വിജയങ്ങളും അധികാരവും കുടുംബത്തിലെ സ്‌നേഹത്തെ കെടുത്തിക്കളയാന്‍ അനുവദിക്കരുതെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. തിരുക്കുടുംബാംഗങ്ങളെ മാതൃകയാക്കി ക്രിസ്തീയ കുടുംബങ്ങള്‍ സമൂഹത്തില്‍ വെളിച്ചമായി പ്രശോഭിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
‘സംഘര്‍ഷങ്ങളും ഒറ്റപ്പെടുത്തലുകളും വിയോജിപ്പുകളും വര്‍ധിച്ചു വരുന്ന ഇന്നത്തെ ലോകത്ത് ഉണ്ണിയേശുവിനെയുംകൊണ്ട് പലായനം ചെയ്ത തിരുകുടുംബത്തെ ധ്യാനിക്കാം. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടി തിരുക്കുടുംബത്തിന്റെ മാധ്യസ്ഥ്യം നമുക്ക് യാചിക്കാം. ‘ മാര്‍പാപ്പ അനുസ്മരിപ്പിച്ചു.
പ്രത്യാശയുടെ വെളിച്ചമാകാനും ദൈവത്തിന്റെ കരങ്ങളില്‍ സ്‌നേഹത്തിന്റെ പാഠശാലയും രക്ഷയുടെ ഉപകരണവുമാകാനാണ് കുടുംബങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും സുവിശേഷ മൂല്യങ്ങളെ വിലമതിച്ചുകൊണ്ട് ആരോഗ്യകരമായ സ്‌നേഹബന്ധങ്ങള്‍, ആത്മാര്‍ഥതയോടെയുള്ള സംഭാഷണം, വിശ്വസ്തത എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മാര്‍പാപ്പ കുടുംബങ്ങളോട് ആവശ്യപ്പെട്ടു.
ലോകത്തില്‍ എക്കാലവും ‘ഹേറോദേസുമാര്‍’ഉണ്ടായിട്ടുണ്ട്. ഏതു വിധേനയും വിജയം നേടണമെന്നുള്ള വ്യര്‍ഥമോഹം, അധികാര മോഹത്തോടെയുള്ള ചതിപ്രയോഗങ്ങള്‍, ശൂന്യവും ഉപവിപ്ലവവുമായ ക്ഷേമസ്ഥിതിക്കു വേണ്ടിയുള്ള ആഗ്രഹം എന്നിവമൂലം പലപ്പോഴും ഏകാന്തത, ഭിന്നത, നിരാശ, സംഘര്‍ഷങ്ങള്‍ എന്നീ രൂപത്തില്‍ വില നല്‍കേണ്ടി വരുന്നു. ക്രിസ്തീയ കുടുംബങ്ങളിലെ സ്‌നേഹജ്വാലകളെ കെടുത്തിക്കളയാന്‍ ഈ മരീചികകളെ നാം അനുവദിക്കരുതെന്ന് പാപ്പ കുട്ടിച്ചേര്‍ത്തു.




