നമ്മുടെ കാലത്തിന്റെ ചില പ്രവണതകളെ പരിഹസിച്ചുകൊണ്ട് ആരോ എഴുതിയ കഥയാണിത്. വീട്ടില്‍ കയറിയ കള്ളന്മാര്‍ സ്ത്രീയോട് പറഞ്ഞു: ഞങ്ങള്‍ക്ക് താങ്കളെ ആക്രമിക്കാനോ വീട് നശിപ്പിക്കാനോ താല്‍പര്യമില്ല. ഞങ്ങള്‍ ഈ സോഫയില്‍ ഇരുന്നുകൊള്ളാം. പണവും ആഭരണങ്ങളും എടുത്തുകൊണ്ടു വന്നാല്‍ മതി. വല്ലാതെ പേടിച്ചു പോയ ആ സ്ത്രീ എല്ലാം അവര്‍ക്ക് എടുത്തുകൊടുത്തു. പക്ഷേ, കള്ളന്മാര്‍ പറഞ്ഞു: ഞങ്ങളെ കബളിപ്പിക്കരുത്. വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് വാങ്ങിത്തന്ന വജ്രമാല എവിടെ? അവള്‍ അത് എടുത്തു നല്‍കി. അവര്‍ വീണ്ടും ചോദിച്ചു: ദുബായിലുള്ള ചേച്ചി തന്ന വാച്ച് എവിടെ? അവള്‍ അതും നല്‍കി. പിന്നെ അവര്‍ പറഞ്ഞു: ഇനി ഞങ്ങള്‍ക്കിത്തിരി കാപ്പി വേണം. ഇന്നലെ മിച്ചം വന്ന കേക്കും. എല്ലാം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ അമ്പരപ്പോടെ ചോദിച്ചു: എന്റെ വീട്ടിലെ കാര്യങ്ങള്‍ ഇത്ര കൃത്യമായി നിങ്ങളെങ്ങനെ അറിഞ്ഞു? അവര്‍ പറഞ്ഞു: നമ്മള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ്. താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ജീവിതത്തിലെ എല്ലാകാര്യങ്ങളും ഇങ്ങനെ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. സന്തോഷമോ സങ്കടമോ സമ്പാദ്യമോ ഏതായാലും. കാരണം കുറച്ച് സ്വകാര്യതകളില്ലാതെ നമുക്ക് സമാധാനമായി ജീവിക്കാന്‍ കഴിയില്ല. മറ്റുള്ളവര്‍ അറിയേണ്ടതായ ഒട്ടേറെ കാര്യങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകും. അവയൊക്കെ അതേപടി വെളിപ്പെടുത്തുന്നത് വലിയ ദുരന്തങ്ങള്‍ക്കു തന്നെ കാരണമായേക്കാം എന്ന് ബൈബിള്‍ തന്നെ ഓര്‍മിപ്പിക്കുന്നുണ്ട്.
സംഭവം ഏതാണ്ട് 1400 കൊല്ലം മുമ്പാണ്. യൂദാ രാജാവായിരുന്ന ഹെസക്കിയായുടെ ഭരണകാലം. അദ്ദേഹത്തിന് മാരകമായൊരു രോഗം പിടിപെട്ടു. താന്‍ മരണാസന്നനായിരിക്കുന്നു എന്നറിഞ്ഞ് ദൈവത്തോട് കരഞ്ഞു വിളിച്ച് ജീവിതം തിരികെ നേടിയ മനുഷ്യനാണ്. അദ്ദേഹത്തിന്റെ രോഗവിവരമറിഞ്ഞ് ബാബിലോണിലെ രാജാവ് കത്തുകളും സമ്മാനങ്ങളുമായി ദൂതന്‍മാരെ അയച്ചു. ഹെസക്കിയ അവരെ സ്വാഗതം ചെയ്തു. തന്റെ പ്രതാപം കാണിക്കാന്‍ ഹെസക്കിയ ഭണ്ഡാരപ്പുരയും കലവറകളിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും സുഗന്ധദ്രവ്യങ്ങളും വിശിഷ്ട തൈലങ്ങളും ആയുധശേഖരവും എല്ലാം അവരെ കാണിച്ചു. അവരെ കാണിക്കാത്തതായി തന്റെ ഭവനത്തിലോ രാജ്യത്തോ ഒന്നുമുണ്ടായിരുന്നില്ല (2 രാജാ. 20:13). ഈ അവിവേകത്തിനും പ്രദര്‍ശനപരതയ്ക്കും പകരമായി പിന്നീട് രാജ്യം തന്നെ ബാബിലോണിന് അടിയറവു വയ്‌ക്കേണ്ടി വന്നു.
താന്‍ അത്ര നിസ്സാരക്കാരനല്ല എന്നു കാണിക്കാനാണ് ഒരാള്‍ തനിക്കുള്ളതിനെപ്പറ്റിയും താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചുമൊക്കെ വീമ്പു പറയുന്നതും പ്രദര്‍ശിപ്പിക്കാന്‍ ഒരുമ്പെടുന്നതും. അത് ഒടുവില്‍ സ്വന്തം വിനാശത്തിനു തന്നെ കാരണമാകുന്നു. ഇത് മറ്റുള്ളവരില്‍ മതിപ്പുളവാക്കുമെന്ന് അയാള്‍ കരുതുന്നു. വാസ്തവത്തില്‍ നേരെമറിച്ചാണ് സംഭവിക്കുന്നത്. അയാള്‍ സ്വയം അപഹാസ്യനാകുന്നു. എല്ലാം
പരസ്യപ്പെടുത്തണമെന്ന അഹംബോധമുള്ള ഒരാള്‍ തന്നെത്തന്നെ വിണ്ടും അപഹാസ്യനാക്കുന്ന കാര്യങ്ങളില്‍ മുഴുകും. അതായത്, പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രം അയാള്‍ ഓരോന്നു ചെയ്യാന്‍ തുടങ്ങും. സോഷ്യല്‍ മീഡിയകളില്‍ അവര്‍ നിരന്തര സാന്നിധ്യമായിരിക്കും. കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതുമൊക്കെ അവര്‍ പങ്കുവച്ചുകൊണ്ടേയിരിക്കും. എങ്ങനെയും താന്‍ ഒന്നു ശ്രദ്ധിക്കപ്പെടണം എന്നു മാത്രമേയുള്ളൂ. റീല്‍സിനുവേണ്ടി സാഹസികമായ കാര്യങ്ങള്‍ ചെയ്ത് ജീവന്‍ പോലും അപകടത്തിലായ എത്രയോ പേരുടെ കഥകളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്.
വാസ്തവത്തില്‍ അവനവനോടുതന്നെയുള്ള മതിപ്പുകുറയുമ്പോഴാണ് തന്നെത്തന്നെ ഒന്നു
പ്രദര്‍ശിപ്പിക്കണമെന്ന തോന്നല്‍ ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, വസ്ത്രധാരണത്തിലൂടെയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരുടെ എണ്ണം കൂടിവരുന്നു. ശരീരം മറയ്ക്കാനായിരുന്നു മുന്‍പ് വസ്ത്രമെങ്കില്‍ ഇന്നത് മറ്റുള്ളവരെ ആകര്‍ഷിക്കത്തക്കവണ്ണം ശരീരം പ്രദര്‍ശിപ്പിക്കാനുള്ള ഉപാധിയാണ്.
അവനവനോടു തന്നെയുള്ള മതിപ്പും സ്വന്തം ശരീരത്തോട് ആദരവും ഉള്ളൊരാള്‍ക്ക് ശരീരം ഒരിക്കലും പ്രദര്‍ശിപ്പിക്കാനുള്ള വസ്തുവല്ല. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, കാമ്പുള്ള മനുഷ്യര്‍ ഒരിക്കലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരിക്കലും ശ്രദ്ധിക്കാറില്ല. തനിക്കുള്ള കാര്യങ്ങളല്ല, താന്‍ എന്താണോ അതാണ് താന്‍ എന്നയാള്‍ക്ക് കൃത്യമായറിയാം.
മനസ്സിന് ആഴം കുറയുന്തോറും പ്രദര്‍ശനപരതയും വര്‍ധിക്കുന്നു. പ്രദര്‍ശനപരത നമ്മുടെ സുകൃതങ്ങളുടെ മൂല്യം ഇല്ലാതാക്കുന്നു എന്ന് യേശു പഠിപ്പിക്കുന്നു. മുറിയടച്ചിരുന്നു വേണം പ്രാര്‍ഥിക്കാനെന്നും മറുകൈ അറിയാതെ അത്ര രഹസ്യമായി വേണം ദാനധര്‍മ്മം ചെയ്യാനെന്നും ഉപവസിക്കുമ്പോള്‍ മുഖം പ്രസന്നമായിരിക്കണ മെന്നുമൊക്കെ അവിടുന്ന് പഠിപ്പിക്കുന്നത് അതുകൊണ്ടാണ്. ആത്മീയത, അതുദൈവവും മനുഷ്യനും തമ്മിലുള്ള ഏര്‍പ്പാടു മാത്രമായിരിക്കണം. ആത്മീയാനുഭവങ്ങളും എല്ലാം വിളിച്ചു പറയാനുള്ളതല്ല. അങ്ങനെ ചെയ്താല്‍ ഉള്ളിന്റെ ഉള്ളില്‍ അനുഭവിച്ചിരുന്ന ആത്മീയാനന്ദം അതോടെ നഷ്ടമാകുന്നു. മാത്രമല്ല, അത് ആത്മീയാഹങ്കാരത്തില്‍ നിപതിക്കാനുള്ള എളുപ്പ വഴികൂടിയാണ്.
ദൈവത്തിനും നമുക്കും മാത്രമായി ഒരു സ്‌പെയ്‌സ് – ഒരു സ്വകാര്യ ഇടം – ഓരോരുത്തര്‍ക്കും വേണം. അതാരെയും കാണിക്കാനുള്ളതല്ല. അവിടെ ദൈവിക വെളിച്ചത്തില്‍ ഞാന്‍ എന്നെ കാണും. ആരോടും താരതമ്യം ചെയ്യാനാവാത്ത വിധം ഞാന്‍ അത്ര വ്യതിരിക്തനും (unique) വിലപ്പെട്ടവനുമായി അപ്പോള്‍ ഞാന്‍ എന്നെത്തന്നെ മനസ്സിലാക്കും. പിന്നെ എനിക്കാരെയും ഒന്നും ബോധ്യപ്പെടുത്താനില്ല, ഒന്നും പ്രദര്‍ശിപ്പിക്കാനുമില്ല…!
അസാധാരണമെന്നു തോന്നിയേക്കാവുന്ന ചില ആത്മീയാനുഭവങ്ങളുമായി ജീവിക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും സംഭവിക്കാനിടയുള്ള ദുരന്തത്തെക്കുറിച്ചും അവിടുന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ”അന്നു പലരും എന്നോടു ചോദിക്കും, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും, നിന്റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍” (മത്തായി 7: 22).
നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഉന്നതത്തിന് സ്വീകാര്യമാണോ എന്നുകൂടി നിരന്തരം പരിശോധിക്കണമെന്നു സാരം. ഒരു തിരുനാള്‍ കുര്‍ബാന. ഗായകസംഘം ഉച്ചത്തില്‍ പാടുന്നുണ്ട്. സംഗീതോപകരണങ്ങളുടെ സിംഫണി ദേവാലയത്തെ മാത്രമല്ല, പരിസരത്തെപ്പോലും പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. ദേവാലയത്തിലിരിക്കുന്ന വിശുദ്ധനായ ഒരു മനുഷ്യന് ഒരു കാഴ്ചയുണ്ടാവുകയാണ്. അദ്ദേഹത്തിന് ഗായകരുടെ ആംഗ്യങ്ങളും ചുണ്ടനങ്ങുന്നതും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ കൈകള്‍ ചലിക്കുന്നതും കാണാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഒന്നും കേള്‍ക്കാനാവുന്നില്ല. ഇതെന്തു പറ്റി എന്ന് അമ്പരന്നു നില്‍ക്കുമ്പോള്‍ ഒരു ദൂതന്‍ അദ്ദേഹത്തോട് പറഞ്ഞു: സ്വര്‍ഗത്തിന് കേള്‍ക്കാന്‍ മാത്രം ഹൃദയ പൂര്‍വമല്ല ഇവര്‍ പാടുന്നതും വാദ്യോപകരണങ്ങള്‍ മീട്ടുന്നതും. അതെ, അവിടെയാണ് പ്രശ്‌നം. എന്തിനകത്തും ഹൃദയത്തിന്റെ സാന്നിധ്യമുണ്ടാവുക. സ്‌നേഹമില്ലെങ്കില്‍ ജീവിതം ചിലമ്പുന്ന കൈത്താളം പോലെയാണെന്ന് വി. പൗലോസ് പറയുന്നത് ഹൃദയപൂര്‍വമല്ലാതെ ജീവിക്കുന്നവരെക്കൂടി ഉദ്ദേശിച്ചാണ്.

സി. ശോഭ CSN



