മരണാസന്നരായ രോഗികളുടെ പരിചരണം ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ചെറിയൊരു അശ്രദ്ധ രോഗിയുടെ ജീവന്‍തന്നെ നഷ്ടപ്പെടുത്തിയേക്കാം. ഒപ്പം രോഗിയുടെ മാനസികവും ആത്മീയവുമായ തലങ്ങളിലും ശ്രദ്ധ വേണം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സുപ്രസിദ്ധ ധ്യാനഗുരുവും ആത്മീയ പിതാവുമായ ദിവംഗതനായ മോണ്‍. മാത്യു മങ്കുഴിക്കരി നല്കുന്ന ഉപദേശങ്ങള്‍ പലരും ആവശ്യപ്പെട്ടതനുസരിച്ച് പുനഃപ്രസിദ്ധീകരണം ചെയ്യുന്നു.
അന്ത്യസമയത്ത് ആവശ്യമായ ആശ്വാസം പകര്‍ന്നുകൊടുക്കാന്‍ വേണ്ട കഴിവു നമുക്കു വേണം. ആദ്ധ്യാത്മികമായ പരിചരണം ഉണ്ട്, മാനസികമായ പരിചരണം ഉണ്ട്, മരണാസന്നര്‍ക്ക്. ആദ്ധ്യാത്മികമായ പരിചരണം നമുക്കറിയാം. കൂദാശ സ്വീകരണത്തിനു കഴിവുപോലെ ഒരുക്കണം.
മരണം ആസന്നമായി എന്നു മനസ്സിലായാല്‍ ആ വിവരം രോഗിയോടു പറയണം. സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ സമയമായി, എല്ലാവരും മരിക്കും, ഞങ്ങളും മരിക്കും, എന്നൊക്കെ പറഞ്ഞു കൊടുത്ത് അവരെ മരണത്തിന് ഒരുക്കണം. അവരോടു കൂടി പ്രാര്‍ത്ഥിക്കണം. അവര്‍ക്കു തനിയെ ഒന്നും ചെയ്യാന്‍ പറ്റില്ല. അവരുടെ ബുദ്ധിയൊക്കെ പോയി ഓര്‍മ്മശക്തിയും കുറഞ്ഞു. രോഗിതന്നെ ചൊല്ലില്ല.
അടുത്തിരിക്കുന്നവര്‍ ചൊല്ലണം. ജപമാലയോ, മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ – ഒരാളുടെ കൂടെ രോഗി കൂടിക്കൊള്ളും. മുറിയില്‍ വലിയ പടങ്ങള്‍ ഈശോയുടെ ക്രൂശിതരൂപം – പീഡാനുഭവത്തിന്റെ പടം, മാതാവിന്റെയും യൗസേപ്പിതാവിന്റെയും പടങ്ങള്‍ – അവര്‍ക്ക് കിടന്നുകൊണ്ട് കാണത്തക്ക രീതിയില്‍ വയ്ക്കണം. ഇതുപോലെ ആല്‍ബങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതാണ്. കിടപ്പല്ലാത്ത രോഗികള്‍ക്ക് മറിച്ചുനോക്കി നല്ല ചിന്തകള്‍ ഉണ്ടാകാന്‍ അത് സഹായിക്കും. രോഗിക്ക് പ്രലോഭനം ഉണ്ടാകും. അന്ത്യകാലത്ത് പിശാച് വെറുതെ വിടുകയില്ല. വേദപുസ്തകം വായിച്ചു കേള്‍പ്പിക്കണം. വായിക്കാന്‍ പറ്റുന്നവര്‍ക്ക് നല്ല പുസ്തകം കൊടുക്കുക. അല്ലാത്തവരെ വായിച്ചു കേള്‍പ്പിക്കുക – പ്രത്യേകിച്ച് ഈശോയുടെ പീഡാനുഭവം, പുണ്യവാന്മാരുടെ അന്ത്യകാലഘട്ടങ്ങള്‍… അവര്‍ മരണത്തെ എങ്ങനെ സ്വാഗതം ചെയ്തു… എന്നൊക്കെ വായിച്ചു കേള്‍പ്പിക്കുക. ഇങ്ങനെ നല്ല കാര്യങ്ങള്‍ വേണം വായിച്ചുകേള്‍പ്പിക്കാന്‍. പിന്നെ രോഗിയെ സംബന്ധിച്ചിടത്തോളം രോഗി ആവശ്യപ്പെടുന്നത് നല്കുക.
മുറി ശുചിയായിരിക്കണം. മരുന്നു കൊടുക്കുമ്പോഴും ഭക്ഷണം നല്കുമ്പോഴും മറ്റും രോഗിയുടെ ദേഹത്ത് ഒന്നും വീഴരുത്. അതൊക്കെ വലിയ ഈര്‍ഷ്യയാണ്. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിലും എന്തെങ്കിലുമൊക്കെ തളിച്ച്
മുറിയില്‍ വാസനയും ഭംഗിയും ഉണ്ടാകാന്‍ ശ്രദ്ധിക്കണം. അതു പ്രധാനപ്പെട്ട കാര്യമാണ്.
രോഗിയുടെ അടുത്തിരുന്ന്, രോഗിയുടെ കൈയില്‍ പിടിച്ച് ഒരാള്‍ ഉണ്ടെന്ന ബോധം ഉണ്ടാക്കിക്കൊടുക്കണം. തനിച്ച് എന്നെ വിട്ടിട്ടുപോയി എന്ന് തോന്നരുത്. രോഗിയുടെ കയ്യില്‍ പിടിച്ച് പതുക്കെ പതുക്കെ തടവി, വിശേഷമൊക്കെ പറയണം. നല്ല കാര്യങ്ങള്‍ മാത്രം പറയണം. ലൗകീക കാര്യങ്ങള്‍ ഒന്നും പറയരുത്. പത്രത്തില്‍ വായിച്ച വാര്‍ത്തയൊന്നും രോഗിയോടു പറയരുത്. ദൈവിക കാര്യങ്ങള്‍ പറയണം. പുണ്യവാന്മാരെപ്പറ്റി പറയണം. കൊന്ത കൈയില്‍ കൊടുക്കുന്നത് അവര്‍ക്ക് സന്തോഷമാണ്. കൊന്ത ചൊല്ലിയിട്ടുള്ളവരാണെങ്കില്‍ കൊന്ത കൈയില്‍ ഇല്ലെങ്കില്‍ത്തന്നെയും കൊന്ത ചൊല്ലുന്നതുപോലെ ആംഗ്യം കാണിക്കും. അപ്പോള്‍
കൊന്ത കയ്യില്‍ കൊടുക്കുക. പിന്നെ കുരിശുരൂപവും നല്കണം. കുരിശു രൂപത്തിന് മരണ നേരത്ത് പൂര്‍ണ്ണ ദണ്ഡവിമോചനം കിട്ടുന്ന ആശീര്‍വാദം ഉണ്ട്. ആ കുരിശുരൂപം വേണം. അത് ആശീര്‍വ്വദിച്ച് ഉപയോഗിക്കുക. അതുപോലെതന്നെ വിയാസാക്ര (കുരിശിന്റെ വഴി), വിയാസാക്രയില്‍ ആശീര്‍വാദമുള്ള കുരിശുരൂപം നോക്കിയാല്‍ മതി, ചുംബിച്ചാല്‍ മതി വിയാസാക്രയുടെ ദണ്ഡവിമോചനം കിട്ടും. ഈ അനുഗ്രഹങ്ങള്‍ സമ്പാദിക്കാനുള്ള സൗകര്യം രോഗിക്ക് ഉണ്ടാക്കിക്കൊടുക്കണം. അതുപോലെതന്നെയാണ് മരണസമയം പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കുക എന്നത്. ഇനി രോഗി ചേര്‍ന്നിട്ടുള്ള ഭക്ത സഖ്യങ്ങളുണ്ടാകും. അതിന്റെ ദണ്ഡവിമോചനങ്ങളും കിട്ടും. ഉത്തരീയ സഖ്യത്തിന്റെ, ജപമാല സഖ്യത്തിന്റെ, നന്മരണ സഖ്യത്തിന്റെ ഒക്കെ. ഇതാണ് ആദ്ധ്യാത്മിക പരിചരണം.
ചെവിട്ടോര്‍മ
ഇനി ചെയ്യേണ്ടത് ചെവിട്ടോര്‍മ ചൊല്ലിക്കൊടുക്കല്‍ ആണ്. വെറുതെ നാലുപാടും കേള്‍ക്കത്തക്ക ഉച്ചത്തില്‍ പറഞ്ഞതുകൊണ്ട് യാതൊരു കാര്യവുമില്ല. ചെവിയോടടുത്ത് പതുക്കെ പറഞ്ഞാല്‍ മതി. അതാണ് പ്രധാനപ്പെട്ട കാര്യം. വ്യക്തമായിട്ടു പറയുക. നിറുത്തി പറയുക. അല്ലാതെ ശബ്ദഘോഷമുണ്ടാക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. രോഗിക്ക് കേള്‍ക്കാന്‍ പാകത്തിന് പറഞ്ഞാല്‍ മതി. ‘ഈശോ മറിയം യൗസേപ്പേ’ എന്നു പറയുന്നതിനെക്കാള്‍ ആവശ്യം വിശ്വാസത്തിന്റെയും, ശരണത്തിന്റെയും,
സ്‌നേഹത്തിന്റെയും പ്രകരണങ്ങള്‍ ആണ് ചൊല്ലിക്കൊടുക്കേണ്ടത്. എന്റെ ദൈവമേ ഞാനങ്ങയില്‍, വിശ്വസിക്കുന്നു. ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു. ഞാനങ്ങയെ സ്‌നേഹിക്കുന്നു. ഇതാണ് ചുരുക്കരൂപം. അതു നിറുത്തി, നിറുത്തി പറഞ്ഞുകൊടുക്കണം. അതാണ് വാസ്തവത്തില്‍ അന്ത്യവേളയില്‍ ഏറ്റു പറയാനുള്ളത്.
ആരും വന്ന് രോഗിയോട് അധികം താല്പര്യം കാണിക്കാന്‍ അനുവദിക്കരുത്. എന്നുവച്ചാല്‍ കട്ടിലില്‍ വന്ന് ഉരുണ്ട് വീഴാനും മറ്റും സമ്മതിക്കരുത്. കാരണം അത് രോഗിക്ക് ഒത്തിരി വേദന ഉണ്ടാക്കും. അതിനാല്‍ ഒത്തിരി സൂക്ഷിക്കുക. ആ ചെറിയ വേദന, ചെറിയ ചലനം ഇവ മരണവേദനയുടെ കൂടെ ഒത്തിരി വേദനയുണ്ടാക്കാന്‍ കാരണമായേക്കാം. രോഗി മരിക്കുമ്പോള്‍ വൈദികന്‍ ഉണ്ടായിരിക്കാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ അലസരാകരുത്. അച്ചനെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ച് വേണ്ടെന്നു വയ്ക്കരുത്. അത് ക്രൂരതയാണ്. ഞാനാണ് മരിക്കുന്നതെങ്കില്‍ ഒരു വൈദികന്‍ വേണമെന്ന് എനിക്ക് തോന്നുകയില്ലേ? പിന്നെ ആ പാവം മരിച്ചപ്പോള്‍ എന്തുകൊണ്ട് അച്ചനെ വിളിച്ചില്ല? ‘ഓ, രാത്രി അച്ചന്‍ എഴുന്നേറ്റ് വരണമല്ലോ’ എന്ന് കരുതരുത്. And why is he a priest? അതുകൊണ്ട് അച്ചനെ വിളിക്കണം, കൊണ്ടുപോകണം. വൈദികര്‍ അന്ത്യസമയത്ത് നല്കുന്നത് കുമ്പസാരത്തില്‍ കൊടുക്കുന്ന പാപമോചനമാണ്. എന്തെങ്കിലും തെറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ അതിനൊക്കെ മോചനം കൊടുക്കുകയാണ്. അവസാന നിമിഷങ്ങളില്‍ പ്രലോഭനമൊക്കെയുണ്ടാകും. ബര്‍ക്കുമാന്‍സ് പുണ്യവാന്റെ ജീവചരിത്രം വായിച്ചിട്ടില്ലേ? ബര്‍ക്കുമാന്‍സിന് ഒത്തിരി പ്രലോഭനങ്ങളോട് മരണക്കട്ടിലില്‍ വച്ച് തല്ലുപിടിക്കേണ്ടി വന്നു. വലിയ പുണ്യവാനായിരുന്നു. അതുപോലെയൊന്നും
നമ്മെ പരീക്ഷിക്കില്ലായിരിക്കും. അതുപോലെ പരീക്ഷിക്കപ്പെട്ടാല്‍ നമ്മള്‍ കുഴപ്പത്തിലാകും. ബര്‍ക്കുമാന്‍സിന്റെ പുണ്യം വ്യക്തമാക്കാന്‍ ദൈവം അത് അനുവദിച്ചു.
പിന്നെ നമുക്ക് ചെയ്യാവുന്നത് ഹന്നാന്‍ വെള്ളം രോഗിയുടെ ദേഹത്ത് തളിക്കുക എന്നതാണ്. കട്ടിലിന്റെ ചുറ്റും തളിക്കണം. പിശാച് വരാതിരിക്കാനാണ്. ഹന്നാന്‍ വെള്ളത്തിന് ഒത്തിരി ശക്തിയുണ്ട്. രോഗിയെ കുരിശു വരപ്പിക്കണം. എന്നാല്‍, ഹന്നാന്‍ വെള്ളം തൊട്ടു കുരിശു വരപ്പിച്ചാല്‍ ഒന്നുകൂടെ നന്നായിരിക്കും. കുരിശടയാളം പിശാചിന് പേടിയാണ്. അതുകൊണ്ട്. രോഗിയുടെ നെറ്റിയില്‍ പലപ്പോഴും കുരിശു വരപ്പിക്കുക. പിന്നെ കുരിശുരൂപം മുത്തിക്കണം. കുരിശുരൂപം മുത്തിക്കുമ്പോള്‍ വാ അടച്ചു മുത്തിക്കരുത്. വാ അടച്ചു മുത്തിച്ചാല്‍ ശ്വസിക്കാന്‍ ബുദ്ധിമുണ്ടാകും. ഒരു വശത്ത് മുത്തിച്ചാല്‍ മതി.
രോഗി മരിച്ചാല്‍ കൈ നേരെ വയ്ക്കൂ, കാല് നേരെ വയ്ക്കൂ, കണ്ണടയ്ക്കൂ എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കേണ്ട ഒരു കാര്യവുമില്ല. അപ്പോള്‍ പിടിച്ചു വച്ചാല്‍ ഇരിക്കുകയേ ഇല്ല. അതുകൊണ്ട് 15 മിനിറ്റ് കഴിഞ്ഞ് ഇതൊക്കെ ചെയ്താല്‍ മതി. മരവിച്ചാല്‍ പിടിച്ചുവച്ചാല്‍ ശരിയാവുകയില്ല. മരിച്ചു എന്ന കാര്യം അടുത്തു നില്‍ക്കുന്ന ആളുകളോട് പറയാതിരിക്കുകയാണ് നല്ലത്. കാരണം അവര്‍ കൂട്ട നിലവിളിയോടെ രോഗിയുടെ ദേഹത്തുതന്നെ വീണ് ബഹളമുണ്ടാക്കും. നോക്കിനില്‍ക്കുന്നവര്‍ക്ക് മനസ്സിലായി എന്നുവരും. മിണ്ടരുത്. പ്രാര്‍ത്ഥന തുടര്‍ന്നോളൂ. ഒരു പത്തുമിനിട്ടെങ്കിലും കഴിഞ്ഞ് പതുക്കെ പറഞ്ഞാല്‍മതി. മരിച്ചെന്ന് വ്യക്തമായിട്ട് പറയാന്‍ കുറച്ചു സമയം കൂടെ കാത്തു നില്‍ക്കണം.
അന്ത്യവേളയില്‍ നാം ചെയ്യുന്ന ഈ പരിചരണം വളരെ വിലപിടിപ്പുള്ളതാണ്. കാരണം നാം അയാളെ സ്വര്‍ഗ്ഗത്തിലേക്ക് ഒരുക്കുകയാണ്. ഒരു ഭാഗ്യമരണം കിട്ടുക എന്നതാണ് ജീവിതത്തിന്റെ വിജയം എന്നറിയാമല്ലോ. അതു കിട്ടിയാല്‍ എല്ലാം കിട്ടി. അതു കിട്ടിയില്ലെങ്കില്‍ ഒന്നും ആയില്ല. രോഗിയെ നിരാശപ്പെടുത്തരുത്. കര്‍ത്താവിന്റെ കരുണയെപ്പറ്റി പറഞ്ഞു കൊടുക്കണം. അതാണ് രോഗിക്ക് കിട്ടേണ്ട ആദ്യത്തെ ആശ്വാസം.

മോൺ. മാത്യു മങ്കുഴിക്കരി




