പുതുവര്‍ഷ ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ആത്മവിചിന്തനത്തിനു മുന്തിരിത്തോട്ടത്തില്‍ വളര്‍ന്ന അത്തിവൃക്ഷത്തെക്കാള് ഭംഗിയുള്ള രൂപകമില്ലെന്നു തോന്നുന്നു. ലൂക്കായുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലാണത്. എല്ലാവിധ പരിചരണവും ലഭിച്ചിട്ടും, കാലമേറെയായിട്ടും മാറ്റമില്ലാതെ ഫലരഹിതമായി അത് തുടര്‍ന്നു. ഒടുവില്‍ മൂന്നുവര്‍ഷത്തോളം കാത്തിരുന്നിട്ടും ഫലമില്ലായ്കയാല്‍ യജമാനന് അത് വെട്ടിക്കളയുവാന്‍ കല്പിക്കുകയാണ്. എന്നാല്‍, ഭൃത്യന്റെ കനിവില്‍ അതിന്റെ ആയുസ്സ് ഒരു വര്‍ഷംകൂടി അനുവദിച്ചു കിട്ടുന്നു.
എന്തുകൊണ്ടായിരിക്കുമത് ഫലരഹിതമായ അത്തിവൃക്ഷമായതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അമിതമായി ലഭിച്ച പരിചരണത്തിന്റെ സുഖലഹരിയില്‍ അഭിരമിച്ചു നിന്നു പോയതിനാലാകാം… മുന്തിരിശാഖകള് വെട്ടിയൊതുക്കുന്നതുപോലെ തന്റെ ശാഖകളും വെട്ടിനുറുക്കിയതില്‍ അലോസരപ്പെട്ടിട്ടാകാം…. മറ്റൊരു അത്തിവൃക്ഷത്തിനും ലഭിക്കാത്ത സൗഭാഗ്യത്തിന്റെ നിറവില്‍ അഹങ്കരിച്ചിട്ടാകാം… യജമാനന് പലവട്ടം ക്ഷമിച്ചില്ലേ, ഇനിയും ക്ഷമിക്കുമെന്ന മിഥ്യാധാരണയുടെ അലസതയിലാകാം… ഫലം നല്‍കാനാകാത്ത പാഴ്ജന്മം എന്ന അയോഗ്യതയുടെ അപമാനഭാരത്താലാകാം. ഫലമണിയുകയെന്നാല് അപരനുവേണ്ടി പകുത്തുനല്കുന്ന ത്യാഗമായി മാറുകയാണെന്ന അറിവിന്റെ ഭയത്താലാകാം… ഈ വിധം പല കാരണങ്ങള്‍കൊണ്ടത് ഫലം ചൂടാതെ നിന്നു.
ചില മനുഷ്യര്‍ക്ക് സംഭവിക്കുന്ന ദുരന്തവും ഇതുതന്നെയാണ്. കാലത്തിനും അനുഭവത്തിനും ഒരു മാറ്റവും വരുത്താനാകാത്തവര്. ചെയ്തിരുന്ന തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു… ദൈവാലയത്തിലേക്ക് വന്ന അതേ വെറുപ്പോടും വൈരാഗ്യത്തോടും കൂടി വീണ്ടും മടങ്ങിപ്പോകുന്നു… പലവട്ടം ധ്യാനം കൂടിയിട്ടും ഒരു മാനസാന്തര അനുഭവവും സ്വന്തമാക്കാനാവുന്നില്ല. മുറിവേറ്റ ഹൃദയത്തോടെ വരുന്നു, അതുപോലെതന്നെ തിരിച്ചുപോകുന്നു.. കുറ്റപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്നു; അതേ കുറ്റപ്പെടുത്തലുകളുമായി തുടരുന്നു… പരാജയബോധത്തോടെ വരുന്നു; വീണ്ടും പരാജിതനായി മടങ്ങുന്നു…. ഹൃദയം കഠിനമാക്കിയെത്തുന്നു; അതേ ഹൃദയകാഠിന്യത്തോടെ പിന്‍വാങ്ങുന്നു…
എന്തുകൊണ്ടാണ് പലയാവര്‍ത്തി അവസരം കിട്ടിയിട്ടും മനുഷ്യരിനിയും ഫലശൂന്യതയുടെ അത്തിവൃക്ഷമായി കാലം തീര്‍ക്കുന്നത്? നാല്പതു കഴിഞ്ഞ ഒരാള്‍ എന്ന നിലയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ എന്റെയും പിന്നില്‍ നിരാശയുടെ നിഴലിങ്ങനെ കനംവച്ചു നില്‍ക്കുന്നുണ്ട്. ഇനിയും എത്ര ദൂരം മുന്നോട്ട് നടന്നാലാണ് ഞാനുമൊന്ന് നന്നാവുക?
ദൈവാലയത്തില്‍ മുടങ്ങാതെ വരുന്നതുകൊണ്ടോ, ദാനധര്‍മ്മം നല്‍കുന്നതുകൊണ്ടോ, അനുദിനം പ്രാര്ഥിക്കുന്നതുകൊണ്ടോ, ഉച്ചസ്വരത്തില്‍ ഗാനം ആലപിച്ചതുകൊണ്ടോ ഒരാള്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ നന്മയുടെ ഫലം നല്കണമെന്നില്ല… അനുദിനമുളള പ്രഘോഷണങ്ങള്‍ ശ്രവിക്കുന്നതുകൊണ്ടോ, മിഷണറിമാരെ ആദരി ക്കുന്നതുകൊണ്ടോ, പ്രാര്‍ഥനാകൂട്ടായ്മകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നതുകൊണ്ടോ ആര്‍ക്കും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കരുതരുത്. കാരണം, Change is hard. It’s painful. മാറ്റം അനിവാര്യമാണ്, പക്ഷേ, കഠിനവും ആണെന്നേ..
ഓരോ വര്‍ഷം കഴിയുംതോറും ശേഷിക്കുന്ന ആയുസ്സിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയാണ്. എത്രനാള്‍ ദൈവം നിന്നെ വളമിട്ട് വെള്ളമൊഴിച്ച് പരിപോഷിപ്പിക്കും… വെറുതെയിങ്ങനെ ഫലരഹിതരായി തുടരുന്നവരെ നോക്കി സ്നാപക യോഹന്നാന് പറഞ്ഞ വിധിയുടെ വചനമുണ്ട്… ‘വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും’ (ലൂക്കാ 3:9), നിഷ്ക്രിയരായി ജീവിക്കുന്നവരൊക്കെ ഗൗരവത്തില്‍ എടുക്കേണ്ട താക്കീതാണിത്. ഒരു കൃഷിക്കാരന് ആ പ്രയോഗത്തിന്റെ ഗൗരവം മനസ്സിലാകും. ദൈവം കരങ്ങളില്‍ കോടാലി എടുത്തു കഴിഞ്ഞാല്‍ അവനത് വയ്ക്കുന്നത് ശാഖയിലല്ല, വേരിലാണ്. The axe is laid at the root of the tree… ശാഖകളെ വെട്ടി ഒതുക്കുകയാണെങ്കില്‍ കാലം മാറുന്ന തനുസരിച്ച് വീണ്ടുമത് തഴച്ചുവളര്‍ന്ന് ഫലം നല്‍കിയേക്കാം. ഇല്ലായിരിക്കാം. എങ്കിലും നിലനില്പിന്റെ പ്രതീക്ഷ അപ്പോഴും ബാക്കിയുണ്ട്. എന്നാല്‍, ‘വേരില്‍ കോടാലി വയ്ക്കുക’ എന്നുവച്ചാല്‍ എന്നന്നേക്കുമായിട്ട് പിഴുതുമാറ്റുക എന്നുതന്നെയാണ്. മറ്റൊരു അവസരത്തിന്റെ സാധ്യതയില്ലെന്നു സാരം.
ദൈവമേ.. എന്റെ ശാഖകള്‍ ആവോളം നീ മുറിച്ചുകൊള്ളുക. എന്നാല്‍, നിന്റെ വിധിയുടെ മഴു എന്റെ ജീവന്റെ വേരിലേക്ക് പതിക്കുന്നതിനു മുമ്പെങ്കിലും നന്മയുടെ ഫലം പുറപ്പെടുവിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു പോകുന്നു… ആമേന്‍.

ജോനാഥ് കപ്പൂച്ചിൻ




