ഡിസംബർ 2023
‘അഴുക്കുപുരളാത്ത മരംകൊണ്ടുണ്ടാക്കിയ പേടകം’ എന്നാണ് സഭാപിതാവായ ഹിപ്പോലിത്തസ് പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കുന്നത്. ‘യഥാര്‍ത്ഥ മന്ന ഉള്‍ക്കൊള്ളുന്ന പൊന്നിന്‍ പാത്രം’ എന്നാണ് വിശുദ്ധ അത്തനേഷ്യസ് മാതാവിനെ വിളിക്കുന്നത്. വചനത്തില്‍ പരിശുദ്ധ അമ്മയെ ഗബ്രിയേല്‍ദൂതന്‍ അഭിസംബോധന ചെയ്യുന്നത് ‘കൃപനിറഞ്ഞവളേ’ എന്നാണ്. കൃപ നിറഞ്ഞവള്‍ എന്ന് സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് കെക്കാരിതോമെനെ (Kecharitomene) എന്ന പദമാണ്. ഇതിന്റെ അര്‍ത്ഥം കൃപയാല്‍ നിറയപ്പെടുക എന്നതാണ്. കൃപയാല്‍ എക്കാലവും നിറഞ്ഞു തുളുമ്പുന്ന ദൈവിക പാത്രമായി മാതാവിനെ ഇവിടെ അവതരിപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ജീവിതത്തില്‍ അറിയാതെ വന്നുചേര്‍ന്ന കറകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഒരാളില്‍ സംഭവിക്കേണ്ടത്. ഹീബ്രു പാരമ്പര്യത്തില്‍ വിശുദ്ധഗ്രന്ഥ പഠനം നടത്താന്‍ വരുന്ന കുഞ്ഞുങ്ങളോട് റബ്ബിമാര്‍ ചോദിക്കുന്ന ഒരനുഷ്ഠാനചോദ്യമുണ്ട്: ഹൃദയത്തില്‍ക്ലാവുണ്ടോ? അതായത് ഒന്നാന്തരം സ്വര്‍ണത്തില്‍ ക്ലാവ് വന്നുചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് രണ്ടാംതരമായി മാറുന്നതുപോലെ വിലകെട്ടൊരു ഹൃദയത്തിന് വിലയുറ്റ വചനം ഉള്‍ക്കൊള്ളാനാവില്ല എന്നര്‍ത്ഥം. അതുകൊണ്ടാണ് ഹൃദയത്തില്‍ ക്ലാവുണ്ടോ എന്നു ചോദിക്കുന്നത്. ക്ലാവില്ലാത്തയാള്‍ക്കേ ശുദ്ധിയുടെ വചനം ഉള്ളിലേറ്റാന്‍ പറ്റൂ. അമലോത്ഭവ മാതാവിന്റെ തിരുനാളിലും ഒരാള്‍ തന്നോടുതന്നെ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഹൃദയത്തില്‍ ക്ലാവുണ്ടോ?
ഒരാളുടെ ജീവിതയാത്ര തുടങ്ങുമ്പോള്‍ അയാള്‍ ദൈവത്തിന്റെ ഒന്നാംതരം ഉപകരണമാണ്. എന്നാല്‍, അതില്‍ പതുക്കെപ്പതുക്കെ ക്ലാവും കറയും വന്നുചേരുമ്പോള്‍ അറിയാതെ അതിന്റെ ശുദ്ധി ഊര്‍ന്നുപോകുന്നു. വിലാപങ്ങളുടെ പുസ്തകത്തില്‍ ‘സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി’ എന്ന ചോദ്യം ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.
ഓണ്‍ ദ് ഫീസ്റ്റ് ഡേ എന്ന പേരില്‍ ഹൃദയത്തെ തൊടുന്നൊരു ചലച്ചിത്രകാവ്യമുണ്ട്. കവര്‍ന്നും ചോര്‍ത്തിയും ധാരാളം പണമുണ്ടാക്കിയ യുവാവ്. പക്ഷേ, ശരിയല്ലാത്ത വഴികളിലൂടെ നടക്കുന്ന ആ യുവാവിന്റെ ജീവിതമിപ്പോള്‍ കാറ്റത്തുപറക്കുന്ന
പതിരുപോലെയാണ്. ഒരു ഞായറാഴ്ച അയാള്‍ മുന്തിയ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ ഏതോ പള്ളിയില്‍നിന്ന് ആരംഭിച്ച ഒരു പട്ടണപ്രദക്ഷിണം കണ്ടു. ആളുകള്‍ ആവേശഭരിതരായി ‘ആവേമരിയ’ പാട്ടുപാടുന്നുണ്ട്. അയാള്‍ അമ്മയെ ഓര്‍ത്തു. അമ്മയോടൊപ്പം പ്രദക്ഷിണവഴികളില്‍ ആവേമരിയ പാടിനടന്ന നിഷ്‌കളങ്കമായ ബാല്യം ഓര്‍ത്തു. പെട്ടെന്ന് അയാള്‍ മുറിയിലേക്കോടി. തന്റെ പഴയ പെട്ടിയില്‍ അലക്ഷ്യമായി ഇട്ടിരുന്ന, അമ്മ നല്‍കിയ കൊന്ത അയാള്‍ എടുത്തു. കൊന്തകണ്ടതേ അയാള്‍ക്ക് കരച്ചില്‍വന്നു. കാരണം, അമ്മ അത് നല്‍കിക്കൊണ്ട് അയാളോട് പറഞ്ഞത് തെറ്റുചെയ്യാന്‍ പ്രേരണവരുമ്പോള്‍ കൊന്തയുടെ കുരിശുരൂപം നെഞ്ചോട് ചേര്‍ത്തുവയ്ക്കുക എന്നായിരുന്നു. പിന്നെ തെറ്റുചെയ്യില്ല എന്നായിരുന്നു. ഇപ്പോള്‍ തെറ്റില്‍ അടിമുടി മുങ്ങിനില്‍ക്കുകയാണ് അയാള്‍.
വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ആ കൊന്ത കഴുത്തിലണിഞ്ഞു. എന്നിട്ട് തനിക്ക് അപരിചിതരായ ആ മനുഷ്യരുടെകൂടെ അയാള്‍ പ്രദക്ഷിണത്തില്‍ പങ്കാളിയായി. പണ്ടത്തെപ്പോലെ ആവേമരിയ എന്നയാള്‍ ഉറക്കെ പാടി. മാതാവിന്റെ ജനനത്തിരുനാള്‍ ആയിരുന്നു അന്ന്. അയാള്‍ സ്വര്‍ഗത്തിലേക്ക് നോക്കി പരിശുദ്ധ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പിന്നെ തന്റെയുള്ളിലേക്ക് നോക്കി സ്വയം പറഞ്ഞു: ഹാപ്പി ബര്‍ത്ത് ഡേ റ്റു യു. അത് അയാള്‍ക്ക് ശുദ്ധിയിലേക്കുള്ള ഒരു പുനര്‍ജനനമായിരുന്നു.
തിരികെ വരാനാണ് തിരുനാള്‍. തിരിച്ചുവരവ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നില്ലെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം എന്നെ തൊടാതെപോകുന്ന
വെറുമൊരു ആഘോഷം മാത്രമായി ഈ തിരുനാളും മാറും.
എന്തിന്റെയൊക്കെയോ പെരുപ്പമുള്ള പെരുന്നാളുകളാണ് നമുക്കുചുറ്റും. ആര്‍ഭാടങ്ങളുടെ പെരുപ്പം, കച്ചവടങ്ങളുടെ പെരുപ്പം,അര്‍ഥമില്ലാത്ത അനുഷ്ഠാനങ്ങളുടെ പെരുപ്പം. ഇതിനിടയില്‍ ദൈവംകാട്ടിത്തന്ന തിരുനാളിലേക്ക് ഹൃദയംകൊണ്ട് നടന്നുപോകുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. അങ്ങനെയൊരു തിരിച്ചു നടത്തം സംഭവിക്കാറുമില്ല.
ശുദ്ധിനിറഞ്ഞ വീട്ടിലേക്ക് മടങ്ങിപ്പോകാനുള്ള ക്ഷണമാണ് പരിശുദ്ധ അമ്മയും നല്‍കുന്നത്. പാപിനിയോട് ഈശോ പറഞ്ഞു: ”എഴുന്നേല്‍ക്കുക; വീട്ടിലേക്ക് പോവുക. ഇനിയും പാപം ചെയ്യരുത്.” ഇത് മൂന്ന് കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു;
* നീയിപ്പോള്‍ ആയിരിക്കുന്ന ഒളിവിടത്തില്‍ നിന്ന് നീ ആയിരിക്കേണ്ട കൃപയുടെ വീട്ടിലേക്ക് മടങ്ങുക.
* ജീവിതത്തില്‍ ഇനി അശുദ്ധി നിറയാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുക.
* നടവഴികള്‍ പ്രദക്ഷിണവഴിയാക്കി മാറ്റാനുള്ള ഒരു തീരുമാനം എടുക്കുക.
എന്ന് ഇവ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നോ, അന്ന് നമ്മുടെ ജീവിതവും തിരുനാളുകളായി മാറും. നമ്മെ തൊടാത്ത പെരുന്നാളല്ല; നമ്മെ തൊട്ട് വിമലീകരിക്കുന്ന തിരുനാളാണ് നമുക്കുവേണ്ടത്. അതിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം.
വിൻസെന്റ് വാരിയത്ത്




