Monday, June 8, 2026

ജാഗ്രത


ജാഗ്രത മനുഷ്യനു സഹജമായ ഒരു ഗുണമല്ലാത്തതിനാലാകണം നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍ എന്നു നിരന്തരം ക്രിസ്തു ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്. അവസാനനാളുകളില്‍ ക്രിസ്തു ഏറ്റവും കൂടുതല്‍ വാചാലമായതും നമ്മള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചാണ്. യോഹന്നാന്റേതൊഴികെയുള്ള മൂന്നു സുവിശേഷങ്ങളിലും ജനങ്ങളോടുള്ള ക്രിസ്തുവിന്റെ ഒടുവിലത്തെ പാഠങ്ങള്‍ നിങ്ങള്‍ സദാ ജാഗരൂകരായിരിക്കുവിന്‍ എന്ന ഓര്‍മപ്പെടുത്തലോടെയാണ് അവസാനിക്കുന്നത്. പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കുവാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ എന്നാണ് ശിഷ്യരോടുള്ള അവസാനത്തെ ആഹ്വാനവും. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന സംഗ്രഹിക്കുന്നതും അങ്ങനെയൊരപേക്ഷയോടെ തന്നെയാണല്ലോ. നിരപ്പായ വഴിയിലും അമിതമായ ആത്മവിശ്വാസമരുതെന്നൊക്കെ പറഞ്ഞാണ് പഴയനിയമം നമ്മെ ജാഗരൂകരാക്കുന്നത്.

ഒരായിരം കാര്യങ്ങളെക്കുറിച്ച് ‘നിങ്ങള്‍ സൂക്ഷിക്കുവിന്‍’ എന്ന് ക്രിസ്തു ഓര്‍മപ്പെടുത്തുമ്പോള്‍ ‘നിങ്ങളിലെ വെളിച്ചം ഇരുളാകാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍’ (ലൂക്ക 11/35) എന്ന മുന്നറിയിപ്പാണ് നാം ഏറ്റവും കാര്യമായിട്ടെടുക്കേണ്ടതെന്ന് തോന്നുന്നു. നന്മയ്ക്കും തിന്മയ്ക്കും ഇടയിലെ വരമ്പ് വഴുക്കുന്നതാണെന്നു മാത്രമല്ല, വല്ലാതെ നേര്‍ത്തതുമാണ്. വെളിച്ചം ഇരുണ്ടുപോയാലുണ്ടാകുന്ന അന്ധകാരം ഭയാനകമായിരിക്കുമെന്നും ക്രിസ്തു ഓര്‍മപ്പെടുത്തുന്നുണ്ട്. പിന്നെ, ഗുരുക്കന്മാരുടെ മുന്നറിയിപ്പുകള്‍ക്കോ താക്കീതുകള്‍ക്കോ നമ്മളെ വീണ്ടെടുക്കാനായെന്നു വരില്ല, ബൈബിളിലെ ഏറ്റവും വലിയ ആ ദുരന്ത കഥാപാത്രത്തെപ്പോലെ. താന്‍ തന്നെയാണ് പ്രകാശം എന്നു പറഞ്ഞ വെളിച്ചത്തിന്റെ ആ മഹാപ്രഭുവായിരുന്നു അയാളുടെ ഗുരു. എന്നിട്ടും, തന്റെ കാപട്യംകൊണ്ട് അയാള്‍ ക്രിസ്തുവിനെതിരെ ഹൃദയം അടച്ചുപിടിച്ചു. ദരിദ്രരോടുള്ള അനുകമ്പ എന്ന മട്ടിലായിരുന്നു യൂദാസ് ഒരിക്കല്‍ തന്റെ കള്ളത്തരം മറച്ചുപിടിച്ചത്. വിലപിടിപ്പുള്ള സുഗന്ധദ്രവ്യംകൊണ്ട് ഒരു സ്ത്രീ ക്രിസ്തുവിനെ അഭിഷേകം ചെയ്യുന്നതു കണ്ടപ്പോഴായിരുന്നല്ലോ അത്. ‘എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുത്തില്ല’. അവനിത് പറഞ്ഞത് ദരിദ്രരോട് പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത അവനൊരു കള്ളനായിരുന്നതു കൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ് എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു (യോഹ. 12/4-6). സ്‌നേഹത്തിന്റെ ഉദാത്തപ്രകടനമായ ചുംബനത്തെ ഒറ്റിക്കൊടുക്കാനുള്ള അടയാളമാക്കി അയാള്‍. അയാളെക്കുറിച്ചാണ്, അവന്‍ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്ന് ക്രിസ്തു നെടുവീര്‍പ്പിട്ടത്.

നിങ്ങളുടെ നന്മ തിന്മയായി നിന്ദിക്കപ്പെടാനിടയാകരുതെന്ന് പൗലോസ്ശ്ലീഹായും പലവട്ടം ഓര്‍മിപ്പിക്കുന്നുണ്ട് (റോമ 14/16, 1 കോറി 8/9). ഒരാളുടെ വിശ്വാസവും ബോധ്യവുമൊന്നും വേറൊരാള്‍ക്ക് ഇടര്‍ച്ചയ്ക്കു കാരണമാകാന്‍ പാടില്ല.
മതപരമായ അനുഷ്ഠാനങ്ങളില്‍ കര്‍ക്കശമാകുമ്പോഴാണ് നന്മ തിന്മയാകാനുള്ള സാധ്യത ഏറ്റവും കൂടുതലെന്നു തോന്നുന്നു. ദുഷ്ടനാകാന്‍ ഒരു നിയമവും ലംഘിക്കണമെന്നില്ല, എല്ലാ നിയമവും അക്ഷരംപ്രതി പാലിച്ചാല്‍ മതിയെന്ന് ഡിമെല്ലോ. നിയമങ്ങളൊക്കെ കൃത്യമായി അനുസരിച്ചിരുന്നവരോടു മാത്രമാണ് ക്രിസ്തു കലഹിച്ചിരുന്നുള്ളൂ എന്നത് കൗതുകമുണര്‍ത്തുന്നതാണ്. ദൈവത്തോടുള്ള ‘തീക്ഷ്ണത’യാണല്ലോ വര്‍ഗീയാഗ്നിയുടെ ഇന്ധനം. എക്കാലത്തെയും ചരിത്രം അതിനു സാക്ഷി. മിതത്വമെന്ന സുകൃതം പിശുക്കിലേക്കു തെന്നിമാറാനും എത്ര എളുപ്പമാണ്.
നിയമം പാലിക്കേണ്ടതുതന്നെ. എന്നാല്‍, കരുണ കാണിക്കുവാന്‍ നിയമം തടസ്സമാകുന്നെങ്കില്‍ അതു ലംഘിക്കാവുന്നതേയുള്ളൂ എന്ന് ക്രിസ്തു പഠിപ്പിക്കും. അപ്പോള്‍ ക്രിസ്തു കരുണയുടെ പക്ഷത്തു നില്ക്കും.

ഒരുപവാസനാളില്‍ അവന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതെന്തെന്ന് കുറ്റപ്പെടുത്തിയവരെ ശിഷ്യന്മാരുടെ പക്ഷം പിടിച്ചുകൊണ്ട് ക്രിസ്തു നിശ്ശബ്ദരാക്കുന്നുണ്ടല്ലോ. കപ്പം കൊടുക്കാന്‍ ബാധ്യതയില്ലാഞ്ഞിട്ടും ശിഷ്യരെക്കൊണ്ട് കപ്പം കൊടുപ്പിക്കുന്ന ക്രിസ്തു നിയമം ലംഘിക്കാന്‍വേണ്ടി മാത്രം ഉപവസിക്കാതിരുന്നതാകില്ല. ഒരു നാണയംപോലും കൈവശമില്ലാതിരുന്ന ആ ഗുരുവിന്റെ ശിഷ്യര്‍ പലപ്പോഴും പട്ടിണിയിലായിരുന്നിരിക്കണം. വാസ്തവത്തില്‍ ആരുടെയെങ്കിലും ഔദാര്യമായിരുന്നിരിക്കണം അന്നവര്‍ക്കു ലഭിച്ച വിരുന്ന്! അതവര്‍ക്കു നിഷേധിക്കാന്‍ കരുണയുടെ ആ മഹാഗുരുവിനെങ്ങനെ കഴിയും? ഒരു സാബത്തില്‍ ശിഷ്യന്മാര്‍ ഗോതമ്പുകതിര്‍ കയ്യിലിട്ടു തിരുമ്മിത്തിന്നതിനെയും അവിടുന്നു നീതീകരിക്കുന്നുണ്ട്. വിശന്നിട്ടുതന്നെയാണ് അവരങ്ങനെ ചെയ്തത്. രണ്ടു സന്ദര്‍ഭത്തിലും ക്രിസ്തുവല്ല, ശിഷ്യന്മാരാണ് നിയമം ലംഘിക്കുന്നത്. ക്രിസ്തുവാകട്ടെ അവരെ തിരുത്തുന്നുമില്ല. നാല്പതു ദിനരാത്രങ്ങള്‍ ഭക്ഷിക്കാതെയും പാനം ചെയ്യാതെയും ശരീരത്തിന്റെ ആവശ്യങ്ങളെ ജയിച്ചടക്കിയവനാണ് ക്രിസ്തു. പക്ഷേ, അതിനു കഴിയാത്തവരെ അവന്‍ നിസ്സാരരെന്നു ഗണിച്ചില്ല എന്നതാണ് ക്രിസ്തുവും നമ്മളും തമ്മിലുള്ള സാരമായ വ്യത്യാസങ്ങളിലൊന്ന്. ക്രിസ്തുവിന്റെ മനസ്സുണ്ടായിരുന്നതുകൊണ്ടാണ് അസ്സീസിയിലെ ഫ്രാന്‍സിസ് വിശപ്പു സഹിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു ശിഷ്യന് ആത്മനിന്ദതോന്നാതിരിക്കാന്‍ അയാളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ട് ഉപവാസം ലംഘിച്ചത്.

ഒരു സുകൃതം ചെയ്യുമ്പോള്‍പ്പോലും അതു തിന്മയായിപ്പോകാതിരിക്കാന്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കഴിയുന്നിടത്തോളം അവ രഹസ്യമായി ചെയ്യുക എന്നതാണതിനൊരു പരിഹാരമായി ക്രിസ്തു നിര്‍ദേശിച്ചു തരുന്നത്. പ്രാര്‍ത്ഥിക്കുന്നതും ദാനം ചെയ്യുന്നതും ഉപവസിക്കുന്നതുമൊക്കെ ദൈവവും ഞാനും തമ്മിലുള്ള ഇടപാടായി മാത്രം അവശേഷിച്ചാല്‍ മതി. അല്ലെങ്കില്‍ ദൈവകല്പനകള്‍ പത്തും തിരുസഭയുടെ കല്പനകള്‍ അഞ്ചും പാലിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞ് നമ്മള്‍, അവ പാലിക്കാത്തവരെ കണ്ട് മൂക്കത്തു വിരല്‍വച്ചാലോ? അല്ലെങ്കില്‍ അവരോട് നീരസപ്പെട്ടും ക്ഷോഭിച്ചും, അവരെക്കാള്‍ മെച്ചമാണ് എന്നൊക്കെ ചിന്തിച്ച് നമ്മള്‍ എല്ലാം കുളമാക്കുമെന്ന് ഈശോയ്ക്കറിയാം! ഇപ്പോള്‍ പള്ളിയുടെ മുമ്പില്‍നിന്നു നെഞ്ചുവിരിച്ചു പ്രാര്‍ത്ഥിച്ച ആ ഫരിസേയനും എനിക്കുമിടയില്‍ ഒട്ടും അകലമില്ലാതായിരിക്കുന്നു. ദൈവത്താല്‍ നീതികരിക്കപ്പെടാതെ…

എങ്ങനെയായിരിക്കും നമ്മുടെ വീടിന്റെ ചെറിയ പരിസരങ്ങളില്‍ നന്മ തിന്മയായും വെളിച്ചം ഇരുളായുമൊക്കെ രൂപാന്തരപ്പെടുക. നിങ്ങള്‍ കൃത്യനിഷ്ഠയുള്ള ഒരാളായിരിക്കാം. നല്ലകാര്യം. പക്ഷേ, മറ്റുള്ളവരും അങ്ങനെതന്നെയാകണമെന്നു നിങ്ങള്‍ ശഠിക്കുന്നതോടെ കാര്യങ്ങള്‍ അവതാളത്തിലാകുന്നു. അതെച്ചൊല്ലി നിങ്ങള്‍ ക്ഷുഭിതരാകാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ കുറേക്കൂടി മോശമാകുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ സാന്നിദ്ധ്യംപോലും ഒഴിവാക്കാന്‍ വേറെ കാരണമൊന്നും വേണ്ട. കോളജടച്ചാലും ഒരവധിക്കും വീട്ടില്‍പ്പോകാത്ത ഒരു ചെറുപ്പക്കാരന്‍ പറഞ്ഞ കാരണമിതാണ് – ”വീടൊരു നരകമാണ്. ഓരോരോ ചട്ടങ്ങള്‍കൊണ്ട് അപ്പന്‍ ശ്വാസം മുട്ടിച്ചുകൊല്ലും.” ആ അപ്പന്‍ നാട്ടുകാര്‍ക്കൊക്കെ പ്രിയപ്പെട്ടവനും നല്ലൊരു പൊതുപ്രവര്‍ത്തകനുമാണ്. എല്ലാകാര്യങ്ങളും കിറുകൃത്യം. പക്ഷേ, അത്രയും കൃത്യത വീട്ടിലും ആവശ്യപ്പെട്ടാല്‍ വീട്ടിലുള്ളവര്‍ പിന്നെ ശ്വാസംമുട്ടി മരിക്കാതെ തരമില്ലല്ലോ. വീട് അലങ്കോലപ്പെടുത്തുന്നതിന്, നിരന്തരം കുഞ്ഞുങ്ങളെ ശാസിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍.

കുട്ടികളുടെ പഠനത്തില്‍ മാതാപിതാക്കള്‍ക്ക് ശ്രദ്ധയുള്ളത് നല്ലതുതന്നെ. പക്ഷേ, അതവരില്‍ അമിതമായ സമ്മര്‍ദം ഉളവാകുന്ന തരത്തില്‍ സ്‌നേഹവും വാത്സല്യവുമൊക്കെ നിഷേധിച്ചാല്‍ അവരെന്തു ചെയ്യും? ബാല്യത്തിന്റെയും കൗമാരത്തിന്റെയും വര്‍ണങ്ങളും കുസൃതികളും ആഘോഷങ്ങളുമൊക്കെ എന്നന്നേക്കുമായി അവര്‍ക്ക് നഷ്ടപ്പെട്ടുപോവില്ലേ. വീട്ടില്‍ നിങ്ങളില്ലാത്ത നിമിഷത്തിനുവേണ്ടി അവര്‍ കാത്തിരിക്കാനിടവരുന്നിടത്തോളം എന്തു വലിയ ദുരന്തമാണ് നിങ്ങള്‍ക്കു നേരിടാനുള്ളത്?

സ്‌നേഹമുള്ളിടത്ത് ചില ക്രമഭംഗങ്ങള്‍ ഉണ്ടാകണം. അത്തരം ക്രമഭംഗങ്ങളാണ് പ്രകൃതിയുടെ ക്രമംപോലും എന്നു തിരിച്ചറിയുന്നതിനു മനസ്സിലിത്തിരി വെളിച്ചമുള്ളവര്‍ക്കേ കഴിയൂ. അല്ലാത്തവര്‍ ക്രമങ്ങള്‍കൊണ്ടുതന്നെ ഉള്ളിലെ വെളിച്ചം പണ്ടേ അണച്ചുകളഞ്ഞിട്ടുണ്ടാകും. ഒരുദ്യാനം നിര്‍മിക്കേണ്ടതിന്റെ പ്രായോഗിക വശങ്ങളൊക്കെ ഒരു രാജാവ് പഠിച്ചത് ഒരു ഗുരുവില്‍നിന്നാണ്. ഒടുവില്‍ തന്റെ മനോഹരമായ തോട്ടം കാണുന്നതിന് അദ്ദേഹം ഗുരുവിനെ ഉദ്യാനത്തിലേക്കു ക്ഷണിച്ചു. അത്യന്തം മനോഹരമായ ആ തോട്ടം കണ്ടിട്ടും ഗുരു ദുഃഖിതനായിരുന്നു. കാരണമന്വേഷിച്ച രാജാവിനോട് ഗുരു പറഞ്ഞു: ഇത് വല്ലാതെ പരിപൂര്‍ണമായിരിക്കുന്നു. ഒരൊറ്റ ഉണക്ക ഇലപോലുമില്ലാത്ത തോട്ടമോ? ഇവിടെ ജീവനില്ല. ഉണക്ക ഇലകളൊക്കെ എവിടെ? ദൈവത്തിന്റെ വസ്തുക്കളൊന്നും പൂര്‍ണമല്ല.” ഗുരു പുറത്തേക്കുപോയി കുറേ ഉണക്ക ഇലകള്‍ കൊണ്ടുവന്ന് തോട്ടത്തില്‍ വിതറി. എന്നിട്ടദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു: നോക്കൂ, തോട്ടം ഇപ്പോള്‍ എത്ര ജീവസ്സുറ്റതായിരിക്കുന്നു. ഉണക്ക ഇലകളില്‍നിന്ന് ശബ്ദം പുറപ്പെടാന്‍ തുടങ്ങി. കാറ്റില്‍ അവയുടെ സംഗീതം. ഇപ്പോള്‍ ഉദ്യാനത്തിനു ശ്വാസം വച്ചു. അതു പതുക്കെ സപ്ന്ദിച്ചുകൊണ്ടിരുന്നു… നമുക്കു നല്ലതെന്നു തോന്നുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത്. അതനുസരിക്കാന്‍ കടപ്പെടുന്നവരനുഭവിക്കുന്ന സമ്മര്‍ദം എന്തെന്ന് നമ്മളറിയണമെന്നില്ല.

ഒരു ഞായറാഴ്ച. തന്റെ പ്രസംഗം കേള്‍ക്കാന്‍ പള്ളിയിലാകെ ഒരാളെയുള്ളൂ എന്നുകണ്ട പാസ്റ്റര്‍ക്ക് സങ്കടം വന്നു. പള്ളിയിലുണ്ടായിരുന്ന ആളൊരു ചിക്കന്‍ ഫാമിന്റെ ഉടമയായിരുന്നു. അയാള്‍ പാസ്റ്ററോടു പറഞ്ഞു. ‘അങ്ങ് പ്രസംഗിച്ചുകൊള്ളൂ. ഒരു കോഴിയെ ഉള്ളൂവെങ്കിലും ഞാനൊരിക്കലും കോഴിക്കു തീറ്റ കൊടുക്കാതിരിക്കാറില്ല.’ പാസ്റ്റര്‍ക്കു സന്തോഷമായി. പിന്നെ പ്രസംഗം കത്തിക്കയറി, സമയം പോകുന്നതറിയാതെ. ഒടുവില്‍ പാസ്റ്റര്‍ ആ മനുഷ്യനു നന്ദി പറഞ്ഞു, പ്രസംഗം നീണ്ടുപോയെങ്കിലും തന്നെ ക്ഷമയോടെ കേട്ടതിന്. അയാള്‍ വിനയത്തോടെ ഉണര്‍ത്തിച്ചു. ‘ഞാന്‍ കോഴിക്കു തീറ്റ കൊടുക്കുമെന്നേ പറഞ്ഞുള്ളൂ, അല്ലാതെ ഉള്ളതു മുഴുവന്‍ അതിന്റെ വായിലേക്കു തള്ളിക്കയറ്റുമെന്നു പറഞ്ഞില്ല…!’

Sobha
സി. ശോഭ CSN 

 

Related Articles