ഇന്ത്യയുടെ ആദ്യത്തെ രക്തസാക്ഷിയും അല്മായ വിശുദ്ധനുമാണ് ദൈവസഹായം പിള്ള. ഹൈന്ദവനായി ജനിച്ച, തിരുവിതാംകൂറിന്റെ സൈന്യാധിപനായിരുന്ന ഒരു മനുഷ്യന്‍ ക്രിസ്തുവിനുവേണ്ടി വിശ്വസിക്കാനാവാത്തവിധം സഹനങ്ങള്‍ ഏറ്റുവാങ്ങി 40-ാം വയസ്സില്‍ രക്തസാക്ഷിയായ കഥ അവിശ്വസനീയമായി തോന്നിയേക്കാം. അത്രമേല്‍ ക്രൂരമായ പീഡനങ്ങളിലൂടെ ഈ മനുഷ്യന്‍ കടന്നുപോകേണ്ടി വന്നു. മൂന്നു വര്‍ഷമാണ് കഠിനമായ യാതനകളിലൂടെ അദ്ദേഹം കടന്നുപോയത്. ഇത്രമേല്‍ ആഴമേറിയ വിശ്വാസമുള്ള ഒരാള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നോ എന്ന് നമ്മള്‍ വിസ്മയത്തോടെ ചോദിച്ചേക്കാം.
”എന്റെ സ്‌നേഹഭാജനമേ, എന്നെ ഓര്‍ത്ത് നീ സങ്കടപ്പെടേണ്ട. ഇതെല്ലാം ദൈവത്തിനു കാണിക്കയായി നല്കി സ്വര്‍ഗഭാഗ്യത്തിന് അര്‍ഹയാകണം. നമുക്കു രണ്ടുപേര്‍ക്കും സ്വര്‍ഗത്തില്‍ പിതാവിന്റെ അടുത്ത് ഒന്നായി ജീവിക്കാം. ആ ദിവസത്തിനായി നീ ജീവിക്കണം.” മരണം വിദൂരത്തല്ലാത്ത ജീവിത വിനാഴികയില്‍ ദേവസഹായം എന്ന നീലകണ്ഠപ്പിള്ള തന്റെ ഭാര്യ ജ്ഞാനപ്പൂവിനെ (ഭാര്‍ഗവിയമ്മ) ശക്തിപ്പെടുത്തിയ വാക്കുകളായിരുന്നു ഇത്. ഈ രംഗവും വാക്കുകളും കണ്ണുകളെ ഈറനണിയിച്ചു എങ്കിലും ജ്ഞാനപ്പൂവിന്റെ ഹൃദയം ബലപ്പെട്ടു. ആ മരണമുഖത്ത് അവരൊന്നിച്ച് മുട്ടുകുത്തി കൈകള്‍ കൂപ്പിഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ….’ പിന്നെ അവര്‍ എന്നന്നേ ക്കുമായി പിരിഞ്ഞു.
ഒരിടത്തൊരിടത്ത്…
തിരുവിതാംകൂറിന് തിരുവിതാംകോട് എന്ന് പേരുണ്ടായിരുന്നകാലം. പത്മനാഭപുരം
ആയിരുന്ന തലസ്ഥാനനഗരത്തിനടുത്തുള്ള നട്ടാലം ഗ്രാമത്തില്‍ പൂജാരിയായിരുന്ന മരുതം കുളങ്ങര വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രില്‍ 23-ന് നീലകണ്ഠപ്പിള്ള ജനിച്ചു. ബ്രാഹ്‌മണര്‍ക്കും ക്ഷത്രിയര്‍ക്കും മാത്രം വിദ്യാഭ്യാസം അനുവദനീയമായ കാലമായിരുന്നു അത്. നീലകണ്ഠപ്പിള്ള സംസ്‌കൃതം, മലയാളം,തമിഴ്എന്നീഭാഷകളിലുംതര്‍ക്കം, വേദാന്തം, വ്യാകരണം മുതലായ വിഷയങ്ങളിലും അറിവു നേടി. പുരാണപാരായണത്തിലും ആയുധാഭ്യാസത്തിലും സാമര്‍ത്ഥ്യം തെളിയിച്ച നീലകണ്ഠപ്പിള്ള പ്രകൃത്യാ സുശീലനായിരുന്നു. അറിവിലും പ്രാപ്തിയിലും മുന്നിട്ടുനിന്ന നീലകണ്ഠപ്പിള്ള തന്നെയായിരുന്നു കുടുംബകാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന യുവകാരണവര്‍. ഉയര്‍ന്ന വിദ്യാഭ്യാസവും സഹാനുഭൂതിയും കൈമുതലായ നീലകണ്ഠപ്പിള്ളയെ ‘സേനാനായകന്‍’, ‘ദീന ദയാലു’ എന്നൊക്കെയാണ് സമീപവാസികളായ കുടിയാന്മാര്‍ വിളിച്ചിരുന്നത്. തിരുവിതാംകോടിനടുത്തുള്ള മേക്കാട് തറവാട്ടില്‍ നിന്ന് ഭാര്‍ഗവിയമ്മയെ ജീവിതസഖിയായി അദ്ദേഹം സ്വീകരിച്ചു.
നീലകണ്ഠപ്പിള്ളയുടെ വാഗ്വിലാസവും സ്വഭാവമഹിമയും ഉത്തരവാദിത്വബോധവും ജനപ്രീതിയും ശ്രദ്ധയില്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 21 വയസ്സ് മാത്രം പ്രായമുള്ള ആ ചെറുപ്പക്കാരനെ സൈന്യാധിപത്യവും കൊട്ടാര മേലന്വേഷണവും ഭരമേല്പിച്ചു.
കുളച്ചല്‍ യുദ്ധവും പുതിയ സൗഹൃദവും
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ കുളച്ചല്‍യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് (1741) നീലകണ്ഠപിള്ളയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു സൗഹൃദം രൂപപ്പെട്ടത്.
ഡച്ച് നാവികസേനയെ കീഴ്‌പ്പെടുത്തി സൈന്യാധിപനായ യുസ്താക്കിയൂസ് ബെനഡിക്ട് ഡിലനോയെ യുദ്ധത്തടവുകാരനായി മാര്‍ത്താണ്ഡവര്‍മ്മ പിടികൂടി. തടവുകാരന്‍ ഡിലനോയുടെ ബുദ്ധിവൈഭവവും കര്‍മ്മകുശലതയും മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് അദ്ദേഹത്തെ തിരുവിതാംകോട്ടെ സൈന്യവിഭാഗത്തിന്റെ ചുമതല ഏല്പിച്ചു. അങ്ങനെ സൈനിക സംബന്ധമായ കാര്യങ്ങളിലൂടെ നീലകണ്ഠപ്പിള്ളയും ഡിലനോയും ഉറ്റ സുഹൃത്തുക്കളായി.
ഒരു ദിവസം നീലകണ്ഠപ്പിള്ളയുടെ മുഖത്തെ ദുഃഖഭാവം കണ്ട് ഡിലനോയി കാര്യം തിരക്കി. കുടുംബത്തിലെ രോഗവും മറ്റു കഷ്ടപ്പാടുകളും ആണ് അസ്വസ്ഥതയുടെ കാരണമെന്നു നീലകണ്ഠപ്പിള്ള പറഞ്ഞു. ഡിലാനോയി താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ പരിചയപ്പെടുത്തിക്കൊണ്ട് നീതിമാനായ ജോബിനെക്കുറിച്ചും ക്രിസ്തുവിനെപ്രതിയുള്ള സഹനങ്ങളുടെ മൂല്യത്തെക്കുറിച്ചും വാചാലനായി. ഇത്തരം സംഭാഷണങ്ങള്‍ ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ നീലകണ്ഠപ്പിള്ളയുടെ ഹൃദയം ജ്വലിക്കുന്നതിനിടയാക്കി. എത്രയും വേഗം ക്രിസ്തുവിന്റെ അനുയായി ആയി മാറാന്‍ നീലകണ്ഠപ്പിള്ള ആഗ്രഹിച്ചു.
ജ്ഞാനസ്‌നാന അഭ്യര്‍ത്ഥനയുമായി ഡിലനോയുടെ വികാരിയായിരുന്ന
ഫാ. പീറ്റര്‍ പെരിയോറോസിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വടക്കന്‍കുളം ഇടവക വികാരി ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് പുട്ടാരിയുടെ അടുത്തെത്തിയെങ്കിലും ഉടനടിയുള്ള ജ്ഞാനസ്‌നാനം നിഷേധിക്കപ്പെട്ടു. നീലകണ്ഠപ്പിള്ള പറഞ്ഞു: ”ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഞാന്‍ ഈ തീരുമാനം എടുത്തത്. പരിശുദ്ധാത്മാവ് എന്റെ സഹായത്തിനുണ്ട്. എന്റെ വിശ്വാസം തെളിയിക്കാനായി ഞാന്‍ യേശുവിന്റെ കാല്‍വരിയാത്രയെ പിന്തുടരും. എന്റെ സ്വത്തും സുഖങ്ങളും-
ആത്മാവിനെപ്പോലും ദൈവത്തിനായി സമര്‍പ്പണം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അതിനാല്‍ എന്നെ സത്യസഭയില്‍ ചേര്‍ത്തരുളണം”. അങ്ങനെ 1745 മെയ് 17 ന് നീലകണ്ഠപ്പിള്ള മാമ്മോദീസ സ്വീകരിച്ച് ദേവസഹായം പിള്ള (ലാസര്‍) ആയിത്തീര്‍ന്നു. ദേവസഹായത്തിന്റെ ക്രിസ്ത്വനുഭവങ്ങള്‍ താമസിയാതെ ഭാര്‍ഗവിയമ്മയെയും ക്രിസ്തുവിലേക്കടുപ്പിച്ചു. അവളും ജ്ഞാനസ്‌നാനം സ്വീകരിച്ച് ജ്ഞാനപ്പൂവ് (ത്രേസ്യ) എന്ന പേര് സ്വീകരിച്ചു.
ഉത്തമ ക്രൈസ്തവരായി രണ്ടുപേര്‍…
ഇരുവരുടേയും സുകൃതജീവിതം അയല്‍ക്കാരെയും ബന്ധുക്കളെയും ക്രിസ്തുവിലേക്ക് ആകര്‍ഷിച്ചു. ഉന്നതകുലജാതരുടെ കൂട്ടത്തോടെയുള്ള ക്രിസ്തുമത ആശ്ലേഷം രാജാവിനെയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്ന രാമയ്യന്‍ ദളവയേയും രോഷാകുലരാക്കി. മൂവായിരത്തോളം പേര്‍ ദേവസഹായംവഴി ക്രിസ്തുമതം സ്വീകരിച്ച വിവരമറിഞ്ഞ് ദേവസഹായത്തെ രാജസന്നിധിയിലേക്ക് വിളിപ്പിച്ച് ക്രിസ്തുമതം ഉപേക്ഷിക്കാന്‍ കല്പിച്ചു. അല്ലെങ്കില്‍ എല്ലാ ക്രൈസ്തവരെയും നാടുകടത്തുമെന്നും ദേവസഹായത്തെ പീഡിപ്പിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, അദ്ദേഹം പറഞ്ഞു: ”എന്റെ പേരില്‍ ക്രൈസ്തവരെ ശിക്ഷിക്കരുത്. ഏതു ശിക്ഷയും സ്വീകരിക്കാന്‍ എന്റെ ശരീരം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എന്റെ ആത്മാവ് ദൈവത്തിനുള്ളതാണ്”.
മരണത്തിലേക്കു ചുവടുറപ്പിച്ച്….
അവസാനത്തെ സന്ദര്‍ശനത്തിനായി വീട്ടിലെത്തിയ സുഹൃത്ത് ഡിലനോയോട് അദ്ദേഹം ‘യേശുവിലുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിയാകാന്‍ ഞാന്‍ തയ്യാറാണ്’ എന്ന് ഏറ്റുപറഞ്ഞു. ആ അവസാന കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഡിലാനോയും ദേവസഹായവും ജ്ഞാനപ്പൂവും ഒന്നിച്ച് പത്മനാഭപുരത്തുള്ള ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിച്ചു പരസ്പരം ശക്തിപ്പെടുത്തി. മരണത്തിനുപോലും വേര്‍പെടുത്താനാകാത്ത സുഹൃത്തിന്റെ വിശ്വാസദാര്‍ഢ്യം കണ്ട ധീരസേവകനായ ഡിലനോയുടെ കണ്ണുകള്‍ ഒരു നിമിഷം ഈറനണിഞ്ഞെങ്കിലും ജപമാലയുടെ സംരക്ഷണകോട്ട തീര്‍ത്ത് ആ സുഹൃത്ത് ദേവസഹായത്തെ അദ്ദേഹത്തിന്റെ മരണംവരെയും അനുധാവനം ചെയ്തിരുന്നു.
പീലാത്തോസിന്റെ മുന്‍പില്‍ നിന്ന ക്രിസ്തുവിനെപ്പോലെ ദേവസഹായം രാജസന്നിധിയില്‍ കുറ്റാരോപിതനായി നിര്‍ത്തപ്പെട്ടു. ക്രിസ്തുവിനെപ്രതി ഏതു ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന ദേവസഹായത്തിന്റെ വാക്കുകള്‍ രാജാവിനെ തെല്ലൊന്നമ്പരപ്പിച്ചു. ഒരു നിമിഷം പതറിയ അദ്ദേഹം ദേവസഹായത്തെ കാരാഗൃഹത്തില്‍ അടച്ചു. 1749 ഫെബ്രുവരി 23 നായിരുന്നു അത്. അവിടെ വച്ച് രാമയ്യന്‍ദളവയുടെ നേതൃത്വത്തില്‍ പുറംലോകമറിയാത്ത അനേകം പീഡനങ്ങളിലൂടെ ദേവസഹായം കടന്നുപോയി.
ഭക്ഷണവും വെള്ളവുമില്ലാതെയും ചാട്ടവാറടികള്‍ ഏറ്റും ദേവസഹായം ഏറെ ക്ഷീണിതനായി. എങ്കിലും തന്നോടൊപ്പം തടവില്‍ ഉണ്ടായിരുന്ന തൊമ്മമുത്ത് എന്ന കവിയോടൊപ്പം പൗലോസിനെയും സീലാസിനെയും പോലെ തടവറയില്‍ അവര്‍ ദൈവസ്തുതികള്‍ ഉച്ചത്തില്‍ ആലപിച്ചുകൊണ്ടിരുന്നു. യേശുവിനെപ്രതി ദേവസഹായം കാരാഗൃഹത്തില്‍ പീഡനമേറ്റുകൊണ്ടിരുന്ന സമയങ്ങളില്‍ത്തന്നെ നാടിന്റെ പലഭാഗത്തും അനേകം ക്രിസ്ത്യാനികളെ മരങ്ങളില്‍ കെട്ടിയിട്ട് ജീവനോടെ തോലുരിഞ്ഞും, ചുണ്ണാമ്പ് ചൂളയില്‍ ഇട്ടും, കുരുമുളക് അരച്ച് കുടിപ്പിച്ചും കൊലപ്പെടുത്തിയിരുന്നു.
ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ച് ഒരു രക്തസാക്ഷിക്കടുത്ത സ്‌ഥൈര്യം ആര്‍ജിച്ച ദേവസഹായം കാരാഗൃഹത്തില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
എരുക്കിന്‍ മാലയണിയിച്ച് എരുമ പുറത്തിരുത്തി ഗ്രാമങ്ങള്‍തോറും ദേവസഹായത്തെ പരിഹാസ രാജാവായി പ്രദര്‍ശിപ്പിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന പ്രദര്‍ശനയാത്രകളില്‍ ദിനംപ്രതി ഉള്ളംകാലില്‍ 30 അടി വീതം നല്‍കുമായിരുന്നു. മര്‍ദ്ദിച്ചും വലിച്ചിഴച്ചും നീങ്ങിയിരുന്ന ആ പ്രദര്‍ശന യാത്ര ഹൃദയഭേദകമായിരുന്നു. നിരവധി വ്യാജ തെളിവുകള്‍ നിരത്തി ദേവസഹായത്തെ കടല്‍ക്കരയില്‍ കൊണ്ടുപോയി ഉടമുള്ളുകൊണ്ട് അടിച്ച് ശരീരം മുഴുവന്‍ മുറിവുണ്ടാക്കി ഒരു മാസത്തോളം വെയിലത്തു കിടത്തി. പീഡനങ്ങള്‍ക്ക് അപ്പോഴും അവസാനം ആയില്ല. മരത്തില്‍ കെട്ടിയിട്ട് കാരമുള്ളുകള്‍ കൊണ്ട് അടിച്ചു മുറിവുണ്ടാക്കി മുഖത്തും കണ്ണിലും മുറിവുകളിലും മുളകുപൊടി തേച്ചും വീണ്ടും വീണ്ടും അവര്‍ അദ്ദേഹത്തെ പീഡിപ്പിച്ചു. എങ്കിലും അവസാനശ്വാസത്തോളവും ക്രിസ്തുവിനായി ജീവിക്കുന്നതിനുള്ള തന്റെ ആഗ്രഹത്തില്‍ ദേവസഹായം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ദേവസഹായത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ കുപിതരായ അധികാരികള്‍ ഒരു മുറിയില്‍ തീക്കുണ്ഡം തയ്യാറാക്കി മണ്‍കുടങ്ങളില്‍ പലതരം മുളക് നിറച്ചു കത്തിച്ച് ദേവസഹായത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രാര്‍ത്ഥനയുടെ കരുത്തില്‍ അദ്ദേഹം അതിനെ അതിജീവിച്ചു.
അത്ഭുതങ്ങളുടെ തണല്‍
കടല്‍ കക്കയും കരിയും ചേര്‍ത്ത് നിര്‍മ്മിച്ച ചുണ്ണാമ്പുചൂളയെയും ദേവസഹായത്തിന് അതിജീവിക്കേണ്ടിയിരുന്നു. ചുറ്റും ഉയര്‍ന്ന ചൂളയ്ക്ക് മേധ്യ മുട്ടുകുത്തി ദേവസഹായം ദൈവത്തെ സ്തുതിച്ചു. ചൂള വിഴുങ്ങാതെ പോയ ദേവസഹായത്തെ വധിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളെക്കുറിച്ച് രാജാവ് ആലോചിച്ചുകൊണ്ടിരുന്നു. ദേവസഹായത്തെ വധിക്കാനായി കൊണ്ടുപോകുന്ന വഴിയില്‍ ക്ഷീണിതനായി ദാഹജലം ചോദിച്ചെങ്കിലും അല്പം അഴുക്കു ജലമാണ് അവര്‍ നല്കിയത്. ദാഹം തീരാതെ വലഞ്ഞ ദേവസഹായം പ്രാര്‍ത്ഥനയോടെ പാറയില്‍ തന്റെ കൈമുട്ടുകൊണ്ട് ഇടിച്ചു. ഇസ്രായേലിന്റെ ദാഹം തീര്‍ത്ത ദൈവം പാറയില്‍ നിന്ന് ഉറവ പുറപ്പെടുവിച്ചു. ഈ സംഭവത്തിനു തെളിവായി ‘മുട്ടിടിച്ചാന്‍ പാറ’ എന്നപേരില്‍ ഒരു പാറയും
ഉറവയും ഇന്നും അവിടെയുണ്ട്. തീര്‍ത്ഥാടകര്‍ അതില്‍നിന്ന് വെള്ളം കുടിക്കുകയും പാത്രങ്ങളില്‍ കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. മാത്രമല്ല മനോഹരമായ ഒരു ദേവാലയവും ഇന്നവിടെയുണ്ട്.
ആരാച്ചാരുടെ വീടിനരികിലെ ഉണങ്ങിയ വേപ്പ് മരത്തിലാണ് വധശിക്ഷ നടപ്പിലാക്കുന്നതിനുമുമ്പ് പൊരിവെയിലില്‍ ദേവസഹായത്തെ കെട്ടിയിട്ടിരുന്നത്. എന്നാല്‍, അത്ഭുതകരമായി ആ വേപ്പ് തളിരണിഞ്ഞ് അദ്ദേഹത്തിന് തണല്‍നല്കി. അദ്ദേഹത്തിന്റെ വിശുദ്ധി കേട്ടറിഞ്ഞ് ഒത്തിരിമനുഷ്യര്‍ പ്രാര്‍ത്ഥനാസഹായംതേടി അവിടേക്കെത്തി. പല അത്ഭുതങ്ങളും രോഗ സൗഖ്യങ്ങളും ലഭിച്ചു. ഒടുവില്‍ ആരാച്ചാരായി നിയോഗിക്കപ്പെട്ട മനുഷ്യന്‍പോലും തനിക്കു കുഞ്ഞുങ്ങളില്ലാത്തതിന്റെ സങ്കടം ഉണര്‍ത്തിക്കുകയും അദ്ദേഹം അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് ഒരു കുഞ്ഞിനെ ലഭിക്കുകയുംചെയ്തു. തന്റെ സഹനങ്ങളെല്ലാം തിരുസഭയ്ക്കു വേണ്ടി കാഴ്ചവച്ച ദേവസഹായത്തിനു തിരുക്കുടുംബത്തിന്റെ ദര്‍ശനവും ദൈവം നല്കി.
മരണം…
ദേവസഹായംപിള്ളയെ ഇനിയും ജീവിക്കാനനുവദിച്ചാല്‍ തങ്ങള്‍ ബ്രാഹ്‌മണരെല്ലാം നാടു വിട്ടുപോകുമെന്ന് രാജാവിനെ അറിയിച്ചതോടെ ഭയന്ന രാജാവ് അദ്ദേഹത്തെ കാറ്റാടിമലയില്‍ കൊണ്ടുപോയി വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ടു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പീഡനങ്ങള്‍ക്കൊടുവില്‍ 1752 ജനുവരി 14 വെള്ളിയാഴ്ച കാറ്റാടിമല എന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഒരു ഉടമുള്‍മരം കൈകാലുകളിലെ വിലങ്ങുകള്‍ക്കിടയിലൂടെ കടത്തി മൃഗത്തെ കെട്ടിത്തൂക്കും വിധമാണ് ഭടന്മാര്‍ അദ്ദേഹത്തെ കൊണ്ടുപോയത്. ഞരമ്പുകള്‍ മുറിഞ്ഞും രക്തംവാര്‍ന്നും കൂടുതല്‍ ക്ഷീണിതനായ അദ്ദേഹത്തെ കാറ്റാടിമലയില്‍ എത്തിച്ചു.
അവിടെ മരണത്തിനു തൊട്ടു മുന്‍പായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ദേവസഹായത്തിന്റെ കാല്‍മുട്ടുകളും കൈമുട്ടുകളും വരും തലമുറയ്ക്ക് ഒരു അടയാളമായി ആ പാറയില്‍ അവശേഷിക്കാന്‍ ദൈവം അനുവദിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ പാറയില്‍ നിറുത്തി മൂന്ന് ഭടന്മാര്‍ ഒരേസമയം വെടിവച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞില്ല. ”അങ്ങയെ വധിക്കാതെ രാജസന്നിധിയില്‍ ചെന്നാല്‍ ഞങ്ങളെ രാജാവ് വധിക്കും. ഞങ്ങളോട് ദയവുണ്ടാകണം” എന്നു ഭടന്മാര്‍ അപേക്ഷിച്ചു. ശേഷിക്കുന്ന വെടിയുണ്ടകള്‍കൊണ്ട് വീണ്ടും തന്നെ വെടിവയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ആ വെടിയൊച്ചകള്‍ക്കൊപ്പം ഒരു ശബ്ദവും ഉയര്‍ന്നു. ”എന്റെ യേശുവേ…എന്റെ അമ്മേ…” പിന്നെ ദേവസഹായം
നിശ്ചലനായി. 1752 ജനുവരി പതിനാലിനായിരുന്നു അത്. അങ്ങനെ 40 വയസുപൂര്‍ത്തിയാകാന്‍ നാലു മാസം കൂടി ബാക്കിനില്‌ക്കെ അദ്ദേഹം ധീര രക്തസാക്ഷിത്വം വരിച്ചു.
ആ മരണത്തിനു മൂകസാക്ഷിയായി നില്‌ക്കേണ്ടി വന്ന പ്രകൃതിയില്‍ പോലും ഭാവഭേദങ്ങള്‍ ഉണ്ടായിരുന്നത്രേ! ആ വിശുദ്ധമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ച ആല്‍മരത്തിന്റെ ഏതാനും ശാഖകളിലെ ഇലകളെല്ലാം അപ്പോള്‍ത്തന്നെ മഞ്ഞനിറമായി മാറിയത്രേ. മരണസമയം വലിയ മണിനാദത്തോടെ പിളര്‍ന്നു വീണ പാറയില്‍ ഇന്നും ആ മണിനാദം അവശേഷിക്കുന്നുണ്ട്! മണിയടിച്ചാന്‍ പാറ എന്ന പേരിലറിയപ്പെടുന്ന ആ പാറക്കഷ്ണത്തിന്റെ ഒരു ഭാഗം ഗ്രില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു.
ഭടന്മാര്‍ പിള്ളയുടെ ശരീരം താഴെയുള്ള പാറക്കെട്ടില്‍ എറിഞ്ഞ് സ്ഥലംവിട്ടു. അഞ്ചാറു ദിവസത്തോളം ആരുമറിയാതെ കിടന്ന മൃതദേഹം വന്യമൃഗങ്ങള്‍ തിന്നുതീര്‍ത്തു.. എല്ലുമാത്രം അവശേഷിച്ചു. വിവരമറിഞ്ഞ ക്രൈസ്തവര്‍ ആ തിരുശേഷിപ്പുകള്‍ ശേഖരിച്ച് കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ പ്രധാന ബലിപീഠത്തിനു താഴെ സ്ഥാപിക്കുകയും ചെയ്തു.
വിശുദ്ധപദവിയിലേക്ക്
അന്നത്തെ കൊച്ചി മെത്രാന്‍ ഈശോസഭക്കാരനായ റവ. ക്ലെമെന്റ് ജോസഫ് കൊലാസോ ലയിത്താവെ 1756-ല്‍ ദേവസഹായം പിള്ളയുടെ വിശുദ്ധി സാക്ഷ്യപ്പെടുത്തി അന്നത്തെ മാര്‍പാപ്പയ്ക്ക് (ബെനഡിക്ട്പതിനാലാമന്‍) റിപ്പോര്‍ട്ടു
നല്കി. പക്ഷേ, ആ കത്ത് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ഇരുന്നൂറ്റി അമ്പതിലധികം വര്‍ഷങ്ങള്‍ പിന്നിട്ടു. ഒടുവില്‍ 2005 ഒക്‌ടോബര്‍ 28-ന് റോമിലുണ്ടായിരുന്ന റവ. ഫാ. ഇ. ജോണ്‍ കുഴന്തൈ വത്തിക്കാനിലെ രഹസ്യശേഖരത്തില്‍നിന്ന് ഈ കത്ത് കണ്ടെടുത്ത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ഏല്പിക്കുകയും 2012-ല്‍ അദ്ദേഹം ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു. ദേവസഹായം പിള്ള അന്ത്യവിശ്രമം കൊള്ളുന്ന കോട്ടാറിലെ സെന്റ്. ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു ആ ചടങ്ങ്. പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ അമാത്തോ ആയിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയത്. 2022 മെയ് 15-ന് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്യുന്നതോടെ അദ്ദേഹം ആഗോള സഭയുടെ വണക്കത്തിന് യോഗ്യനായിത്തീരുന്നു. മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അല്മായ വിശുദ്ധന്‍ എന്ന പദവികൂടി അദ്ദേഹത്തിനു ലഭിക്കുന്നു.
സി. നിമിഷ റോസ് CSN




