Friday, March 6, 2026

പേര് മറക്കുമ്പോൾ

”അമ്മ മരിച്ച രാത്രിയില്‍ അമ്മയുടെ മൃതദേഹം അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ വയ്ക്കണമായിരുന്നു. അനിയന്‍ ഫാ. സേവ്യര്‍ അമേരിക്കയില്‍നിന്നു വരണം. ആംബുലന്‍സില്‍ മൃതദേഹവുമായി ആശുപത്രിയില്‍ ശീതീകരിച്ച അറയില്‍ വയ്ക്കാന്‍ ഒരുക്കി. അവര്‍ തന്ന ഒരു കടലാസ് പൂരിപ്പിച്ചു കൊടുക്കണമായിരുന്നു. അതില്‍ അമ്മയുടെ പേര് എഴുതണമായിരുന്നു. ഞാന്‍ എഴുതി: ‘മറിയം.’ എന്റെ ഇളയ അനിയന്‍ ഇതു കണ്ടു. അവന്‍ പറഞ്ഞു:’അന്നം.’

ഞാന്‍ എന്റെ അമ്മയുടെ പേരു തെറ്റിച്ചു. എന്തു പറ്റി? ‘അന്നംവക’ എന്ന മുദ്രണം ചെയ്ത ഓട്ടുകലം എത്ര തവണകളില്‍ ആവര്‍ത്തിച്ചു കണ്ടിട്ടുള്ളതാണ്. അമ്മയ്ക്ക് അമ്മയുടെ അപ്പന്‍ നല്കിയ സമ്മാനങ്ങള്‍. പക്ഷേ, എല്ലാം മറക്കുന്ന ഭ്രാന്തിന്റെ മരണദിനം. പിറ്റേന്നു ഞാന്‍ കുര്‍ബാന ചൊല്ലിയപ്പോള്‍ രണ്ടിടത്ത് എനിക്കു തെറ്റി.

വീഴ്ചകള്‍ ന്യായീകരിക്കുകയല്ല. അമ്മ എനിക്ക് അമ്മ മാത്രമായിരുന്നു. അത് ഒരു പേരായിരുന്നില്ല.”

ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ കഥാവശേഷം എന്ന ആത്മകഥയിലെ ‘അമ്മയുടെ പേര് മറന്ന മകന്‍’ എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് മുകളിലുദ്ധരിച്ചത്.

ഇതു വായിച്ചപ്പോള്‍, അമ്മച്ചി മരണശയ്യയില്‍ ആയിരുന്ന കാലത്തെ ഒരു അനുഭവം ഓര്‍മ്മയില്‍ വന്നു. രണ്ടാമത്തെ ചേച്ചി അമ്മച്ചിയെ പരിചരിക്കാന്‍ വീട്ടിലുള്ള നേരം. ഹെല്‍ത്ത്‌ സെന്ററില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി. അവരിലൊരാള്‍ ഫയലില്‍ രേഖപ്പെടുത്തുന്നതിനായി അമ്മച്ചിയുടെ പേര് ചോദിച്ചു. ചേച്ചി പേര് പറഞ്ഞുകൊടുത്തു: ‘ഏലിക്കുട്ടി.’

പെട്ടെന്നാണ് ഞാന്‍ ഓര്‍ത്തത് അമ്മച്ചിയുടെ പേര് ഏലിക്കുട്ടി എന്നല്ലല്ലോ. വേഗം തിരുത്തിപ്പറഞ്ഞു: ‘അന്നക്കുട്ടി.’ ചേച്ചിക്ക് അമ്മച്ചിയുടെ പേര് തെറ്റിയിരിക്കുന്നു! സ്വന്തം അമ്മയുടെ പേര് തെറ്റിക്കുന്ന മകള്‍ നല്ല മകളാണോ? മകള്‍ എന്നതിനേക്കാള്‍ നല്ല മരുമകള്‍ ആണെന്ന് എനിക്ക് തോന്നി. കാരണം ചേച്ചി പറഞ്ഞുകൊടുത്തത് അമ്മായിയമ്മയുടെ പേരായ ഏലിക്കുട്ടി എന്നായിരുന്നു. അമ്മയെക്കാള്‍ പ്രധാനമാണോ അമ്മായിയമ്മ എന്ന് ചോദിക്കരുത്. ചേച്ചി അമ്മച്ചിയോടൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ കാലം ജീവിച്ചത് അമ്മായിയമ്മയോടൊപ്പമാണ്. അമ്മയുടെ പേരിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാനും പറയാനും ഇടവന്നിരിക്കുന്നതും ആ പേരാകാം. അല്ലേ?
********
റിട്ടയര്‍ ചെയ്തിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞൊരു ടീച്ചര്‍ പഴയ വിദ്യാലയത്തില്‍ എത്തിയിരിക്കുകയാണ്; കൂടെ പഠിപ്പിച്ച ഒരു ടീച്ചറിന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും മകന്റെ കാരുണ്യത്താല്‍ സ്ഥലത്തെത്തി. പഴയ അധ്യാപകര്‍ അരികിലെത്തി സ്‌നേഹം പങ്കുവച്ചപ്പോള്‍ ശരീരത്തിന്റെ അവശതയൊക്കെ മാറിയതുപോലെ. മനസ്സിന് നല്ല ഉന്മേഷം. മകനോട്
പറഞ്ഞു: ”ഇവിടെ ഇവരൊക്കെ ഉണ്ടല്ലോ. നീ പോയി ഊണ് കഴിച്ചിട്ട് വാ.”

ടീച്ചറിന്റെ മകനെ ആദരവോടെ സംഘാടകര്‍ വിരുന്നുശാലയിലേക്ക് ആനയിച്ചു. ടീച്ചറിന്റെ അടുക്കല്‍ വന്ന് കുശലം പറഞ്ഞും സെല്‍ഫിയെടുത്തും പലതലമുറകളിലെ അധ്യാപകര്‍ ആഹ്ലാദ നിമിഷങ്ങള്‍ ഒരുക്കുമ്പോള്‍ ഒരു മാഷ് അപ്പവും ചിക്കന്‍കറിയും എടുത്ത് ടീച്ചറിന്റെ മുന്നില്‍ കൊണ്ടുവച്ചു. ടീച്ചര്‍ രുചിയോടെ അത് കഴിച്ചു.
”ഇനി അല്പം ചോറ് എടുക്കാം.”മാഷ് പറഞ്ഞു.”വേണ്ടാ, ചോറൊന്നും എനിക്ക് വേണ്ടാ. എനിക്ക് അതൊരെണ്ണം തന്നാല്‍ മതി.” ഐസ്‌ക്രീം കൗണ്ടറിലേക്ക് നോക്കി ടീച്ചര്‍ പറഞ്ഞു. മാഷ് പോയി ഐസ്‌ക്രീം നിറച്ച കപ്പുമായി തിരികെ വന്നു. ടീച്ചറത് കൈയില്‍ വാങ്ങിയ നിമിഷമാണ് മകന്‍ ഊണുകഴിഞ്ഞ് അരികിലെത്തിയത്. ”അയ്യോ! അമ്മ എന്തായീ കാണിക്കുന്നത്? ഹൈലെവല്‍ ഷുഗര്‍ ഉള്ളയാളല്ലേ?”

കള്ളം കണ്ടുപിടിക്കപ്പെട്ട കുട്ടിയെപ്പോലെ ആ വൃദ്ധമാതാവ് ചമ്മലോടെ ഒന്ന് ചിരിച്ചു. പിന്നെ അതു മകനു നേരെ നീട്ടിയിട്ട് പറഞ്ഞു: ”ഞാന്‍ കഴിക്കുന്നില്ല. നീയിത് കഴിച്ചോ.” മകന്‍ ഒന്നും മിണ്ടിയില്ല, ഐസ്‌ക്രീം വാങ്ങിയുമില്ല. ”സാരമില്ല, അമ്മതന്നെ കഴിച്ചോ.”മടിയേതും കൂടാതെ ടീച്ചര്‍ ഐസ്‌ക്രീം രുചിയോടെ കഴിച്ചു. നിലച്ചുപോയ ആഹ്ലാദനിമിഷങ്ങള്‍ തിരികെ വന്നു.

വാര്‍ധക്യം രണ്ടാംബാല്യം എന്നു പറയുന്നത് എത്രയോ വാസ്തവം. അല്ലേ? ഒത്തിരി കരുതലും ഇത്തിരി കരുണയും കിട്ടിയാല്‍ അത് മനോഹരമാകും എന്നതല്ലേ സത്യം?

ഷാജി|
ഷാജി മാലിപ്പാറ

 

Related Articles