തി. പക്ഷേ, അതോടെ ശമ്പളം ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്കായി. വൈകാതെ അമ്മയ്‌ക്കൊരപകടമുണ്ടായി. അമ്മയുടെ ചികിത്സയ്ക്ക് അവള്‍ അല്പം പണം ചോദിച്ചിട്ട് അയാള്‍ നല്കിയില്ല. ഇനി നീയും നിന്റെ പണവും എനിക്ക് അവകാശപ്പെട്ടതാണെന്ന അയാളുടെ നിലപാടിനോട് അവള്‍ക്കൊരിക്കലും യോജിക്കാനായില്ല. മനുഷ്യനെന്ന നിലയില്‍, തനിക്കുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നിടത്ത് താന്‍ എന്തിന് ഇനിയും
ജീവിക്കണം എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല.

നമ്മുടെ പലകുടുംബങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണിത്. പല ദമ്പതികളും
വേര്‍പിരിയുന്നതിനു പിന്നില്‍ ന്യായമായ നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതാണ്. ചിലര്‍ മക്കളെ ഓര്‍ത്തും മാന്യത പരിഗണിച്ചുമൊക്കെ വിവാഹമോചിതരാകുന്നില്ല എന്നേയുള്ളൂ. എങ്കിലും കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ധ്രുവങ്ങള്‍ അകലമുള്ള മനസ്സോടെ ആയിരിക്കും അവര്‍ജീവിക്കുന്നത്. ‘സൈലന്റ്ഡിവോഴ്‌സ്’ എന്നാണ് പുതിയ കാലത്ത് ഇതറിയപ്പെടുന്നത്. അതായത് ഔപചാരികമായി വിവാഹബന്ധം വേര്‍പെടുത്താതെ ദമ്പതികള്‍ വൈകാരികവും ശാരീരികവുമായ അടുപ്പം പൂര്‍ണമായും നഷ്ടപ്പെടുത്തി ഒരേ വീട്ടില്‍ സഹവാസികളെപ്പോലെ കഴിയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നമ്മുടെ നാട്ടില്‍ ഇത് അപകടകരമാംവിധം വര്‍ധിക്കുന്നുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

2024 ലെ കണക്കനുസരിച്ച് കേരളത്തിലെ പകുതിയോളം കുടുംബങ്ങളില്‍ ദമ്പതികള്‍
സൈലന്റ് ഡിവോഴ്‌സില്‍ ജീവിക്കുന്നവരാണത്രേ. അതുമൂലം വലിയ ഉത്കണ്ഠയും സമ്മര്‍ദവും അവരനുഭവിക്കുന്നു. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഒന്നുമറിയാത്ത കുഞ്ഞുങ്ങളും. വളരെ ദുഃഖകരം എന്നുമാത്രമേ ഈ അവസ്ഥയെ വിശേഷിപ്പിക്കാന്‍ കഴിയുന്നുള്ളൂ. പരസ്പരം താങ്ങും തണലുമേകി ഒന്നിച്ചു പറക്കേണ്ട ദമ്പതികള്‍ ഇങ്ങനെ കഴിയാനുള്ളവരല്ല.

ഒട്ടേറെ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാവും. നമ്മള്‍ മലയാളികള്‍ ഒത്തിരി കാര്യങ്ങളില്‍ പുരോഗതിയുടെ പാതയിലാണെങ്കിലും അതനുസരിച്ചുള്ള ഒരു വികാസം നമ്മുടെ ഹൃദയത്തിനുണ്ടാകുന്നില്ല. കുടുംബജീവിതത്തില്‍ അതു കുറെക്കൂടി പ്രകടമാണ്. സ്വദേശത്തും വിദേശത്തും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെതന്നെ. കാര്യമൊക്കെ ശരിയാണ്. പരസ്പരം ഇണയും തുണയുമാകാനാണ്‌ രണ്ടു പേര്‍ വിവാഹത്തിലൂടെ ഒരുമിക്കുന്നത്. എന്നിട്ടോ, തുല്യനീതിയും തുല്യ അവകാശവും അനുഭവിക്കുന്ന എത്ര പങ്കാളികളെ എണ്ണിയെടുക്കാന്‍ കഴിയും. അവകാശങ്ങളും സ്വാതന്ത്ര്യവുമൊക്കെ ഒരാളില്‍ മാത്രമായി പലപ്പോഴും പരിമിതപ്പെടുന്നു. അയാളുടെ തീരുമാനമനുസരിച്ചു മാത്രം കാര്യങ്ങള്‍ മുന്നോട്ടുപോകുന്നു. എങ്ങോട്ടുപോണം, എന്തുവാങ്ങണം, എത്രത്തോളം വേണം എന്നൊക്കെ ഒരാള്‍ തീരുമാനിക്കുന്നു. എന്നാല്‍, ഇതിനൊക്കെ യുള്ള അവകാശം പങ്കാളിക്കുമുണ്ടെന്നു ചിന്തിക്കാത്തിടത്തോളം കാലം അവരുടെ ബന്ധം ഊഷ്മളമായിരിക്കില്ല. പുതിയ കാലത്തെ കുട്ടികള്‍ക്കത് വേര്‍പിരിയലിന് കാരണമാകുന്നു.

വിവാഹമോചനം അപകടകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.
പരസ്പരം നല്‌കേണ്ട അവകാശവും ആദരവും നല്കുന്നതില്‍ പങ്കാളികള്‍ വരുത്തുന്ന വീഴ്ചയാണ് പ്രധാന കാരണം. ഒപ്പം പുതിയകാലത്തിന്റെ സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളും കാരണമാകുന്നുണ്ട്. ഇന്ന് മിക്കവാറും ദമ്പതികളില്‍ ഇരുവരും ഉദ്യോഗ സ്ഥരാണ്. ഒരുമിച്ചുപോകുന്നു, വരുന്നു. പക്ഷേ, കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ തുല്യമായി പങ്കുവയ്ക്കപ്പെടുന്നുണ്ടോ? അവയെല്ലാം അവളുടെ ചുമലിലാണെന്ന ധാരണ ഇപ്പോഴും തിരുത്തപ്പെടാതെതന്നെതുടരുകയാണ്.

ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മയെ ഓര്‍ത്തു നോക്കൂ? എത്രയെത്ര കാര്യങ്ങള്‍ ഒതുക്കി യാലാണ് അവള്‍ക്ക്‌ വീട്ടില്‍നിന്ന് ഇറങ്ങാന്‍ പറ്റുക. ബ്രെയ്ക്ഫാസ്റ്റ്, ഉച്ച ഭക്ഷണം, കുട്ടികളുടെ കാര്യങ്ങള്‍… ഒടുവില്‍ അവനുള്‍പ്പെടെ എല്ലാവര്‍ക്കും ടിഫിന്‍ തയ്യാ റാക്കുക… എല്ലാം ഒരുക്കി മര്യാദയ്ക്കൊന്ന് വസ്ത്രം ധരിക്കാന്‍ പോലും നേരമില്ലാ തെയാവും അവള്‍ ബദ്ധപ്പെട്ടിറങ്ങുന്നത്. ഈ തിരക്കുകളില്‍ ഒരു സഹായം നല്കുന്ന പങ്കാളികള്‍ എത്ര പേരുണ്ടാകും. ഇങ്ങനെ രാവിലെ ആദ്യം ഉണര്‍ന്ന് രാത്രിയില്‍ ഒടുവില്‍ മാത്രം ഉറങ്ങുന്ന അവളുടെ വിശ്രമം, വിനോദം… ഇതിനെക്കുറിച്ചൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇതിലൊരു അനീതിയില്ലേ എന്ന് ചിന്തിക്കാന്‍ പോലും ആരും ഉണ്ടായെന്നുവരില്ല. ഉണ്ടെങ്കില്‍ അത് ഒരു മഹാഭാഗ്യമായി കരുതാം!

കുടുംബത്തിനകത്തെ തിക്കുമുട്ടലിനു പിന്നില്‍ സോഷ്യല്‍ മീഡിയയുടെ അധിനിവേശം കൂടിയുണ്ട്. കേരളത്തില്‍ 80% ദമ്പതികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നാണ് പുതിയ കണക്ക്. ഓരോരുത്തരും അവനവന്റെ ലോകത്തിലേക്ക് ഏകാഗ്രമായാല്‍ കുടുംബമെങ്ങനെ കുടുംബമാകും. ഉള്ളുതുറന്നുള്ള വര്‍ത്തമാനങ്ങളും ഒരുമിച്ചുള്ള ഭക്ഷണവും പ്രാര്‍ഥനയും ചിരിയും കളിയും യാത്രയുമൊക്കെയാണല്ലോ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുന്നത്.

അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്ന ഒരു പ്രവണതയാണ് വിവാഹമേ വേണ്ട എന്ന നിലപാട്. പെണ്‍കുട്ടികളിലാണ് ഈ പ്രവണത കൂടുതല്‍. തങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും വിവാഹത്തോടെ നഷ്ടമാകുമോ എന്ന ഭയമാണ് അതിനു പിന്നിലുള്ള പ്രധാനകാരണം. മാത്രമല്ല, സ്വന്തം വീട്ടില്‍ രാജ്ഞിയെപ്പോലെ വാണിരുന്ന പല പെണ്‍കുട്ടികള്‍ക്കും ഭര്‍തൃവീട്ടില്‍ നിന്നും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളും അവരുടെ കണ്‍മുന്നിലുണ്ട്. എന്തിന് ആവശ്യമില്ലാത്ത പൊല്ലാപ്പുകള്‍ തലയില്‍ കയറ്റിവയ്ക്കണം എന്നാണവള്‍ ചോദിക്കുന്നത്.

പരിഹരിക്കാനാവാത്ത പ്രശ്‌നമല്ലിത്. തനിക്കുള്ള സ്വാതന്ത്ര്യവും അവകാശങ്ങളും തുല്യ
നിലയില്‍ത്തന്നെ പങ്കാളിക്കും അനുവദിക്കുന്നതോടെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. വേറൊന്ന് ഒരു ഫാമിലി ടൈം ക്രമീകരിക്കുക. എല്ലാദിവസവും ഒരു നിശ്ചിത സമയം എല്ലാവരും ഫോണൊക്കെ മാറ്റിവച്ച് ഒരുമിച്ചിരുന്ന് കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകുക. അതിന് പ്രാര്‍ഥനാസമയത്തിന്റെ അത്ര തന്നെ പ്രാധാന്യമുണ്ട്. അതിനാല്‍ അപ്പോള്‍ ആരും ഫോണ്‍ ഉപയോഗിക്കുന്നില്ല. ആ അരമണിക്കൂറോ ഒരുമണിക്കൂറോ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല എന്നുകരുതി ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഓര്‍ക്കുക, ഫോണ്‍ നമ്മുടെ സൗകര്യത്തിനാണ്. വിളിക്കുന്നവരുടെ സൗകര്യത്തിനല്ല.

ഇനി ഇതൊന്നും പാലിക്കാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു എളുപ്പവഴിയുണ്ട്. യേശു പറഞ്ഞുതരുന്ന ആ സുവര്‍ണ നിയമം ഉണ്ടല്ലോ. അതൊന്നു പരിശീലിച്ചാല്‍ മതി. ‘മറ്റുള്ളവര്‍ ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍’ (മത്താ. 7:12). സകല നിയമവും പ്രവചനങ്ങളും ഇതില്‍ അടങ്ങിയിരി ക്കുന്നുവെന്ന് അവിടുന്നു പറയുന്നു. ദാമ്പത്യബന്ധം മാത്രമല്ല, ഏതൊരു ബന്ധവും മനോഹരമാക്കുന്ന ഒറ്റമൂലിയാണിത്. കേള്‍ക്കുന്നതുപോലെ ഇമ്പമല്ല അതിന്റെ അനുവര്‍ത്തനം. എങ്കിലും ഒന്നു പരീക്ഷിച്ചു നോക്കൂ. പങ്കാളിയുടെ, നിങ്ങള്‍ അവഗണി ക്കാറുള്ള കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങള്‍ ഒന്നോര്‍ത്തെടുക്കുക. ആവശ്യപ്പെടാതെതന്നെ അതൊന്ന് ചെയ്തു കൊടുക്കാന്‍ തയ്യാറായി നോക്കൂ. അതു നിങ്ങളുടെ ബന്ധത്തെ അത്ഭുതകരമാംവണ്ണം മനോഹരമാക്കും. – എത്രത്തോളം? അതനുഭവിച്ചറിയേണ്ടതല്ലേ.

Sobha
  സി. ശോഭ CSN 

Related Articles