Thursday, March 19, 2026

ഡൂംസ്‌ക്രോളിംഗിലെ അപകടങ്ങൾ

അപകടമരണങ്ങളോ യുദ്ധമോ പ്രകൃതിദുരന്തങ്ങളോ ക്രിമിനല്‍ കേസുകളോ സംബന്ധിച്ച വാര്‍ത്തകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ലഭിക്കുന്ന വീഡിയോകളും വാര്‍ത്തകളും ഒറ്റയിരിപ്പില്‍ മണിക്കൂറുകളോളം കാണുന്നവര്‍ക്കുള്ളതാണീ ലേഖനം.

പേടിപ്പെടുത്തുന്ന സ്വപ്നങ്ങളെക്കുറിച്ചും ഉറക്കം നഷ്ടപ്പെടുന്ന രാത്രികളെക്കുറിച്ചുമായി
രുന്നു പതിനാറുകാരിയായ ആരതി പറഞ്ഞുതുട ങ്ങിയത്. ഉത്കണ്ഠ നിറഞ്ഞ ചിന്തകള്‍ പങ്കുവച്ചുകൊണ്ടിരുന്ന അവളെ കുറച്ചുകൂടി മനസ്സിലാക്കാനായിരുന്നു അന്നത്തെ ദിനപത്രം കയ്യില്‍ കൊടുത്ത് അല്പസമയം വായിക്കാന്‍ ആവശ്യപ്പെട്ടത്. ഏതാനും മിനിറ്റുകള്‍ക്കൊടുവില്‍ വായിച്ച വാര്‍ത്തകളെക്കുറിച്ച് പറയാനാവശ്യപ്പെട്ടപ്പോള്‍ അവള്‍ക്ക് പങ്കുവയ്ക്കാനുള്ളത് അതിലെ അപകടങ്ങളെയും പീഡനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. മൊബൈല്‍ ഫോണില്‍ ചെലവിടുന്ന മണിക്കൂറുകളത്രയും അവളുടെ സ്‌ക്രോളിംഗിലെ വിഷയങ്ങള്‍ മിക്കവാറും അപകടമരണങ്ങളും യുദ്ധങ്ങളുമൊക്കെയാണ്. ഇത് അവളുടെ ഉറക്കത്തെപ്പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നയിച്ചത്.

ആറാംക്ലാസുകാരന്‍ അമലിന്റെ പ്രശ്‌നം വ്യത്യസ്തമായിരുന്നു. അവന്‍ എപ്പോഴും ‘ത്രില്ലിംഗ്’ ലോകത്താണ്. വയലന്‍സ് സിനിമകളും റീലുകളുമാണ് അവന്റെ ഹരം. കൊറിയന്‍ ത്രില്ലര്‍ സിനിമകളിലും സംഗീതത്തിലും സമയം ചെലവഴിക്കുന്ന അമലിന് കൂടപ്പിറപ്പുകളുടെയോ കൂട്ടുകാരുടെയോ സങ്കടങ്ങളോ വേദനയോ ഒരു വിഷയമല്ല. അവന് ആരോടും ഒരു പരിഗണനയുമില്ല, എല്ലാറ്റിനോടും ഒരു മരവിച്ച മനഃസ്ഥിതി എന്നാണ് അമ്മയുടെ പരാതി. ക്രിയേറ്റീവായിരുന്ന അമലിനെ ഞങ്ങള്‍ക്കു നഷ്ടമായെന്നാണ് അപ്പന്റെ വാക്കുകള്‍.

മാനസികാരോഗ്യത്തെയും ഉറക്കത്തെയും ഒരുപോലെ ബാധിക്കുന്ന പുതിയ കാലഘട്ടത്തിലെ ഒരു ശീലമാണ് ഡൂംസ്‌ക്രോളിംഗ്. പ്രായഭേദമന്യേ എല്ലാവരെയും ഒരുപോലെ ബാധിക്കാവുന്ന ഈ സോഷ്യല്‍ മീഡിയ അടിമത്തത്തിന്റെ ഇരകളാണ് ആരതിയും അമലും.

എന്താണ് ഡൂംസ്‌ക്രോളിംഗ്

സോഷ്യല്‍ മീഡിയയിലോ വാര്‍ത്താസൈറ്റുകളിലോ നെഗറ്റീവ് ഉള്ളടക്കങ്ങളുള്ളവ (യുദ്ധം, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, കുറ്റകൃത്യങ്ങള്‍) സ്‌ക്രോള്‍ ചെയ്ത് തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുന്നതിനെയാണ് ഡൂംസ്‌ക്രോളിംഗ്
(Doomscrolling) എന്ന് വിളിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ‘ദുരന്തവാര്‍ത്തകളില്‍ കുടുങ്ങിക്കിടക്കുക’എന്നര്‍ഥം. നമ്മെ ഭയപ്പെടുത്തുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്ന വാര്‍ത്തകളാണെന്നറിഞ്ഞാല്‍ പോലും, ഫോണ്‍ താഴെവയ്ക്കാന്‍ കഴിയാതെ മണിക്കൂറുകളോളം അതില്‍ തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ഞാനും ഇരയോ?

അപകടമരണങ്ങളോ യുദ്ധമോ പ്രകൃതി ദുരന്തങ്ങളോ ക്രിമിനല്‍ കേസുകളോ സംബന്ധിച്ച വാര്‍ത്തകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ലഭിക്കുന്ന വീഡിയോകളും വാര്‍ത്തകളും ഒറ്റയിരിപ്പില്‍ മണിക്കൂറുകളോളം കാണുന്നവരാണെങ്കില്‍ ഡൂംസ്‌ക്രോളിംഗിന് ഇരകളാണെന്നു പറയാം. വാര്‍ത്തകളെക്കുറിച്ചുള്ള പൊതു ബോധം നേടുന്നു എന്ന് മനസ്സില്‍ കരുതിയാല്‍ പോലും അതവരില്‍ ഉത്കണ്ഠയും സമ്മര്‍ദവും നെഗറ്റീവ് മനോഭാവങ്ങളും രൂപപ്പെടുത്തുന്നുണ്ട്.

എങ്ങനെ നമ്മെ ബാധിക്കും?

1) മാനസികമായ ആഘാതങ്ങള്‍ (Psychological impact)

*ഉത്കണ്ഠയും(Anxiety)വിഷാദവും (Depression): നെഗറ്റീവ് വാര്‍ത്തകള്‍ മനസ്സില്‍ ശേഖരിക്കുന്നതിലൂടെ ലോകം മുഴുവന്‍ അപകടത്തിലാണെന്ന തെറ്റായ തോന്നല്‍ വ്യക്തിയില്‍ രൂപപ്പെടുന്നു.

* പാനിക് അവസ്ഥ: ചെറിയ കാര്യങ്ങളില്‍ പോലും അമിതമായി പരിഭ്രമിക്കാനുള്ള സാധ്യത കൂടുന്നു.

2) തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു (Cognitive Impact)

*ശ്രദ്ധകേന്ദ്രീകരിക്കാനുള്ളബുദ്ധിമുട്ട്: സോഷ്യല്‍ മീഡിയയിലെ ചെറിയ വിവരങ്ങള്‍ മാറി മാറി നോക്കുന്നത് നമ്മുടെ ഏകാഗ്രതയെ (Attention Span) താറുമാറാക്കുന്നു.

*തീരുമാനങ്ങള്‍എടുക്കാന്‍കഴിയാതെ വരിക: അമിതമായവിവരങ്ങള്‍ (Information Overload) തലച്ചോറിലെത്തുന്നതോടെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

*വൈകാരികമായമരവിപ്പ് (Emotional Desensitization): തുടര്‍ച്ചയായി ദുരന്തങ്ങളും ക്രൂരതകളും നിറഞ്ഞ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, ആദ്യമൊക്കെ തോന്നുന്ന സങ്കടമോ ദേഷ്യമോ പതുക്കെ ഇല്ലാതാകുന്നു. ക്രമേണ തലച്ചോര്‍ ഇത്തരം വാര്‍ത്തകളെ ഒരു സാധാരണ കാര്യമായി പരിഗണിക്കുകയും പിന്നീട് വലിയൊരു ദുരന്തം കേട്ടാല്‍ പോലും പ്രതീകരിക്കാന്‍ കഴിയാത്ത വിധം മനസ്സ് മരവിക്കുകയും ചെയ്യുന്നു.

3) ശാരീരികമായ പ്രത്യാഘാതങ്ങള്‍ (Physical Impact)

* തലവേദനയും കണ്ണുകള്‍ക്കുള്ള ക്ഷീണവും: ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നത് കണ്ണിനെ ബാധിക്കുന്നു.

* ഹൃദയമിടിപ്പ് കൂടുക: സ്‌ട്രെസ് ഹോര്‍മോ ണായ കോര്‍ട്ടിസോളിന്റെ (Cortisol) അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതിലൂടെ രക്തസമ്മര്‍ദത്തിലും ഹൃദയമിടിപ്പിലും വ്യതിയാനങ്ങള്‍ വരാം.

* ഉറക്കം നഷ്ടപ്പെടുത്തുന്നു: കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ധിക്കുന്നതിന്റെ ഫലമായി ശരീരം ഉറങ്ങാന്‍ തയ്യാറെടുക്കുന്നതിനു പകരം കൂടുതല്‍ ജാഗരൂകമാകുന്നു.
4) സാമൂഹികമായഒറ്റപ്പെടല്‍ (Social Isolation)

അനുദിന ജീവിതത്തില്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ലോകത്തെ നെഗറ്റീവ് വാര്‍ത്തകളില്‍
ചെലവഴിക്കുന്നതിലൂടെ ചുറ്റുമുള്ള എല്ലാവരും മോശക്കാരാണെന്ന ഭയം നമ്മളില്‍ ഉടലെടുക്കുന്നു. ‘എല്ലാവരും സ്വാര്‍ഥരാണ്’, ‘ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്നൊക്കെയുള്ള ചിന്തകള്‍ ശക്തമാകും. ഇത് വ്യക്തിയെ മാനസികമായി കൂടുതല്‍ ഒറ്റപ്പെടുത്തുന്നു.
* പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ഭയം തോന്നുകയും പഴയബന്ധങ്ങളില്‍ സംശയം ഉടലെടുക്കുകയും ചെയ്‌തേക്കാം.

പരിഹാരം സാധ്യമോ?

ഡൂംസ്‌ക്രോളിംഗ് എന്ന ശീലം മാറ്റിയെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം അത്യാവശ്യമാണ്. സ്‌ക്രീനില്‍ ചെലവഴിക്കുന്നത് നമ്മുടെ തലച്ചോറിന് ഒരു ലഹരിയായി മാറുന്ന ഇത്തരം സാഹചര്യത്തില്‍, അറിയാതെ സംഭവിക്കുന്ന ഈ പ്രവൃത്തിയെ ബോധപൂര്‍വമായ നിയന്ത്രണത്തിലൂടെ മാത്രമേ തടയാനാകൂ.

*ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ഫോണ്‍ മാറ്റി വയ്ക്കുക.
* ദിവസത്തില്‍ ഒരു നിശ്ചിത സമയം മാത്രം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുക.
* നമ്മുടെ അറിവില്ലാതെ സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്നതു തടയാന്‍ ഫോണിലെ സാങ്കേതിക വിദ്യ തന്നെ പ്രയോജനപ്പെടുത്തി ആപ്പുകള്‍ക്ക് സമയപരിധി നിശ്ചയിക്കാം. ‘ഡിജിറ്റല്‍ വെല്‍ബീയിംഗ്’ (Digital Wellbeing – Android) അല്ലെങ്കില്‍ ‘സ്‌ക്രീന്‍ ടൈം’ (Screen Time – ios) എന്നീ ഫീച്ചറുകള്‍ വഴി ഓരോ ആപ്പും എത്ര സമയം ഉപയോഗിക്കണമെന്ന് നമുക്ക് മുന്‍കൂട്ടി ക്രമീകരിക്കാം. നിശ്ചയിച്ച സമയം കഴിഞ്ഞാല്‍ ആപ്പ് തനിയെ ലോക്ക് ആകുന്നതുവഴി ബോധപൂര്‍വം സ്‌ക്രോളിംഗ് അവസാനിപ്പിക്കാന്‍ സാധിക്കുന്നു.

* ഫോണ്‍ എടുക്കാന്‍ തോന്നുമ്പോള്‍ ഇഷ്ടപ്പെട്ട മറ്റു പ്രവൃത്തികള്‍ ചെയ്യുക.
* ഡൂംസ്‌ക്രോളിംഗ് സ്വയം മോചനം നേടാനാകാത്ത അവസ്ഥയിലെത്തിയിട്ടുണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

നമ്മുടെ വിരല്‍ത്തുമ്പിലെ ലോകം നമ്മെ കീഴടക്കാതിരിക്കാന്‍ നമ്മള്‍തന്നെയാണ് ജാഗരൂകരാകേണ്ടത്.


സി. ഡോ. പ്രീത CSN 
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര

 

Related Articles